മഹാരാഷ്ട്രയുടെ തീരദേശ പശ്ചാത്തലത്തിൽ ഒരുക്കിയ മറാത്തി കോമഡി-ഡ്രാമ ചിത്രമായ ‘ബാപ്യ’ (Baapya), വ്യക്തിപരമായ തെരഞ്ഞെടുപ്പുകളുടെയും മാറിവരുന്ന സാമൂഹ്യ കാഴ്ചപ്പാടുകളുടെയും പശ്ചാത്തലത്തിൽ ലിംഗസ്വത്വം, കുടുംബബന്ധങ്ങൾ, സാമൂഹ്യ സ്വീകാര്യത എന്നിവയെക്കുറിച്ചു സംസാരിക്കുന്നു. 57-ാം ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ മുഖ്യധാരാ സിനിമാവിഭാഗത്തിലാണു ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ സമീർ തിവാരിയും നടൻ ഗിരീഷ് കുൽക്കർണിയും മേളയുടെ ഭാഗമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുമായി സംവദിച്ചു.
ആമുഖപ്രസംഗത്തിൽ, സമൂഹത്തെ ഉപദേശിക്കാനോ പാഠങ്ങൾ പഠിപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല ചിത്രമെന്നു സമീർ തിവാരി വ്യക്തമാക്കി. മറിച്ച്, സ്വീകാര്യത, പരസ്പരധാരണ, ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള കഥ മാത്രമാണു ചിത്രം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഒരാൾ താൻ ആഗ്രഹിക്കുന്ന വ്യക്തിയായി മാറാൻ ആശിക്കുന്നതും ചുറ്റുമുള്ളവർ അയാളെ അയാളായിത്തന്നെ സ്വീകരിക്കുന്നതുമായ കഥ മാത്രമാണിത്” - അദ്ദേഹം പറഞ്ഞു.
_20261125145008_74c6fa.jpeg)
മറാഠി ഭാഷയിൽ ചിത്രം ഒരുക്കാനുള്ള തീരുമാനത്തെക്കുറിച്ചു വിശദീകരിച്ച തിവാരി, ഒരു നടനെ കേന്ദ്രീകരിച്ചു തയ്യാറാക്കുന്ന ചിത്രത്തിനുപകരം, ആധികാരികമായ തിരക്കഥയിൽ അധിഷ്ഠിതമായ സത്യസന്ധമായ സിനിമയാണു താൻ ആഗ്രഹിച്ചതെന്നു വ്യക്തമാക്കി.
ചിത്രീകരണത്തിനിടയിലെ വെല്ലുവിളികൾ അനുസ്മരിച്ച തിവാരി, പദ്ധതിക്കു സാമ്പത്തിക പിന്തുണ ഉറപ്പാക്കുക പ്രയാസകരമായിരുന്നുവെന്നു പറഞ്ഞു. തിരക്കഥയെ അഭിനന്ദിച്ചെങ്കിലും പ്രമേയം അപകടസാധ്യതയുള്ളതാണെന്ന വിലയിരുത്തലിൽ നിരവധി നിക്ഷേപകർ പിന്മാറി. ബാപ്യ എന്ന കേന്ദ്രകഥാപാത്രത്തിന് അനുയോജ്യമായ അഭിനേത്രിയെ കണ്ടെത്തുന്നതും വലിയ വെല്ലുവിളിയായിരുന്നു. സ്വന്തം ലിംഗസ്വത്വത്തിൽനിന്നു വ്യത്യസ്തമായ സ്വത്വമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ നിരവധി നടിമാർ മടിച്ചു. എന്നാൽ, വെല്ലുവിളി നിറഞ്ഞ ഈ സർഗാത്മക ഉത്തരവാദിത്വം ധൈര്യപൂർവം ഏറ്റെടുത്ത നടി രാജശ്രീ ദേശ്പാണ്ഡെയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ലിംഗപരമായ കാഴ്ചപ്പാടുകളിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചു സംസാരിച്ച തിവാരി, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള പരമ്പരാഗതമായ വേർതിരിവുകൾ ക്രമേണ ഇല്ലാതാകുന്ന ദിശയിലേക്കാണു സമൂഹം നീങ്ങുന്നതെന്ന് അഭിപ്രായപ്പെട്ടു. വസ്ത്രധാരണം, പെരുമാറ്റം, വ്യക്തിത്വം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തികളുടെ തെരഞ്ഞെടുപ്പുകൾ വിധിക്കോ വിവേചനത്തിനോ കാരണമാകരുതെന്നും അദ്ദേഹം നിരീക്ഷിച്ചു. “ഓരോ പുരുഷനിലും ഒരു സ്ത്രീയുണ്ട്, ഓരോ സ്ത്രീയിലും ഒരു പുരുഷനുമുണ്ട്. ഒരു സമൂഹം എത്രത്തോളം വേഗത്തിൽ പുരോഗമിക്കുന്നുവോ അത്രത്തോളം ലിംഗഭേദങ്ങൾക്കിടയിലെ അതിർവരമ്പുകൾ മങ്ങിക്കൊണ്ടിരിക്കും” - കർക്കശമായ സാമൂഹ്യസങ്കൽപ്പങ്ങൾക്കപ്പുറത്തേക്കു കടക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ഓരോ വ്യക്തിയോടും അന്തസ്സോടെയും മുൻവിധികളില്ലാതെയും പെരുമാറേണ്ടതിന്റെ പ്രാധാന്യം നടൻ ഗിരീഷ് കുൽക്കർണി എടുത്തുപറഞ്ഞു. പ്രകൃതിയിൽനിന്നുള്ള ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം, മരങ്ങളുടെയും സസ്യങ്ങളുടെയും വൈവിധ്യത്തെ അവയുടെ രൂപത്തിന്റെ പേരിൽ ആരും വിലയിരുത്താറില്ലെന്നും അതേ മനോഭാവം മനുഷ്യബന്ധങ്ങളിലും പുലർത്തണമെന്നും പറഞ്ഞു.
സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ കലയ്ക്കു വലിയ പങ്കുവഹിക്കാനാകുമെന്നു നിരീക്ഷിച്ച കുൽക്കർണി, സിനിമയും മറ്റു കലാരൂപങ്ങളും സമകാലിക യാഥാർഥ്യങ്ങളുടെ പ്രതിഫലനങ്ങൾ മാത്രമല്ല, സാമൂഹ്യപുരോഗതിക്കുള്ള വഴികാട്ടികൾ കൂടിയാണെന്നു പറഞ്ഞു. സാംസ്കാരിക വേരുകൾ ഉപേക്ഷിക്കാതെ മാറുന്ന കാലത്തിനനുസരിച്ചു പാരമ്പര്യങ്ങളെ പുനർവ്യാഖ്യാനം ചെയ്യാനാണു ‘ബാപ്യ’ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നാം നമ്മുടെ പാരമ്പര്യങ്ങളെ മറക്കുകയല്ല ചെയ്യുന്നത്. പുതിയ രീതിയിൽ അവയെ വ്യാഖ്യാനിച്ചു മുന്നോട്ടുകൊണ്ടുപോകുകയാണ്. സ്വന്തം വേരുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഭാവിയെക്കുറിച്ചും നാം ചിന്തിക്കുന്നു. ആ പ്രക്രിയയിലൂടെ വലിയൊരു സ്നേഹവും പുറത്തുവരുന്നു” - അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വീകാര്യതയും സ്നേഹവുമാണു ചിത്രത്തിന്റെ അടിസ്ഥാന വികാരമെന്നും കുൽക്കർണി പറഞ്ഞു. ഭാഷ, വസ്ത്രധാരണം, സ്വത്വം എന്നിവയിലെ വ്യത്യാസങ്ങളെ അംഗീകരിക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വമെന്ന സവിശേഷ ശക്തിയെയാണു പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യൻ ദാർശനിക പാരമ്പര്യങ്ങളെ പരാമർശിച്ച അദ്ദേഹം, സ്വീകാര്യതയും മുൻവിധികളില്ലാതെ വർത്തമാനകാലത്തെ നോക്കിക്കാണാനുള്ള കഴിവും ഇന്ത്യൻ ചിന്താധാരയിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് അഭിപ്രായപ്പെട്ടു. “ആ യാത്ര ഞാൻ വ്യക്തിപരമായി എന്നിൽത്തന്നെ അനുഭവിച്ചതായി തോന്നുന്നു. ആ അനുഭവം സിനിമയിലേക്കു പകർത്താൻ അതുവഴി ഞങ്ങൾക്കു സാധിച്ചു” - അദ്ദേഹം പറഞ്ഞു.

സാംസ്കാരികവും ബൗദ്ധികവുമായ ആശയവിനിമയത്തിനുള്ള വേദിയെന്ന നിലയിൽ ഐഎഫ്എഫ്ഐയുടെ പ്രാധാന്യവും കുൽക്കർണി എടുത്തുപറഞ്ഞു. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള ചലച്ചിത്രപ്രവർത്തകരെയും പ്രേക്ഷകരെയും ഒരുമിച്ചുകൊണ്ടുവരുന്ന മേള, വ്യത്യസ്തമായ ചലച്ചിത്ര കാഴ്ചപ്പാടുകൾ പരിചയപ്പെടാനും അർഥവത്തായ ചർച്ചകളിൽ ഏർപ്പെടാനും അവസരമൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുപ്രിയ ഘായ്തഡക്കാണു വാർത്താസമ്മേളനത്തിൽ മോഡറേറ്ററായത്.
വാർത്താസമ്മേളനത്തിന്റെ പൂർണരൂപം ഇവിടെ കാണാം:
***
SK