പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡൽഹിയിൽ നടന്ന 'ഫിക്കി' വാർഷിക പൊതുയോഗത്തിന്റെയും വാർഷിക സമ്മേളനത്തിന്റെയും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 19 NOV 2026 1:44PM by PIB Thiruvananthpuram

നമസ്കാരം. ഫിക്കി (FICCI) പ്രസിഡന്റും പ്രിയ  സഹോദരനുമായ ശ്രീ അനന്ത് ഗോയങ്ക ജി, ഫിക്കി അംഗങ്ങളേ, വ്യവസായ പ്രമുഖരേ, നൂതനാശയ ഉപജ്ഞാതാക്കളേ, മഹതികളേ, മാന്യരേ.

മുമ്പും പല അവസരങ്ങളിൽ ഫിക്കിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനും അവയുടെ ഭാഗമാകാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ ഈ അവസരം അല്പം സവിശേഷമാണ്. ഫിക്കി സ്ഥാപിതമായിട്ട് 100 വർഷം പൂർത്തിയാവുകയാണ്. ഒരു സ്ഥാപനം തുടർച്ചയായി 100 വർഷം ജാഗ്രതയോടെയും സജീവമായും നിലനിൽക്കുക എന്നതും, മാറുന്ന കാലത്തിനൊപ്പം മുന്നോട്ട് പോവുക എന്നതും, രാജ്യത്തിന്റെ സാമ്പത്തിക യാത്രയിൽ സജീവമായ പങ്ക് വഹിക്കുന്നത് തുടരുക എന്നതും വളരെ വലിയൊരു നേട്ടമാണ്. ഈ അവസരത്തിൽ, കഴിഞ്ഞ കാലങ്ങളിലും ഇപ്പോഴും ഈ സ്ഥാപനവുമായി സഹകരിച്ച്  പ്രവർത്തിക്കുന്നവരുമായ  എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുകയും, നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ 100 വർഷത്തിനിടയിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ലൈസൻസ്-പെർമിറ്റ്-ക്വോട്ട രാജ്  എന്നിവയ്ക്ക്  നാം സാക്ഷ്യം വഹിച്ചു, ദേശസാൽക്കരണത്തിന്റെ പരാജയപ്പെട്ട പരീക്ഷണം നാം കണ്ടു, തുടർന്ന് 21-ാം നൂറ്റാണ്ടിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 'ദുർബലമായ അഞ്ച് രാജ്യങ്ങളിൽ' ഒന്നായി എണ്ണപ്പെടാൻ തുടങ്ങിയ ഒരു കാലവുമുണ്ടായി.

എന്നാൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യയിലെ ജനങ്ങളും, നിങ്ങളെല്ലാവരും കഠിനാധ്വാനം ചെയ്തു. നമ്മുടെ യുവാക്കളും, കർഷകരും, തൊഴിലാളി സഹോദരീസഹോദരന്മാരും, വ്യവസായ ലോകത്തുള്ള നിങ്ങളെല്ലാവരും ചേർന്ന് ഈ സാഹചര്യം മാറ്റിമറിച്ചു. ഇന്ന് ഇന്ത്യയ്ക്കാണ് ഏറ്റവും വേഗത്തിലുള്ള വളർച്ചാ നിരക്കുള്ളത്, അതോടൊപ്പം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറുന്നതിന്റെ വേഗതയും അഭൂതപൂർവ്വമാണ്.

സുഹൃത്തുക്കളേ,

ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് നമുക്കെല്ലാവർക്കും അഭിമാനം നൽകുന്ന ഒന്നാണ്. വെറും 12–13 വർഷത്തിനുള്ളിൽ 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തെ പരാജയപ്പെടുത്തിയെന്നാണ് ആ റിപ്പോർട്ട് പറയുന്നത്.

സുഹൃത്തുക്കളേ,

1970-കളിൽ 'ഗരീബി ഹഠാവോ' (ദാരിദ്ര്യം തുടച്ചുനീക്കുക) എന്ന മുദ്രാവാക്യം ഉയർന്നപ്പോൾ രാജ്യത്തെ ആകെ ജനസംഖ്യ തന്നെ ഏകദേശം 50 കോടിയായിരുന്നു. അന്ന് തന്നെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാമായിരുന്നു. എന്നാൽ അക്കാലത്ത് നയങ്ങളിൽ പോരായ്മകളുണ്ടായിരുന്നു എന്നതിനും, നിർഭാഗ്യവശാൽ ഉദ്ദേശ്യശുദ്ധിയിലും കുറവുകളുണ്ടായിരുന്നു എന്നതിനും ഫിക്കിയും സാക്ഷിയാണ്. ഞാൻ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

എന്നാൽ സുഹൃത്തുക്കളേ,

ശരിയായ നയങ്ങളോടെ പ്രവർത്തിക്കുകയും ശരിയായ ഉദ്ദേശ്യശുദ്ധിയോടെ ഗവൺമെന്റ് മുന്നോട്ട് പോവുകയും ചെയ്തപ്പോൾ വെറും 12–13 വർഷത്തിനുള്ളിൽ 50 കോടി പാവപ്പെട്ടവർ ദാരിദ്ര്യത്തിൽ നിന്ന് കരകയറി എന്നതിനും ഫിക്കി സാക്ഷിയാണ്. ഇന്ന് ഇന്ത്യ മുന്നേറുന്ന നിലവാരവും, ഇന്ന് ഇന്ത്യ പുരോഗമിക്കുന്ന പാതയും ശരിയാണെന്നും, കൃത്യമാണെന്നും, രാജ്യത്തിന്റെ വിജയം ഉറപ്പുനൽകുന്നതാണെന്നുമാണ് ഇത് കാണിക്കുന്നത്.

സുഹൃത്തുക്കളേ,

ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഏകദേശം 7 ശതമാനം വളർച്ചാ നിരക്കിൽ ഇന്ത്യ മുന്നോട്ട് പോകുന്നത് തുടരുമെന്നാണ് പ്രമുഖ സ്ഥാപനങ്ങളുടെ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ മാസത്തിൽ മറ്റൊരു കണക്കുകൂടി എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ഒക്ടോബറിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഏകദേശം 50 ബില്യൺ ഡോളറിലെത്തി. ഇത് ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ ചരക്ക് കയറ്റുമതി കണക്കാണ്. ഞാൻ ഇവിടെ നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് വാഴ്ത്തിപ്പറയുകയാണ്, നിങ്ങളാകട്ടെ നിശ്ശബ്ദരായി ഇരിക്കുന്നു! മൂഡീസ് റേറ്റിംഗ്‌സ് (Moody’s Ratings), എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്‌സ് (S&P Global Ratings), ഫിച്ച് റേറ്റിംഗ്‌സ് (Fitch Ratings), ലോകബാങ്ക് (World Bank), ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (Asian Development Bank) തുടങ്ങി എല്ലാ ഏജൻസികളും നമ്മുടെ വളർച്ചാ അനുമാനങ്ങൾ ഉയർത്തി പുതുക്കി നിശ്ചയിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്.

സുഹൃത്തുക്കളേ,

നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമുക്ക് വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നൽകിയിട്ടുണ്ട്: “ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്” (Uddharet Atmana Atmanam Na Atmanam Avasadayet). അതായത്, നാം സ്വയം ഉയർത്തണം, നമ്മുടെ സ്വന്തം കഴിവുകൾ തിരിച്ചറിയണം, നമ്മുടെ പോരായ്മകളിൽ നിന്ന് പാഠം ഉൾക്കൊള്ളണം, ഒപ്പം കൂടുതൽ മെച്ചപ്പെടാൻ നിരന്തരം പരിശ്രമിക്കുകയും വേണം. അടുത്ത കുതിച്ചുചാട്ടം ആരംഭിക്കുന്നത് സത്യസന്ധമായ ആത്മപരിശോധനയിലൂടെയാണ്. മുന്നോട്ട് പോകുന്നതിന് നാം കാലാകാലങ്ങളിൽ ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് വ്യക്തികൾക്ക് മാത്രമല്ല, വ്യവസായ മേഖലയ്ക്കും രാജ്യത്തിനും ബാധകമാണ്. 100 വർഷത്തെ യാത്രയ്ക്കിടയിൽ, ഇന്ത്യൻ വ്യവസായ മേഖല വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിന് ഫിക്കി സാക്ഷ്യം വഹിച്ചിട്ടുണ്ട്. അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് എന്തൊക്കെ നേടാനാകുമെന്ന് തീരുമാനിക്കേണ്ട സമയമാണിത്. വികസിത ഭാരതം, ആത്മനിർഭർ ഭാരതം(സ്വയം പര്യാപ്ത ഭാരതം)എന്നിവയിലേക്കുള്ള യാത്രയിൽ നിങ്ങളുടെ സംഭാവന എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയും? നിങ്ങൾ ഇതിനകം നിലയുറപ്പിച്ച ബിസിനസ്സുകളിൽ തുടർന്നും പ്രവർത്തിക്കുന്നത് വളരെ എളുപ്പമായിരിക്കാം, അവ ഹ്രസ്വകാല നേട്ടങ്ങൾ നൽകിയേക്കാം. എന്നാൽ ദേശീയ തലത്തിലും ആഗോള തലത്തിലും ഭാവിയിൽ ഉയർന്നുവരുന്ന ആവശ്യങ്ങൾക്കായി വ്യവസായ മേഖലയും തയ്യാറെടുക്കേണ്ടതുണ്ട്. വിഭവങ്ങളെ ആയുധമാക്കുന്ന  ഈ കാലഘട്ടത്തിൽ, രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ നാമെല്ലാവരുടെയും ഉത്തരവാദിത്തമായി മാറുന്ന അത്തരം ശേഷികളിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്. അതിനാൽ, നിങ്ങളോടുള്ള എന്റെ അഭ്യർത്ഥന ഇതാണ്: അടുത്ത 20 വർഷത്തെ ഓരോ ദീർഘകാല നിക്ഷേപ തീരുമാനത്തിലും 'ഇന്ത്യ ഫസ്റ്റ്' (രാജ്യത്തിന് പ്രഥമ പരിഗണന) എന്നത് നിങ്ങളുടെ അടിത്തറയാക്കുക. ഇത് രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയും നിങ്ങളുടെ ബിസിനസ്സുകളുടെ വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുകയും ചെയ്യും.

സുഹൃത്തുക്കളേ,

നിങ്ങൾ ഇപ്പോൾ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. അത് നമ്മുടെ തല ഉയർത്തിപ്പിടിക്കാനാണോ അതോ താഴ്ത്താനാണോ ഇടയാക്കേണ്ടതെന്ന് ഇനി നിങ്ങൾ തീരുമാനിക്കണം. നിങ്ങൾ ഇപ്പോൾ കൈയടിക്കില്ലെന്ന് എനിക്കറിയാം. ഇതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. നൂറ് വർഷങ്ങൾ കടന്നുപോയി, എന്നാൽ 1930-ൽ ഗാന്ധിജി നിങ്ങളുടെ അടുക്കൽ വന്ന് ഇതേ കാര്യം തന്നെയാണ് പറഞ്ഞത്; ഇത്രയും വർഷങ്ങൾക്ക് ശേഷവും എനിക്ക് ഇതേ കാര്യം തന്നെ പറയേണ്ടി വരുന്നു. ഇത് നിങ്ങളുടെ വിജയമാണോ അതോ പരാജയമാണോ? നിങ്ങൾ എന്നെ കേൾക്കേണ്ടതില്ല, കുറഞ്ഞപക്ഷം ഗാന്ധിയെയെങ്കിലും കേൾക്കൂ. അദ്ദേഹവും സ്വദേശിയെക്കുറിച്ച് സംസാരിച്ചു. ഇന്ന് നാം ആത്മനിർഭർ ഭാരതം എന്ന് വിളിക്കുന്നതിനെക്കുറിച്ച് അദ്ദേഹവും സംസാരിച്ചു. എന്നിട്ടും നിങ്ങൾ 100 വർഷം പൂർത്തിയാക്കിയിട്ടും കാര്യങ്ങൾ പഴയപടി തന്നെ തുടരുകയാണ്. അതുകൊണ്ട് ഞാൻ പറയുന്നു, നിങ്ങൾ നിർമ്മിച്ച ഡോക്യുമെന്ററിയിൽ എന്റെ ഈ രണ്ട് വാചകങ്ങൾ കൂടി ചേർത്ത് അത് ഓരോ വീട്ടിലും എത്തിക്കുക.

സുഹൃത്തുക്കളേ,

ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ ഉദാഹരണം ഞാൻ നിങ്ങൾക്ക് നൽകാം. ഇവിടെ ഇരിക്കുന്ന എല്ലാവർക്കും ഇതറിയാം. ഇന്ത്യ ലോകത്തിന്റെ ഫാർമസി (Pharmacy of the World) എന്നാണ് അറിയപ്പെടുന്നത്. എന്നിട്ടും, ഇന്ത്യ ഓരോ വർഷവും കോടിക്കണക്കിന് ഡോളറിന്റെ എപിഐ-കളും (APIs), ബൾക്ക് ഡ്രഗ്‌സും (bulk drugs), ഡ്രഗ് ഇന്റർമീഡിയറ്റുകളും (drug intermediates) ഇറക്കുമതി ചെയ്യുന്നുണ്ട്. നാം ഇപ്പോഴും ഇറക്കുമതിയെ ആശ്രയിക്കുന്ന നൂറുകണക്കിന് വിഭാഗങ്ങൾ അവിടെയുണ്ട്. ഏതൊക്കെ ചേരുവകൾ ഇന്ത്യയ്ക്കുള്ളിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് നമ്മുടെ ഫാർമസ്യൂട്ടിക്കൽ വ്യവസായം മനസ്സിലാക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളുമായി മത്സരിക്കാൻ കഴിയുന്ന വിധത്തിൽ, ഏതൊക്കെ മേഖലകളിലാണ് നമുക്ക് പുതിയ സാങ്കേതികവിദ്യകളിലും വലിയ ഉൽപ്പാദന ശാലകളിലും നിക്ഷേപം നടത്താൻ കഴിയുക? പൂർത്തിയായ മരുന്നുകളിൽ നമുക്ക് ഇതിനകം തന്നെ കരുത്തുണ്ട്. ഇനി ചേരുവകളുടെ ഉൽപ്പാദനത്തിലും നാം ശേഷി ആർജ്ജിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

ഇരുമ്പ്, ഉരുക്ക് മേഖലകളിലും സമാനമായ വെല്ലുവിളികളുണ്ട്. ആയിരക്കണക്കിന് കോടി രൂപയുടെ ഇരുമ്പയിര് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്, എന്നിട്ടും നാം സംസ്കരിച്ച ഉരുക്ക്  ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. ഏതൊക്കെ തരത്തിലുള്ള ഉരുക്കാണ് നാം ഇറക്കുമതി ചെയ്യുന്നതെന്ന് നമ്മുടെ വ്യവസായ മേഖല ചിന്തിക്കേണ്ടതുണ്ട്; അതുവഴി അവ സ്വന്തമായി നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ നമുക്ക് വികസിപ്പിക്കാൻ കഴിയും. അലുമിനിയം മേഖലയിലും സമാനമായ അവസരങ്ങൾ നിലവിലുണ്ട്. ആയിരക്കണക്കിന് ടൺ കണക്കാക്കുന്ന ബോക്സൈറ്റിന്റെ വൻ ശേഖരം ഇന്ത്യയ്ക്കുണ്ട്. എന്നിട്ടും നാം പ്രത്യേകതരം അലുമിനിയം അലോയ്കളും (aluminium alloys) മറ്റ് ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നു. ഈ ഉൽപ്പന്നങ്ങൾ ആഭ്യന്തരമായി നിർമ്മിക്കുന്നതിനുള്ള ശേഷി നാം വികസിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്കുള്ളിൽ തന്നെ കൂടുതൽ മൂല്യവർദ്ധനവ്  നടക്കുന്നതിനായി ധാതുക്കളുടെ മൂല്യശൃംഖലയിലും  നമുക്ക് വൈദഗ്ധ്യം ആവശ്യമാണ്. പറയൂ, ഗോതമ്പ് കയറ്റുമതി ചെയ്യുകയും റൊട്ടി ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന രാജ്യം എങ്ങനെയുള്ളതാണ്? ആ ചോദ്യം നിങ്ങൾ സ്വയം ചോദിച്ചു നോക്കൂ.

സുഹൃത്തുക്കളേ,

ഞാൻ നിങ്ങൾക്ക് മറ്റൊരു കണക്കുകൂടി നൽകാം. ഇന്ത്യ ഇത്രയും വലിയൊരു രാജ്യമായിട്ടും, ആഗോള കാർഷിക കയറ്റുമതിയിൽ നമ്മുടെ വിഹിതം ഏകദേശം രണ്ട് മുതൽ രണ്ടര ശതമാനം വരെയാണ്. കാർഷിക മേഖലയിൽ നിക്ഷേപം നടത്താൻ നമ്മുടെ കോർപ്പറേറ്റ് ലോകം ഭയപ്പെടുകയും അതിൽ നിന്ന് വിട്ടുനിൽക്കാൻ പ്രവണത കാണിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

നാം ഈ സാഹചര്യം ഒരുമിച്ച് മാറ്റിയെടുക്കേണ്ടതുണ്ട്. മൂല്യവർദ്ധനവുമായി (value addition) ബന്ധപ്പെട്ടതും ഭക്ഷ്യസംസ്കരണ വ്യവസായവുമായി (food-processing industry) ചേർന്നുനിൽക്കുന്നതുമായ ഒരു വലിയ അവസരമായി ഇതിനെ കാണണം. കഴിഞ്ഞ 12 വർഷത്തിനിടയിൽ, കാർഷിക-ഭക്ഷ്യ കയറ്റുമതിയിൽ സംസ്കരിച്ച ഭക്ഷണത്തിന്റെ വിഹിതം 13 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിലധികമായി വർദ്ധിച്ചു. നാം എന്താണ് ഉൽപ്പാദിപ്പിക്കുന്നതെന്നും ലോകത്തിന് എന്താണ് ആവശ്യമുള്ളതെന്നും തിരിച്ചറിഞ്ഞ്, വ്യവസായ ലോകം ഇന്ന് ഒത്തുചേർന്ന് ഭാവിയിലേക്കുള്ള ഒരു തന്ത്രവും പൂർണ്ണമായൊരു പദ്ധതിയും രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെ കാർഷിക മേഖലയിൽ നിങ്ങളുടെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ ഞാൻ നമ്മുടെ വ്യവസായങ്ങളോട് അഭ്യർത്ഥിക്കുന്നു. പ്രത്യേക വിദേശ വിപണികൾ മനസ്സിൽ കണ്ടുകൊണ്ട് വിശ്വസനീയമായ സംഭരണ സംവിധാനങ്ങൾ  ഉണ്ടാക്കുകയും, അവിടെ ആവശ്യക്കാരുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യുക. ആഗോള വിപണികളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളെ ഇന്ത്യയുടെ വ്യക്തിത്വമായി മാറാൻ ഇത് സഹായിക്കും.

സുഹൃത്തുക്കളേ,

ഈ മേഖലകളിലെന്നപോലെ, ദൈനംദിന എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളിലും ഇന്ത്യയ്ക്ക് വലിയ അവസരങ്ങളുണ്ട്. ഹാൻഡ് ടൂൾസ് (hand tools), പവർ ടൂൾസ് (power tools) എന്നിവയുടെ ആഗോള കയറ്റുമതിയിൽ ഇന്ത്യയുടെ വിഹിതം ഇപ്പോഴും വളരെ ചെറുതാണ്. ആഗോള വിപണിയിൽ നമ്മുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി നമുക്ക് ഈ മേഖലയിൽ പ്രവർത്തിക്കാനാകും. ആവശ്യമായ ഗുണനിലവാരത്തിലും തോതിലുമുള്ള ഉൽപ്പാദന ശേഷി വികസിപ്പിക്കുന്നതിന് നമ്മുടെ വലിയ കമ്പനികൾക്ക് ചെറുകിട കമ്പനികളെ സഹായിക്കാൻ കഴിയും. നമ്മെ കാത്തിരിക്കുന്ന മറ്റൊരു മേഖലയാണ് യന്ത്രസാമഗ്രികളുടെ നിർമ്മാണം . അവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. വികസ്വര രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിലെ (Global South) രാജ്യങ്ങൾക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ നമുക്ക് ഒരുമിച്ച് നിർമ്മിക്കാൻ കഴിയും. പാക്കേജിംഗ് ഉപകരണങ്ങൾ, ജലസേചന സംവിധാനങ്ങൾ, ഫാക്ടറികളുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികൾ എന്നിവയുടെ വിപണികൾ നമ്മുടെ വ്യവസായ മേഖലയ്ക്ക് കണ്ടെത്താനാകും; ഒപ്പം ഈ മേഖലകളിൽ ഇനിയും എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് വിലയിരുത്താനും സാധിക്കും.

സുഹൃത്തുക്കളേ,

കർഷകരെയും, ചെറുകിട സംരംഭകരെയും, വ്യവസായങ്ങളെയും, സമ്പത്ത് സൃഷ്ടിക്കുന്നവരെയും, നികുതിദായകരെയും ബഹുമാനിക്കാതെ ഒരു രാജ്യവും പുരോഗമിക്കുകയില്ല. രാവും പകലും അവരെ അപമാനിച്ചുകൊണ്ട് ഒരു രാഷ്ട്രത്തിനും മുന്നേറാൻ കഴിയില്ല. നിങ്ങളിൽ ചിലർക്ക് ഇതറിയാമായിരിക്കും, ഒരുപക്ഷേ പങ്കജ് ഭായിക്ക് ഇതറിയാമായിരിക്കും. ഒരിക്കൽ ഗുജറാത്തിൽ ആദായനികുതി വകുപ്പിന്റെ ഒരു വലിയ സമ്മേളനം നടന്നു. ഞാൻ അന്ന് മുഖ്യമന്ത്രിയായിട്ട് അധികകാലമായിരുന്നില്ല, ഭരണകാര്യങ്ങളെക്കുറിച്ച് എനിക്ക് അത്ര വലിയ അറിവുമുണ്ടായിരുന്നില്ല. ഏകദേശം 25 വർഷം മുമ്പ്, 2001–02 കാലഘട്ടത്തിലായിരിക്കണം അത്. ആദായനികുതി വകുപ്പിലെ എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവിടെ സന്നിഹിതരായിരുന്നു. ഞാൻ അവരോട് പറഞ്ഞു, "നിങ്ങൾ എപ്പോഴാണ് എല്ലാവരെയും കള്ളന്മാരെപ്പോലെ കാണുന്നത് നിർത്തുക? ഇതെന്ത് സമീപനമാണ്?" അവരും രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ സേവിക്കേണ്ട ഉത്തരവാദിത്തം നമുക്ക് മാത്രമാണോ ഉള്ളത്? ഓരോ പൗരനും രാജ്യത്തെ സേവിക്കുന്നുണ്ട്. എല്ലാവരും ബഹുമാനം അർഹിക്കുന്നു. വ്യവസായ മേഖലയെക്കുറിച്ച് പറയുകയാണെങ്കിൽ, സമീപ വർഷങ്ങളിൽ ഗവൺമെന്റിന്റെ ശ്രദ്ധ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ' (വ്യവസായ സൗഹൃദ അന്തരീക്ഷം) ശക്തമായി കേന്ദ്രീകരിച്ചിരിക്കുകയാണ്. 2014-ൽ അടിസ്ഥാന കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനമായിരുന്നു. നാം അത് 22 ശതമാനമായി കുറച്ചു. ഇന്ന് ഇന്ത്യയിൽ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതിയില്ല. നിങ്ങൾ കൈയടിക്കില്ലെന്ന് എനിക്കറിയാം, കാരണം എത്രയൊക്കെ നൽകിയാലും നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ഒരിക്കലും തൃപ്തി വരില്ല. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ഞാൻ നികുതിയിൽ നിന്ന് ഒഴിവാക്കി. നിങ്ങൾ നിങ്ങളുടെ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചോ? നിങ്ങൾ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചോ? ഇല്ല. "മോദി ജി, നിങ്ങൾ ചെയ്യൂ, ഞങ്ങൾ നോക്കാം" എന്ന മനോഭാവം തന്നെയാണ് ഇപ്പോഴും തുടരുന്നത്.

എന്നാൽ സുഹൃത്തുക്കളേ,

ഇത്രയും വലിയൊരു ആദായനികുതി ഇളവ് നൽകാൻ ധൈര്യം തന്നെ വേണ്ടിയിരുന്നു. ഇത് ജനങ്ങളുടെ വാങ്ങൽ ശേഷി വളരെയധികം വർദ്ധിപ്പിച്ചു. നികുതിദായകരുടെ പണം അനാവശ്യമായി സംവിധാനത്തിൽ കുടുങ്ങിക്കിടക്കാതിരിക്കാൻ റിട്ടേണുകളുടെയും റീഫണ്ടുകളുടെയും സംവിധാനങ്ങൾ നാം ലളിതമാക്കി. മുമ്പ് റീഫണ്ടുകൾ ലഭിക്കാൻ എട്ട് മാസം എടുക്കുമായിരുന്നു. ഇന്ന് ഒരാഴ്ചയ്ക്കുള്ളിൽ റീഫണ്ടുകൾ ലഭിക്കുന്നു. ലഭിക്കുന്നുണ്ടോ ഇല്ലയോ? എങ്കിൽ കുറഞ്ഞപക്ഷം കൈയടിക്കൂ! കാരണം, ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾക്ക് പ്രയോജനകരമാണോ അതോ വെറുതെയാണ് ചെയ്യുന്നതോ എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. ജിഎസ്ടി (GST) പരിഷ്കാരങ്ങൾ കാരണം പല ഉൽപ്പന്നങ്ങളുടെയും നികുതി കുറഞ്ഞു. ഇത് ആവശ്യകത വർദ്ധിപ്പിക്കുകയും നമ്മുടെ വ്യവസായങ്ങൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും നേരിട്ട് പ്രയോജനം ചെയ്യുകയും ചെയ്തു.

സുഹൃത്തുക്കളേ,

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളുമായും ഇന്ത്യ വ്യാപാര കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഫിക്കിയിലെ ആളുകൾ എന്നെങ്കിലും ഇതേക്കുറിച്ച് ഇരുന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ (free trade agreements) ഒപ്പുവെക്കുമ്പോൾ, അതിനർത്ഥം നിങ്ങൾക്ക് മുന്നിൽ വാതിലുകൾ തുറക്കപ്പെട്ടിരിക്കുന്നു എന്നാണ്. ആ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങൾ എന്തെങ്കിലും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ, അതോ അതും ഞാൻ ഇവിടെ വന്ന് വിശദീകരിക്കേണ്ടി വരുമോ?

സുഹൃത്തുക്കളേ, ഞാൻ സത്യസന്ധമായി പറയുന്നു.

ഇതിലും വലിയൊരു ചരിത്രപരമായ അവസരം ഉണ്ടാകാനില്ല. എന്റെ ഈ ശ്രമങ്ങളിലൂടെ നിങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ലെങ്കിൽ, പിന്നെ ആർക്കാണ് ലഭിക്കുക? ദയവായി അതൊന്ന് പറയൂ. ഞാൻ ഇത് ചെയ്യുന്നത് നിങ്ങൾക്ക് വേണ്ടിയാണ്, നിങ്ങളിലൂടെ രാജ്യത്തിന് വേണ്ടിയുമാണ്. നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു മാധ്യമമാണ്. നിങ്ങളുടെ കരുത്ത് തിരിച്ചറിയൂ. നമുക്ക് 140 കോടി ജനങ്ങളുടെ ആഭ്യന്തര വിപണിയുണ്ട്, ചിലപ്പോൾ ഇത് തന്നെയാണ് നിങ്ങളുടെ പ്രശ്നമായി മാറിയിരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. കാരണം, നിങ്ങൾ എന്ത് നിർമ്മിച്ചാലും ആരെങ്കിലും അത് വാങ്ങുമെന്ന് നിങ്ങൾക്കറിയാം. വലിയൊരു നഗരത്തിലെ ഒരാൾ വാങ്ങിയില്ലെങ്കിൽ, ചെറിയൊരു നഗരത്തിലെ ആരെങ്കിലും വാങ്ങും. അവിടെയല്ലെങ്കിൽ, വലിയൊരു ഗ്രാമത്തിലെ ആരെങ്കിലും വാങ്ങും. അവിടെയല്ലെങ്കിൽ, ചെറിയൊരു ഗ്രാമത്തിലെ ആരെങ്കിലും വാങ്ങും. "എന്റെ ഉൽപ്പന്നം എങ്ങനെയായാലും വിറ്റുപോകും." ഈ മനോഭാവം തുടരാൻ കഴിയില്ല. കാലം മാറിയിരിക്കുന്നു. നിങ്ങൾ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. 140 കോടി ഇന്ത്യക്കാരെ കേവലം ഉറപ്പായ ഒരു വിപണിയായി മാത്രം കാണരുത്. ഇവിടെ നിങ്ങൾ , എന്നോട് ക്ഷമിക്കൂ, എനിക്ക് ലജ്ജ തോന്നുന്നു. ഇന്ന് ഞാൻ നിങ്ങളോട് തുറന്നു സംസാരിക്കുകയാണ്. രണ്ട് തരത്തിലുള്ള ആളുകളുണ്ട്. ഈ രണ്ട് വിഭാഗങ്ങളും ഇവിടെയുണ്ടോ എന്ന് എനിക്കറിയില്ല. ഒരു വിഭാഗം ബിൽഡർമാരും പ്രോപ്പർട്ടി ഡെവലപ്പർമാരുമാണ്. അവർ വലിയൊരു ടവർ നിർമ്മിക്കുകയും എന്നിട്ട് ഒന്നോ രണ്ടോ യൂണിറ്റുകൾ മാറ്റിനിർത്തുകയും ചെയ്യുന്നു. അവർ വാങ്ങുന്നവരോട് പറയും, "ഇത് എനിക്ക് വേണ്ടിയുള്ളതാണ്" അല്ലെങ്കിൽ "ഇത് എന്റെ മകന് വേണ്ടിയുള്ളതാണ്", പക്ഷേ നിങ്ങൾക്ക് ശരിക്കും വേണമെന്നുണ്ടെങ്കിൽ ഒരുപക്ഷേ ഞങ്ങൾ വിറ്റേക്കാം. അതായിരിക്കും ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള യൂണിറ്റ് എന്ന് ഉപഭോക്താവ് ഉടനെ കരുതും. പിന്നെയുള്ളത് മറ്റൊരു വിഭാഗമാണ്, ഇവിടെ കൂടുതലായുള്ളത് അതാണെന്നാണ് എന്റെ സംശയം. അവർ ഉപഭോക്താക്കളോട് പറയും, "ഇത് എക്സ്പോർട്ട് ക്വാളിറ്റിയാണ് (കയറ്റുമതി നിലവാരമുള്ളതാണ്)!" ഈ രാജ്യത്തെ ജനങ്ങളെക്കുറിച്ച് നിങ്ങൾ എന്താണ് കരുതിയിരിക്കുന്നത്? ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് അവർക്ക് അർഹതയില്ലേ? ഇന്നും നിങ്ങൾക്ക് അവരോട് "ഇത് എക്സ്പോർട്ട് ക്വാളിറ്റിയാണ്" എന്ന് പറയേണ്ട ആവശ്യം വരുന്നു. "വിദേശികൾക്ക് വേണ്ടിയുള്ളതാണെങ്കിൽ അത് നല്ലതായിരിക്കണം" എന്ന് ഉപഭോക്താവ് ചിന്തിക്കുകയും ചെയ്യുന്നു. ഈ മനോഭാവം മാറണം. എന്റെ നാട്ടുകാർ ഗുണനിലവാരം അർഹിക്കുന്നു. ഗോപാൽ, ഇതിന് ശേഷം ഇക്കാര്യം എല്ലാവർക്കും കൃത്യമായി വിശദീകരിച്ചുകൊടുക്കൂ. എന്നാൽ ഇപ്പോൾ ആവശ്യമുള്ളത് മറ്റ് രാജ്യങ്ങളിൽ ഉയർന്നുവരുന്ന അവസരങ്ങളും പൂർണ്ണമായി പ്രയോജനപ്പെടുത്തുക എന്നതാണ്. 'റിഫോം എക്സ്പ്രസ്സിൽ' (പരിഷ്കരണ എക്സ്പ്രസ്സ്) രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ, നിങ്ങളോടൊപ്പം ചുവടുവെക്കാൻ ഗവൺമെന്റും തയ്യാറാണ്.

സുഹൃത്തുക്കളേ,

ഇന്ന് എനിക്ക് തുറന്നു സംസാരിക്കണം. കേവലം ഔപചാരികതയ്ക്ക് വേണ്ടി മാത്രമല്ല ഞാൻ ഇവിടെ വന്നത്. പൂർണ്ണഹൃദയത്തോടെ നിങ്ങളെ കാണാനാണ് ഞാൻ വന്നത്. നിങ്ങളെ ബഹുമാനിക്കുന്നതുകൊണ്ടാണ് ഞാൻ വന്നത്. എന്നാൽ മുൻ ഗവൺമെന്റുകളുമായുള്ള നിങ്ങളുടെ അനുഭവങ്ങൾ അത്ര കയ്പ്പേറിയതായതുകൊണ്ട് അതിന്റെ വില ഞാൻ നൽകേണ്ടിവരുന്നു. ഇത് ആ പഴയ ഗവൺമെന്റല്ല. ഇതൊരു സൗഹൃദ ഗവൺമെന്റാണ്. സൗഹൃദങ്ങൾ എങ്ങനെ നിലനിർത്തണമെന്ന് ഈ ഗവൺമെന്റിന് അറിയാം. നിങ്ങൾ എന്റെ യഥാർത്ഥ സുഹൃത്തുക്കളായതുകൊണ്ട്,നിങ്ങൾ  ഒരു കാര്യം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ അത് ചെയ്യുമോ? ചെയ്യുമോ? യാതൊരു മടിയും സങ്കോചവുമില്ലാതെ, ഇനിയും ഏതൊക്കെ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് തുറന്ന് എനിക്ക് എഴുതി അറിയിക്കുക. തുറന്ന മനസ്സോടെ നിർദ്ദേശങ്ങൾ അയക്കാൻ ഞാൻ നിങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. നൂറ് നിർദ്ദേശങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ എനിക്ക് നടപടിയെടുക്കാൻ കഴിയുന്നുള്ളൂ എങ്കിൽ, അത് എന്റെ പോരായ്മയായിരിക്കും. എന്നാൽ നിങ്ങൾ പിന്നോട്ട് പോകരുത്. ഗവൺമെന്റിന്റെ വാതിലുകളും, ഗവൺമെന്റിന്റെ മനസ്സും പൂർണ്ണമായും തുറന്നിരിക്കുകയാണ്. ഞാൻ ആവർത്തിക്കുന്നു, നമ്മുടെ ആഭ്യന്തര വിപണി നമ്മുടെ സുഖമേഖലയായി മാറരുത്. 140 കോടി ഉപഭോക്താക്കൾ ഉള്ളതുകൊണ്ട് നമ്മുടെ ഉൽപ്പന്നങ്ങൾ എങ്ങനെയായാലും വിറ്റുപോകും എന്ന മാനസികാവസ്ഥയിൽ നിന്ന് നാം പുറത്തുകടക്കണം. പകരം, ആഗോള വിപണികളിൽ മത്സരിക്കാനുള്ള ആത്മവിശ്വാസം ഈ വിപണിയിൽ നിന്ന് നാം ആർജ്ജിക്കണം. അത്തരമൊരു മനോഭാവം നാം വളർത്തിയെടുക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി നിക്ഷേപം നടത്തുക. സംഘങ്ങളെ അയക്കുക. മാപ്പിംഗ് പഠനങ്ങൾ (mapping studies) നടത്തുക. ആർക്ക് എന്താണ് വേണ്ടതെന്നും അത് എങ്ങനെ എത്തിക്കാനാകുമെന്നും മനസ്സിലാക്കുക. ഉപയോക്തൃ സൗഹൃദ ഉൽപ്പന്നങ്ങൾ  വികസിപ്പിക്കുക. പ്രാദേശിക ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള നിറങ്ങളിലും ഡിസൈനുകളിലും ഉൽപ്പന്നങ്ങൾ നിർമ്മിക്കുക. അല്ലാത്തപക്ഷം, ലോകമെമ്പാടുമുള്ള വിപണികൾ എങ്ങനെയാണ് പിടിച്ചടക്കപ്പെടുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ന് നാം ആരാധിക്കുന്ന ഗണേശ വിഗ്രഹങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചതാണോ അതോ മറ്റെവിടെയെങ്കിലും നിർമ്മിച്ചതാണോ എന്ന് പോലും നമുക്ക് ഉറപ്പില്ലാത്ത അവസ്ഥയാണ്.

സുഹൃത്തുക്കളേ,

ആഗോള നിലവാരം പുലർത്തുന്നതിലും ആഗോള ആവശ്യങ്ങൾ നിറവേറ്റുന്ന വിതരണ ശൃംഖലകൾ നിർമ്മിക്കുന്നതിലും നാം നിക്ഷേപം നടത്തേണ്ടത് അത്യാവശ്യമാണ്. ആഗോള വിപണികളിലെ ഉപഭോക്താക്കളുടെ വിശ്വാസം നേടുകയും അവരെ ഇന്ത്യയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരിക്കണം നമ്മുടെ ഉൽപ്പന്നങ്ങൾ. ഈ അഭ്യർത്ഥനയോടെ, സുഹൃത്തുക്കളേ, ഇന്ന് ഞാൻ വളരെ തുറന്നു സംസാരിച്ചു. എന്റെ ചിന്തകൾ നിങ്ങളോടൊപ്പമെല്ലാം ഞാൻ തുറന്നു പങ്കുവെച്ചു. നിങ്ങളുടെ 100 വർഷത്തെ യാത്ര നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ നൽകിയിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ മറ്റൊരു 100 വർഷത്തിനായി കാത്തിരിക്കരുത്. അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്തിന് എന്ത് നൽകാൻ കഴിയുമെന്ന് ചിന്തിക്കുക. 1927-ൽ പിറവിയെടുത്ത ഒരു സംഘടനയ്ക്ക് 20 വർഷത്തിനുള്ളിൽ രാജ്യം സ്വാതന്ത്ര്യം നേടുന്നത് കാണാൻ കഴിഞ്ഞെങ്കിൽ, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം പൂർത്തിയാക്കുമ്പോഴേക്കും, അടുത്ത 20 വർഷത്തിനുള്ളിൽ നാം തീർച്ചയായും ഒരു വികസിത ഭാരതം കെട്ടിപ്പടുക്കണം. ആ ദൃഢനിശ്ചയത്തോടെ നാം മുന്നോട്ട് പോകണം.

എന്റെ പ്രിയ സുഹൃത്തുക്കളേ,

സ്വാതന്ത്ര്യം എന്നത് കേവലം ഒരു മുദ്രാവാക്യമായിരുന്നില്ല. സ്വാതന്ത്ര്യം എന്നത് ഒരു പ്രതിജ്ഞാബദ്ധതയായിരുന്നു. അതുപോലെ തന്നെ, വികസിത ഭാരതം എന്നത് ഒരു മുദ്രാവാക്യമല്ല; അതൊരു പ്രതിജ്ഞാബദ്ധതയാണ്. 140 കോടി ഇന്ത്യക്കാരും ഈ പ്രതിജ്ഞാബദ്ധതയോടെ ജീവിക്കണം. നാം അങ്ങനെ ജീവിക്കുകയാണെങ്കിൽ, നാം വിജയം കൈവരിക്കുക തന്നെ ചെയ്യും. ഈ ആവേശത്തോടെ, നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

വളരെയധികം നന്ദി.


നിരാകരണം: പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.

***

SK


( റിലീസ് ഐ.ഡി: 2340345) സന്ദര്‍ശക കൗണ്ടര്‍ : 6