പോസ്റ്റഡ് ഓണ്‍:
16 NOV 2026 7:34PM by PIB Thiruvananthpuram
14-ാമത് ഇന്ത്യ-തായ്ലൻഡ് സംയുക്ത വ്യാപാര സമിതി (ജെ.ടി.സി) യോഗം 2026 നവംബർ 16-ന് തായ്ലൻഡിലെ നോന്തബുരി വാണിജ്യ മന്ത്രാലയത്തിൽ ചേര്‍ന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ നിതിൻ കുമാർ യാദവും തായ്ലൻഡ് വാണിജ്യ മന്ത്രാലയത്തിലെ വ്യാപാര കൂടിയാലോചനാ വകുപ്പ് ഡയറക്ടർ ജനറൽ ശ്രീമതി ചോട്ടിമ ഇംസവാസ്ദികുലും സംയുക്തമായി യോഗത്തിന് അധ്യക്ഷത വഹിച്ചു. ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
2025-26 സാമ്പത്തിക വർഷം മുൻവർഷത്തേക്കാൾ 12.6 ശതമാനം വളർച്ച രേഖപ്പെടുത്തി 21.49 ബില്യൺ യു.എസ് ഡോളറിലെത്തിയ ഉഭയകക്ഷി വ്യാപാരത്തിലെ ആശാവഹമായ മുന്നേറ്റം ഇരുപക്ഷവും വിലയിരുത്തി. ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന ആകെ വ്യാപാരത്തിന്റെ 16.7 ശതമാനവും തായ്ലൻഡുമായാണ്. വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിൽ സംയുക്ത വ്യാപാര സമിതി വഹിക്കുന്ന പങ്ക് യോഗത്തില്‍ എടുത്തുപറഞ്ഞ അധ്യക്ഷന്മാർ ഇരുവരും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വിപുലീകരിക്കാനും വിപണി പ്രവേശനം സുഗമമാക്കാനുമുള്ള പ്രതിബദ്ധത ആവർത്തിച്ചു.
അടിസ്ഥാന സൗകര്യങ്ങളും ചരക്കുനീക്കവും, വാഹനനിര്‍മാണ-വൈദ്യുത വാഹനങ്ങള്‍, ഭക്ഷ്യ സംസ്കരണവും കാർഷികാധിഷ്ഠിത വ്യവസായവും, ഇലക്ട്രോണിക്സ്-സെമികണ്ടക്ടർ, ടൂറിസം-ഹോസ്പിറ്റാലിറ്റി-ആരോഗ്യക്ഷേമം എന്നീ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ ഇന്ത്യ യോഗത്തിൽ അവതരിപ്പിച്ചു. സാമ്പത്തിക വീക്ഷണവും നിക്ഷേപ സൗകര്യ നടപടികളും പങ്കുവെച്ച തായ്ലൻഡ്, ‘സംയുക്ത നിർമ്മാണ-നിക്ഷേപ സമീപനം’ വിശദീകരിച്ചു. ഈ സമീപനത്തെ സ്വാഗതം ചെയ്ത ഇന്ത്യ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ആലോചിച്ച് ഇക്കാര്യം കൂടുതൽ പരിശോധിക്കാമെന്ന് അറിയിച്ചു.
ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാറും ഇന്ത്യ-തായ്ലൻഡ് പ്രാരംഭ വ്യാപാര ആനുകൂല്യ പദ്ധതിയും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. മുൻഗണനാ വ്യാപാരം വർദ്ധിപ്പിക്കേണ്ട മേഖലകൾ കണ്ടെത്താനും കരാർ നടപ്പാക്കുന്നതിലെ വെല്ലുവിളികൾ പരിഹരിക്കാനും ഉഭയകക്ഷി വ്യാപാര വിവരങ്ങളും മുൻഗണനാ ആനുകൂല്യങ്ങളുടെ വിനിയോഗം സംബന്ധിച്ച വിവരങ്ങളും വാർഷികാടിസ്ഥാനത്തിൽ കൈമാറുന്ന സംവിധാനത്തെക്കുറിച്ച് ഇരുപക്ഷവും ആരാഞ്ഞു. ആസിയാൻ-ഇന്ത്യ ചരക്കുവ്യാപാര കരാർ അവലോകനം ത്വരിതഗതിയിലും അർത്ഥപൂര്ണമായും പൂർത്തീകരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ഫലപ്രദമായ വിപണി പ്രവേശനം ഉറപ്പാക്കുന്നതിലും വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുമാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കാർഷിക, ക്ഷീരോല്പാദക, സമുദ്രോത്പന്ന വിപണി പ്രവേശനം, ശുചിത്വ-സസ്യാരോഗ്യ സുരക്ഷാ നടപടികളും സാക്ഷ്യപ്പെടുത്തല്‍ പ്രക്രിയകളും, ഗുണനിലവാര-നിയന്ത്രണ നിബന്ധനകൾ, തീരുവ ഇതര വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യൽ എന്നിവ ഇതിലുൾപ്പെടുന്നു.
ഔഷധ-ആരോഗ്യ പരിപാലന മേഖല, ആയുഷ്-പരമ്പരാഗത വൈദ്യശാസ്ത്രം, തുണിത്തരങ്ങൾ, പ്ലാസ്റ്റിക്-പെട്രോകെമിക്കൽസ്, രത്നങ്ങളും ആഭരണങ്ങളും, സേവന മേഖല എന്നിവയിലെ സഹകരണ സാധ്യതകള്‍ ഇരുപക്ഷവും പരിശോധിച്ചു. വ്യാപാര പ്രോത്സാഹന സംഘടനകൾ തമ്മിലെ സഹകരണവും ചർച്ചയായി.
ഇന്ത്യയുടെ യു.പി.ഐ സംവിധാനവും തായ്ലൻഡിന്റെ പ്രോംപ്റ്റ്പേയും തമ്മിൽ ബന്ധിപ്പിക്കൽ, പ്രാദേശിക കറൻസിയിലെ ഇടപാടുകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് തായ്ലൻഡും തമ്മിലെ ഫിൻടെക് സഹകരണം എന്നിവയുൾപ്പെടെ പണമിടപാട്-സാമ്പത്തിക സംയോജന സംവിധാനങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
ഇന്ത്യ-തായ്ലൻഡ് സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത യോഗം ആവർത്തിച്ച് വ്യക്തമാക്കി. ഈ മുന്നേറ്റം നിലനിർത്തുന്നതിന് അടുത്ത സംയുക്ത വ്യാപാര സമിതി യോഗത്തിന് മുന്‍പ് ചർച്ചകൾ തുടരാനും ഉദ്യോഗസ്ഥതല യോഗങ്ങൾ വിളിച്ചുചേർക്കാനും അധ്യക്ഷന്മാർ നിർദേശിച്ചു. സംയുക്ത വ്യാപാര സമിതിയുടെ അടുത്ത യോഗം ഇന്ത്യയിൽ ചേരും.


****