പോസ്റ്റഡ് ഓണ്:
21 NOV 2026 7:05PM by PIB Thiruvananthpuram
ചെന്നൈയിലെ കൊട്ടിവാക്കത്തുള്ള നെല്ലൈ നാടാർ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 42-ാമത് വാർഷികാഘോഷ ചടങ്ങിനെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് അഭിസംബോധന ചെയ്തു. കെ. കാമരാജിന് ശ്രദ്ധാഞ്ജലി അർപ്പിച്ച ഉപരാഷ്ട്രപതി, അദ്ദേഹത്തിൻ്റെ നിസ്വാർത്ഥമായ നേതൃത്വത്തെയും ലാളിത്യത്തെയും പൊതുജനക്ഷേമത്തോടുള്ള പ്രതിബദ്ധതയെയും അനുസ്മരിച്ചു.
മഹാനായ നേതാവ് കെ. കാമരാജിൻ്റെ പൈതൃകം തമിഴ് മണ്ണിൽ നിലനിൽക്കുന്നിടത്തോളം കാലം, തമിഴ്നാട്ടിൽ ദേശീയതയുടെ ചൈതന്യം ഇല്ലാതാക്കാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാനസൗകര്യ വികസനത്തിലും വിദ്യാഭ്യാസ മേഖലയിലും കാമരാജ് കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ ഭരണകാലത്ത് നിരവധി പ്രധാന അണക്കെട്ടുകൾ നിർമ്മിച്ചത് അനുസ്മരിച്ച ഉപരാഷ്ട്രപതി, വിദ്യാഭ്യാസ നേട്ടങ്ങൾക്കും മാനവവിഭവശേഷിക്കും പേരുകേട്ട സംസ്ഥാനമായി തമിഴ്നാട് മാറുന്നതിൽ കാമരാജ് പാകിയ അടിത്തറ നിർണായകമായെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടങ്ങളോ വ്യക്തിപരമായ താൽപ്പര്യങ്ങളോ പരിഗണിക്കാതെ, എല്ലാറ്റിനും ഉപരിയായി പൊതുജനക്ഷേമത്തിന് പ്രാധാന്യം നൽകിയ നേതാവായിരുന്നു കാമരാജെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വിപുലീകരിക്കുന്നതിൽ കാമരാജ് നൽകിയ സംഭാവനകൾ അനുസ്മരിച്ച ഉപരാഷ്ട്രപതി, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരവും ഉറപ്പാക്കാനുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും പറഞ്ഞു.
വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് നെല്ലൈ തൂത്തുക്കുടി നാടാർ മഹാമൈ പരിപാലന സംഘത്തെ അഭിനന്ദിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, 1985-ൽ കേവലം 85 വിദ്യാർത്ഥികളും ഏഴ് അധ്യാപകരുമായി ആരംഭിച്ച ഈ സ്കൂൾ ഇന്ന് ഏകദേശം 3,500 വിദ്യാർത്ഥികളും 200-ഓളം അധ്യാപകരും അനധ്യാപക ജീവനക്കാരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നുവെന്ന് പറഞ്ഞു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കപ്പെട്ടതിൻ്റെ തെളിവാണ് ഈ വളർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം കേവലം അക്കാദമിക് മികവിൽ മാത്രം ഒതുങ്ങരുതെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ശക്തമായ മൂല്യബോധവും സഹാനുഭൂതിയും സാമൂഹിക ഉത്തരവാദിത്തബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സ്കൂളുകൾക്ക് കഴിയണമെന്ന് പറഞ്ഞു.
സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിനെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, ശാസ്ത്രീയ മനോഭാവവും ഗവേഷണ അഭിരുചിയും നൂതനമായി ചിന്തിക്കാനുള്ള കഴിവും വളർത്തിയെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. ഗവേഷണ-വികസന രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണെന്നും ഗവേഷണം, നൂതനാശയങ്ങൾ, പുതിയ കണ്ടെത്തലുകൾ എന്നിവയിൽ മികവ് പുലർത്താൻ വിദ്യാർത്ഥികൾ സ്വയം സജ്ജരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, സമഗ്ര വികസനം, മാതൃഭാഷയിലുള്ള വിദ്യാഭ്യാസം, അനുഭവാധിഷ്ഠിത പഠനം, തൊഴിലധിഷ്ഠിത നൈപുണ്യങ്ങൾ, ഗവേഷണം, നൂതനാശയങ്ങൾ എന്നിവയ്ക്കാണ് നയം ഊന്നൽ നൽകുന്നതെന്ന് വ്യക്തമാക്കി. കാണാപ്പാഠം പഠിക്കുന്ന രീതിയിൽനിന്ന് മാറി ആശയങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും സർഗാത്മകമായി ചിന്തിക്കുന്നതിനും പ്രാധാന്യം നൽകേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ശാസ്ത്ര-സാങ്കേതിക പുരോഗതി ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിലും മാനുഷിക മൂല്യങ്ങളിലും വേരൂന്നിയതായിരിക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. തമിഴ് ഭാഷ, സംസ്കാരം, പൈതൃകം എന്നിവയുടെ സംരക്ഷണം രാജ്യത്തിൻ്റെ ശക്തിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “തമിഴ് സംസ്കാരവും തമിഴ് ജനതയും തമിഴ് ഭാഷയും സംരക്ഷിക്കപ്പെടണമെങ്കിൽ ഭാരതം ശക്തമായി നിലകൊള്ളണം,” അദ്ദേഹം പറഞ്ഞു.
2047-ഓടെ വികസിത രാഷ്ട്രമായി മാറുകയെന്ന ഇന്ത്യയുടെ കാഴ്ചപ്പാടിനെക്കുറിച്ച് പരാമർശിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, അറിവ്, നൂതനാശയങ്ങൾ, അർപ്പണബോധം എന്നിവയിലൂടെ രാജ്യത്തിൻ്റെ പുരോഗതിക്ക് സംഭാവന നൽകാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. വലിയ സ്വപ്നങ്ങൾ കാണാനും, സത്യസന്ധത മുറുകെപ്പിടിക്കാനും, കുറുക്കുവഴികൾ തേടാതെ കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ലക്ഷ്യങ്ങൾ കൈവരിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
ചടങ്ങിൽ, നെല്ലൈ നാടാർ എഞ്ചിനീയറിംഗ് കോളേജിലെ സ്പോർട്സ് ഓഡിറ്റോറിയത്തിൻ്റെയും പുരുഷ ഹോസ്റ്റലിൻ്റെയും ഉദ്ഘാടനവും ഉപരാഷ്ട്രപതി നിർവ്വഹിച്ചു.
നെല്ലൈ നാടാർ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ തിരുവള്ളുവരുടെയും തിരു കെ. കാമരാജിൻ്റെയും പ്രതിമകളിൽ ഉപരാഷ്ട്രപതി പുഷ്പാർച്ചനയും നടത്തി.
───