ഭിന്നശേഷിക്കാർക്കും ചലനശേഷി പരിമിതമായ വ്യക്തികൾക്കും ഉൾപ്പെടെ എല്ലാ സിനിമാപ്രേമികൾക്കും 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള(IFFI) കൂടുതൽ പ്രാപ്യവും ഉൾച്ചേർന്നതുമാക്കുന്നതിനായി നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (NFDC), 'സ്വയം' (svayam )സംഘടനയുമായിപങ്കാളിത്തത്തിൽ ഏർപ്പെട്ടു. 55-ാമത് IFFI-യിലും 18-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും (MIFF) നടത്തിയ പങ്കാളിത്തങ്ങൾക്ക് ശേഷം ഇരു സ്ഥാപനങ്ങളും തമ്മിലുള്ള മൂന്നാമത്തെ സഹകരണ സംരംഭമാണിത്.
ഭിന്നശേഷിക്കാർക്കായുള്ള പങ്കാളിത്ത (accessibility ) സ്ഥാപനം എന്ന നിലയിൽ, മേളയുടെ വിവിധ വേദികളിൽ 'സ്വയം', പ്രാപ്യതാ ഓഡിറ്റുകൾ നടത്തിവരികയാണ്. സന്ദർശകർക്ക് കൂടുതൽ സുരക്ഷിതവും സുഖകരവും സ്വതന്ത്രവുമായ പ്രവേശനം ഉറപ്പാക്കുന്നതിനായി എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ കണ്ടെത്തുകയും ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ പങ്കാളിത്തത്തിൻ്റെ ഭാഗമായി, ഭിന്നശേഷിയെയും പ്രാപ്യതയെയും കുറിച്ച് മേളയുടെ സന്നദ്ധപ്രവർത്തകർക്കായി ബോധവൽക്കരണ ശിൽപ്പശാലകളും സംഘടിപ്പിക്കും. മാന്യമായ ആശയവിനിമയം, സമഗ്ര സഹായം, വ്യത്യസ്ത ഭിന്നശേഷിയുള്ള വ്യക്തികളുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ എന്നിവയിൽ ഈ സെഷനുകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
ഭിന്നശേഷിക്കാരും ചലനശേഷി പരിമിതമായ വ്യക്തികളും ദൈനംദിന ജീവിതത്തിൽ നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി സന്ദർശകർക്കും മേളയുമായി ബന്ധപ്പെട്ട പങ്കാളികൾക്കും സംവേദനാത്മക അവസരം നൽകുന്നതിന് പ്രത്യേക ആക്സസിബിലിറ്റി സിമുലേഷൻ സോൺ ഒരുക്കും. എല്ലാവർക്കും പ്രാപ്യമായ പൊതുസ്ഥലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അവബോധവും സഹാനുഭൂതിയും ധാരണയും വളർത്തുകയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.
“പ്രാപ്യത എന്നത് റാമ്പുകൾ നിർമിക്കുന്നതിലോ പൊതു ഇടങ്ങളെ തടസ്സരഹിതമാക്കുന്നതിലോ മാത്രം ഒതുങ്ങുന്നതല്ല; ഓരോ വ്യക്തിക്കും സമൂഹത്തിൽ തുല്യമായി പങ്കെടുക്കാനുള്ള അന്തസ്സും സ്വാതന്ത്ര്യവും അവസരവും ഉറപ്പാക്കുക എന്നതാണ് അതിൻ്റെ അർത്ഥം. മനുഷ്യരെ ഒരുമിച്ച് കൊണ്ടുവരുകയും അതിരുകൾ മറികടക്കുകയും വൈവിധ്യമാർന്ന മാനുഷിക അനുഭവങ്ങളെ ആഘോഷിക്കുകയും ചെയ്യുന്ന ശക്തമായ ഒരു മാധ്യമമാണ് സിനിമ. അതിനാൽ ചലച്ചിത്രമേളകളും എല്ലാവരെയും ഒരുപോലെ സ്വാഗതം ചെയ്യുകയും എല്ലാവർക്കും പ്രാപ്യവുമായിരിക്കേണ്ടത് അനിവാര്യമാണ്. 57-ാമത് IFFI-ക്കായി NFDC-യുമായി ഞങ്ങൾ പങ്കുവെയ്ക്കുന്ന സഹകരണം, ഉൾച്ചേർക്കലിനെ മേളാ അനുഭവത്തിൻ്റെ അവിഭാജ്യഘടകമാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്. പ്രായം, താൽക്കാലിക പരിക്ക്, അല്ലെങ്കിൽ സ്ഥിരമായ ഭിന്നശേഷി എന്നിവ കാരണം ഉണ്ടാകുന്ന ചലനശേഷിപരിമിതി സിനിമആസ്വാദനത്തിന് തടസ്സമാകാത്ത ഒരു IFFI ആണ് ഞങ്ങളുടെ കാഴ്ചപ്പാട്.”പങ്കാളിത്തത്തെക്കുറിച്ച് ' സ്വയം' മാനേജിംഗ് ഡയറക്ടർ ശ്രീമതി സ്മിനു ജിൻഡാൽ അഭിപ്രായപ്പെട്ടു.
ഈ സംരംഭത്തിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് NFDC മാനേജിംഗ് ഡയറക്ടർ ശ്രീ ധീരജ് സിംഗ് ഇപ്രകാരം പറഞ്ഞു:“സിനിമയുടെ സാർവത്രിക ഭാഷയെ ആഘോഷിക്കുന്ന വേദിയാണ്ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള. ഈ ആഘോഷം യഥാർത്ഥത്തിൽ എല്ലാവർക്കും പ്രാപ്യമാകേണ്ടത് പ്രധാനമാണ്. 57-ാമത് IFFI കൂടുതൽ പ്രാപ്യവും ഉൾച്ചേർന്നതും എല്ലാവരെയും സ്വാഗതം ചെയ്യുന്നതുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് 'സ്വയം' -മായുള്ള ഞങ്ങളുടെ പങ്കാളിത്തം. ഭിന്നശേഷിക്കാർക്ക്പ്രാപ്യമായ വേദികളിലൂടെയും പരിശീലനം ലഭിച്ച, അവബോധമുള്ള സന്നദ്ധപ്രവർത്തകരിലൂടെയും എല്ലാവർക്കും അന്തസ്സോടെയും സൗകര്യത്തോടെയും സ്വതന്ത്രമായും മേളയിൽ പങ്കെടുക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഏവരെയും ഉൾച്ചേർക്കുന്ന ഇന്ത്യയുടെ സാംസ്കാരിക, ചലച്ചിത്ര പരിപാടികൾക്ക് ഈ സംരംഭം അർത്ഥവത്തായ ഒരു മാതൃകയായി മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രമേളയെ യഥാർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സിനിമാ ആഘോഷമാക്കി മാറ്റുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഈ സഹകരണം. ഭിന്നശേഷിക്കാർക്കും ചലനശേഷി പരിമിതമായ വ്യക്തികൾക്കും അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും പങ്കെടുക്കാനും പരസ്പരം ആശയവിനിമയം നടത്താനും കഥാഖ്യാനത്തിൻ്റെ ശക്തി അനുഭവിക്കാനും കഴിയുമെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.
****