ഒരു പ്രധാന ചലച്ചിത്ര നിർമ്മാണ കേന്ദ്രമായി ഉയർന്നുവരുന്നതിനായി ഗോവയിൽ ഒരു ഫിലിം സിറ്റി, ഫിലിം സ്കൂളുകൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കണോ അതോ കടൽത്തീരങ്ങൾ, കുന്നുകൾ, പൈതൃക കെട്ടിടങ്ങൾ, നദികൾ എന്നിവ സവിശേഷമായ സിനിമാറ്റിക് പശ്ചാത്തലമൊരുക്കുന്ന, പ്രകൃതിയാൽ അനുഗ്രഹീതമായ ഒരു ഷൂട്ടിംഗ് ലൊക്കേഷൻ എന്ന തനിമ നിലനിർത്തണോ എന്നതായിരുന്നു 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ‘സിനിമയിലെ ഗോവ’ എന്ന പേരിൽ നടന്ന ശ്രദ്ധേയമായ പാനൽ ചർച്ചയിലെ പ്രധാന ചോദ്യം.
കൊങ്കണി, ഹിന്ദി, അന്താരാഷ്ട്ര സിനിമ എന്നിവകളിൽ നിന്നുള്ള കാഴ്ചപ്പാടുകൾ സംയോജിപ്പിച്ച ഈ സെഷനിൽ പ്രശസ്ത കൊങ്കണി ചലച്ചിത്ര സംവിധായകൻ രാജേന്ദ്ര തലക്, ഹിന്ദി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ വിജയ് കൃഷ്ണ ആചാര്യ, ഫ്രഞ്ച് നടി മരിയാനെ ബോർഗോ എന്നിവർ പങ്കെടുത്തു. ചലച്ചിത്ര നിരൂപകൻ സച്ചിൻ ചാട്ടെ മോഡറേറ്ററായി.

ഗോവയിൽ ചലച്ചിത്ര നിർമ്മാണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനെ അനുകൂലിച്ച് സംസാരിച്ച വിജയ് കൃഷ്ണ ആചാര്യ, വർഷങ്ങളായി ചലച്ചിത്ര പ്രവർത്തകരെ ആകർഷിക്കുന്ന സംസ്ഥാനത്തിന്റെ സവിശേഷമായ ദൃശ്യപരവും സാംസ്കാരികവുമായ ഭംഗി എടുത്തുപറഞ്ഞു. മുഖ്യധാരാ സിനിമാ ലൊക്കേഷനുകളിൽ നിന്ന് ഗോവയെ വ്യത്യസ്തമാക്കുന്ന പ്രതീകാത്മകവും സവിശേഷവുമായ ഒരു തനിമ ഗോവയ്ക്കുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. 'കഭി ഹാൻ കഭി നാ' എന്ന സിനിമയെ ഉദ്ധരിച്ചുകൊണ്ട്, അതിലെ കഥാപാത്രങ്ങളും പശ്ചാത്തലവും അത്രമേൽ സ്വാഭാവികമായി ഇഴചേർന്നിരുന്നതിനാൽ ആ കഥയ്ക്ക് ഗോവയിൽ മാത്രമേ വളരാൻ കഴിയുമായിരുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര നിർമ്മാണം സാമ്പത്തികമായി ലാഭകരമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, വ്യത്യസ്ത ബജറ്റുകളിൽ ഗോവയിൽ ചിത്രീകരണം നടത്താൻ ചലച്ചിത്ര പ്രവർത്തകരെ പ്രാപ്തരാക്കുന്ന ഒരു ഫിലിം സിറ്റി സ്ഥാപിക്കണമെന്ന് ആചാര്യ ആവശ്യപ്പെട്ടു. “ചലച്ചിത്ര നിർമ്മാണത്തിൽ ചെലവ് ഒരു നിർണ്ണായക ഘടകമാണ്. മത്സരാധിഷ്ഠിത നിരക്കിൽ അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയാൽ ഗോവയ്ക്ക് കൂടുതൽ ചലച്ചിത്ര നിർമ്മാണ സംരംഭങ്ങളെ ആകർഷിക്കാൻ കഴിയും,” അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക ജനതയ്ക്ക് ചലച്ചിത്ര മേഖലയിൽ പ്രൊഫഷണൽ പരിശീലനത്തിനും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുന്നതിനായി ഫിലിം സ്കൂളുകളും ചലച്ചിത്ര സാക്ഷരതാ കേന്ദ്രങ്ങളും സ്ഥാപിക്കണമെന്നും അദ്ദേഹം വാദിച്ചു. ഇത്തരം സംരംഭങ്ങൾ തലമുറകളോളം നീണ്ടുനിൽക്കുന്ന സ്വാധീനം ചെലുത്തുമെന്നും ഗോവയെ സവിശേഷമായ ഒരു കലാകേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് അവതരിപ്പിച്ച രാജേന്ദ്ര തലക്, ചലച്ചിത്ര അടിസ്ഥാന സൗകര്യങ്ങളുടെ പേരിൽ ഗോവയെ മറ്റൊരു മുംബൈയാക്കി മാറ്റുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഒരു ഫിലിം സിറ്റിയുടെ പ്രായോഗികതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ചലച്ചിത്ര നിർമ്മാണത്തിൽ പ്രാദേശിക ജനതയ്ക്ക് ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിൽ ഗവൺമെന്റിന് ഇത്തരം സംരംഭങ്ങളെക്കുറിച്ച് ആലോചിക്കാമെന്ന് പറഞ്ഞു. എങ്കിലും ചലച്ചിത്ര നിർമ്മാണ പ്രക്രിയയേക്കാളുപരി ഗ്ലാമറിലും പ്രശസ്തിയിലുമാണ് പലരും ആകൃഷ്ടരാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോവയുടെ പ്രകൃതിഭംഗിയും പരമ്പരാഗത വീടുകളും സാംസ്കാരിക തനിമയും സംരക്ഷിക്കുന്നതിനായിരിക്കണം എപ്പോഴും മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒരു ചലച്ചിത്ര ചിത്രീകരണ കേന്ദ്രമെന്ന നിലയിൽ ഗോവയുടെ വലിയൊരു ഭാഗം ഇനിയും പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുകയാണെന്നും തലക് നിരീക്ഷിച്ചു. "ഗോവയുടെ പത്ത് ശതമാനം പോലും ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല," എന്നുപറഞ്ഞ അദ്ദേഹം, ഒരു ചലച്ചിത്രകാരന് ആവശ്യമായതെല്ലാം സംസ്ഥാനത്ത് ഇതിനകം തന്നെ ഉണ്ടെന്നും കൂട്ടിച്ചേർത്തു. സിനിമയ്ക്ക് അനുയോജ്യമായ രീതിയിൽ ഗോവയുടെ പ്രകൃതം മാറ്റുന്നതിന് പകരം ചലച്ചിത്ര പ്രവർത്തകർ നിലവിലുള്ള ഭൂപ്രകൃതികൾ പര്യവേക്ഷണം ചെയ്യുകയും അവയുമായി സ്വാഭാവികമായി ഇണങ്ങിച്ചേരുന്ന കഥകൾ കണ്ടെത്തുകയുമാണ് വേണ്ടത്.

ഗോവയെ സ്വന്തം വീടാക്കി മാറ്റിയ ഒരാളുടെ കാഴ്ചപ്പാടാണ് മരിയാനെ ബോർഗോ പങ്കുവെച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം അംഗീകരിക്കുമ്പോൾ തന്നെ, ഭൂമിയും പരമ്പരാഗത വീടുകളും പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ട മൂല്യവത്തായ സ്വത്തുക്കളാണെന്ന് അവർ അടിവരയിട്ടു. ആധുനിക ജീവിതശൈലി ഗോവയുടെ ഭംഗിയെ ക്രമേണ ഇല്ലാതാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അവർ, ചിത്രീകരണ പ്രവർത്തനങ്ങളെ സംവേദനക്ഷമതയോടും ഉത്തരവാദിത്തത്തോടും കൂടി സമീപിക്കാൻ ചലച്ചിത്ര പ്രവർത്തകരോട് അഭ്യർത്ഥിച്ചു. IFFI-യിൽ വെച്ച് കണ്ട 'ഓ മരിയ' (O Mariya) എന്ന സിനിമയിലൂടെ കൊങ്കണി സിനിമയിലെ ശ്രദ്ധേയമായ പ്രതിഭകളെ തിരിച്ചറിഞ്ഞ കാര്യവും അവർ അനുസ്മരിച്ചു.
കടൽത്തീരങ്ങൾ, മദ്യം, മയക്കുമരുന്ന്, ഗുണ്ടാ സംസ്കാരം എന്നിവയുമായി സംസ്ഥാനത്തെ ബന്ധിപ്പിക്കുന്ന പ്രവണതയും പരിചിതമായ കാരിക്കേച്ചറുകളിലൂടെ ഗോവൻ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന രീതിയും ഉൾപ്പെടെ സിനിമകളിൽ ഗോവയെയും അവിടുത്തെ ജനങ്ങളെയും വാർപ്പുമാതൃകകളിൽ ചിത്രീകരിക്കുന്നതിനെക്കുറിച്ചും പാനൽ ചർച്ച ചെയ്തു.
https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
****