കൃഷി മന്ത്രാലയം
azadi ka amrit mahotsav

ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ 62-ാമത് സമ്മേളനത്തിനും മന്ത്രിതല യോഗത്തിനും 2026 നവംബര്‍ 17 മുതല്‍ 20 വരെ കൊച്ചിയില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കും

പോസ്റ്റഡ് ഓണ്‍: 16 NOV 2026 3:29PM by PIB Thiruvananthpuram

ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ (ICC) 62-ാമത് സമ്മേളനവും മന്ത്രിതല യോഗവും 2026 നവംബര്‍ 17 മുതല്‍ 20 വരെ കേരളത്തിലെ കൊച്ചിയില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കും. കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോര്‍ഡും (CDB), ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയും (ICC) സംയുക്തമായാണ് ഈ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഏഷ്യ-പസഫിക് സാമ്പത്തിക സാമൂഹിക കമ്മീഷന്റെ (UN-ESCAP) ആഭിമുഖ്യത്തില്‍ 1969-ല്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റി, നാളികേര ഉല്‍പ്പാദക രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഗവണ്‍മെന്റ് സംഘടനയാണ്. നാളികേര മേഖലയുമായി ബന്ധപ്പെട്ട ആഗോള വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനും, സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനും, നാളികേര വ്യവസായത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ കണ്ടെത്തുന്നതിനുമായി അംഗരാജ്യങ്ങള്‍ക്ക് ഒരു പൊതുവേദി ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.

62-ാമത് സമ്മേളനത്തില്‍ കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ സഹമന്ത്രി ശ്രീ രാംനാഥ് താക്കൂര്‍ ഉള്‍പ്പെടെ ഏഷ്യ-പസഫിക് മേഖലയിലെ ICC അംഗരാജ്യങ്ങളിലെ മന്ത്രിമാരും ഗവണ്‍മെന്റ് പ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വ്യവസായ മേഖലയിലെ പങ്കാളികള്‍, മറ്റ് പ്രമുഖ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2026 നവംബര്‍ 17-ന് കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന പരിപാടി കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ സഹമന്ത്രി ശ്രീ രാംനാഥ് താക്കൂര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഗവണ്‍മെന്റിന്റെ കൃഷി സെക്രട്ടറി ശ്രീ അതീഷ് ചന്ദ്ര IAS അധ്യക്ഷത വഹിക്കും.

മാര്‍ഷല്‍ ദ്വീപുകളുടെ പ്രകൃതി വിഭവ-വാണിജ്യ മന്ത്രി ആന്റണി മുള്ളര്‍; കിരിബാത്തിയിലെ ടൂറിസം, വാണിജ്യം, വ്യവസായം, സഹകരണ മേഖലകളുടെ അസോസിയേറ്റ് മന്ത്രി ടാങ്റിക്കി റീറ്റെ; സമോവയിലെ കൃഷി-മത്സ്യബന്ധന മേഖലകളുടെ അസോസിയേറ്റ് മന്ത്രി ഐഒലുപൊട്ടേയ മിസ ടോണി ഐഒലുപോ എന്നിവര്‍ പ്രത്യേക പ്രസംഗങ്ങള്‍ നടത്തും.

ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നാളികേര മേഖലയിലെ മികവിനുള്ള അംഗീകാരമായി മൂന്ന് വിഭാഗങ്ങളിലായി ICC പ്രശംസാ പുരസ്‌കാരം സമ്മാനിക്കും. മികച്ച ദേശീയ നാളികേര കര്‍ഷകന്‍, മികച്ച നാളികേര ശാസ്ത്രജ്ഞന്‍/ഗവേഷകന്‍, മികച്ച ദേശീയ നാളികേര സംരംഭകന്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുക.

നാല് ദിവസത്തെ സമ്മേളനവും മന്ത്രിതല യോഗവും ആഗോള നാളികേര വ്യവസായവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനും, അനുഭവങ്ങളും മികച്ച പ്രവര്‍ത്തനരീതികളും പങ്കുവെക്കുന്നതിനും, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും, മേഖലയിലെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും അവസരങ്ങളും നേരിടുന്നതിനുള്ള സഹകരണ സമീപനങ്ങള്‍ കണ്ടെത്തുന്നതിനും അംഗരാജ്യങ്ങള്‍ക്ക് അവസരമൊരുക്കും. നാളികേര ഉല്‍പ്പാദക രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം സാധ്യമാക്കുന്നതിനും ആഗോള നാളികേര വ്യവസായത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള കൂട്ടായ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും യോഗം വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.

***


( റിലീസ് ഐ.ഡി: 2337068) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , Assamese