രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ICMR) കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിന്റെ (NIMR) ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങക്ക് രാഷ്ട്രപതി തുടക്കം കുറിച്ചു

പോസ്റ്റഡ് ഓണ്‍: 17 NOV 2026 2:58PM by PIB Thiruvananthpuram

ഗവേഷണം, സഹകരണം, നൂതന ആശയങ്ങൾ എന്നിവയിലൂടെ വികസിത ഭാരതത്തിന്റെ ആരോഗ്യമേഖലയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഐ.സി.എം.ആർ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയും: രാഷ്ട്രപതി ദ്രൗപദി മുർമു

 

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 നവംബർ 17) ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു.

 

ഇന്ത്യയടക്കം ലോകത്തെ പല രാജ്യങ്ങളിലും മലേറിയ ദീർഘകാലമായി ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് രാജ്യം നേരിട്ടിരുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിൽ ഒന്നായിരുന്നു ഇത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മലേറിയ നിയന്ത്രണത്തിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചത് ഏറെ സന്തോഷകരമാണ്. മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ, ആധുനിക രോഗനിർണ്ണയ രീതികൾ, ഫലപ്രദമായ മരുന്നുകൾ, കൊതുക് നിയന്ത്രണ ക്യാമ്പെയ്‌നുകൾ, പൊതുജന പങ്കാളിത്തം എന്നിവ ഈ രോഗത്തിന്റെ വ്യാപനം തടയുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

 

മലേറിയ നിർമ്മാർജ്ജനത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് ആഗോള അംഗീകാരം ലഭിച്ചിട്ടുണ്ട്. 2024-ൽ ലോകാരോഗ്യ സംഘടനയുടെ 'ഹൈ ബർഡൻ ടു ഹൈ ഇംപാക്ട്' വിഭാഗത്തിൽ നിന്ന് ഇന്ത്യ പുറത്തുകടന്നു. നമ്മുടെ പൊതുജനാരോഗ്യ പദ്ധതികൾ, ശാസ്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, പൗരന്മാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം സാധ്യമായത്. മലേറിയയ്‌ക്കെതിരായ ഈ നീണ്ട പോരാട്ടത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച് നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി മലേറിയ പരാദങ്ങൾ, കൊതുകുകൾ, രോഗവാഹക നിയന്ത്രണം, കീടനാശിനി പ്രതിരോധം, സമൂഹാധിഷ്ഠിത നിരീക്ഷണം തുടങ്ങിയ മേഖലകളിൽ സ്ഥാപനം മാതൃകാപരമായ ഗവേഷണങ്ങൾ നടത്തിവരികയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

 

കാലാവസ്ഥാ വ്യതിയാനം, ആസൂത്രണമില്ലാത്ത നഗരവൽക്കരണം, കീടനാശിനികളോടുള്ള കൊതുകുകളുടെ വർദ്ധിച്ചുവരുന്ന പ്രതിരോധശേഷി തുടങ്ങിയ പുതിയ വെല്ലുവിളികൾ മലേറിയ നിർമ്മാർജ്ജനത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരുടെ പരിശ്രമം കൊണ്ട് മാത്രം മലേറിയ വ്യാപനം തടയാനാവില്ല. വെള്ളം കെട്ടിനിൽക്കുന്നത് തടയുക, കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നയരൂപകർത്താക്കളും ശാസ്ത്രസമൂഹവും ഈ ദിശയിൽ കൂട്ടായ പരിശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.

 

സമീപ വർഷങ്ങളിൽ ഡെങ്കിപ്പനിയും രാജ്യത്ത് ഒരു പ്രധാന വെല്ലുവിളിയായി ഉയർന്നുവന്നിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ആഗോളതാപനവും കാലവർഷ രീതികളിലുണ്ടാകുന്ന മാറ്റങ്ങളും കാരണം ഈ വെല്ലുവിളി കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്. ക്ഷയം, കുഷ്ഠം, കാലാ-അസർ തുടങ്ങിയ രോഗങ്ങൾക്കെതിരായ നമ്മുടെ പോരാട്ടത്തിന് ഐ.സി.എം.ആർ നടത്തിയ ഗവേഷണങ്ങളും പഠനങ്ങളും കൃത്യമായ ദിശാബോധം നൽകിയിട്ടുണ്ട്.

ദേശീയ ആരോഗ്യ പദ്ധതികൾ രൂപപ്പെടുത്തുന്നതിലും ഐ.സി.എം.ആർ നിർണ്ണായക പങ്കുവഹിച്ചു. കോവിഡ്-19 മഹാമാരിയുടെ കാലത്ത്, റെക്കോർഡ് വേഗത്തിൽ രാജ്യവ്യാപകമായി പരിശോധനാ ശൃംഖല സ്ഥാപിക്കാനും ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ്-19 വാക്സിൻ വികസിപ്പിക്കുന്നതിൽ പങ്കാളിയാകാനും ഐ.സി.എം.ആറിന് സാധിച്ചു. ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ കണ്ടെത്തുന്നതിലും പ്രതിരോധിക്കുന്നതിലും ഐ.സി.എം.ആർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

 

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ കഴിഞ്ഞകാല നേട്ടങ്ങളെക്കുറിച്ച് ഓർക്കാനും അഭിമാനിക്കാനുമുള്ള സമയം മാത്രമല്ലെന്നും ഭാവിയിലേക്കുള്ള നിർണ്ണായക ലക്ഷ്യങ്ങൾ നിശ്ചയിക്കാനുള്ള അവസരം കൂടിയാണെന്നും രാഷ്ട്രപതി പറഞ്ഞു. 2047-ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യവുമായാണ് നാം മുന്നോട്ട് പോകുന്നത്. ആരോഗ്യകരവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു രാജ്യ നിർമ്മിതിക്ക് ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക-ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ, വ്യാവസായിക മേഖല എന്നിവ തമ്മിലുള്ള ശക്തമായ സഹകരണം അത്യന്താപേക്ഷിതമാണ്.

ഇത്തരത്തിലുള്ള സഹകരണം വളർത്തിയെടുക്കുന്നതിൽ ഐ.സി.എം.ആർ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയും. ഗവേഷണം, സഹകരണം, നൂതന ആശയങ്ങൾ എന്നിവയിലൂടെ വികസിത ഭാരതത്തിന്റെ ആരോഗ്യമേഖലയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഐ.സി.എം.ആറും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും വലിയ സംഭാവനകൾ നൽകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു വ്യക്തമാക്കി.

Click here to see President's speech in Hindi

*****

 


( റിലീസ് ഐ.ഡി: 2337620) സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Tamil