ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇറ്റാനഗറിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ 12-ാം ബറ്റാലിയൻ കാമ്പസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ

പോസ്റ്റഡ് ഓണ്‍: 22 NOV 2026 6:23PM by PIB Thiruvananthpuram

അരുണാചൽ പ്രദേശിൻ്റെ തലസ്ഥാനമായ ഇറ്റാനഗറിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) 12-ാം ബറ്റാലിയൻ കാമ്പസ് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, കേന്ദ്ര മന്ത്രി ശ്രീ കിരൺ റിജിജു, അരുണാചൽ പ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ ചൗന മെയ്ൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ, ഇൻ്റലിജൻസ് ബ്യൂറോ  ഡയറക്ടർ ഡോ. മഹേഷ് ദീക്ഷിത്, എൻ.ഡി.ആർ.എഫ് ഡയറക്ടർ ജനറൽ ശ്രീ പീയൂഷ് ആനന്ദ് എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

 

IMG_0989.JPG.jpeg

 

ദേശീയ ദുരന്ത പ്രതികരണ സേനയുടെ 12-ാം ബറ്റാലിയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുകയാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. പ്രകൃതിദുരന്തങ്ങൾക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള മേഖലകളിലൊന്നാണ് അരുണാചൽ പ്രദേശും വടക്കുകിഴക്കൻ മേഖലയാകെയും. ഈ കാമ്പസിലെ എല്ലാ കെട്ടിടങ്ങളും ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങൾക്കനുസൃതമായാണ് നിർമിച്ചിരിക്കുന്നത്. പ്രകൃതിദുരന്തങ്ങൾക്കെതിരായ ആദ്യ പ്രതിരോധ നിര ആരംഭിക്കുന്നത് 12-ാം ബറ്റാലിയൻ്റെ സൗകര്യങ്ങളിൽ നിന്നാണ്. അരുണാചൽ പ്രദേശിനും വടക്കുകിഴക്കൻ മേഖലയ്ക്കും മാത്രമല്ല, സമീപ പ്രദേശങ്ങൾക്കും ദുരന്ത പ്രതികരണ കേന്ദ്രമായി ഈ കാമ്പസ് പ്രവർത്തിക്കും. എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംസ്ഥാന ദുരന്ത പ്രതികരണ സേനകൾക്ക് പരിശീലനവും ഇവിടെ നടത്തും.

 

സേനാംഗങ്ങളുടെ പരിശീലനത്തിന് ഒളിമ്പിക് നിലവാരത്തിലുള്ള നീന്തൽക്കുളവും ഡൈവിങ് ടാങ്കും നിർമിച്ചിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇറ്റാനഗറിലെയും അരുണാചൽ പ്രദേശിലെയും എല്ലാ നീന്തൽ താരങ്ങൾക്കും ഒളിമ്പിക് നിലവാരത്തിലുള്ള ഈ നീന്തൽക്കുളം സൗജന്യമായി തുറന്നുകൊടുക്കും. 2036-ലെ ഒളിമ്പിക്സിൽ വടക്കുകിഴക്കൻ മേഖലയിലെ ഏതെങ്കിലും നീന്തൽ താരം മെഡൽ നേടുകയാണെങ്കിൽ ആ നേട്ടത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കുന്നത് ഈ നീന്തൽക്കുളത്തിൽ നിന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കായികരംഗത്ത് മെഡലുകൾ നേടുന്നതിൽ വടക്കുകിഴക്കൻ മേഖലയിലെ താരങ്ങൾ എപ്പോഴും മുൻപന്തിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 2019 മുതൽ 2026 വരെ കാലയളവിൽ എട്ട് കോടിയിലധികം മരങ്ങൾ വെച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജയകരമായി കൈവരിച്ചു. എല്ലാ കേന്ദ്ര സായുധ പൊലീസ് സേനകളും എൻ.ഡി.ആർ.എഫും വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ സജീവമായി പങ്കാളികളാകുന്നുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഈ എട്ട് കോടി മരങ്ങൾ തീർച്ചയായും പ്രകൃതിക്ക് കരുത്തേകും.

 

IMG_1185.JPG.jpeg

 

ദുരന്ത നിവാരണ നിയമം പ്രാബല്യത്തിൽ വന്ന അതേ വർഷം തന്നെയാണ് എൻ.ഡി.ആർ.എഫ് രൂപീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. എങ്കിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് രാജ്യത്തിൻ്റെ സമ്പൂർണ ദുരന്തനിവാരണ ചട്ടക്കൂടിൽ അടിസ്ഥാനപരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. നേരത്തെ, ദുരന്തങ്ങളോടുള്ള രാജ്യത്തിൻ്റെ സമീപനം പ്രധാനമായും ദുരിതാശ്വാസത്തിലും ദുരന്താനന്തര നടപടികളിലും മാത്രം ഒതുങ്ങിയതായിരുന്നു. ദുരന്തം സംഭവിച്ചതിനുശേഷം മാത്രം ഗവണ്മെൻ്റുകൾ ദുരന്ത ബാധിത പ്രദേശങ്ങളിൽ എത്തുകയും നാശനഷ്ടങ്ങൾക്ക് ശേഷം പുനർനിർമാണ, അറ്റകുറ്റപ്പണി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു പതിവ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം പ്രാഥമിക മുന്നറിയിപ്പ് സംവിധാനങ്ങളിലേക്കും ദുരന്ത പ്രതിരോധം, ലഘൂകരണം, മുന്നൊരുക്കം, ദുരന്തസാധ്യത കുറയ്ക്കൽ, 'ആളപായമില്ലാത്ത ദുരന്തനിവാരണം' എന്നിവയിലേക്കും മാറിയിരിക്കുന്നു. നാം ഇപ്പോൾ നിഷ്ക്രിയരായി ഇരിക്കാറില്ല. പ്രാഥമിക മുന്നറിയിപ്പ് സംവിധാനത്തിലൂടെ ജാഗ്രതാ നിർദേശം ലഭിച്ചാലുടൻ ദേശീയ-സംസ്ഥാന ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥർ ജനങ്ങളെ സഹായിക്കാൻ ഉടനെത്തുകയും ദുരന്തമുഖത്ത് ഫലപ്രദമായ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുകയും ചെയ്യുന്നു. ദുരന്തം ഉണ്ടാകുന്നതിന് മുൻപ് പൗരന്മാരെ മാത്രമല്ല, അവരുടെ വളർത്തുമൃഗങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് സുരക്ഷ ഉറപ്പാക്കുന്നു.

 

2014-നും 2026-നും ഇടയിൽ ദേശീയ-സംസ്ഥാന ദുരന്ത പ്രതികരണ സേനകളുടെയും സംസ്ഥാനങ്ങളുടെയും ഏകോപിത ശ്രമങ്ങൾ ലക്ഷക്കണക്കിന് പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. ദേശീയ-സംസ്ഥാന ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥർ മാത്രമല്ല, ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന പട്‌വാരിമാർ മുതൽ എൻ.സി.സി കേഡറ്റുകൾ, സ്കൗട്ട് കുട്ടികൾ, ആപ്ദ മിത്ര സന്നദ്ധപ്രവര്‍ത്തകര്‍ വരെ എല്ലാവരും ദുരന്തം ഉണ്ടാകുന്നതിന് മുൻപ് തന്നെ ജനങ്ങളെ സഹായിക്കാൻ സജ്ജരായിരിക്കുന്ന സമഗ്ര സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നിർണായക പിന്തുണ നൽകുന്നു. സ്ഥാപനപരമായ മുന്നൊരുക്കത്തിൻ്റെ അഭാവത്തിൽ ഒരു ദുരന്തത്തെയും തടയാനോ അതിൻ്റെ ആഘാതം ഫലപ്രദമായി കുറയ്ക്കാനോ കഴിയില്ല. 2014 മുതൽ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ-സംസ്ഥാന ദുരന്ത പ്രതികരണ സേനകള്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാന ഭരണസംവിധാനങ്ങൾ എന്നിവയെ താഴെത്തട്ടിലെ പട്‌വാരി തലം വരെ ഒന്നിപ്പിച്ച് ശക്തവും ഏകോപിതവുമായ ഒരു സംവിധാനം കേന്ദ്ര ഗവണ്മെൻ്റ് രൂപീകരിച്ചിട്ടുണ്ട്. നയങ്ങളെക്കുറിച്ചുള്ള സമഗ്രമായ കൂടിയാലോചനകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേനയുള്ള കൃത്യമായ നയരൂപീകരണവും ദേശീയ-സംസ്ഥാന ദുരന്ത പ്രതികരണ സേനകള്‍, സംസ്ഥാന ഭരണസംവിധാനങ്ങള്‍ എന്നിവ മുഖേനയുള്ള ഫലപ്രദമായ നയനിർവഹണവും ഈ സംവിധാനം ഉറപ്പാക്കുന്നു.

 

വിവിധ തരം ദുരന്തങ്ങളെ നേരിടുന്നതുമായി ബന്ധപ്പെട്ട പ്രതികരണ ചട്ടങ്ങളും അടിസ്ഥാന പ്രവർത്തന നടപടിക്രമങ്ങളും ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. 2014-നും 2026-നും ഇടയിൽ എന്‍.ഡി.ആര്‍.എഫിൻ്റെ പ്രവർത്തന വ്യാപ്തിയും വിന്യാസവും ഗണ്യമായി വർധിച്ചു. ഇന്ന് രാജ്യത്തുടനീളം 70-ലധികം കേന്ദ്രങ്ങളിൽ എൻ.ഡി.ആർ.എഫിനെ വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുൻപ് തന്നെ എൻ.ഡി.ആർ.എഫ് സംഘങ്ങൾ എത്തുന്നു. ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതിയോടെ, നേരത്തെ 24 മുതൽ 48 മണിക്കൂർ വരെ മുൻപ് ലഭിച്ചിരുന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ ഇപ്പോൾ ഏഴ് ദിവസം വരെ മുൻകൂട്ടി നൽകാൻ സാധിക്കുന്നു. ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ നിന്ന് എല്ലാ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ നിരവധി ചുഴലിക്കാറ്റുകളിൽ ജീവനും സ്വത്തും സംരക്ഷിക്കാൻ ഫലപ്രദമായ ഈ സംവിധാനം വഴിയൊരുക്കി.  

 

CR3_1762.JPG (1).jpeg

 

സമീപ വർഷങ്ങളിലുണ്ടായ പല ചുഴലിക്കാറ്റുകളിലും ഒരൊറ്റ ജീവൻ പോലും നഷ്ടപ്പെട്ടില്ലെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്തിൻ്റെ പ്രാഥമിക മുന്നൊരുക്കത്തിൻ്റെ പ്രത്യക്ഷ ഫലമാണിത്. എൻ.ഡി.ആർ.എഫ് ഇതുവരെ 11,000-ത്തിലധികം ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും 1.61 ലക്ഷത്തിലധികം പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ജപ്പാൻ, നേപ്പാൾ, തുർക്കിയെ, ശ്രീലങ്ക എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ നടത്തി സേനയ്ക്കും ത്രിവർണ പതാകയ്ക്കും അഭിമാനകരമായ നേട്ടം കൈവരിക്കാൻ സാധിച്ചു. നേരത്തെ, ഇന്ത്യയിൽ എപ്പോൾ ദുരന്തമുണ്ടായാലും ലോകമെങ്ങുമുള്ള ദുരന്തനിവാരണ ഏജൻസികൾ രാജ്യത്തെ സഹായിക്കാൻ മുന്നോട്ട് വരുമായിരുന്നു. ഇന്ന്, ലോകത്ത് എവിടെ ദുരന്തമുണ്ടായാലും ഇന്ത്യയുടെ എൻ.ഡി.ആർ.എഫ് അഭിമാനത്തോടെ രാജ്യത്തെ പ്രതിനിധീകരിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചേരുകയും ജീവൻ രക്ഷിക്കുകയും ചെയ്യുന്നു. ഇത് കേന്ദ്ര ഗവണ്മെൻ്റിൻ്റെ സുപ്രധാന നേട്ടമാണ്.

 

വിപുലീകരണം, വിഭവങ്ങൾ, പരിശീലനം എന്നീ മൂന്ന് പ്രധാന മേഖലകളിൽ എൻ.ഡി.ആർ.എഫുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. വിഭവങ്ങൾ എന്നതുകൊണ്ട് ബജറ്റ് വിഹിതം മാത്രമല്ല അർത്ഥമാക്കുന്നത്; ആധുനിക ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിലും മന്ത്രാലയം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 'ശേഷി വികസന വർഷമായി' 2026-നെ പ്രഖ്യാപിച്ചിട്ടുണ്ട്.

 

HWP_4510.JPG.jpeg

 

ലോകമെങ്ങുമുള്ള സമാന ഏജൻസികൾക്കിടയിൽ മുൻനിര ദുരന്തനിവാരണ സേനയായി എൻ.ഡി.ആർ.എഫ് ഉടൻ ഉയർന്നുവരുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ ഇന്ത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള മേഖലയാണ്. നിരവധി രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശം പല സുപ്രധാന ദേശീയ സംരംഭങ്ങളിലും നിർണായക പങ്കുവഹിക്കുന്നു. ഇന്ന് അരുണാചൽ പ്രദേശിൻ്റെ അതിർത്തി മേഖലയിൽ ഇറ്റാനഗറിന് സമീപം ഒരു എൻ.ഡി.ആർ.എഫ് ബറ്റാലിയൻ സ്ഥാപിച്ചിരിക്കുകയാണ്. സേനയുടെ വീര്യം പ്രകടിപ്പിച്ചും മികച്ച ഫലങ്ങൾ ഉറപ്പാക്കിയും വടക്കുകിഴക്കൻ മേഖലയെ മുഴുവൻ ദുരന്തങ്ങളിൽ നിന്ന് സംരക്ഷിക്കാൻ എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥർ പ്രാപ്തരായിരിക്കും. വടക്കുകിഴക്കൻ മേഖലയ്ക്ക് മുഴുവൻ കേന്ദ്ര ഗവണ്മെൻ്റ് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മേഖലയിലെ ആയിരക്കണക്കിനും ലക്ഷക്കണക്കിനും പേരുടെ ജീവൻ സംരക്ഷിക്കുന്നതിന് വർഷം മുഴുവൻ 24 മണിക്കൂറും ദൗത്യങ്ങൾ ഉറപ്പാക്കുമെന്നും ശ്രീ അമിത് ഷാ വ്യക്തമാക്കി.

 

HWP_4571.JPG.jpeg

 

***


( റിലീസ് ഐ.ഡി: 2340045) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati , Tamil