രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതിയെ നേപ്പാള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു

പോസ്റ്റഡ് ഓണ്‍: 23 NOV 2026 6:52PM by PIB Thiruvananthpuram
നേപ്പാള്‍ പ്രധാനമന്ത്രി Rt. ശ്രീ ബാലേന്ദ്ര ഷാ, ഇന്ന് (2026 നവംബര്‍ 23) രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു.
 


 
രാഷ്ട്രപതി ഭവനിലേക്ക് പ്രധാനമന്ത്രി ഷായെ സ്വാഗതം ചെയ്ത ശ്രീമതി ദ്രൗപദി മുര്‍മു, 2026 മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് നേടിയ വിജയത്തില്‍ അഭിനന്ദനം അറിയിച്ചു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് രാഷ്ട്രപതി വിജയാശംസകള്‍ നേരുകയും ചെയ്തു.

ഭോട്ടെ കോശി പ്രളയദുരന്തത്തിലുണ്ടായ ജീവഹാനിയില്‍ രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി. എല്ലായ്‌പ്പോഴും എന്നപോലെ, ഈ ദുഷ്‌കരമായ സമയത്തും ഇന്ത്യ നേപ്പാളിനൊപ്പം ഉറച്ചുനിന്നിട്ടുണ്ടെന്നും, സമയബന്ധിതമായി മാനുഷിക സഹായവും സാങ്കേതിക പിന്തുണയും നല്‍കിവരികയാണെന്നും അവര്‍ പറഞ്ഞു. നേപ്പാളിന്റെ അടുത്ത പങ്കാളി എന്ന നിലയില്‍ പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ തുടര്‍ന്നും പിന്തുണ നല്‍കുമെന്നും രാഷ്ട്രപതി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ഇരു രാജ്യങ്ങളും നേരിടുന്ന പൊതുവെല്ലുവിളിയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മുന്നറിയിപ്പ് സംവിധാനങ്ങളും ദുരന്തനിവാരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.

പൊതുവായ നാഗരിക പൈതൃകത്തിലും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ആഴമേറിയ സൗഹാര്‍ദത്തിലും അധിഷ്ഠിതമാണ് സവിശേഷവും ബഹുമുഖവുമായ ഇന്ത്യ-നേപ്പാള്‍ ബന്ധമെന്ന് രാഷ്ട്രപതി പറഞ്ഞു.

ഈ സന്ദര്‍ശനത്തിനിടെ പ്രഖ്യാപിച്ച സംയുക്ത ദര്‍ശന രേഖ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ, അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു. വ്യാപാരം, നിക്ഷേപം, അടിസ്ഥാനസൗകര്യങ്ങള്‍, വികസന പങ്കാളിത്തം, കണക്റ്റിവിറ്റി, സാംസ്‌കാരികവും ജനങ്ങള്‍ തമ്മിലുള്ളതുമായ വിനിമയം എന്നിവയ്‌ക്കൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍, ഡിജിറ്റല്‍ സേവനങ്ങള്‍, ബഹിരാകാശ നൂതനാശയങ്ങള്‍ തുടങ്ങി നൂതന മേഖലകളില്‍ ഉള്‍പ്പെടെയുള്ള ഭാവി സഹകരണത്തിന് ഇത് വ്യക്തമായ ദിശാബോധം നല്‍കുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 

***


( റിലീസ് ഐ.ഡി: 2340600) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil