ഗോവ, 2026 നവംബർ 21
ജീവിതത്തിലെ കഷ്ടപ്പാടുകളെ ചിരിയോടെ നേരിടുമ്പോൾ എന്ത് സംഭവിക്കും? ഹുവാന മസിയാസ് സംവിധാനം ചെയ്ത 2026-ലെ സ്പാനിഷ് കോമഡി-ഡ്രാമ ചിത്രമായ 'ലുക്കിംഗ് ഫോർ മൈക്കിള്‍' ധൈര്യത്തിന്റെയും സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും ഹൃദയസ്പർശിയായ കഥയിലൂടെ ഈ ചോദ്യത്തിന് ഉത്തരം തേടുന്നു. ചിത്രത്തിന്റെ ലോക പ്രീമിയർ പ്രദര്‍ശനം ഇന്ന് ഗോവയിലെ പനജിയിൽ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നടന്നു.

പാർക്കിൻസൺസ് രോഗം ബാധിച്ച സോണിയ എന്ന യുവതി തന്റെ സാഹചര്യങ്ങളെ ധൈര്യത്തോടെയും ജീവിതത്തോടുള്ള പുതിയ കാഴ്ചപ്പാടോടെയും നേരിടാൻ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതേ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന മ്യൂസിക് തെറാപ്പി ഗ്രൂപ്പിലെ അംഗങ്ങളുടെ പിന്തുണയോടെ പാർക്കിൻസൺസ് രോഗത്തോടൊപ്പമുള്ള ജീവിതത്തെക്കുറിച്ച് പരസ്യമായി സംസാരിച്ച പ്രശസ്ത നടൻ മൈക്കിള്‍ ജെ. ഫോക്സിനെ കാണാൻ അവര്‍ നടത്തുന്ന യാത്രയാണ് ചിത്രം ആവിഷ്കരിക്കുന്നത്. സംഗീതവും നർമ്മവും സമന്വയിപ്പിച്ച ഈ യാത്രാചിത്രം, പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള നിശ്ചയദാർഢ്യത്തെ അടയാളപ്പെടുത്തുന്നു.

മുപ്പതുകളുടെ മദ്ധ്യത്തിൽ പാർക്കിൻസൺസ് രോഗം ബാധിച്ച യെസ് ആന്ദ്രേസ് എന്ന യഥാർത്ഥ വ്യക്തിയുടെ യാത്രയിൽ നിന്നും സ്വപ്നങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് ഊഷ്മളതയും തനിമയും ഉൾക്കൊള്ളുന്ന ചിത്രത്തിലെ ദൈനംദിന ജീവിതത്തിന്റെ സൂക്ഷ്മമായ നിരീക്ഷണം ആഖ്യാനത്തിന് ഹൃദയസ്പർശിയായ ഭാവം നൽകുകയും കഥാപാത്രങ്ങളുടെ വെല്ലുവിളികളെയും അഭിലാഷങ്ങളെയും തിരശ്ശീലയിലെത്തിക്കുകയും ചെയ്യുന്നു.
ജീവിതത്തെ സമീപിക്കാനുള്ള ബുദ്ധിപരമായ മാർഗ്ഗമാണ് നർമ്മമെന്ന് ചലച്ചിത്രമേളയുടെ സംവാദപരിപാടിയില്‍ സംസാരിക്കവെ സംവിധായിക ഹുവാന മസിയാസ് പറഞ്ഞു. രോഗത്തിലൂടെയോ തീരാനഷ്ടങ്ങളിലൂടെയോ അപ്രതീക്ഷിതമായ മറ്റ് വെല്ലുവിളികളിലൂടെയോ ജീവിതത്തിൽ എല്ലാവരും ഒരു ഘട്ടത്തിൽ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു. ഈ സാർവത്രികതയാണ് ചിത്രത്തിന് വിപുലമായ സ്വീകാര്യത നൽകുന്നതെന്നും 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രമേയത്തിനനുസൃതമായി അതിരുകൾക്കും തലമുറകൾക്കുമപ്പുറം പ്രേക്ഷക മനസ്സുകളില്‍ ഇടംപിടിക്കാൻ ചിത്രത്തിന്റെ കേന്ദ്ര സന്ദേശത്തെ ഇത് സഹായിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

ഡോറിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ലോറേന ലോപ്പസ് ആ കഥാപാത്രത്തിന്റെ അതിജീവനശേഷിയും ഊർജ്ജസ്വലമായ വ്യക്തിത്വവും നൂറിയ ഹെരേറോ അവതരിപ്പിച്ച സോണിയ എന്ന കഥാപാത്രവുമായുള്ള സൗഹൃദവും തന്നെ ഏറെ ആകർഷിച്ചതായി പറഞ്ഞു. വീൽചെയർ ഉപയോഗിക്കുന്ന ഡോറിസ് യാത്രയിലുടനീളം സോണിയയ്ക്ക് സുഹൃത്തും വഴികാട്ടിയുമായി മാറുന്നു. ജീവിത വെല്ലുവിളികളെ നേരിടുന്നതിൽ സൗഹൃദത്തിന്റെയും പരസ്പര പിന്തുണയുടെയും പ്രാധാന്യമാണ് ഇത് എടുത്തുപറയുന്നത്.
അഭിനേതാക്കളിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ സ്വീകരിച്ച രീതിയെക്കുറിച്ചും മസിയാസ് പങ്കുവെച്ചു. റിഹേഴ്സലുകളിലും ചിത്രീകരണത്തിനിടയിലും അഭിനേതാക്കളുടെ സ്വതസിദ്ധമായ പ്രകടനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നതായി അവർ വിശദീകരിച്ചു. നര്‍മ്മ രംഗങ്ങളിൽ ഇത്തരം സ്വാഭാവിക ഇടപെടലുകൾ ഏറെ വിലപ്പെട്ടതാണെന്നും കഥാപാത്രങ്ങൾ തമ്മിൽ സ്വാഭാവിക ബന്ധവും ആശയവിനിമയവും വളർത്തിയെടുക്കാൻ ഇത് അഭിനേതാക്കളെ സഹായിക്കുമെന്നും അവർ നിരീക്ഷിച്ചു.
ചിത്രത്തിലെ സംഗീതത്തിന്റെ പങ്കിനെക്കുറിച്ച് സംസാരിച്ച മസിയാസ്, സോണിയയ്ക്ക് അവരുടെ രോഗാവസ്ഥയോട് തോന്നുന്ന മാറിക്കൊണ്ടിരിക്കുന്ന സമീപനത്തെയാണ് ഗാനങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്നും അവ കഥാപാത്രങ്ങളുടെ വികാരങ്ങളുമായും അനുഭവങ്ങളുമായും ഇഴചേർന്നിരിക്കുന്നുവെന്നും വ്യക്തമാക്കി. ചിത്രത്തിന്റെ പ്രാരംഭ ഗാനത്തെക്കുറിച്ച് പരാമർശിക്കവെ, രോഗനിയന്ത്രണത്തിന് ദിവസവും എട്ട് ഗുളികകൾ കഴിക്കുന്ന സോണിയയുടെ ദിനചര്യയെ അത് എങ്ങനെ സ്പർശിക്കുന്നുവെന്ന് അവർ വിവരിച്ചു. ദൈനംദിന യാഥാർത്ഥ്യങ്ങളെ ചിത്രത്തിന്റെ വൈകാരിക ആഖ്യാനത്തിലേക്ക് കൊണ്ടുവരാനാണ് സംഗീതത്തെ ഉപയോഗിച്ചിരിക്കുന്നത്.
ചിത്രത്തിന് പിന്നിലെ ഗവേഷണങ്ങളെക്കുറിച്ച് സംസാരിക്കവെ, യെസ് ആന്ദ്രേസുമായും പാർക്കിൻസൺസ് രോഗം ബാധിച്ച മറ്റ് വ്യക്തികളുമായും നടത്തിയ വിപുലമായ അഭിമുഖങ്ങളെക്കുറിച്ച് മസിയാസ് വിവരിച്ചു. ആളുകളുടെ ജീവിതകഥകൾ തിരശ്ശീലയിലെത്തിക്കുമ്പോൾ അവരുടെ അനുഭവങ്ങളെക്കുറിച്ച് ആധികാരികവും സത്യസന്ധവുമായ ധാരണ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി.
സ്പാനിഷ് സിനിമകൾക്ക് ഇന്ത്യൻ, അന്താരാഷ്ട്ര പ്രേക്ഷകരുമായി എങ്ങനെ സംവദിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടിയായി, സംഗീതത്തിനും പ്രതിസന്ധികളെ അതിജീവിക്കുന്ന കഥകൾക്കും സാർവത്രിക സ്വീകാര്യതയുണ്ടെന്ന് മസിയാസ് നിരീക്ഷിച്ചു. കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിന് സ്പാനിഷ്, അന്താരാഷ്ട്ര ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുമായി സഹകരിക്കാനുള്ള പദ്ധതികളെക്കുറിച്ചും അവർ സംസാരിച്ചു.
ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾ ഭേദിക്കുന്ന ഒരു കഥയാണ് ചിത്രത്തിന്റെ ലോക പ്രീമിയര്‍ പ്രദര്‍ശനത്തിലൂടെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തിയത്. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ മറികടക്കുന്നതിൽ നർമ്മത്തിന്റെയും സംഗീതത്തിന്റെയും മാനുഷിക ബന്ധങ്ങളുടെയും ശാശ്വതമായ കരുത്ത് ചിത്രം പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്നു.
ശ്രീ കുൽദീപ് മീണ സംവാദം നിയന്ത്രിച്ചു.
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാര്‍ത്താപത്രിക IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
*******