പോസ്റ്റഡ് ഓണ്:
21 NOV 2026 5:11PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ, അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഡോർജി ഖണ്ഡു സ്റ്റേറ്റ് കൺവെൻഷൻ സെന്ററിൽ 2026 നവംബർ 22 ഞായറാഴ്ച നടക്കുന്ന സഹകരണ പരിപാടിയിൽ പങ്കെടുക്കുകയും സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന ദർശനത്തിനും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിനും കീഴിൽ, സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും സ്വയംപര്യാപ്തവും സമഗ്രവുമാക്കുകയും ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും ഈ പരിപാടി. സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ, ഗ്രാമീണ ഉപജീവനമാർഗങ്ങൾ വിപുലമാക്കൽ, വനിതാ ശാക്തീകരണം, സാമ്പത്തിക ഉൾപ്പെടുത്തൽ, സംസ്ഥാനത്തിന്റെ സമഗ്ര വികസനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന സംരംഭങ്ങൾക്ക് പരിപാടിയിൽ തുടക്കം കുറിക്കും. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പെമ ഖണ്ഡു, കേന്ദ്ര പാർലമെന്ററികാര്യ, ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ കിരൺ റിജിജു, അരുണാചൽ പ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ ചൗന മെയ്ൻ, അരുണാചൽ പ്രദേശ് കൃഷിമന്ത്രി ശ്രീ ഗബ്രിയേൽ ഡെൻവാങ് വാങ്സു എന്നിവരും മറ്റ് പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അരുണാചൽ പ്രദേശിലെ നിരവധി പ്രധാന വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. ₹1,500 കോടി ചെലവിൽ ‘മിഷൻ ശിക്ഷിത് അരുണാചൽ – രണ്ടാം ഘട്ടം’, ₹2,000 കോടി ചെലവ് വരുന്ന ‘മുഖ്യമന്ത്രിയുടെ സംസ്ഥാന സമഗ്രവൈദ്യുതി വികസന പരിപാടി’, ₹2,000 കോടി ചെലവ് കണക്കാക്കിയ ‘മുഖ്യമന്ത്രിയുടെ സമഗ്ര സംസ്ഥാന ഗ്രാമീണ റോഡ് വികസന പരിപാടി’ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, സംസ്ഥാനത്തെ 11 അതിർത്തി ജില്ലകളിലായി വൈബ്രന്റ് വില്ലേജസ് പദ്ധതിക്ക് കീഴിലുള്ള ₹110.95 കോടി മൂല്യമുള്ള 199 പദ്ധതികൾക്കും തുടക്കം കുറിക്കും. ശ്രീ അമിത് ഷാ ‘മിഷൻ സുരക്ഷ’യ്ക്കും തുടക്കം കുറിക്കും. വിദ്യാഭ്യാസം, വൈദ്യുതി, റോഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുക, അതിർത്തി പ്രദേശങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുക, സംസ്ഥാനത്തുടനീളമുള്ള പൊതുക്ഷേമ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.
സഹകരണ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളും വിപണി ലഭ്യതയും ശക്തിപ്പെടുത്തുന്നതിനായി നിരവധി സുപ്രധാന സംരംഭങ്ങൾക്കും തുടക്കം കുറിക്കും. ഭക്ഷ്യധാന്യ സംഭരണ പദ്ധതിയുടെ ഭാഗമായി റാഗാ LAMPS-ൽ നിർമ്മിച്ച ഭക്ഷ്യധാന്യ സംഭരണശാല കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും. ഇത് പ്രാദേശികതലത്തിലുള്ള സംഭരണ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹകരണ സ്ഥാപനങ്ങളുടെ പങ്ക് വിപുലീകരിക്കുന്നതിനും സഹായിക്കും. അരുണാചൽ പ്രദേശ് സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ്സ് മിഷന്റെ (ArSRLM) ഉൽപ്പന്നങ്ങൾക്കായുള്ള ഇ-കൊമേഴ്സ് വെബ്പേജും ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി ലഭ്യമാക്കുന്നതിനും വനിതാ സ്വയംസഹായ സംഘങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരിപാടിയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ‘അരുണാചൽ പ്രദേശ് കോഓപ്പറേറ്റീവ് വിഷൻ 2047’ പ്രകാശനം ചെയ്യും. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ ദീർഘകാല വികസനം ലക്ഷ്യമാക്കിയിട്ടുള്ള സുപ്രധാന സംരംഭമായിരിക്കും ഈ വീക്ഷണരേഖ. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഹകരണ സംഘങ്ങളെയും ശ്രീ അമിത് ഷാ ആദരിക്കും. നംസായ് ഡയറി കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് ‘കോഓപ്പറേഷൻ അവാർഡ്’ സമ്മാനിക്കും ; ലോവർ സുബൻസിരി ഫിഷ് ഫാർമേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയെ മികച്ച മത്സ്യബന്ധന സഹകരണ സംഘമായി അംഗീകരിക്കും; കെംലി LAMPS-നെ മികച്ച കൈത്തറി, ടെക്സ്റ്റൈൽ, നെയ്ത്തുകാരുടെ സഹകരണ സംഘമായി ആദരിക്കും ; ജാങ് LAMPS-നെ മികച്ച PACS/LAMPS ആയി അംഗീകരിച്ചും പുരസ്കാരം നൽകും.
സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷിയും പ്രവർത്തനങ്ങളും വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സഹകരണ സംഘങ്ങൾക്ക് പരിപാടിയിൽ സാമ്പത്തിക സഹായവും മറ്റ് സൗകര്യങ്ങളും നൽകും. നാഷണൽ കോഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷൻ (NCDC), ലഗുൻ മൾട്ടിപർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് വായ്പ അനുവദിച്ചതിന്റെ സർട്ടിഫിക്കറ്റ് നൽകും. ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് (BBSSL) പച്ചക്കറി വിത്തുകളുടെ മിനി കിറ്റുകൾ വിതരണം ചെയ്യും. കൂടാതെ, പോമ ജ്യൂട്ട് ഡയറി ആൻഡ് ലൈവ്സ്റ്റോക്ക് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് നബാർഡ് വഴിയുള്ള മൈക്രോ-ATM നൽകും. അരുണാചൽ പ്രദേശ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് അപെക്സ് ബാങ്ക് ലിമിറ്റഡ്, വാക്രോ LAMPS-ന് വായ്പ അനുവദിച്ചതിന്റെ സർട്ടിഫിക്കറ്റ് നൽകും. വനിതാ സ്വയംസഹായ സംഘങ്ങളുടെ ക്ലസ്റ്റർ ലെവൽ ഫെഡറേഷൻ (CLF) രൂപീകരിച്ച ഖാമ്യർ ആനെ മൾട്ടിപർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും കൈമാറും. സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ലഭ്യത, സ്ഥാപന ശേഷി, പ്രവർത്തനങ്ങൾ എന്നിവ വർദ്ധിപ്പിക്കാൻ ഈ സംരംഭങ്ങൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരിപാടിയുടെ തുടക്കത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മൊബൈൽ മെഡിക്കൽ വാൻ ഫ്ലാഗ് ഓഫ് ചെയ്യുകയും സരസ് മേളയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. മേളയിൽ സജ്ജമാക്കിയ വിവിധ സ്റ്റാളുകൾ അദ്ദേഹം സന്ദർശിക്കുകയും വനിതാ സ്വയംസഹായ സംഘങ്ങളിലെയും സഹകരണ സംഘങ്ങളിലെയും അംഗങ്ങളുമായി സംവദിക്കുകയും ചെയ്യും. പ്രാദേശിക ഉൽപ്പന്നങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭകത്വം, സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള പ്രധാന വേദിയായിരിക്കും ഈ മേള.
സഹകരണത്തിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക, പ്രാദേശിക വിഭവങ്ങളുടെ മികച്ച വിനിയോഗം പ്രോത്സാഹിപ്പിക്കുക, വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക,സഹകരണ സ്ഥാപനങ്ങളെ ആധുനിക സാമ്പത്തിക, ഡിജിറ്റൽ സൗകര്യങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയ്ക്കുള്ള പ്രധാന അവസരമാകും അരുണാചൽ പ്രദേശിലെ സഹകരണ പരിപാടി. വിദ്യാഭ്യാസം, വൈദ്യുതി, റോഡുകൾ, അതിർത്തി പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത് സംസ്ഥാനത്തിന്റെ സമഗ്രവും സന്തുലിതവുമായ വികസനം കൂടുതൽ വേഗത്തിലാക്കുന്നതിനും സഹായിക്കും.
*****