പോസ്റ്റഡ് ഓണ്:
25 NOV 2026 3:29PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, 16-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ (2026-27 മുതൽ 2030-31 വരെ) 1,141 കോടി രൂപ ചെലവിൽ 'പോസ്റ്റൽ ഓപ്പറേഷൻസ്' (Postal Operations) എന്ന കേന്ദ്രാവിഷ്കൃത പദ്ധതി തുടരുന്നതിന് അംഗീകാരം നൽകി. തപാൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും രാജ്യത്തുടനീളം ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ്, ഡിജിറ്റൽ സേവന വിതരണം എന്നിവയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളെ പിന്തുണയ്ക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ഗ്രാമപ്രദേശങ്ങളിലെ 1,49,655 പോസ്റ്റ് ഓഫീസുകൾ ഉൾപ്പെടെ 1.65 ലക്ഷം പോസ്റ്റ് ഓഫീസുകളുള്ള ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലകളിലൊന്നായ ഇന്ത്യ പോസ്റ്റ്; വിദൂരവും പിന്നാക്കവുമായ പ്രദേശങ്ങളിൽ പ്രത്യേകിച്ചും തപാൽ, പാഴ്സലുകൾ, ബാങ്കിംഗ്, ഇൻഷുറൻസ്, മറ്റ് പൗരകേന്ദ്രീകൃത സേവനങ്ങൾ എന്നിവ എത്തിക്കുന്നതിനുള്ള പ്രധാന വേദിയായി തുടരുന്നു.
പ്രധാന തപാൽ പ്രവർത്തനങ്ങൾക്ക് പുറമേ, പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് (POSB), ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (IPPB), പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (PLI), ആധാർ എൻറോൾമെന്റും അപ്ഡേഷനും, പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയുള്ള പാസ്പോർട്ട് സേവനങ്ങൾ, കെ.വൈ.സി (KYC) പരിശോധനാ സേവനങ്ങൾ, ഡാക്ഘർ നിർയത് കേന്ദ്രങ്ങൾ (DNKs) വഴി ഗ്രാമീണ കരകൗശല വിദഗ്ധർക്കുള്ള പിന്തുണ എന്നിവയിലൂടെ വിപുലമായ പൊതുസേവനങ്ങൾ ഇന്ത്യ പോസ്റ്റ് നൽകുന്നുണ്ട്.
തപാൽ അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവൽക്കരണം, ലാസ്റ്റ്-മൈൽ ഡെലിവറി ശക്തിപ്പെടുത്തൽ, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തൽ, സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കൽ, രാജ്യത്തുടനീളം ഉപഭോക്തൃ കേന്ദ്രീകൃത സേവന വിതരണം മെച്ചപ്പെടുത്തൽ എന്നിവയെ ഈ പദ്ധതി പിന്തുണയ്ക്കും. ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത്, വികസിത് ഭാരത് എന്നിവയുടെ വിശാലമായ ലക്ഷ്യങ്ങളുമായും ഈ നിർദ്ദേശം പൊരുത്തപ്പെടുന്നു.
2026-27 മുതൽ 2030-31 വരെ അഞ്ച് വർഷക്കാലയളവിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
പോസ്റ്റൽ ഓപ്പറേഷൻസ് പദ്ധതിയിൽ താഴെ പറയുന്ന ആറ് ഉപ-പദ്ധതികൾ ഉൾപ്പെടുന്നു:
1. റൂറൽ ബിസിനസ് ആൻഡ് ആക്സസ് ടു പോസ്റ്റൽ നെറ്റ്വർക്ക് (120 കോടി രൂപ): ഗ്രാമപ്രദേശങ്ങളിലേതുൾപ്പെടെയുള്ള പോസ്റ്റ് ഓഫീസുകളെ കാര്യക്ഷമവും പൗരകേന്ദ്രീകൃതവുമായ സേവന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി അടിസ്ഥാന സൗകര്യ നവീകരണം, ഏകീകൃത ബ്രാൻഡിംഗ്, വിഭവങ്ങളുടെ മികച്ച വിനിയോഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാമ്പത്തിക ഉൾപ്പെടുത്തൽ, ഡിജിറ്റൽ കണക്റ്റിവിറ്റി, പ്രാദേശിക സാമ്പത്തിക വികസനം എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം ലാസ്റ്റ്-മൈൽ ഡെലിവറി മെച്ചപ്പെടുത്താനും പിന്നാക്ക പ്രദേശങ്ങളിൽ തപാൽ-പൗര സേവനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാനും ഈ ഘടകം ലക്ഷ്യമിടുന്നു.
2. മെയിൽ നെറ്റ്വർക്ക് ഓപ്റ്റിമൈസേഷൻ (575 കോടി രൂപ): കേന്ദ്രീകൃത വിതരണ സംവിധാനങ്ങൾ, യന്ത്രവൽക്കരണം, അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജിക്ക് (APT 2.0) കീഴിലുള്ള നൂതന ഐ.ടി പരിഹാരങ്ങൾ, ജി.ഐ.എസ് (GIS) അധിഷ്ഠിത സേവനങ്ങൾ, നവീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ തപാൽ പ്രവർത്തനങ്ങളുടെ ആധുനികവൽക്കരണം വിഭാവനം ചെയ്യുന്നു. ശൃംഖലയിലുടനീളം പ്രവർത്തനക്ഷമത, സുതാര്യത, സേവന നിലവാരം, ലോജിസ്റ്റിക്കൽ വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഡെലിവറി പോസ്റ്റ് ഓഫീസുകൾ, മെയിൽ ഹാൻഡ്ലിംഗ് സംവിധാനങ്ങൾ, മെയിൽ മോട്ടോർ സർവീസ് (MMS) വർക്ക്ഷോപ്പുകൾ, റോഡ് ട്രാൻസ്പോർട്ട് നെറ്റ്വർക്ക്, ആധുനിക സ്മാർട്ട് 24x7 ലെറ്റർ ബോക്സുകൾ എന്നിവ ശക്തിപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.
3. പാഴ്സൽ നെറ്റ്വർക്ക് ഓപ്റ്റിമൈസേഷൻ (278 കോടി രൂപ): പാഴ്സൽ നീക്കം സുഗമമാക്കുന്നതിനും കൈമാറ്റ പോയിന്റുകൾ കുറയ്ക്കുന്നതിനും ശേഷി പരിമിതികൾ ലഘൂകരിക്കുന്നതിനും ട്രാൻസിറ്റ് സമയം മെച്ചപ്പെടുത്തുന്നതിനുമായി പുനർരൂപകൽപ്പന ചെയ്ത സോർട്ടിംഗ് സംവിധാനത്തിന് അനുസൃതമായി പാഴ്സൽ ഹബ്ബുകളുടെ നിർമ്മാണവും പാഴ്സൽ പാക്കേജിംഗ് യൂണിറ്റുകളുടെ (PPUs) വിപുലീകരണവും ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകമായി നിർമ്മിച്ച സൗകര്യങ്ങൾ, ഏകീകൃതവും സുരക്ഷിതവുമായ പാക്കേജിംഗ്, മെച്ചപ്പെട്ട പ്രവർത്തന വഴക്കം എന്നിവയിലൂടെ ഇ-കൊമേഴ്സ്, ഗ്രാമീണ വിപണികളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന പാഴ്സലുകളെ പിന്തുണയ്ക്കാനും ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കാനും ലോജിസ്റ്റിക്സ് മേഖലയിൽ ഇന്ത്യ പോസ്റ്റിന്റെ മത്സരശേഷി ശക്തിപ്പെടുത്താനും ഈ ഘടകം ലക്ഷ്യമിടുന്നു.
4. അന്താരാഷ്ട്ര തപാലുകൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനവും വർദ്ധനവും (8 കോടി രൂപ): അന്താരാഷ്ട്ര ചരക്കുകളുടെ നീക്കം വേഗത്തിലാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഫോറിൻ പോസ്റ്റ് ഓഫീസുകൾ (FPOs), സബ് ഫോറിൻ പോസ്റ്റ് ഓഫീസുകൾ (SFPOs) എന്നിവ നവീകരിച്ച് അന്താരാഷ്ട്ര തപാൽ സേവനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കംപ്ലയൻസ്, സാങ്കേതിക സംയോജനം, കയറ്റുമതി ലോജിസ്റ്റിക്സ് പിന്തുണ എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം, വിശ്വസനീയമായ അന്താരാഷ്ട്ര ലോജിസ്റ്റിക്സ് ദാതാവായി ഇന്ത്യ പോസ്റ്റിനെ ഉയർത്തുന്നതിനായി പോസ്റ്റൽ / ആർ.എം.എസ് (RMS) ഡിവിഷൻ വഴിയുള്ള മാർക്കറ്റിംഗും പരസ്യപ്രചാരണവും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.
5. ഗുണനിലവാരമുള്ള സേവനം ഉൾപ്പെടെയുള്ള മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ (100 കോടി രൂപ): ടെലിവിഷൻ, ഡിജിറ്റൽ, റേഡിയോ, പ്രിന്റ്, ഔട്ട്ഡോർ പ്ലാറ്റ്ഫോമുകളിലെ മൾട്ടി-ചാനൽ ക്യാമ്പയിനുകളിലൂടെ പ്രചാരണം, ബ്രാൻഡിംഗ്, ഔട്ട്റീച്ച്, ഉപഭോക്തൃ ഇടപെടൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗ്രാമീണ, പിന്നാക്ക മേഖലകളിൽ പ്രത്യേകിച്ചും അടിസ്ഥാനതല ഇടപെടലുകൾ ആഴത്തിലാക്കുന്നതിനായി ഇവന്റുകളിലും എക്സിബിഷനുകളിലുമുള്ള പങ്കാളിത്തം, സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ, ഡയറക്ട് മാർക്കറ്റിംഗ്, ഡാക് ചൗപാൽ പ്രവർത്തനങ്ങളുടെ വിപുലീകരണം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ കേന്ദ്രീകൃത സമീപനം ശക്തിപ്പെടുത്തുന്നതിനുമായി അടിസ്ഥാന സൗകര്യ നവീകരണം, സ്റ്റുഡിയോ സൗകര്യങ്ങൾ, ഐ.സി.ടി (ICT) മെച്ചപ്പെടുത്തലുകൾ, വിപണി ഗവേഷണം, ഇൻഫ്ലുവൻസർ ഇടപെടൽ, തേർഡ്-പാർട്ടി മൂല്യനിർണ്ണയ സംവിധാനങ്ങൾ എന്നിവയും വിഭാവനം ചെയ്യുന്നു.
6. ഫിലാറ്റലി ഓപ്പറേഷൻസ് (60 കോടി രൂപ): എക്സിബിഷനുകൾ, സെമിനാറുകൾ, ക്വിസുകൾ, സ്കൂൾ ഫിലാറ്റലിക് ക്ലബ്ബുകൾ, സുഗന്ധമുള്ളതും ഹോളോഗ്രാഫിക്, ത്രീഡി (3D) സ്റ്റാമ്പുകൾ ഉൾപ്പെടെയുള്ള നൂതന സ്റ്റാമ്പ് ഡിസൈനുകൾ എന്നിവയിലൂടെ ഫിലാറ്റലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ ഇതിൽ നിർദ്ദേശിക്കുന്നു. പ്രവർത്തനക്ഷമതയും വരുമാന സാധ്യതയും മെച്ചപ്പെടുത്തുന്നതിനൊപ്പം, ഫിലാറ്റലിയെ ആകർഷകമായ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനമായി പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ ഔട്ട്റീച്ച് പ്രവർത്തനങ്ങൾ, 'ധായ് അഖർ' (Dhai Akhar) കത്തെഴുത്ത് മത്സരം, 'സ്പർശ്' (SPARSH) സ്കോളർഷിപ്പ് തുടങ്ങിയ പരിപാടികൾ, പ്രൊഡക്ഷൻ-ഫുൾഫിൽമെന്റ് സെന്ററുകളുടെ ആധുനികവൽക്കരണം, വിപണി ഗവേഷണം, അന്താരാഷ്ട്ര സഹകരണം എന്നിവയും ഈ ഘടകത്തിൽ ഉൾപ്പെടുന്നു.
***
SK