സഹകരണ മന്ത്രാലയം
azadi ka amrit mahotsav

'അരുണാചൽ പ്രദേശ് സഹകരണ വിഷൻ 2047' കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രകാശനം ചെയ്തു; ഇറ്റാനഗറിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം

പോസ്റ്റഡ് ഓണ്‍: 22 NOV 2026 6:06PM by PIB Thiruvananthpuram

രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും സ്വയംപര്യാപ്തതയുടെയും പൊതുജനക്ഷേമത്തിൻ്റെയും കരുത്തുറ്റ ഉപകരണമാക്കി മാറ്റുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായി അരുണാചൽ പ്രദേശിൻ്റെ തലസ്ഥാനമായ ഇറ്റാനഗറിൽ സഹകരണ മഹോത്സവം സംഘടിപ്പിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന കാഴ്ചപ്പാടിൻ്റെയും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിൻ്റെയും അടിസ്ഥാനത്തിലായിരുന്നു പരിപാടി. ഇറ്റാനഗറിലെ ദോർജി ഖണ്ഡു സ്റ്റേറ്റ് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശ്രീ അമിത് ഷാ 'അരുണാചൽ പ്രദേശ് സഹകരണ വിഷൻ 2047' വികസന രേഖ പ്രകാശനം ചെയ്യുകയും സംസ്ഥാനത്തിനായുള്ള വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സഹകരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും വനിതാ സ്വയംസഹായ സംഘങ്ങളെ വിപണിയുമായി ബന്ധിപ്പിക്കുന്നതിനും സംസ്ഥാനത്തിൻ്റെ സമഗ്ര വികസനം വേഗത്തിലാക്കുന്നതിനുമുള്ള നിരവധി സുപ്രധാന സംരംഭങ്ങൾക്ക് ചടങ്ങിൽ തുടക്കമായി.

 

രാജ്യത്ത് സൂര്യദേവൻ ആദ്യം എത്തുന്ന അനുഗ്രഹീത ഭൂമിയാണ് അരുണാചൽ പ്രദേശ് എന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യുവേ, കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ വ്യക്തമാക്കി. പുരാതനമായ സൂര്യാരാധന പാരമ്പര്യത്തിനും പരശുരാമനുമായി ബന്ധപ്പെട്ട മതപരവും ഐതിഹ്യപരവുമായ പ്രാധാന്യത്തിനുമാണ് അരുണാചൽ പ്രദേശ് രാജ്യത്തുടനീളം അറിയപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തും അരുണാചൽ പ്രദേശും തമ്മിലുള്ള ബന്ധത്തിന് ഏകദേശം 6,000 വർഷത്തെ പഴക്കമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അരുണാചൽ പ്രദേശുമായി ബന്ധമുള്ളതായി വിശ്വസിക്കപ്പെടുന്ന രുഗ്മിണി ദേവിയെ ഭഗവാൻ ശ്രീകൃഷ്ണൻ വിവാഹം കഴിക്കുകയും പിന്നീട് ദ്വാരകയിൽ താമസമാക്കുകയും ചെയ്ത ചരിത്രം അദ്ദേഹം അനുസ്മരിച്ചു. അരുണാചൽ പ്രദേശിൻ്റെ അതുല്യമായ പ്രകൃതിസമ്പത്തിനെയും സൗന്ദര്യത്തെയും പ്രശംസിച്ച ഗുജറാത്തുകാരനായ  ശ്രീ അമിത് ഷാ, താൻ സംസ്ഥാനം സന്ദർശിക്കുമ്പോഴെല്ലാം ഇവിടുത്തെ പ്രകൃതിയുടെ സാമീപ്യം ഡൽഹി രാഷ്ട്രീയത്തിലെ എല്ലാ ക്ഷീണവും സമ്മർദ്ദവും അകറ്റാറുണ്ടെന്നും കൂട്ടിച്ചേർത്തു.

 

കഴിഞ്ഞ 12 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും അഭൂതപൂർവമായ മുൻഗണനയാണ് നൽകിയിട്ടുള്ളതെന്ന് അമിത് ഷാ പറഞ്ഞു. ഇന്ന് വടക്കുകിഴക്കൻ മേഖലയിൽ റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങളുമായി ബന്ധിപ്പിക്കാത്ത ഒരു സംസ്ഥാന തലസ്ഥാനം പോലുമില്ല. റോഡ്, റെയിൽ, വ്യോമ ഗതാഗത മാർഗ്ഗങ്ങളിലൂടെയും ഇപ്പോൾ ജലപാതകളിലൂടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ ചരിത്രപരമായ ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏകദേശം എട്ട് പതിറ്റാണ്ടുകൾക്കിടയിൽ വടക്കുകിഴക്കൻ മേഖലയ്ക്ക് ഏറ്റവും വലിയ ഗതാഗത-അടിസ്ഥാന സൗകര്യ വികസനം ലഭിച്ചത് ഇപ്പോഴത്തെ കേന്ദ്ര ഗവണ്മെൻ്റിൻ്റെ ഭരണകാലത്താണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഡൽഹിയും വടക്കുകിഴക്കൻ മേഖലയും തമ്മിലുള്ള ഭൗതികമായ ദൂരം കുറയ്ക്കുക മാത്രമല്ല, ഇരുപ്രദേശങ്ങളും തമ്മിലുള്ള വൈകാരികമായ അകലം ഇല്ലാതാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചു. വടക്കുകിഴക്കൻ മേഖലയിലെ യുവാക്കൾക്കായി വിദ്യാഭ്യാസ അവസരങ്ങൾ, നൈപുണ്യ വികസനം, തൊഴിൽ സാധ്യതകൾ എന്നിവ പ്രധാനമന്ത്രി നേരിട്ട് പ്രോത്സാഹിപ്പിക്കുകയും മേഖലയുടെ വിനോദസഞ്ചാര സാധ്യതകൾ രാജ്യത്തുടനീളം ഉയർത്തിക്കാട്ടുകയും ചെയ്തു. വടക്കുകിഴക്കൻ മേഖലയുടെ പ്രകൃതിസൗന്ദര്യത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത രീതിയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ വിപുലീകരിച്ചുകൊണ്ട് വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും പ്രധാനമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

 

ഈ ശ്രമങ്ങളുടെ ഗുണപരമായ ഫലങ്ങൾ അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ മേഖലയിലുടനീളം ദൃശ്യമാണെന്ന് ശ്രീ ഷാ പറഞ്ഞു. ഇപ്പോഴത്തെ ഗവണ്മെൻ്റ് കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിന് മുമ്പ് അരുണാചൽ പ്രദേശിൻ്റെ ബജറ്റ് ഏകദേശം 12,000 കോടി രൂപയായിരുന്നുവെങ്കിൽ, ഇപ്പോൾ അത് 36,000 കോടി രൂപയായി വർദ്ധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 12 വർഷത്തിനിടെ സംസ്ഥാനം കൈവരിച്ച വികസനത്തിൻ്റെ സുപ്രധാന ഉദാഹരണമാണിത്.

അരുണാചൽ പ്രദേശിലെ തൻ്റെ ദ്വിദിന സന്ദർശന വേളയിൽ, അരുണാചൽ പ്രദേശ് പോലീസിന് രാഷ്ട്രപതിയുടെ 'പ്രസിഡൻ്റ്സ് കളർ' ബഹുമതി ലഭിച്ച വിവരം അറിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പോലീസ് സേനയ്ക്ക് ഈ ബഹുമതി ലഭിക്കുന്ന രാജ്യത്തെ 17-ാമത്തെ സംസ്ഥാനമായി അരുണാചൽ പ്രദേശ് മാറി. ഈ നേട്ടം സംസ്ഥാനത്തിനാകെ അഭിമാനവും ആദരവും നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വടക്കുകിഴക്കൻ മേഖലയിലെ അതിർത്തി ഗ്രാമങ്ങളെ രാജ്യത്തിൻ്റെ 'അവസാന ഗ്രാമങ്ങളായി' കാണുന്നതിന് പകരം 'ആദ്യ ഗ്രാമങ്ങളായി' വികസിപ്പിക്കാനാണ് കേന്ദ്ര ഗവണ്മെൻ്റ് തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് 'വൈബ്രൻ്റ് വില്ലേജസ് പ്രോഗ്രാം' ആരംഭിച്ചത്. ഇതിൻ്റെ ഗുണഫലങ്ങൾ അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ ഇപ്പോൾ ദൃശ്യമായിത്തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ആളുകൾ കൂട്ടത്തോടെ കുടിയേറിപ്പോയിരുന്ന ഇത്തരം 40 അതിർത്തി ഗ്രാമങ്ങളിലേക്ക് ഇപ്പോൾ താമസക്കാർ തിരികെ എത്താൻ തുടങ്ങിയിട്ടുണ്ടെന്നും അവിടങ്ങളിലെ ജനസംഖ്യ വർദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ ഗ്രാമങ്ങളിൽ വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ പ്രാദേശിക സമ്പദ്‌ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.ടി.ബി.പിയും കരസേനയും തങ്ങൾക്ക് ആവശ്യമായ അവശ്യസാധനങ്ങൾ പ്രാദേശിക ഗ്രാമങ്ങളിൽ നിന്നും അവിടുത്തെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും നേരിട്ട് സംഭരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. ഇതിൻ്റെ ഫലമായി പ്രാദേശിക വനിതകൾ സഹകരണ സംഘങ്ങൾ വഴി പാലുൽപ്പന്നങ്ങൾ, മുട്ട, പച്ചക്കറികൾ, ചെറുധാന്യങ്ങൾ, മാവ് തുടങ്ങിയവ സൈന്യത്തിന് വിതരണം ചെയ്യുന്നു. ഇത് പ്രാദേശിക കാർഷിക-ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം അതിർത്തി ഗ്രാമങ്ങളിലെ താമസക്കാരും സുരക്ഷാ സേനയും തമ്മിലുള്ള വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാക്കാനും സഹായിച്ചതായി അമിത് ഷാ പറഞ്ഞു.

 

സഹകരണ പ്രസ്ഥാനത്തിലൂടെ തങ്ങളുടെ ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയെ സ്വയംപര്യാപ്തമാക്കാൻ അരുണാചൽ പ്രദേശിന് അപാരമായ സാധ്യതകളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. പാൽ, മുട്ട, മാംസം, മത്സ്യം എന്നിവയുടെ ഉൽപ്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണമെന്നും, ഈ ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ നാല് മേഖലകളിൽ അരുണാചൽ പ്രദേശ് സ്വയംപര്യാപ്തത കൈവരിച്ചാൽ, കുറഞ്ഞത് 32,000 കുടുംബങ്ങൾക്ക് സാമ്പത്തികമായി സ്വയംപര്യാപ്തരാകാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സഹകരണ സംഘങ്ങൾ, മത്സ്യബന്ധന സഹകരണ സംഘങ്ങൾ, ക്ഷീര ഉൽപ്പാദക സഹകരണ സംഘങ്ങൾ എന്നിവയിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകും. ഇതിനായി സംസ്ഥാന ഗവണ്മെൻ്റ്  കൃത്യമായ ആസൂത്രണത്തോടെയുള്ള ഒരു പദ്ധതി തയ്യാറാക്കണമെന്നും എല്ലാ സഹകരണ സ്ഥാപനങ്ങളും വനിതാ സ്വയംസഹായ സംഘങ്ങളും ഈ വെല്ലുവിളി ഏറ്റെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ ശ്രമങ്ങൾക്ക് മൂലധനം ആവശ്യമായി വരുന്നിടത്തെല്ലാം ദേശീയ സഹകരണ വികസന കോർപ്പറേഷനും നബാർഡും പൂർണ്ണ പിന്തുണ നൽകുമെന്നും അമിത് ഷാ ഉറപ്പുനൽകി.

 

അരുണാചൽ പ്രദേശിൽ 185 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, 52 ക്ഷീര സഹകരണ സംഘങ്ങൾ, 43 മത്സ്യബന്ധന സഹകരണ സംഘങ്ങൾ എന്നിവയിലൂടെ 56,000-ത്തിലധികം ആളുകൾ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ ജലസ്രോതസ്സുകളും വലിയ ജലവൈദ്യുത അണക്കെട്ടുകളും പരാമർശിച്ച അദ്ദേഹം, മത്സ്യബന്ധന സഹകരണ സംഘങ്ങളുടെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വലിയ ജലാശയങ്ങളും അനുകൂലമായ പ്രകൃതി സാഹചര്യങ്ങളും സഹകരണാടിസ്ഥാനത്തിലുള്ള മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കാമെന്നും, ഇതിലൂടെ നിരവധി ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതുപോലെ, കന്നുകാലി വളർത്തലിന് അനുയോജ്യമായ താപനിലയും കാലാവസ്ഥയുമുള്ള ഗ്രാമങ്ങളിൽ ക്ഷീരവികസന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് സമഗ്രമായ ഒരു രൂപരേഖ  തയ്യാറാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അരുണാചൽ പ്രദേശിൽ ഉൽപ്പാദിപ്പിക്കുന്ന പാൽ അമുലും നാഷണൽ ക്ഷീര വികസന ബോർഡും സംഭരിക്കുമെന്ന് ഉറപ്പാക്കുമെന്നും, സംസ്ഥാനത്തിനകത്ത് തന്നെ പാൽ സംസ്കരണ സൗകര്യങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മികച്ച ഇനം കന്നുകാലികളുടെ ലഭ്യത, സഹകരണ സ്ഥാപനങ്ങളുടെ രൂപീകരണം, മൃഗസംരക്ഷണ മേഖലയുടെ വിപുലീകരണം എന്നിവ ഈ ദിശയിലുള്ള സുപ്രധാന ചുവടുവെപ്പുകളായിരിക്കും.

ക്ഷീരവികസനത്തിനായി ജില്ലാതല രൂപരേഖ തയ്യാറാക്കുന്നതിന് എൻ.ഡി.ഡി.ബി, അമുൽ പ്രതിനിധികളെ ഉടൻ തന്നെ അരുണാചൽ പ്രദേശിലേക്ക് അയക്കുമെന്നും അമിത് ഷാ അറിയിച്ചു. ഇത് ഗ്രാമീണ വനിതകളെ സാമ്പത്തികമായി ശാക്തീകരിക്കാനും കുടുംബ വരുമാനം വർദ്ധിപ്പിക്കാനും അടുത്ത തലമുറയുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും കരുത്തേകാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ബജറ്റ്, സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനം, ജി.എസ്.ടി വരുമാനം തുടങ്ങിയ സാമ്പത്തിക സൂചികകൾ മാത്രം മുൻനിർത്തി അരുണാചൽ പ്രദേശിൻ്റെ സമഗ്ര വികസനം വിലയിരുത്താനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ സൂചിപ്പിച്ചു. സംസ്ഥാനത്തെ ഓരോ വ്യക്തിക്കും തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം എന്നിവ ഉറപ്പാക്കുക എന്നതാണ് വികസനത്തിൻ്റെ യഥാർത്ഥ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗവണ്മെൻ്റ് രേഖകളിലും സ്ഥിതിവിവരക്കണക്കുകളിലും മാത്രമല്ല, പൗരന്മാരുടെ ജീവിതത്തിലാണ് വികസനം പ്രകടമാകേണ്ടത്. ഓരോ വ്യക്തിയുടെയും മുഖത്തെ സന്തോഷവും ആരോഗ്യമുള്ള ശരീരവും വിദ്യാഭ്യാസമുള്ളതും പ്രാപ്തവുമായ മനസ്സും സ്വന്തം സംസ്കാരവും മൂല്യങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധതയുമാണ് വികസിത സമൂഹത്തിൻ്റെ ലക്ഷണങ്ങളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഓരോ കുടുംബത്തിനും സാമ്പത്തിക അഭിവൃദ്ധി ഉറപ്പാക്കുന്ന ഉപാധിയായി സഹകരണ സ്ഥാപനങ്ങൾ മാറണം. വികസിത ഇന്ത്യ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വികസിതമായ ഒരു അരുണാചൽ പ്രദേശ് കെട്ടിപ്പടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അമിത് ഷാ പറഞ്ഞു.

 

അരുണാചൽ പ്രദേശിൻ്റെ വികസനത്തിൽ കേന്ദ്ര ഗവണ്മെൻ്റിൻ്റെ സംഭാവനകൾ പരാമർശിച്ച അമിത് ഷാ, 2004-നും 2014-നും ഇടയിൽ സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് 33,530 കോടി രൂപയാണ് ലഭിച്ചതെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014-നും 2024-നും ഇടയിൽ 1,49,664 കോടി രൂപ നൽകിയതായി വ്യക്തമാക്കി. ഇത് മുൻകാല തുകയുടെ ഏകദേശം നാലിരട്ടിയാണ്. ഈ കാലയളവിൽ നികുതി വിഹിതം 18 മടങ്ങായും ഗ്രാൻ്റ്-ഇൻ-എയ്ഡ് ഒന്നര മടങ്ങായും വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനം എടുത്തുപറഞ്ഞ അദ്ദേഹം, 44,000 കോടി രൂപ ചെലവിൽ 1,500 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി ഹൈവേയ്ക്ക് അംഗീകാരം നൽകിയതായി അറിയിച്ചു. 32,000 കോടി രൂപ ചെലവിൽ 2,880 മെഗാവാട്ട് ശേഷിയുള്ള ദിബാങ് ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ചു. ദേശീയപാത-913-ൽ 6,600 കോടി രൂപ ചെലവിൽ ആകെ 266 കിലോമീറ്റർ ദൈർഘ്യമുള്ള എട്ട് പാക്കേജുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വെസ്റ്റ് കാമെങ്, തവാങ് ജില്ലകളെ ബന്ധിപ്പിക്കുന്ന ഏകദേശം 300 കിലോമീറ്റർ ദൈർഘ്യമുള്ള ബാലിപ്പാറ-ചാർദുവാർ-തവാങ് റോഡ്, നെച്ചിഫു തുരങ്കത്തിൻ്റെ നിർമ്മാണം, ദിബാങ് താഴ്‌വരയിലെ സിസിരി നദിക്ക് കുറുകെയുള്ള പാലം എന്നിവയും ഈ വികസന യാത്രയിലെ പ്രധാന ഘടകങ്ങളാണ്. ലികാബാലി, ഹോളോംഗി, തേസു എന്നിവിടങ്ങളിലെ മൂന്ന് വിമാനത്താവളങ്ങളും നിർമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെൻ്റിൻ്റെ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പ്രതിദിന വിമാന സർവീസ് വേണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയോട് പ്രതികരിച്ച അദ്ദേഹം, ഇക്കാര്യത്തിൽ എയർ ഇന്ത്യയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും പുതിയ വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് രണ്ടാമത്തെ ഇറ്റാനഗർ-ഡൽഹി വിമാന സർവീസ് ആരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും വ്യക്തമാക്കി.

 

വികസനത്തിൻ്റെ ഗുണഫലങ്ങൾ സംസ്ഥാനത്തെ ഓരോ പൗരനിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര ഗവണ്മെൻ്റ് നിരവധി പൊതുജനക്ഷേമ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 1.28 ലക്ഷത്തിലധികം കർഷകർക്ക് പി.എം-കിസാൻ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. 2.30 ലക്ഷം വീടുകളിൽ കുടിവെള്ള പൈപ്പ് കണക്ഷനുകൾ നൽകുകയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ 1.90 ലക്ഷം ആളുകൾക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

ഇതിനുപുറമെ, 1.68 ലക്ഷം വീടുകളിൽ ശൗചാലയങ്ങൾ നിർമ്മിക്കുകയും, 8.32 ലക്ഷം ആളുകൾക്ക് പ്രതിമാസം ഒരാൾക്ക് അഞ്ച് കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങൾ നൽകുകയും ചെയ്യുന്നു. 56,000 ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തതായും ഏകദേശം 48,000 കുടുംബങ്ങൾക്ക് വീടുകൾ ലഭ്യമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളും പൗരന്മാരുടെ ജീവിതനിലവാരവും മെച്ചപ്പെടുത്താൻ കേന്ദ്ര ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമാണെന്നും, വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും അരുണാചൽ പ്രദേശിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി നിരന്തരം പ്രവർത്തിച്ചുവരികയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

 

ചടങ്ങിൽ സംസാരിച്ച കേന്ദ്ര പാർലമെൻ്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു, അരുണാചൽ പ്രദേശിന് തങ്ങളുടെ ഗോത്രവർഗ്ഗ സ്വത്വം, സംസ്കാരം, പാരമ്പര്യം, ഭൂമിയിന്മേലുള്ള അവകാശങ്ങൾ എന്നിവ സംരക്ഷിക്കേണ്ട സുപ്രധാന ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞു. അതോടൊപ്പം, വരും തലമുറയ്ക്ക് മികച്ച റോഡുകൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, ആധുനിക സാങ്കേതികവിദ്യ, തൊഴിലവസരങ്ങൾ എന്നിവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മൂലധനവും സാങ്കേതിക വിഭവങ്ങളും പരിമിതമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രാദേശിക സമൂഹങ്ങളുടെ ഭരണഘടനാപരവും ഭൂമി സംബന്ധവുമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും പുതിയ വികസന അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടും വലിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സന്തുലിതമായ ഒരു ചട്ടക്കൂട് വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.

 

ഈ ദിശയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ് സഹകരണ പ്രസ്ഥാനമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കൃഷി, ഹോർട്ടികൾച്ചർ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ സഹകരണ സ്ഥാപനങ്ങൾക്ക് നിർണ്ണായക പങ്ക് വഹിക്കാനാകുമെന്ന് പറഞ്ഞു. 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിലും അരുണാചൽ പ്രദേശിലെ റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ദേശീയപാതകൾ, അതിർത്തി പ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങൾ എന്നിവയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് കിരൺ റിജിജു ചൂണ്ടിക്കാട്ടി.

'വൈബ്രൻ്റ് വില്ലേജസ് പ്രോഗ്രാമി'ൻ്റെ ഗുണപരമായ ഫലങ്ങൾ അതിർത്തി ഗ്രാമങ്ങളിലേക്ക് ആളുകൾ തിരിച്ചെത്താൻ പ്രോത്സാഹനമായിട്ടുണ്ട്. വികസിത ഇന്ത്യക്കൊപ്പം വികസിത അരുണാചൽ പ്രദേശ് എന്ന ലക്ഷ്യം 2047-ഓടെ കൈവരിക്കാനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രിയുടെ സന്ദർശനം സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിനും സമഗ്ര വികസനത്തിനും പുതിയ ദിശാബോധവും വേഗതയും നൽകുമെന്നും അദ്ദേഹം പ പറഞ്ഞു.

 

ചടങ്ങിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ 'അരുണാചൽ പ്രദേശ് സഹകരണ വിഷൻ 2047' പ്രകാശനം ചെയ്യുകയും മികച്ച പ്രകടനം കാഴ്ചവെച്ച നാല് സഹകരണ സംഘങ്ങളെ ആദരിക്കുകയും ചെയ്തു. നംസായ് ഡയറി കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് 'കോഓപ്പറേഷൻ എക്സലൻസ് അവാർഡ്' ലഭിച്ചു. ലോവർ സുബൻസിരി ഫിഷ് ഫാർമേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയെ മികച്ച മത്സ്യബന്ധന സഹകരണ സംഘമായും, കെംലി ലാംപ്സിനെ മികച്ച കൈത്തറി, ടെക്സ്റ്റൈൽ, നെയ്ത്ത് സഹകരണ സംഘമായും തിരഞ്ഞെടുത്തു. ജാങ് ലാംപ്സിന് മികച്ച പാക്സ്/ലാംപ്സ് പുരസ്കാരം സമ്മാനിച്ചു.

ലഗുൺ മൾട്ടിപർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് എൻ.സി.ഡി.സി വായ്പാ സർട്ടിഫിക്കറ്റ് കൈമാറി. ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് 25 പച്ചക്കറി വിത്ത് മിനി കിറ്റുകൾ വിതരണം ചെയ്തു. പോമ ജൂട്ട് ഡയറി ആൻഡ് ലൈവ്‌സ്റ്റോക്ക് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് നബാർഡ് മൈക്രോ-എ.ടി.എം നൽകി. വക്രോ ലാംപ്സിന് അരുണാചൽ പ്രദേശ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് അപെക്സ് ബാങ്ക് ലിമിറ്റഡ് വായ്പാ സർട്ടിഫിക്കറ്റ് സമ്മാനിച്ചു. വനിതാ സ്വയംസഹായ സംഘങ്ങളുടെ ക്ലസ്റ്റർ ലെവൽ ഫെഡറേഷൻ രൂപീകരിച്ച ഖംയർ ആനെ മൾട്ടിപർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.

 

അരുണാചൽ പ്രദേശിൻ്റെ അടിസ്ഥാന സൗകര്യ വികസനവും സഹകരണ-ഗ്രാമീണ മേഖലകളുടെ ശാക്തീകരണവും ലക്ഷ്യമിട്ടുള്ള 5,610.95 കോടി രൂപയുടെ നാല് പ്രധാന വികസന പദ്ധതികൾക്ക് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ തുടക്കം കുറിച്ചു. ചടങ്ങിൽ 'മിഷൻ ശിക്ഷിത് അരുണാചൽ – ഘട്ടം 2' (1,500 കോടി രൂപ), 'മുഖ്യമന്ത്രിയുടെ സമഗ്ര സംസ്ഥാന ഊർജ വികസന പദ്ധതി' (2,000 കോടി രൂപ), 'മുഖ്യമന്ത്രിയുടെ സമഗ്ര സംസ്ഥാന ഗ്രാമീണ റോഡ് വികസന പദ്ധതി' (2,000 കോടി രൂപ) എന്നിവയ്ക്ക് മന്ത്രി തുടക്കം കുറിച്ചു. ഇതിനുപുറമെ, സംസ്ഥാനത്തെ 11 അതിർത്തി ജില്ലകളിലായി 'വൈബ്രൻ്റ് വില്ലേജസ് പ്രോഗ്രാമിന്'  കീഴിലുള്ള 110.95 കോടി രൂപയുടെ 199 പദ്ധതികളും 'മിഷൻ സുരക്ഷ'യും  ഉദ്ഘാടനം ചെയ്തു.

 

ഭക്ഷ്യധാന്യ സംഭരണ പദ്ധതിക്ക് കീഴിൽ രാഗ ലാംപ്‌സിൽ  നിർമിച്ച ഭക്ഷ്യധാന്യ സംഭരണശാലയുടെ വെർച്വൽ ഉദ്ഘാടനവും അരുണാചൽ സ്റ്റേറ്റ് റൂറൽ ലൈവ്‌ലിഹുഡ്സ് മിഷൻ്റെ ഉൽപ്പന്നങ്ങൾക്കായുള്ള ഇ-കൊമേഴ്‌സ് വെബ്‌പേജിൻ്റെ പ്രകാശനവും അമിത് ഷാ നിർവഹിച്ചു. സഹകരണ സ്ഥാപനങ്ങളുടെ സംഭരണ ശേഷി വർദ്ധിപ്പിക്കാനും ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാക്കാനും വനിതാ സ്വയംസഹായ സംഘങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതികൾ സഹായിക്കും.

 

ചടങ്ങിൻ്റെ തുടക്കത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ സഞ്ചരിക്കുന്ന മെഡിക്കൽ വാനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും 'സരസ് മേള' ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മേളയിലെ വിവിധ സ്റ്റാളുകൾ സന്ദർശിച്ച അദ്ദേഹം വനിതാ സ്വയംസഹായ സംഘങ്ങളിലെയും സഹകരണ സംഘങ്ങളിലെയും അംഗങ്ങളുമായി സംവദിച്ചു.

വൈബ്രൻ്റ് വില്ലേജസ് പ്രോഗ്രാമിന്  കീഴിൽ 11 അതിർത്തി ജില്ലകളിലെ ഗ്രാമങ്ങൾക്കായി ഫ്ലാഗ് ഓഫ് ചെയ്ത മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പൂർണ്ണമായും സോളാർ ഊർജത്തിലാണ് പ്രവർത്തിക്കുന്നത്. ടെലിമെഡിസിൻ, എ.ഐ അധിഷ്ഠിത പോർട്ടബിൾ ടി.ബി പരിശോധന, ഡിജിറ്റൽ എക്സ്-റേ, ഇ.സി.ജി, ആധുനിക ലാബ് സൗകര്യങ്ങൾ എന്നിവ ഈ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.

 

വനിതാ സ്വയംസഹായ സംഘങ്ങൾ തയ്യാറാക്കിയ പ്രാദേശിക ഉൽപ്പന്നങ്ങളും പരമ്പരാഗത കരകൗശല വസ്തുക്കളും സരസ് മേളയിൽ പ്രദർശിക്കാൻ അവസരമൊരുക്കി. ഇതുവഴി സ്വയംസഹായ സംഘങ്ങൾക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് വിപണി കണ്ടെത്താനും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുമുള്ള മികച്ച അവസരം മേളയിലൂടെ ലഭിച്ചു.

 

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, കേന്ദ്ര പാർലമെൻ്ററി കാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ കിരൺ റിജിജു, അരുണാചൽ പ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ ചൗന മെയ്ൻ, സംസ്ഥാന ആഭ്യന്തര മന്ത്രി ശ്രീ മാമ നാതുങ്, സഹകരണ മന്ത്രി ശ്രീ ഓജിംഗ് താസിംഗ്, കൃഷി മന്ത്രി ശ്രീ ഗബ്രിയേൽ ഡെൻവാങ് വാങ്സു, രാജ്യസഭാ എം.പി ശ്രീ തായ് താഗക്, ഇറ്റാനഗർ എം.എൽ.എ ശ്രീ തേച്ചി കാസോ, സഹകരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, സംസ്ഥാനത്തെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

***


( റിലീസ് ഐ.ഡി: 2340048) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Assamese , Gujarati , Tamil