പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഖരഗ്‌പൂർ ഐഐടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 21 NOV 2026 1:02PM by PIB Thiruvananthpuram

പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ആർ. എൻ. രവി ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ സുകാന്ത മജുംദാർ ജി, സംസ്ഥാന സർക്കാരിലെ മന്ത്രി ശ്രീ ജഗന്നാഥ് ചതോപാധ്യായ ജി, ഐഐടി ഖരഗ്‌പൂരിലെ ആദരണീയരായ ശ്രീ ടി. വി. നരേന്ദ്രൻ ജി, ശ്രീ സുമൻ ചക്രവർത്തി ജി, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, മറ്റ് വിശിഷ്ടാതിഥികളേ, സഹോദരീ സഹോദരന്മാരേ.

ആദ്യം തന്നെ, ഇവിടെ എത്തുവാൻ വൈകിയതിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. മോശം കാലാവസ്ഥ കാരണം എനിക്ക് കൃത്യസമയത്ത് എത്താൻ സാധിച്ചില്ല; തുടർന്ന് റോഡ് മാർഗ്ഗം യാത്ര ചെയ്തെങ്കിലും അപ്പോഴും കാലതാമസം നേരിട്ടു. നിങ്ങൾക്ക് എനിക്കായി കാത്തിരിക്കേണ്ടി വന്നതിനും, അതുമൂലം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.

സുഹൃത്തുക്കളേ,

ഖര​ഗ്പൂർ ഐഐടിയുടെ ഈ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ, ഇന്ത്യയുടെ ഭൂതകാലവും വർത്തമാനകാലവും ഭാവികാലവും ഒത്തുചേരുന്നത് ഞാൻ ഇവിടെ കാണുന്നു. അതീവ കഴിവുള്ളവരും വലിയ സ്വപ്നങ്ങളുള്ളവരുമായ ഒരു തലമുറയാണ് ഇവിടെയുള്ളത്. ഈ സ്ഥാപനത്തിന്റെ 75 വർഷത്തെ യാത്ര ആഘോഷിക്കാനും, അതിന്റെ പാരമ്പര്യത്തെ ആദരിക്കാനുമാണ് നമ്മളെല്ലാവരും ഇന്ന് ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. സ്ഥാപിതമായതു മുതലുള്ള ഈ 75 വർഷത്തിനിടയിൽ, ഐഐടി ഖരഗ്‌പൂർ നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്. ഈ 75 വർഷത്തിനുള്ളിൽ, കാളവണ്ടികളിൽ നിന്ന് ബുള്ളറ്റ് ട്രെയിനുകളിലേക്കും, തപാൽ കത്തുകളിൽ നിന്ന് സോഷ്യൽ മീഡിയ സന്ദേശങ്ങളിലേക്കും ഇന്ത്യ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇത്തരം പരിവർത്തനങ്ങളുടെ ഓരോ ഘട്ടത്തിലും, രാജ്യത്തെ ആദ്യത്തെ ഐഐടി എന്ന നിലയിൽ ഖരഗ്‌പൂർ  ഐഐടി  സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ അവസരത്തിൽ,  ഖരഗ്‌പൂർ ഐഐടിയിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പൂർവ്വ വിദ്യാർത്ഥികൾക്കും ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഐഐടി ഖരഗ്‌പൂരിലെ ജീവിതവുമായി ബന്ധപ്പെട്ട ചില ഓർമ്മകൾ എന്നെന്നും മനസ്സിൽ തങ്ങിനിൽക്കും. പതിറ്റാണ്ടുകൾക്ക് ശേഷവും, 'ചെഡിസ്' (Chedis)-ൽ ചായ കുടിച്ചുകൊണ്ട് നടത്തിയ ചർച്ചകൾ പല പൂർവ്വ വിദ്യാർത്ഥികളും ഇന്നും സ്നേഹത്തോടെ ഓർക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. മറ്റ് സ്ഥാപനങ്ങളിൽ ഹോസ്റ്റലുകൾ ഉണ്ടാകാം, എന്നാൽ ഇവിടെ നിങ്ങൾക്ക് 'ഹാളുകൾ' (Halls) ആണുള്ളത്. ഓരോ വിദ്യാർത്ഥിക്കും തങ്ങളുടെ 'ഹാളി'നെക്കുറിച്ച് എത്രത്തോളം അഭിമാനമുണ്ടെന്ന് എനിക്കറിയാം. ഇവിടെ എത്തുന്നതിന് മുൻപ്, ദീപാവലിയുടെ ചിത്രങ്ങൾ എനിക്ക് കാണിച്ചുതന്നിരുന്നു; നിങ്ങളെല്ലാവരും ഇപ്പോൾ അത് ആഘോഷിച്ചതേയുള്ളൂ. ഐഐടി ഖരഗ്‌പൂരിലെ ദീപാവലിക്ക് അതിന്റേതായ പ്രത്യേക ആവേശമുണ്ടെന്ന് ഞാൻ കേട്ടറിഞ്ഞു. ഇവിടുത്തെ ദീപാലങ്കാരങ്ങൾക്ക് സവിശേഷമായ ഭംഗിയുണ്ട്; വിവിധ 'ഹാളുകൾ' (ഹോസ്റ്റലുകൾ) തമ്മിലുള്ള മത്സരം ഇതിനെ കൂടുതൽ സവിശേഷമാക്കുന്നു. ഈ വർഷം ഏത് 'ഹാൾ' ആണ് വിജയിച്ചത്? അവർ എത്ര അഭിമാനത്തോടെയാണ് അത് പറയുന്നത് എന്ന് നോക്കൂ! വിജയികൾക്ക് അഭിനന്ദനങ്ങൾ. വിജയികൾ തന്നെ കൈയ്യടിക്കുന്നില്ലെങ്കിൽ, പിന്നെ ആരാണ് അവർക്കായി കൈയ്യടിക്കുക?

സുഹൃത്തുക്കളേ,

ബംഗാളിന്റെ ഈ മണ്ണ് ആശയങ്ങൾക്ക് കരുത്ത് പകർന്ന, ദേശീയ പ്രസ്ഥാനങ്ങൾ പിറവിയെടുത്ത ഇടമാണ്. സ്വാതന്ത്ര്യസമര സേനാനികളെ തടവിലാക്കിയിരുന്ന ഒരു തടങ്കൽപ്പാളയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇന്ന് ഈ സ്ഥാപനം നിലകൊള്ളുന്നത്. ഇവിടെ തടവിലായിരുന്ന ആ സ്വാതന്ത്ര്യസമര സേനാനികൾ പകൽ മുഴുവൻ എന്തിനെക്കുറിച്ചായിരിക്കും ചർച്ച ചെയ്തിട്ടുണ്ടാവുക എന്ന് ഒന്നു ചിന്തിച്ചുനോക്കൂ. അവരുടെ മനസ്സിൽ എന്ത് ചിന്തകളായിരിക്കും നിറഞ്ഞുനിന്നിട്ടുണ്ടാവുക? ആ കാലഘട്ടത്തിലെ അവരുടെ ജീവിതവും ചിന്തകളും പ്രവർത്തനങ്ങളും ഒരു മന്ത്രം പോലെ ഇപ്പോഴും ഈ അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ടാകാം; അത് നിങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നുണ്ടാകാം. പതിറ്റാണ്ടുകൾക്ക് മുൻപ്, സ്വയംഭരണാധികാരവും ഇന്ത്യ വലിയ ഉയരങ്ങളിലെത്തുന്നത് കാണാനും ആഗ്രഹിച്ച ഇന്ത്യക്കാരുടെ അദമ്യമായ മനോവീര്യത്തിനും ധൈര്യത്തിനും ഈ തടങ്കൽപ്പാളയങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ന്, അതേ മണ്ണിൽ, ഒരു പുതിയതും ഊർജ്ജസ്വലവുമായ സ്ഥാപനമായി മാറിയ നമ്മുടെ ഐഐടി, തങ്ങളുടെ നൂതന ആശയങ്ങളിലൂടെ 'ആത്മനിർഭർ ഭാരതി'ന്റെ കരുത്തായി മാറുന്ന യുവതലമുറയെ വാർത്തെടുക്കുന്നു. ഒരു കാലത്ത് സ്വയംഭരണാധികാരം ആഗ്രഹിച്ചിരുന്ന ഈ മണ്ണ്, ഇന്ന് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നു. അന്ന് സ്വാതന്ത്ര്യത്തിനായുള്ള ഒരു സ്വപ്നമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, ഇന്ന് ഭാവി കെട്ടിപ്പടുക്കാനുള്ള അവസരമാണുള്ളത്. അഭിലാഷത്തിൽ നിന്ന് സ്വയംപര്യാപ്തതയിലേക്കുള്ള ഈ യാത്രയാണ് 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതിന് പിന്നിലെ യഥാർത്ഥ ഊർജ്ജം.

സുഹൃത്തുക്കളേ,

ഐഐടി ഖരഗ്‌പൂർ അതിന്റെ യാത്ര ആരംഭിക്കുമ്പോൾ, ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് അധികകാലമായിരുന്നില്ല. രാജ്യത്ത് ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് പോലും നടന്നിട്ടില്ലാത്ത കാലമായിരുന്നു അത്. അക്കാലത്ത്, വ്യവസായങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഇന്ത്യയ്ക്ക് എഞ്ചിനീയർമാരെ ആവശ്യമുണ്ടായിരുന്നു. രാജ്യത്തിന്റെ ശാസ്ത്രീയ ശേഷി വികസിച്ചപ്പോൾ, ഇവിടെ നിന്നുള്ള ബിരുദധാരികൾ നമ്മുടെ ബഹിരാകാശ, ആണവോർജ്ജ പദ്ധതികളിൽ വലിയ സംഭാവനകൾ നൽകി. പിന്നീട് വിവരസാങ്കേതികവിദ്യയുടെ  കാലഘട്ടവും ആഗോള സമ്പദ്‌വ്യവസ്ഥയിൽ പുതിയ അവസരങ്ങളും കടന്നുവന്നു. ഈ സ്ഥാപനത്തിൽ നിന്ന് പുറത്തുവന്ന യുവാക്കൾ ഇന്ത്യയുടെ സോഫ്റ്റ്‌വെയർ വ്യവസായത്തെ ശക്തിപ്പെടുത്തുകയും, ആഗോളതലത്തിലെ പ്രമുഖ കമ്പനികളെ നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. ഓരോ കാലഘട്ടത്തിലും, ഈ സ്ഥാപനം മുന്നോട്ട് വരികയും രാഷ്ട്രനിർമ്മാണത്തിലുള്ള തന്റെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്തിട്ടുണ്ട്. ഇന്ന്, 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് നാം മുന്നേറുമ്പോൾ, കഴിഞ്ഞ 75 വർഷങ്ങളായി ഐ.ഐ.ടി. ഖരഗ്പൂർ  ആർജ്ജിച്ചെടുത്ത അനുഭവസമ്പത്ത് രാജ്യത്തിന്റെ വികസനത്തിലും നൂതനാശയ മേഖലയിലും വലിയൊരു പങ്ക് വഹിക്കും. ഇന്നത്തെ ആകാംക്ഷാനിർഭരമായ ഭാരതത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി നിങ്ങൾ സാധ്യമായതെല്ലാം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

നാം വെല്ലുവിളികളെ എത്ര ധീരമായി നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ യഥാർത്ഥ ശേഷി നിർണ്ണയിക്കപ്പെടുന്നത്. പലരും എന്നോട് വെല്ലുവിളികളെക്കുറിച്ച് ചോദിക്കാറുണ്ട്. വെല്ലുവിളികളെ നേരിട്ടു കൊണ്ടല്ലാതെ എനിക്ക് നിലനിൽക്കാൻ കഴിയില്ല എന്നത് എന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നാണ് ഞാൻ അവരോട് പറയാറുള്ളത്.

സുഹൃത്തുക്കളേ,

നാം വെല്ലുവിളികളെ നേരിടാൻ തയ്യാറാണോ, അതോ പെട്ടെന്ന് സംതൃപ്തരായി ഒരിടത്ത് തന്നെ ഇരിക്കുകയാണോ ചെയ്യുന്നത് എന്നതാണ് ചോദ്യം. പലപ്പോഴും, ചിലർ സ്വന്തം ചിന്തകൾക്ക് പരിധികൾ നിശ്ചയിക്കുന്നു. അവർ തങ്ങൾക്കായി അതിരുകൾ വരയ്ക്കുന്നു. ഇതിനെയാണ് 'പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങൾ'  എന്ന് വിളിക്കുന്നത്. എന്താണ് ഈ പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങൾ? അവ നിങ്ങളുടെ സ്വപ്നങ്ങളെ പരിമിതപ്പെടുത്തുന്നു; നിങ്ങളുടെ കഴിവുകളെ തടസ്സപ്പെടുത്തുന്നു; നിങ്ങളുടെ രാജ്യത്തിന്റെ ശേഷികളെ പോലും പരിമിതപ്പെടുത്തുന്നു. എന്തൊക്കെ സാധ്യമാണ്, എന്തൊക്കെ അസാധ്യമാണ് എന്ന് നാം തന്നെയാണ് തീരുമാനിക്കുന്നത്. ഭൂരിഭാഗം ആളുകളും തുടങ്ങുന്നത് തന്നെ, "ഇത് നടക്കില്ല" എന്ന് പറഞ്ഞുകൊണ്ടാണ്. ഇത്തരത്തിലുള്ള, ജീവനില്ലാത്ത ചിന്താഗതിയുമായി ജീവിക്കുന്നവർക്ക് ജീവിതത്തെ യഥാർത്ഥ അർത്ഥത്തിൽ ആസ്വദിക്കാൻ കഴിയില്ല, സുഹൃത്തുക്കളേ. നമ്മുടെ ചിന്തയുടെ അതിരുകളെ, നമ്മുടെ ലോകത്തിന്റെ തന്നെ അതിരുകളായി നാം തെറ്റിദ്ധരിക്കുന്നു.

സുഹൃത്തുക്കളേ,

രാജ്യങ്ങളും തങ്ങളുടെ ചിന്തയുടെ അതിരുകൾ ഭേദിക്കുമ്പോൾ മാത്രമാണ് സ്വന്തം ശേഷികളെ തിരിച്ചറിയുന്നത്. സമീപകാലത്ത് ഇന്ത്യ കൃത്യമായി തെളിയിച്ചത് ഇതാണ്. ഇന്ത്യ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു: അതിരുകൾ ഭേദിക്കുക! സാധ്യതകളെ തുറന്നുവിടുക! ചില ഉദാഹരണങ്ങൾ നൽകാം. ഒന്ന് ചിന്തിച്ചുനോക്കൂ. ഏകദേശം ഇരുപത് വർഷം മുമ്പ് വരെ, നമ്മുടെ രാജ്യത്ത് ദാരിദ്ര്യം എന്നത് ഒരു സ്ഥിരമായ പ്രശ്നമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ്, ചെങ്കോട്ടയിൽ നിന്ന് ദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതിനുശേഷം നയപരമായ തലത്തിൽ എന്തെങ്കിലും ചെയ്യേണ്ടി വന്നപ്പോഴെല്ലാം, ഭരണസംവിധാനം വെറും ഫയലുകൾ തയ്യാറാക്കി അവയുടെ മുകളിൽ അടയിരിക്കുക മാത്രമാണ് ചെയ്തത്.

സുഹൃത്തുക്കളേ,

ദാരിദ്ര്യം ഒരിക്കലും തുടച്ചുനീക്കാൻ കഴിയില്ലെന്ന് എല്ലാവരും വിശ്വസിച്ചിരുന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. "ജനസംഖ്യ വളരെ കൂടുതലാണ്, കാര്യങ്ങൾ എപ്പോഴും ഇങ്ങനെ തന്നെ തുടരും" എന്നായിരുന്നു ധാരണ. ദാരിദ്ര്യം ഇല്ലാതാക്കാൻ ആവശ്യമായ ശരിയായ നയങ്ങൾ നടപ്പിലാക്കാൻ പോലും ആരും ധൈര്യം കാണിച്ചില്ല.

സുഹൃത്തുക്കളേ,

ഞങ്ങൾ അധികാരത്തിൽ വന്നപ്പോഴും സ്ഥിതി ഇതുതന്നെയായിരുന്നു. പാവപ്പെട്ടവർക്കായി ശൗചാലയങ്ങൾ നിർമ്മിക്കുമെന്ന് ഞാൻ ചെങ്കോട്ടയിൽ നിന്ന് പ്രഖ്യാപിച്ചു. പാർലമെന്റിലുണ്ടായിരുന്നവർ ഇതിനെ പരിഹസിച്ചു. "ചെങ്കോട്ടയിൽ നിന്ന് ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഇതെന്ത് പ്രധാനമന്ത്രിയാണ്?" എന്ന് അവർ ചോദിച്ചു. ഒരു പാവപ്പെട്ട കുടുംബത്തിന്, പ്രത്യേകിച്ച് പാവപ്പെട്ട അമ്മമാർക്കും സഹോദരിമാർക്കും ഒരു ശൗചാലയം എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇത്തരമൊരു ചിന്താഗതി കാരണം, രാജ്യത്തിന് പല അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാതെ പോയി. കഴിഞ്ഞ 12 വർഷത്തിനിടയിൽ, ഞങ്ങൾ ഈ ചിന്താഗതി മാറ്റിമറിച്ചു. ഞങ്ങൾ പാവപ്പെട്ടവരെ ശാക്തീകരിച്ചു. 'ശാക്തീകരണത്തിനായുള്ള അധികാരം' എന്നത് എന്റെ ജീവിതത്തിലെ മാർഗ്ഗനിർദ്ദേശ തത്വമാണ്. ഞങ്ങൾ അവരെ ശാക്തീകരിച്ചു; അവരുടെ ജീവിതം എളുപ്പമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. ഇന്ന് രാജ്യം അതിന്റെ ഫലങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ലോകബാങ്കിന്റെ സമീപകാല റിപ്പോർട്ടിനെക്കുറിച്ച് നിങ്ങൾ വായിക്കുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടാകും. വെറും 12-13 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്ന് ലോകബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇതൊരു ചെറിയ മാറ്റമല്ല. 'പരിധികൾ ഭേദിക്കുക' എന്ന ചിന്താഗതിയുടെ ഫലമാണിത്.

സുഹൃത്തുക്കളേ,

മറ്റൊരു ഉദാഹരണം കൂടി പറയാം. ഞാൻ 'സെമികണ്ടക്ടർ മിഷൻ' ആരംഭിച്ചപ്പോൾ, പല ചോദ്യങ്ങളും ഉയർന്നു വന്നു. "എന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു ദൗത്യം? മറ്റ് രാജ്യങ്ങൾ ഇതിനകം സെമികണ്ടക്ടറുകൾ നിർമ്മിക്കുന്നുണ്ട്. കഴിഞ്ഞ 50 വർഷമായി ലോകമെമ്പാടും സെമികണ്ടക്ടറുകൾ നിർമ്മിക്കപ്പെടുന്നുണ്ട്. ഇപ്പോൾ സെമികണ്ടക്ടറുകൾ നിർമ്മിക്കുന്നതുകൊണ്ട് നമുക്ക് എന്ത് നേട്ടമുണ്ടാകും?" - ഇതാണ് ചിന്തയിലെ പരിമിതി.

സുഹൃത്തുക്കളേ,

അമ്പത് വർഷം മുമ്പ് ഒരു കമ്പനി സെമികണ്ടക്ടറുകൾ നിർമ്മിക്കാൻ ഇന്ത്യയിൽ വന്നിരുന്നു എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. എന്നാൽ, അവർക്ക് മുന്നിൽ ചുവപ്പു കൊടി കാണിച്ച് അവരെ തിരിച്ചയക്കുകയാണുണ്ടായത്. ഇതിന് ആരും കൈയ്യടിക്കില്ലെന്ന് എനിക്കറിയാം. അത് ചുവന്ന കൊടി ഉയർത്തിപ്പിടിക്കുന്നവരുടെ പ്രവൃത്തിയായിരുന്നു. സെമികണ്ടക്ടർ മിഷനെക്കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ, ഇതിനകം തന്നെ വൈകിപ്പോയെന്ന് പലരും പറഞ്ഞു.

സുഹൃത്തുക്കളേ,

എന്നാൽ ഞാൻ ഉറച്ച തീരുമാനത്തിലായിരുന്നു. ഞാൻ ചോദിച്ചു, "വൈകിപ്പോയി എന്നതുകൊണ്ട് ഇന്ത്യ വെറുതെ കൈയും കെട്ടി ഇരിക്കണോ?" ഞങ്ങൾ തുടക്കമിട്ടു. പദ്ധതികൾ തയ്യാറാക്കാൻ ഉദ്യോഗസ്ഥരുമായി ചേർന്ന് ഞാൻ നേരിട്ട് പ്രവർത്തിച്ചു. ഇന്ന്, വെറും നാല് വർഷത്തിനുള്ളിൽ, രാജ്യത്ത് നിരവധി സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിതമായിക്കഴിഞ്ഞു. ഇന്ത്യ ചിപ്പുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഈ കേന്ദ്രങ്ങളെ നയിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. അവർ നേതൃത്വവും പ്രവർത്തനക്ഷമതയും നൽകുന്നു. വിശ്വസിക്കൂ, നിങ്ങൾക്കായി എല്ലായിടത്തും അവസരങ്ങളുണ്ട്. ചിപ്പുകൾ മുതൽ കപ്പലുകൾ വരെ എല്ലാം ഇവിടെ നിർമ്മിക്കപ്പെടും; നിങ്ങളെപ്പോലുള്ള യുവാക്കളായിരിക്കും അത് സാധ്യമാക്കുക. എന്നാൽ ഒന്ന് ആലോചിച്ചു നോക്കൂ, മറ്റുള്ളവർ ഇതിനകം ഇത് ചെയ്യുന്നുണ്ടെന്നും നമ്മൾ ശ്രമിക്കേണ്ടതില്ലെന്നും കരുതിയിരുന്നെങ്കിൽ, ഇതൊന്നും സംഭവിക്കുമായിരുന്നില്ല.

സുഹൃത്തുക്കളേ,

മറ്റൊരു ശക്തമായ ഉദാഹരണം കൂടി പറയാം - ബഹിരാകാശ മേഖല. മുമ്പ്, ഐ.എസ്.ആർ.ഒ (ISRO)-യിൽ വളരെ പരിമിതമായ ഒരു സംവിധാനമേ ഉണ്ടായിരുന്നുള്ളൂ, അവിടെ പ്രവേശനം തന്നെ വളരെ നിയന്ത്രിതമായിരുന്നു. ഏതൊരു വിക്ഷേപണവും പുതിയ ദൗത്യവും വളരെ കർക്കശമായ ഒരു വ്യവസ്ഥയിലൂടെ കടന്നുപോകേണ്ടതുണ്ടായിരുന്നു. ഐ.എസ്.ആർ.ഒ-യ്ക്ക് പുറത്തുള്ള യുവാക്കൾക്ക് അവസരങ്ങൾ ലഭിച്ചിരുന്നില്ല. നമ്മുടെ യുവാക്കളായ നവീന ചിന്ത ഉയർത്തുന്നവർക്ക്  ഈ മേഖലയിൽ അവസരം ലഭിക്കണമെന്ന് ഞാൻ മന്ത്രാലയത്തോട് പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മേഖല ഞങ്ങൾ രാജ്യത്തെ യുവജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇന്ന്, എന്താണ് സംഭവിച്ചതെന്ന് നോക്കൂ! ഐഐടി ഖരഗ്‌പൂരിലെ പൂർവ്വ വിദ്യാർത്ഥിയായ പവൻ, 'സ്കൈറൂട്ട് എയ്‌റോസ്‌പേസ്' (Skyroot Aerospace) എന്ന സംരംഭത്തിലൂടെ, ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചു. ഇന്ന്, ഇതുപോലെയുള്ള നിരവധി ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ പുതിയൊരു വേഗതയിൽ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് അസാധ്യമായി തോന്നിയ കാര്യങ്ങൾ, ഇന്ന് സാധ്യമായിരിക്കുന്നു; അവ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. അസാധ്യമായതിനെ സാധ്യമാക്കുന്നതിൽ നിങ്ങളുടെ പൂർവ്വ വിദ്യാർത്ഥികൾ വലിയ സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും.

സുഹൃത്തുക്കളേ,

രാജ്യത്തിന് നിങ്ങളിൽ നിന്ന് വലിയ പ്രതീക്ഷകളാണുള്ളത്. വരാനിരിക്കുന്ന രണ്ട് പതിറ്റാണ്ടുകൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഫലപ്രദമായ കാലഘട്ടങ്ങളിലൊന്നായിരിക്കും. 2047-ഓടെ നിങ്ങളിൽ പലരും നേതൃസ്ഥാനങ്ങളിലെത്തും. ഇന്ത്യയുടെ വികസനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമായ വർഷങ്ങളായിരിക്കും ഇവ. അതിനാൽ, നിങ്ങളുടെ ഓരോ വിജയവും രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. "രാജ്യത്തിന് മുന്നിലുള്ള ഏത് വെല്ലുവിളി പരിഹരിക്കാനാണ് ഞാൻ സഹായിക്കാൻ ആഗ്രഹിക്കുന്നത്?" എന്ന് നിങ്ങൾ എപ്പോഴും സ്വയം ചോദിച്ചുകൊണ്ടിരിക്കണം. സുഹൃത്തുക്കളെ, എൻ്റെ ഈ മന്ത്രം ഓർമ്മിക്കുക: 'രാജ്യം ഒന്നാമത്'. ഈ ചിന്താഗതിയോടെ മുന്നോട്ട് പോകുമ്പോൾ, അത് നിങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തിന് വലിയ നേട്ടങ്ങൾ കൊണ്ടുവരികയും ചെയ്യും.

സുഹൃത്തുക്കളേ,

കഴിഞ്ഞ 75 വർഷമായി നിങ്ങൾ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. ഐഐടി ഖരഗ്പൂർ അതിൻ്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ, അത് ഒരു 'വികസിത ഇന്ത്യ'യിലായിരിക്കണം എന്ന ദൃഢനിശ്ചയത്തോടെ വേണം നിങ്ങൾ മുന്നോട്ട് പോകാൻ. 1925-27 കാലഘട്ടത്തിൽ, സ്വാതന്ത്ര്യം നേടാനായി പ്രതിജ്ഞയെടുത്ത സ്വാതന്ത്ര്യസമര സേനാനികൾ തടവിലാക്കപ്പെട്ടത് ഇതേ മണ്ണിലാണ്; ഇരുപത് വർഷത്തിനുള്ളിൽ അവർ അത് നേടിയെടുക്കുകയും ചെയ്തു. ഇന്ന്, ഇതേ സ്ഥലത്തുനിന്നുകൊണ്ട് നമുക്കും ഒരു പ്രതിജ്ഞ എടുക്കാം - വരുന്ന ഇരുപത് വർഷത്തിനുള്ളിൽ നമ്മൾ ഒരു 'വികസിത ഇന്ത്യ' കെട്ടിപ്പടുക്കും. നമ്മൾ അത് സാധ്യമാക്കും. ഇതിനായി നമ്മൾ പൂർണ്ണമായി സമർപ്പിക്കപ്പെടുകയും അക്ഷീണം പ്രയത്നിക്കുകയും ചെയ്യും. ഇന്ന് ഞാൻ ബംഗാളിൻ്റെ മണ്ണിലായതുകൊണ്ട്, സ്വാമി വിവേകാനന്ദൻ്റെ വാക്കുകളോടെ ഞാൻ അവസാനിപ്പിക്കട്ടെ: "എഴുന്നേൽക്കൂ, ഉണരൂ, ലക്ഷ്യത്തിലെത്തുന്നതുവരെ നിൽക്കാതിരിക്കൂ." ഈ പ്രത്യേക അവസരത്തിൽ, നിങ്ങൾക്കെല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

വളരെ നന്ദി.

നമസ്കാരം.

***

SK


( റിലീസ് ഐ.ഡി: 2340351) സന്ദര്‍ശക കൗണ്ടര്‍ : 5