57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) പ്രശസ്ത സിംഗപ്പൂര്‍ ചലച്ചിത്ര സംവിധായകന്‍ ആന്തണി ചെന്‍ ഒരുക്കിയ ശ്രദ്ധേയമായ ഫീച്ചര്‍ ചിത്രമായ 'വി ആര്‍ ഓള്‍ സ്ട്രെയിഞ്ചേഴ്‌സ് ' പ്രദര്‍ശിപ്പിച്ചുകൊണ്ട് സമാപിക്കും. 2026-ല്‍ സിംഗപ്പൂരില്‍ നിര്‍മിച്ച ഈ ചിത്രം മേളയുടെ സമാപന ചിത്രമായി പ്രദര്‍ശിപ്പിക്കും. മനുഷ്യബന്ധങ്ങള്‍, കുടുംബബന്ധങ്ങള്‍, സമകാലിക ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ചലച്ചിത്ര അനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
സമകാലിക സിംഗപ്പൂരിന്റെ വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന വി ആര്‍ ഓള്‍ സ്ട്രെയിഞ്ചേഴ്‌സ് 21-കാരനായ ജുന്‍യാങ്ങിനെ കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. അവന്റെയും കാമുകിയുടെയും ബന്ധത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ് ഉണ്ടാകുന്നതോടെ, അവര്‍ കരുതിയതിലും വളരെ നേരത്തെ തന്നെ ജീവിതത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളെ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതേസമയം, കഠിനാധ്വാനിയായ ജുന്‍യാങ്ങിന്റെ പിതാവിന്റെ ജീവിതത്തിലേക്ക് ഊര്‍ജസ്വലയായ ഒരു സ്ത്രീയുടെ വരവ് അച്ഛനും മകനും തമ്മില്‍ പ്രകടമാക്കാതെ സൂക്ഷിച്ചിരുന്ന സമതുലിത ബന്ധത്തില്‍ സൂക്ഷ്മമായ മാറ്റം വരുത്തുന്നു. ശ്രദ്ധേയമായ അഭിനയത്തിന്റെ പിന്‍ബലത്തില്‍, ഈ സമാന്തര യാത്രകളെ ചിത്രം ഇഴചേര്‍ക്കുന്നു. സ്‌നേഹം, നഷ്ടം, ഉത്തരവാദിത്വബോധം എന്നിവയിലൂടെ രണ്ട് തലമുറകള്‍ സഞ്ചരിക്കുമ്പോള്‍, കുടുംബത്തിലെ സ്വന്തം ബന്ധുക്കളും അവര്‍ സ്വയം തിരഞ്ഞെടുക്കുന്ന മനുഷ്യരും തമ്മിലുണ്ടാകുന്ന സൂക്ഷ്മമായ ബന്ധങ്ങളും അതിരുകളും പുതുതായി നിര്‍വചിക്കപ്പെടുന്നു.
ആന്തണി ചെന്റെ പ്രശസ്തമായ 'ഗ്രോയിങ് അപ്പ് ' ത്രയത്തിലെ ഏറ്റവും പുതിയ അധ്യായമാണ് ' വി ആര്‍ ഓള്‍ സ്ട്രെയിഞ്ചേഴ്‌സ് '. ആദ്യ ചിത്രമായ ഇലോ ഇലോ (2013)-യിലൂടെ കാന്‍സ് ക്യാമറ ദോര്‍ പുരസ്‌കാരം നേടി. തുടര്‍ന്ന് വെറ്റ് സീസണ്‍ എന്ന ചിത്രത്തിലും തുടര്‍ന്ന സഹാനുഭൂതിപൂര്‍ണവും സൂക്ഷ്മനിരീക്ഷണപരവുമായ കഥാഖ്യാന ശൈലിയാണ് ഈ ചിത്രത്തിലും അദ്ദേഹം മുന്നോട്ടുകൊണ്ടുപോകുന്നത്. ഗോവയിലെ പ്രദര്‍ശനത്തിന് മുമ്പ്, 2026-ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മെല്‍ബണ്‍, ഹെല്‍സിങ്കി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം നിരൂപക പ്രശംസ നേടി.
കേന്ദ്ര ഗവണ്‍മെന്റിന്റെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനും (NFDC) ഗോവയിലെ എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവയുമായി (ESG) സഹകരിച്ച് സംഘടിപ്പിക്കുന്ന 57-ാമത് IFFI, 2026 നവംബര്‍ 20 മുതല്‍ 28 വരെ പനജിയില്‍ നടക്കും. 'സീമാതീതമായ കഥകള്‍ ' എന്ന പ്രമേയത്തില്‍ നടക്കുന്ന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ചലച്ചിത്ര ശബ്ദങ്ങളും കഥകളും ഇവിടെ സംഗമിക്കും.
***