ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംവിധായകൻ ജോയൽ വിജയ്, നിർമാതാക്കളായ രാജേഷ് മേനോൻ, ഗണേഷ് എം, നടൻ വി. ജയപ്രകാശ് എന്നിവർ മാധ്യമങ്ങളുമായി സംവദിച്ചു. ‘കൂട്’ (Koodu - Nest) എന്ന ചിത്രത്തെക്കുറിച്ചും, അതിന്റെ പ്രചോദനം, ഇതിലൂടെ മുന്നോട്ടുവയ്ക്കുന്ന പരിസ്ഥിതി സന്ദേശം എന്നിവയെക്കുറിച്ചും അണിയറപ്രവർത്തകർ വിശദീകരിച്ചു.
തമിഴ്‌നാട്ടിലെ വാച്ചാത്തിയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗ്രാമത്തിലെ വൈദ്യുതി ട്രാൻസ്‌ഫോർമറിനുള്ളിൽ മുട്ടകളുള്ള കുരുവിക്കൂട് കണ്ടെത്തുന്നതോടെയാണ് കഥ വികസിക്കുന്നത്. വൈദ്യുതി തടസ്സത്തെത്തുടർന്നാണ് കൂട് ശ്രദ്ധയിൽപ്പെടുന്നത്. ഗ്രാമത്തലവനായ അഗത്യന്റെ നേതൃത്വത്തിൽ, കൃഷി ബിരുദധാരിയായ കതിർ ഉൾപ്പെടെയുള്ള ഗ്രാമവാസികൾ പക്ഷികളെ സംരക്ഷിക്കുന്നതിനായി 35 ദിവസം വൈദ്യുതിയില്ലാതെ കഴിയാൻ തീരുമാനിക്കുന്നു. എന്നാൽ ഈ തീരുമാനത്തിന് ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവരുന്നു. വെല്ലുവിളികൾക്കിടയിലും കൂട് സുരക്ഷിതമായി നിലനിർത്തുന്നതിനായി കതിറും ഗ്രാമവാസികളും വലിയ ത്യാഗങ്ങൾ സഹിക്കുന്നു.

ഭൂമി മനുഷ്യർക്ക് മാത്രമുള്ളതല്ലെന്നും എണ്ണമറ്റ മറ്റു ജീവജാലങ്ങളുടെയും ആവാസകേന്ദ്രമാണെന്നും ചിത്രത്തിലൂടെ വ്യക്തമാക്കാനാണ് ശ്രമിച്ചതെന്ന് സംവിധായകൻ ജോയൽ വിജയ് പറഞ്ഞു. സഹവർത്തിത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ അദ്ദേഹം, മറ്റു ജീവജാലങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും അവയുമായി ഐക്യത്തോടെ ജീവിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം മനുഷ്യർ തിരിച്ചറിയണമെന്നും വ്യക്തമാക്കി.
ചിത്രത്തിന്റെ ഭാഗമായതിലൂടെ വ്യക്തിജീവിതത്തിലെ ശീലങ്ങളിൽ വന്ന മാറ്റങ്ങളെക്കുറിച്ച് നടൻ വി. ജയപ്രകാശ് പങ്കുവച്ചു. ചിത്രത്തിന്റെ കഥാസംഗ്രഹം കേട്ട് മിനിറ്റുകൾക്കുള്ളിൽ അഭിനയിക്കാൻ സമ്മതിച്ചെന്നും യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന കാര്യം തന്നെ ഏറെ ആകർഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ പരിസ്ഥിതിസന്ദേശത്തെക്കുറിച്ച് സംസാരിക്കവെ, ടിഷ്യൂ പേപ്പറിന്റെ ഉപയോഗത്തെക്കുറിച്ച് കൂടുതൽ ബോധവാനായതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ വ്യക്തിപരമായ പാഠമെന്ന് അദ്ദേഹം പറഞ്ഞു. ദൈനംദിന ഉപഭോഗവും മരങ്ങൾ മുറിക്കുന്നതും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ നിത്യജീവിതത്തിൽ ടിഷ്യൂ പേപ്പറിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ ചിത്രം പ്രേരിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സന്ദേശം വ്യക്തിപരമായ ശീലങ്ങളിൽ പോലും സ്വാധീനം ചെലുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കഥയുടെ വൈകാരികമായ ആകർഷണവും പരിസ്ഥിതിസന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തിരക്കഥയുടെ അവതരണരീതിയും നിർമാതാവ് രാജേഷ് മേനോൻ എടുത്തുപറഞ്ഞു. 35 ദിവസം വൈദ്യുതിയില്ലാതെ കഴിയാനുള്ള ഗ്രാമവാസികളുടെ തീരുമാനത്തിൽനിന്ന് ഉയർന്നുവരുന്ന പ്രായോഗികമായ ചോദ്യങ്ങളും വെല്ലുവിളികളുമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഷയം അമിത ഗൗരവത്തോടെ അവതരിപ്പിക്കുന്നതിനുപകരം അർത്ഥവത്തായ സംഭാഷണങ്ങളിലൂടെയും പ്രേക്ഷകർക്ക് എളുപ്പം ബന്ധപ്പെടുത്താവുന്ന സാഹചര്യങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ടുപോകുന്നത്. ചിത്രത്തിന്റെ അടിസ്ഥാന സന്ദേശവും പ്രേക്ഷകർക്ക് അതിനുള്ള പ്രസക്തിയുമാണ് ഈ സംരംഭത്തെ പിന്തുണയ്ക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവീൺ കുമാർ എസ് ആണ് വാർത്താസമ്മേളനം നിയന്ത്രിച്ചത്.
പൂർണ വാർത്താസമ്മേളനം ഇവിടെ കാണാം.
https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
****