പോസ്റ്റഡ് ഓണ്:
13 NOV 2026 3:58PM by PIB Thiruvananthpuram
ബെംഗളൂരുവിലെ എന്റെ സഹോദരീസഹോദരന്മാർക്ക് നമസ്കാരം! കർണാടക ഗവർണർ സുധാ യാദവ് ജി, മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ജി, സംസ്ഥാന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ജി, ബെംഗളൂരുവിൽ നിന്ന് നിങ്ങൾ തിരഞ്ഞെടുത്തയച്ച മിടുക്കനായ യുവനേതാവും ലോക്സഭയിലെ എന്റെ സഹപ്രവർത്തകനുമായ തേജസ്വി സൂര്യ ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളേ, മഹതികളേ, മാന്യരേ
നമ്മുടെ ഗവർണർ സുധാ യാദവ് ജിയോടൊപ്പം ഒരു പരിപാടിയിൽ വേദി പങ്കിടാൻ എനിക്ക് അവസരം ലഭിക്കുന്നത് ഇതാദ്യമായാണ്. ഒരുപക്ഷേ കർണാടകയിലെ ജനങ്ങൾക്ക് അവരെ ഇതുവരെ പൂർണ്ണമായി പരിചയമുണ്ടായിരിക്കില്ല. എന്നാൽ അവരുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. രാഷ്ട്രസേവനം എന്നാൽ എന്താണ്? രാജ്യത്തോടുള്ള സമർപ്പണം എന്നാൽ എന്താണ്? സുധാ ജിയുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതത്തിൽ നിന്ന് നമുക്കിത് പഠിക്കാനാകും. കാർഗിൽ യുദ്ധം നടക്കുമ്പോൾ അവരുടെ ഭർത്താവ് യുദ്ധത്തിൽ വീരമൃത്യു വരിച്ചു. അതിനുശേഷവും, ഭർത്താവിന്റെ സ്മരണാർത്ഥം ഭാരതമാതാവിനെ സേവിക്കാനുള്ള തന്റെ ദൃഢനിശ്ചയം അവർ മുറുകെ പിടിക്കുകയും ഇന്നും സേവനമനോഭാവത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നു. വർഷങ്ങളോളം പാർലമെന്റിൽ സേവനമനുഷ്ഠിച്ച അവർ, നിരവധി സുപ്രധാന വിഷയങ്ങളിൽ രാജ്യത്തിന് വഴികാട്ടിയായി. ഇന്ന്, കർണാടകയുടെ മണ്ണിൽ നിന്നുകൊണ്ട്, കർണാടകയിലെ ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി അവർ സംഭാവനകൾ നൽകുകയാണ്. സുധാ ജിക്ക് ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
ആദ്യമായി, ബെംഗളൂരുവിന്റെ അധിഷ്ഠാന ദേവതയായ അന്നമ്മ തായിക്കും നാദപ്രഭു കെംപെഗൗഡ ജിക്കും ഞാൻ ആദരപൂർവ്വം പ്രണാമം അർപ്പിക്കുന്നു. ബെംഗളൂരുവിന്റെയും കർണാടകയുടെയും വികസന യാത്രയ്ക്ക് ഈ ദിവസം പുതിയൊരു ഉണർവ് നൽകാൻ പോകുകയാണ്. ഗതാഗത സൗകര്യങ്ങളുമായും (കണക്റ്റിവിറ്റി) ഊർജ്ജ സുരക്ഷയുമായും ബന്ധപ്പെട്ട 15,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് ഇന്ന് ഇവിടെ തുടക്കം കുറിക്കുകയാണ്. മെട്രോ, റെയിൽവേ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ മുതൽ ഊർജ്ജ സുരക്ഷയ്ക്കായുള്ള സംരംഭങ്ങൾ വരെ, ഈ പദ്ധതികളെല്ലാം കർണാടകയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ കരുത്ത് പകരും.
സുഹൃത്തുക്കളേ,
ഏതൊരു രാജ്യത്തിന്റെയും വികസന യാത്രയിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. മികച്ച ഗതാഗത സൗകര്യങ്ങൾ പുരോഗതിക്കും തൊഴിലിനും വ്യവസായങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. വികസനത്തിന്റെ ഈ അവസരങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുമ്പോൾ, ദാരിദ്ര്യത്തിനെതിരായ പോരാട്ടവും കൂടുതൽ ശക്തമാകുന്നു. ഇതിന്റെ ഫലമായി, സമീപ വർഷങ്ങളിൽ രാജ്യത്തെ ഏകദേശം 50 കോടി പൗരന്മാർ അതിദാരിദ്ര്യത്തിൽ നിന്ന് മോചിതരായിട്ടുണ്ട്. ഇന്ന് തുടക്കം കുറിക്കുന്ന പദ്ധതികളും ഈ വികസന യാത്രയെ മുന്നോട്ട് കൊണ്ടുപോകും. വികസിത കർണാടകയുടെ വികസനത്തിനും, വികസിത കർണാടകയിലൂടെ വികസിത ഭാരതത്തിന്റെ നിർമ്മാണത്തിനും ഇവ പുതിയൊരു ഉണർവ് നൽകും. ഒരു ടെക് സിറ്റി എന്ന നിലയിലുള്ള ബെംഗളൂരുവിന്റെ വ്യക്തിത്വത്തിന് ഇവ കൂടുതൽ കരുത്ത് പകരുകയും ചെയ്യും. ഈ എല്ലാ പദ്ധതികൾക്കുമായി കർണാടകയിലെ ജനങ്ങൾക്ക് ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
അല്പസമയം മുമ്പ്, ബെംഗളൂരു മെട്രോയുടെ പുതിയ പിങ്ക് ലൈൻ ബെംഗളൂരുവിലെ ജനങ്ങൾക്കായി സമർപ്പിച്ചു. ഈ പുതിയ മെട്രോ ലൈനിലൂടെ ഐ.ഐ.എം ബെംഗളൂരുവിലേക്കും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടും. കൂടാതെ, ബെംഗളൂരുവിലെ പ്രധാന ബിസിനസ്സ്, സാങ്കേതിക, വാണിജ്യ കേന്ദ്രങ്ങളായി അറിയപ്പെടുന്ന പല പ്രദേശങ്ങളെയും മെട്രോ ബന്ധിപ്പിക്കും. ഇതിനർത്ഥം ബെംഗളൂരുവിലെ ലക്ഷക്കണക്കിന് ആളുകൾക്ക് യാത്രാസൗകര്യം വർദ്ധിക്കുക മാത്രമല്ല, പണവും സമയവും ലാഭിക്കാനും സാധിക്കും എന്നതാണ്.
സുഹൃത്തുക്കളേ,
അന്തരിച്ച അനന്ത് കുമാർ ജിയുടെ ചരമവാർഷികമായിരുന്നു ഇന്നലെ. ഈ പ്രദേശത്തോട് അദ്ദേഹത്തിന് പ്രത്യേകമായൊരു ആത്മബന്ധമുണ്ടായിരുന്നു. ഇന്ന് ഈ മെട്രോ ലൈൻ കാണുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവും തീർച്ചയായും സന്തോഷിക്കുന്നുണ്ടാകും. അദ്ദേഹത്തിന് ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സുഹൃത്തുക്കളേ,
ബെംഗളൂരു ഇന്ത്യയുടെ സിലിക്കൺ വാലിയാണ്. രാജ്യത്തിന്റെ ഐ.ടി കയറ്റുമതിയുടെ മൂന്നിലൊന്നിലധികം സംഭാവന ചെയ്യുന്നത് ഈ നഗരമാണ്. ഇന്ത്യയുടെ നവീകരണത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും ഒരു പ്രധാന ചാലകശക്തിയാണ് ഈ നഗരം. അതിനാൽ, മുഴുവൻ ബെംഗളൂരു മേഖലയുടെയും ദ്രുതഗതിയിലുള്ള വികസനവും ആധുനിക പൊതുഗതാഗത സംവിധാനങ്ങളുടെ വിപുലീകരണവും കേന്ദ്ര സർക്കാരിന്റെ പ്രധാന മുൻഗണനകളാണ്. ഈ കാഴ്ചപ്പാടോടെയാണ് കേന്ദ്ര സർക്കാർ 'നമ്മ മെട്രോ'യുടെ വിപുലീകരണത്തിന് പിന്തുണ നൽകുന്നത്. 2014-ൽ നമ്മ മെട്രോയ്ക്ക് വെറും 17 കിലോമീറ്റർ നീളം മാത്രമാണുണ്ടായിരുന്നത്. ഇന്ന് അതിന്റെ ആകെ ശൃംഖല 100 കിലോമീറ്ററിലധികമായി വളർന്നിരിക്കുന്നു. നമ്മൾ തുടർച്ചയായി സെഞ്ച്വറികൾ നേടിക്കൊണ്ടിരിക്കുകയാണ്. ശിവകുമാർ ജി, ഞാൻ അങ്ങയോട് പറയുകയായിരുന്നു: ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാരുടെ എണ്ണത്തിലും ഇന്ത്യ സെഞ്ച്വറി തികച്ചത് അങ്ങ് കേട്ടിരിക്കുമല്ലോ. ഇന്ത്യയ്ക്ക് ഇപ്പോൾ 100 ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാരുണ്ട്, അവരെല്ലാം ഈ കാലയളവിൽ തന്നെയാണ് ഉയർന്നുവന്നത്.
സുഹൃത്തുക്കളേ,
ഡൽഹി-എൻ.സി.ആർ (Delhi-NCR), മുംബൈ മെട്രോപൊളിറ്റൻ മേഖല എന്നിവയ്ക്ക് ശേഷം, 100 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മെട്രോ ശൃംഖലയുള്ള രാജ്യത്തെ മൂന്നാമത്തെ നഗരമായി ബെംഗളൂരു മാറിയിരിക്കുന്നു. 'നമ്മ മെട്രോ'യുടെ ഈ വിജയം ഒരു പദ്ധതിയിൽ മാത്രം ഒതുങ്ങുന്നതല്ല. ജീവിതസൗകര്യങ്ങളും യാത്രാസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിലുള്ള രാജ്യത്തിന്റെ പുതിയ സമീപനത്തിന്റെ ഫലമാണിത്. ഇടത്തരക്കാരായ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പരിണതഫലമാണിത്.
സുഹൃത്തുക്കളേ,
ഇന്ന് ഇന്ത്യൻ റെയിൽവേ അടിമത്ത കാലഘട്ടത്തിലെ പഴയ ചിന്താഗതികളെ പിന്നിലാക്കുകയാണ്. രാജ്യത്തെ റെയിൽവേ ഇപ്പോൾ പുതിയൊരു പൈതൃകം, പുതിയൊരു പാരമ്പര്യം സൃഷ്ടിക്കുകയാണ്. നമ്മുടെ റെയിൽവേ സ്റ്റേഷനുകൾ, നമ്മുടെ റെയിൽവേ എഞ്ചിനുകൾ, നമ്മുടെ റെയിൽവേ കോച്ചുകൾ - എല്ലാത്തിലും ഇപ്പോൾ ഇന്ത്യയുടെ തനതായ മുദ്രയും വ്യക്തിത്വവുമുണ്ട്. വന്ദേ ഭാരത് ട്രെയിനുകളും അമൃത് ഭാരത് സ്റ്റേഷനുകളും വികസിത ഭാരതത്തിന്റെ റെയിൽവേ സേവനങ്ങളുടെ നേർക്കാഴ്ചയാണ്. ചാമരാജനഗർ, ചിക്കമംഗളൂരു, സകലേഷ്പൂർ, സുബ്രഹ്മണ്യ റോഡ് സ്റ്റേഷനുകൾ ഉൾപ്പെടെ കർണാടകയിലെ അറുപതിലധികം റെയിൽവേ സ്റ്റേഷനുകൾ ഇപ്പോൾ അമൃത് ഭാരത് സ്റ്റേഷനുകളായി മാറിയിരിക്കുന്നു. ഈ സ്റ്റേഷനുകൾ കരുതലും ആധുനികതയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഇവിടെ പ്രത്യേക സൗകര്യങ്ങൾ ലഭ്യമാണ്. മുൻപ് വിമാനത്താവളങ്ങളിൽ മാത്രം ലഭ്യമായിരുന്ന അതേ സൗകര്യങ്ങൾ പാവപ്പെട്ടവർക്കും ഇടത്തരക്കാരായ കുടുംബങ്ങൾക്കും റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സുഹൃത്തുക്കളേ,
കഴിഞ്ഞ 10–12 വർഷത്തിനിടയിൽ ഇന്ത്യയുടെ റെയിൽവേ ബജറ്റ് പലമടങ്ങ് വർദ്ധിച്ചു. തേജസ്വി ജി ഇപ്പോൾ സൂചിപ്പിച്ചതുപോലെ, ഈ കാലയളവിൽ കർണാടകയുടെ റെയിൽവേ ബജറ്റും ഒൻപത് മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. ഇന്നും കർണാടകയ്ക്ക് നാല് അമൃത് സ്റ്റേഷനുകളും, പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവുമായി ബന്ധപ്പെട്ട രണ്ട് പദ്ധതികളും ലഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കർണാടകയ്ക്ക് ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ലഭിച്ചു, ഇന്ന് ഗോവയുമായി ബന്ധിപ്പിക്കുന്ന ഒരു വന്ദേ ഭാരത് ട്രെയിനും കർണാടകയ്ക്ക് ലഭിച്ചിരിക്കുന്നു. ഈ ട്രെയിനിലൂടെ മംഗളൂരുവിലെയും മുഴുവൻ തീരദേശ പാതയിലെയും ജനങ്ങൾ ഉൾപ്പെടെ കർണാടകയിലെ ആളുകൾക്ക് സെമി-ഹൈ-സ്പീഡ് ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ പുതിയൊരു അനുഭവം ലഭിക്കും.
സുഹൃത്തുക്കളേ,
ഗതാഗത സൗകര്യങ്ങൾക്കൊപ്പം തന്നെ വികസിത ഭാരതത്തിന്റെ നിർമ്മാണത്തിൽ ഊർജ്ജ സുരക്ഷയും ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇറാനും ഗൾഫ് രാജ്യങ്ങൾക്കും ചുറ്റും നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഊർജ്ജ സുരക്ഷ എത്രത്തോളം പ്രധാനമാണെന്ന് കാണിച്ചുതന്നിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഇതൊരു വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു. എന്നിരുന്നാലും, ഊർജ്ജ സുരക്ഷയ്ക്കായി കഴിഞ്ഞ ദശകത്തിൽ സ്വീകരിച്ച നടപടികൾ ഈ പ്രതിസന്ധിയെ കരുത്തോടെ നേരിടാൻ നമ്മെ സഹായിച്ചു. പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവ ഉൽപ്പാദിപ്പിക്കാനുള്ള നമ്മുടെ ശേഷി നമ്മൾ വർദ്ധിപ്പിച്ചു; ക്രൂഡ് ഓയിൽ സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിച്ചു; സൗരോർജ്ജം, ജലവൈദ്യുതി, കാറ്റിൽ നിന്നുള്ള ഊർജ്ജം എന്നിവ വ്യാപിപ്പിച്ചു; റെയിൽവേയുടെ ഏകദേശം 100 ശതമാനം വൈദ്യുതീകരണവും പൂർത്തിയാക്കി; കൂടാതെ മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. ഇന്ന് കർണാടകയിൽ തറക്കല്ലിടുകയോ ഉദ്ഘാടനം ചെയ്യുകയോ ചെയ്ത മൂന്ന് പദ്ധതികളും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് പുതിയ കരുത്ത് പകരും. മംഗളൂരുവിലെ എൽ.പി.ജി പദ്ധതി രാജ്യത്തിന്റെ എൽ.പി.ജി സംഭരണ ശേഷി 80,000 മെട്രിക് ടൺ വർദ്ധിപ്പിക്കും. ദേവനഗുണ്ടി മാർക്കറ്റിംഗ് ടെർമിനൽ പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ വിതരണം കൂടുതൽ ക്രമീകൃതവും വിശ്വസനീയവുമാക്കും. അതേസമയം, ബെംഗളൂരുവിലെ സി.ബി.ജി (CBG) പ്ലാന്റ് പ്രതിദിനം ഏകദേശം 13 ടൺ ബയോഗ്യാസ് ഉൽപ്പാദിപ്പിക്കും. ഇത് മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുകയും പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനായി ചെലവഴിക്കുന്ന പണം ലാഭിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
ഊർജ്ജ സുരക്ഷയുടെ ഒരു പ്രധാന വശം വൈദ്യുതി ഉൽപ്പാദനമാണ്. ചിപ്പുകൾ മുതൽ കപ്പലുകൾ വരെയും, എ.ഐ (AI), ഡാറ്റാ സെന്ററുകൾ എന്നിവ മുതൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് വരെയുമുള്ള പുതിയ സാങ്കേതികവിദ്യകളിൽ നേതൃത്വം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഇതിനായി രാജ്യത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാണെന്ന് ഉറപ്പാക്കാൻ നിരന്തരമായ ശ്രമങ്ങളും നടന്നുവരുന്നു. ഇന്ന് ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ശേഷി 300 ജിഗാവാട്ട് പിന്നിട്ടിരിക്കുന്നു. ശുദ്ധമായ ഊർജ്ജം കൈവരിക്കുന്നതിനായി ഇന്ത്യ ആണവോർജ്ജ നിലയങ്ങളുടെ എണ്ണവും വർദ്ധിപ്പിക്കുകയാണ്.
സുഹൃത്തുക്കളേ,
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കാരണം, ഇന്ന് ഇന്ത്യയിലെ പൗരന്മാർ വൈദ്യുതി ഉപഭോക്താക്കൾക്കൊപ്പം വൈദ്യുതി ഉൽപ്പാദകരും ആയി മാറുകയാണ്. പി.എം. സൂര്യ ഘർ മുഫ്ത് ബിജ്ലി യോജനയ്ക്ക് കീഴിൽ, രാജ്യത്തുടനീളമുള്ള 60 ലക്ഷത്തിലധികം കുടുംബങ്ങൾ അവരുടെ വീടുകളുടെ മേൽക്കൂരയിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചു. ഇതിൽ കർണാടകയിലെ 40,000-ത്തിലധികം കുടുംബങ്ങളും ഉൾപ്പെടുന്നു. ഓരോ കുടുംബത്തിനും കേന്ദ്ര സർക്കാർ ഏകദേശം 80,000 രൂപ വീതം സഹായം നൽകിയിട്ടുണ്ട്. ഓരോ കുടുംബത്തിനും. അതുപോലെ, പി.എം-കുസും (PM-KUSUM) പദ്ധതിക്ക് കീഴിൽ, കർണാടകയിലെ കർഷകർക്കായി 8 ലക്ഷത്തിലധികം സോളാർ പമ്പുകളിലൂടെ ജലസേചനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ഇതിനർത്ഥം കർണാടകയിലെ അന്നദാതാക്കൾ ഇപ്പോൾ ഊർജ്ജദാതാക്കളും ആയി മാറുകയാണ് എന്നാണ്. ഈ പദ്ധതികൾ വൈദ്യുതി ചെലവ് കുറയ്ക്കുന്നതോടൊപ്പം വരുമാനത്തിനും തൊഴിലിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഒരു രാജ്യം ഒരു ദൗത്യവുമായി മുന്നോട്ട് പോകുമ്പോൾ, ഓരോ പൗരനും വികസനത്തിന്റെ ഭാഗമാകുമ്പോൾ, നികുതിദായകർ നൽകുന്ന വിഭവങ്ങൾ വികസനത്തിനായി ശരിയായി നിക്ഷേപിക്കപ്പെടുമ്പോൾ, അതിന്റെ ഫലങ്ങളും പ്രോത്സാഹജനകവും അർത്ഥവത്തുമായിരിക്കും. 2014-ൽ, 'സബ്കാ സാത്ത്, സബ്കാ വികാസ്' (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം) എന്ന ദൃഢനിശ്ചയത്തോടെയാണ് നമ്മൾ പ്രവർത്തനം ആരംഭിച്ചത്. ഇന്ന്, ഈ ശ്രമങ്ങളുടെ ഫലമായി രാജ്യത്ത് മധ്യവർഗം വികസിക്കുകയും, പുതിയൊരു 'ആസ്പിരേഷണൽ ക്ലാസ്' (അഭിലാഷങ്ങളുള്ള ജന വിഭാഗം) ഉയർന്നുവരികയും ചെയ്യുന്നു. അഭിലാഷങ്ങൾ വളർന്നുകൊണ്ടിരിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗമാണിത്. അവർ തങ്ങളുടെ വീടിനായി ഒരു റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ആഗ്രഹിക്കുന്നു. കുടുംബത്തിനായി ഒരു സ്കൂട്ടറോ മോട്ടോർ സൈക്കിളോ ആഗ്രഹിക്കുന്നു. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും പോഷകാഹാരവും ആരോഗ്യ സൗകര്യങ്ങളും നൽകാൻ ആഗ്രഹിക്കുന്നു. വിനോദസഞ്ചാരത്തിനായി പണം ചെലവഴിക്കാനും പുതിയ അനുഭവങ്ങൾ നേടാനും ആഗ്രഹിക്കുന്നു. വളർന്നുവരുന്ന ഈ അഭിലാഷങ്ങൾ രാജ്യത്ത് പുതിയ ആവശ്യകതകൾ സൃഷ്ടിക്കുന്നു. ഓട്ടോമൊബൈൽ മുതൽ ഇലക്ട്രോണിക്സ് വരെയും, ടൂറിസം മുതൽ സേവന മേഖല വരെയും പുതിയ വ്യവസായങ്ങളും ഫാക്ടറികളും തൊഴിലവസരങ്ങളും ഉയർന്നുവരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ നവ-മധ്യവർഗം ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയുടെ ഒരു പ്രധാന ചാലകശക്തിയായി മാറുകയാണ്. കർണാടകയിലും ബെംഗളൂരുവിലും വലിയ തോതിൽ ഉള്ള ഈ നവ-മധ്യവർഗത്തിന്റെ താൽപ്പര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ മുൻഗണനകളിൽ ഉൾപ്പെടുന്നു.
സുഹൃത്തുക്കളേ,
മധ്യവർഗത്തിന്റെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും അവരുടെ കൈകളിലേക്ക് കൂടുതൽ പണമെത്തിക്കുന്നതിനുമായി കേന്ദ്ര സർക്കാർ നിരന്തരം പ്രവർത്തിച്ചുവരികയാണ്. 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തെ നമ്മൾ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി. ടി.ഡി.എസ് (TDS) നിയമങ്ങളിൽ മാറ്റം വരുത്തുന്നതിലൂടെ, മുതിർന്ന പൗരന്മാർക്കും വാടക വരുമാനം നേടുന്നവർക്കും നമ്മൾ ആശ്വാസം നൽകി. അടുത്ത തലമുറ ജി.എസ്.ടി (GST) പരിഷ്കാരങ്ങളിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചു. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസുകളുടെ ജി.എസ്.ടി ഒഴിവാക്കുന്നതിലൂടെ ഇൻഷുറൻസ് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റി.
സുഹൃത്തുക്കളേ,
മധ്യവർഗത്തിന്റെ സമ്പാദ്യം വർദ്ധിപ്പിക്കുക, അവരുടെ വാങ്ങൽ ശേഷി ശക്തിപ്പെടുത്തുക, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ പങ്കുചേരുന്നതോടൊപ്പം തന്നെ അവരുടെ കുടുംബത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് നമ്മുടെ ശ്രമം. ഇന്ന് കർണാടകയിൽ നടക്കുന്ന ഈ പരിപാടിയും ഈ വികസന യാത്രയ്ക്ക് പുതിയൊരു ഉണർവ് നൽകും. പുതിയ പദ്ധതികൾക്കായി നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി!
നിരാകരണവ്യവസ്ഥ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
-SK-