ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ന്യൂഡല്‍ഹിയിലെ വര്‍ദ്ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജിന്റെയും സഫ്ദര്‍ജംഗ് ആശുപത്രിയുടെയും രജതജൂബിലി ആഘോഷങ്ങളിലും എട്ടാമത് വാര്‍ഷിക ബിരുദദാന ചടങ്ങിലും ഉപരാഷ്ട്രപതി പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 18 NOV 2026 6:58PM by PIB Thiruvananthpuram

വര്‍ദ്ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജിന്റെയും (VMMC) സഫ്ദര്‍ജംഗ് ആശുപത്രിയുടെയും രജതജൂബിലി ആഘോഷങ്ങളിലും എട്ടാമത് വാര്‍ഷിക ബിരുദദാന ചടങ്ങിലും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍, മികച്ച വിജയം കൈവരിച്ച ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം മെഡലുകള്‍ വിതരണം ചെയ്തു.

 



 

വൈദ്യശാസ്ത്ര വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ 25 വര്‍ഷത്തെ സമര്‍പ്പിത സേവനം പൂര്‍ത്തിയാക്കിയ വി.എം.എം.സി-സഫ്ദര്‍ജംഗ് ആശുപത്രി കുടുംബത്തെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. നേടിയെടുത്ത വിശ്വാസത്തെയും, സ്പര്‍ശിച്ച ജീവിതങ്ങളെയും, സൃഷ്ടിച്ച അറിവുകളെയും, നല്‍കിയ സേവനങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് ഈ 25 വര്‍ഷത്തെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തിന്റെയും രോഗശാന്തിയുടെയും രാഷ്ട്രനിര്‍മ്മാണത്തിന്റെയും മഹത്തായ പാരമ്പര്യത്തിന്റെ ആഘോഷമാണിതെന്നും ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു.

ഇന്ത്യയുടെ ആരോഗ്യ-വൈദ്യശാസ്ത്ര വിദ്യാഭ്യാസ മേഖലകളിലുണ്ടായ ശ്രദ്ധേയമായ വളര്‍ച്ചയെക്കുറിച്ച് പരാമര്‍ശിച്ച ഉപരാഷ്ട്രപതി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിലും കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദയുടെ ചടുലമായ പ്രവര്‍ത്തനങ്ങളിലും രാജ്യം വന്‍ പുരോഗതി കൈവരിച്ചതായി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വ്യാപ്തിയും രാജ്യത്തെ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുമാണ് ഈ വികസനം പ്രതിഫലിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, വൈദ്യശാസ്ത്ര വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മെഡിക്കല്‍ ബിരുദം അടിസ്ഥാനപരമായി മാനവരാശിയോടുള്ള പ്രതിബദ്ധതയാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, മെച്ചപ്പെടുത്തിയ ജീവിതങ്ങളിലും സംരക്ഷിക്കപ്പെട്ട അന്തസ്സിലുമാണ് ഒരു ഡോക്ടറുടെ യഥാര്‍ത്ഥ മൂല്യം കുടികൊള്ളുന്നതെന്ന് വ്യക്തമാക്കി. തങ്ങളുടെ വൈദഗ്ധ്യത്തിനൊപ്പം സഹാനുഭൂതി ഉണ്ടായിരിക്കണമെന്നും, തീരുമാനങ്ങളെ സത്യസന്ധത നയിക്കണമെന്നും, ശാസ്ത്രീയ മനോഭാവം തങ്ങളുടെ ഔദ്യോഗിക ജീവിതത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം യുവ ഡോക്ടര്‍മാരോട് ആഹ്വാനം ചെയ്തു.

ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള മാനുഷിക ബന്ധത്തിന് ഒരിക്കലും സാങ്കേതികവിദ്യ പകരമാകരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സാമ്പത്തിക സ്ഥിതിയോ സാമൂഹിക പശ്ചാത്തലമോ നോക്കാതെ ക്ഷമയോടെ കേള്‍ക്കാനും സത്യസന്ധമായി ആശയവിനിമയം നടത്താനും ഓരോ വ്യക്തിയെയും അന്തസ്സോടെ പരിഗണിക്കാനും അദ്ദേഹം ബിരുദധാരികളോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച 'വികസിത ഭാരതം @ 2047' എന്ന കാഴ്ചപ്പാടിനെക്കുറിച്ച് പരാമര്‍ശിക്കവേ, ആരോഗ്യവും വിദ്യാഭ്യാസവും ഉള്ള ശക്തരായ ഒരു സമൂഹമായിരിക്കും ഇന്ത്യയുടെ ദേശീയ പുരോഗതിയുടെ അടിത്തറയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വികസിത ഭാരതം എന്നാല്‍ ആരോഗ്യകരമായ ഒരു ഇന്ത്യ ( 'സ്വസ്ഥ ഭാരതം') കൂടിയായിരിക്കണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗുണനിലവാരമുള്ള ആരോഗ്യപരിപാലനം എല്ലാവര്‍ക്കും പ്രാപ്യവും താങ്ങാനാവുന്നതുമാക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ പ്രതിഫലിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ബിരുദം നേടി പുറത്തിറങ്ങുന്ന യുവ ഡോക്ടര്‍മാര്‍ തങ്ങളുടെ എല്ലാ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും 'രാഷ്ട്രം ആദ്യം'  എന്ന തത്വം മുറുകെപ്പിടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രോഗം ശാന്തമാക്കാനും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും തങ്ങളുടെ അറിവ് സമര്‍പ്പിക്കാന്‍ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും 'ലഹരി അരുത് ' എന്ന മുദ്രാവാക്യം മുറുകെപ്പിടിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.

വി.എം.എം.സി (VMMC) ഭഗവാന്‍ മഹാവീരന്റെ നാമധേയത്തിലുള്ള സ്ഥാപനമാണെന്ന് അനുസ്മരിച്ച ഉപരാഷ്ട്രപതി, 'ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക' എന്ന അദ്ദേഹത്തിന്റെ തത്വചിന്ത വൈദ്യശാസ്ത്ര മേഖലയുടെ മഹത്തായ ദൗത്യവുമായി ആഴത്തില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ഭഗവാന്‍ മഹാവീരന്റെ കരുണ, മാനവികത, നിസ്വാര്‍ത്ഥ സേവനം എന്നീ ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കാന്‍ അദ്ദേഹം ബിരുദധാരികളോട് ആഹ്വാനം ചെയ്തു.

ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉപരാഷ്ട്രപതി 'ലഹരി വിരുദ്ധ പ്രതിജ്ഞ' എടുത്തു.
സ്ഥാപനത്തിന്റെ രജതജൂബിലി സ്മരണികയായ കോഫി ടേബിള്‍ ബുക്കും അദ്ദേഹം പ്രകാശനം ചെയ്തു.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, രാസവളം വകുപ്പ് മന്ത്രി ജഗത് പ്രകാശ് നദ്ദ, ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ ഡോ. എല്‍. ജി. കൃഷ്ണ, വി.എം.എം.സിയുടെയും സഫ്ദര്‍ജംഗ് ആശുപത്രിയുടെയും ഡയറക്ടര്‍ ഡോ. കവിത റാണി ശര്‍മ്മ, പ്രിന്‍സിപ്പല്‍ ഡോ. ഗീതിക ഖന്ന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

 

 

***


( റിലീസ് ഐ.ഡി: 2338237) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Gujarati , Tamil