പോസ്റ്റഡ് ഓണ്:
20 NOV 2026 2:35PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ ബെന്നറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ലോ സംഘടിപ്പിച്ച ഭരണഘടനാ വാരാഘോഷങ്ങളുടെ അഞ്ചാമത് പതിപ്പ് (2026) ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ഭരണഘടന കേവലമൊരു നിയമരേഖ മാത്രമല്ലെന്നും അത് റിപ്പബ്ലിക്കിൻ്റെ ധാർമ്മിക വഴികാട്ടിയാണെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ സ്ഥാപനങ്ങളിലും നിയമഗ്രന്ഥങ്ങളിലും മാത്രം ഒതുങ്ങിനിൽക്കാതെ ദൈനംദിന പൊതുജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറണം. സ്ഥാപനങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും വിയോജിപ്പുകളെ ബഹുമാനിക്കുകയും പൗരന്മാർ തങ്ങളുടെ അവകാശങ്ങളും കടമകളും ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം കൂടുതൽ കരുത്താർജ്ജിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കടമകൾ ഉത്തരവാദിത്തത്തോടെ നിർവ്വഹിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവകാശങ്ങൾക്കൊപ്പം കടമകൾക്കും തുല്യ പ്രാധാന്യം നൽകണമെന്ന് ഊന്നിപ്പറഞ്ഞു.
ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിൽ രക്തച്ചൊരിച്ചിലില്ലാതെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഭരണരീതിയാണ് ജനാധിപത്യമെന്ന ഡോ. ബി. ആർ. അംബേദ്കറുടെ ജനാധിപത്യ നിർവചനം ശ്രീ സി. പി. രാധാകൃഷ്ണൻ അനുസ്മരിച്ചു. ജനങ്ങളുടെ ജീവിതത്തിലുണ്ടായ മൂർത്തമായ പുരോഗതിയിലൂടെ ഭരണഘടനാ അഭിലാഷങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതാണ് കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതും പാവപ്പെട്ടവർക്കായി നാല് കോടി അടച്ചുറപ്പുള്ള വീടുകൾ നിർമ്മിച്ചതും ജൽ ജീവൻ മിഷന് കീഴിൽ ഗ്രാമീണ മേഖലകളിലെ പൈപ്പ് വെള്ള ലഭ്യത 82 ശതമാനം കടന്നതും അദ്ദേഹം എടുത്തുപറഞ്ഞു. ഒരു കാലത്ത് വികസനത്തിൻ്റെ ഏറ്റവും താഴെത്തട്ടിലായിരുന്ന അതിർത്തി ഗ്രാമങ്ങൾ പോലും ഇന്ന് ഊർജസ്വലമായ ഗ്രാമങ്ങളായി ഉയർന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സാധ്യമായ നിശ്ശബ്ദ വിപ്ലവത്തെയാണ് ഈ നേട്ടങ്ങൾ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, ഭരണഘടനാ നിർമ്മാണസഭയിലെ 15 വനിതാ അംഗങ്ങളുടെ വിലപ്പെട്ട സംഭാവനകൾ അനുസ്മരിച്ചു. നാരി ശക്തി വന്ദൻ അധിനിയം പോലുള്ള സംരംഭങ്ങളിലൂടെ അവരുടെ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിനും നേട്ടങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ പുരോഗതിയെ മറ്റൊരു വിപ്ലവമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സ്ത്രീകളുടെ വികസനം എന്നതിൽ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് ഇന്ത്യ ക്രമേണ മാറുകയാണെന്നും രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ സജീവ പങ്കാളികളായി മാറുകയാണെന്നും പറഞ്ഞു.
കാലത്തിനനുസരിച്ച് ഭരണഘടനയ്ക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കവെ, അന്തസ്സ്, ഉപജീവനമാർഗ്ഗം, ആരോഗ്യം, പാർപ്പിടം, സ്വകാര്യത, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിപുലമായ അവകാശങ്ങൾ ഉൾക്കൊള്ളുന്ന തരത്തിൽ വർഷങ്ങളിലൂടെ വികസിച്ചുവന്ന അനുച്ഛേദം 21 ശ്രീ സി. പി. രാധാകൃഷ്ണൻ പരാമർശിച്ചു. വികസനവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് സന്തുലിതമായ സമീപനം സ്വീകരിക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം, ഭാവിതലമുറകൾക്കായി പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് ജീവിതനിലവാരം ഉയർത്താൻ അവ പ്രയോജനപ്പെടുത്തണമെന്ന് ഊന്നിപ്പറഞ്ഞു. അമിത ഉപഭോഗത്തിനെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഉത്തരവാദിത്തത്തോടെയുള്ള ഉപഭോഗത്തിൻ്റെ ആവശ്യകത വ്യക്തമാക്കി. സുസ്ഥിര ജീവിതശൈലികളെക്കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം വളർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തെ സുസ്ഥിര വികസനത്തിൻ്റെ അവിഭാജ്യ ഘടകമായി അംഗീകരിച്ചുകൊണ്ട്, ആഗോള പരിസ്ഥിതി ചിന്തയ്ക്ക് ഇന്ത്യയുടെ ഭരണഘടനാപരമായ നിയമശാസ്ത്രം ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സംരംഭമായ 'മിഷൻ ലൈഫ്' പരാമർശിച്ച അദ്ദേഹം, പരിസ്ഥിതിയോട് ഉത്തരവാദിത്തമുള്ള ജീവിതശൈലികൾ സ്വീകരിക്കാൻ ലോകമെമ്പാടുമുള്ള വ്യക്തികളെയും സമൂഹങ്ങളെയും ഈ സംരംഭം പ്രചോദിപ്പിക്കുന്നുവെന്നും പറഞ്ഞു.
ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, നിർമ്മിതബുദ്ധി, സാങ്കേതിക നവീകരണം എന്നിവയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, സാങ്കേതികവിദ്യ മനുഷ്യരാശിയുടെ സേവനത്തിനായിരിക്കണമെന്നും ഭരണഘടനാ മൂല്യങ്ങളാൽ നയിക്കപ്പെടണമെന്നും ഊന്നിപ്പറഞ്ഞു. നവീകരണം പൗരന്മാരെ ശാക്തീകരിക്കുകയും സുതാര്യത ശക്തിപ്പെടുത്തുകയും അവസരങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഈ യാത്രയിൽ സർവ്വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, നിയമവിദ്യാഭ്യാസം കേവലം തൊഴിൽപരമായ വൈദഗ്ധ്യത്തിൽ ഒതുങ്ങരുതെന്നും അതിനപ്പുറത്തേക്ക് വളരണമെന്നും പറഞ്ഞു. ഭരണഘടനാപരമായ അവബോധം, ധാർമ്മിക നേതൃത്വം, വിമർശനാത്മക ചിന്ത, സാമൂഹിക യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ വളർത്തിയെടുക്കാൻ നിയമവിദ്യാഭ്യാസത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
യുക്തിസഹമായ സംവാദങ്ങളിൽ ഏർപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങൾക്ക് ക്രിയാത്മകമായ സംഭാവനകൾ നൽകുകയും ചെയ്യുന്ന അറിവും ഉത്തരവാദിത്തബോധവുമുള്ള പൗരന്മാരായി മാറാൻ ശ്രീ സി. പി. രാധാകൃഷ്ണൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. വികസിത ഇന്ത്യ @2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ ഭരണഘടനാ മൂല്യങ്ങൾ രാജ്യത്തിൻ്റെ പുരോഗതിയുടെ അടിത്തറയായി തുടരണമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മൂല്യങ്ങൾ പിന്തുടരുന്നതിലൂടെയും ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിലൂടെയും ഭരണഘടനയെ ശക്തിപ്പെടുത്താൻ എല്ലാവരോടും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.
കേന്ദ്ര നിയമ-നീതി, പാർലമെൻ്ററികാര്യ സഹമന്ത്രി ശ്രീ അർജ്ജുൻ റാം മേഘ്വാൾ, അറ്റോർണി ജനറൽ ശ്രീ ആർ. വെങ്കിട്ടരമണി, ബെന്നറ്റ് സർവ്വകലാശാല ചാൻസലറും ടൈംസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ശ്രീ വിനീത് ജെയിൻ, ബെന്നറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. രാജ് സിംഗ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
***