പോസ്റ്റഡ് ഓണ്‍:
13 NOV 2026 1:02PM by PIB Thiruvananthpuram
ഇന്ത്യയുടെ ഊർജ്ജ മേഖല
വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത നിറവേറ്റാനും ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഹരിതാഭമായ ഭാവി ഉറപ്പാക്കാനും ലക്ഷ്യമിട്ട് അതിവേഗം വികസിക്കുകയാണ് ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖല. സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം, ജലവൈദ്യുതി, ജൈവോർജ്ജം, ഭൗമതാപോർജ്ജം, ഹരിത ഹൈഡ്രജൻ എന്നിവയെല്ലാം ഈ പരിവർത്തനത്തിന്റെ ഭാഗമാണ്.
നയപരമായ പിന്തുണ, അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര ഉല്പാദനം, നിർമ്മാണ മേഖലയുടെ വിപുലീകരണം, ഊർജ്ജ ലഭ്യത വർദ്ധിപ്പിക്കൽ എന്നിവയാണ് ഈ മാറ്റങ്ങൾക്ക് രൂപം നൽകുന്നത്. വീടുകളിലെ പുരപ്പുറ സൗരോർജ്ജ പദ്ധതികൾ മുതൽ വൻകിട കാറ്റാടിപ്പാടങ്ങൾ, ജലോപരിതല സൗരാര്ജ്ജ പദ്ധതികള്‍, ഊർജ്ജ സംഭരണ പദ്ധതികൾ തുടങ്ങിയവ വരെയുള്ള മുന്നേറ്റങ്ങളിലൂടെ രാജ്യത്തിന്റെ ആകെ ഊർജോല്പാദനത്തില് പുനരുപയോഗ ഊർജ്ജത്തിന്റെ വിഹിതം സ്ഥിരമായി ഉയർത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ.
കണക്കുകൾ ഒറ്റനോട്ടത്തിൽ:
ആകെ സ്ഥാപിത വൈദ്യുതോല്പാദന ശേഷി: 2014-ലെ 249 ജിഗാവാട്ടിൽ നിന്ന് 2026 ഒക്ടോബറിൽ ഏകദേശം 560 ജിഗാവാട്ടായി ഉയർന്നു.
ഫോസിൽ ഇതര ഊർജ്ജ ശേഷി: 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 308 ജിഗാവാട്ട് (ആകെ സ്ഥാപിത ശേഷിയുടെ 55%).
പുനരുപയോഗ ഊർജ്ജ സ്ഥാപിത ശേഷിയിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
2024 ജൂലൈ മുതൽ 2026 ജൂൺ വരെ കാലയളവിൽ ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ 63.7 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപമുണ്ടായി.
ഭാരത് പുനരുപയോഗ ഊർജ്ജ ഉച്ചകോടിയും പ്രദര്‍ശനവും (BRESE) 2026
നിക്ഷേപിക്കാം. നൂതനാശയങ്ങള്‍ക്ക് രൂപം നല്‍കാം. പ്രചോദനമേകാം.
ഭാരത് പുനരുപയോഗ ഊർജ്ജ ഉച്ചകോടിയും പ്രദര്‍ശനവും (BRESE) 2026 നവംബർ 2 മുതൽ 5 വരെ ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു. ആഗോള നയരൂപകർത്താക്കൾ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, നിർമ്മാതാക്കൾ, നൂതനാശയ ഉപജ്ഞാതാക്കൾ എന്നിവരെ ഉച്ചകോടി ഒരൊറ്റ വേദിയിൽ അണിനിരത്തി. ഓസ്ട്രേലിയ, ഡെന്മാർക്ക്, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്സ്, നോർവേ, സ്വീഡൻ, യുകെ എന്നിവ പങ്കാളിത്ത രാജ്യങ്ങളായി ഉച്ചകോടിയുടെ ഭാഗമായി.
ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ പതിമൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പുനരുപയോഗ ഊർജ്ജ സാധ്യതകളും നിക്ഷേപ അവസരങ്ങളും നിർമ്മാണ ശേഷിയും ഉച്ചകോടിയിൽ പ്രദർശിപ്പിച്ചു. 400-ലധികം നിർമ്മാതാക്കൾ, സാങ്കേതികവിദ്യാ സേവന ദാതാക്കൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരെ ഒന്നിപ്പിച്ച പ്രദർശനവും ഇതിന്റെ ഭാഗമായി നടത്തി. പുനരുപയോഗ ഊർജ്ജ മേഖലയിലെ ധനസഹായം, ഹരിതോർജ്ജ ഉപകരണങ്ങളുടെ നിർമ്മാണം, ഊർജ്ജ സംഭരണം, വളർന്നുവരുന്ന നൂതന സാങ്കേതികവിദ്യകൾ, തൊഴിൽ സേനയുടെ നൈപുണ്യ വികസനം എന്നീ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ ഉച്ചകോടിയിലുണ്ടായി.
സൗരോർജ്ജം: ശേഷി വർദ്ധിപ്പിക്കുന്നു, കൂടുതൽ ജനങ്ങളിലേക്കെത്തുന്നു
ഇന്ത്യയുടെ സ്ഥാപിത സൗരോർജ്ജ ശേഷി 2014-ലെ 2.8 ജിഗാവാട്ടിൽ നിന്ന് 2026 ഒക്ടോബർ 31-ഓടെ ഏകദേശം 175 ജിഗാവാട്ടായി ഉയർന്നു. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ശേഷിയിലെ ഏറ്റവും വലിയ ഘടകമാണ് ഇന്ന് സൗരോര്‍ജ്ജം. 2025-ൽ 37 ജിഗാവാട്ടിലധികം സൗരോർജ്ജ ശേഷി കൂട്ടിച്ചേർത്ത് രാജ്യം ലോകത്തെ രണ്ടാമത് വലിയ സൗരോർജ്ജ വളർച്ചാ വിപണിയായി മാറി; അമേരിക്ക കൂട്ടിച്ചേർത്തത് 34 ജിഗാവാട്ടായിരുന്നു.

പി.എം-സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന
ഒരു കോടി വീടുകൾക്കായി 75,021 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ 2024 ഫെബ്രുവരിയിലാണ് ഈ പദ്ധതി ആരംഭിച്ചത്.
രാജ്യത്താകെ 65.26 ലക്ഷം വീടുകൾക്ക് ഇപ്പോൾ പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങളുടെ പ്രയോജനം ലഭിക്കുന്നുണ്ട് (2026 നവംബർ 2 വരെയുള്ള കണക്ക്).
ഏകദേശം 35,800 കോടി രൂപ സബ്സിഡിയായി ഗുണഭോക്താക്കൾക്ക് കൈമാറി.
2026 ഒക്ടോബർ വരെ ഏതാണ്ട് 21 ലക്ഷം വീടുകൾക്ക് വൈദ്യുതി ബിൽ ഇല്ലാതാക്കാനായി.
പദ്ധതിക്ക് കീഴിൽ ഇതുവരെ ആകെ 19.1 ജിഗാവാട്ട് പുരപ്പുറ സൗരോർജ്ജ ശേഷി കമ്മീഷൻ ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി സൂര്യ സരോവർ യോജന
ഊർജ്ജ സംഭരണ സംവിധാനങ്ങളോടുകൂടിയ ജലോപരിതല സൗരോര്‍ജ്ജ പ്രകാശവൈദ്യുത പദ്ധതികൾ വികസിപ്പിക്കുന്നതിന് 5,070 കോടി രൂപ വിഹിതത്തോടെ 2026 ജൂലൈ 31-ന് 'പ്രധാനമന്ത്രി സൂര്യ സരോവർ യോജന'യ്ക്ക് ഗവൺമെന്റ് അംഗീകാരം നൽകി. ഇന്ത്യയുടെ സൗരോർജ്ജ വിപുലീകരണത്തിന് ഇത് പുതിയ മാനം നൽകുന്നു.
ലക്ഷ്യം: 5,000 മെഗാവാട്ട് ശേഷിയുള്ള ജലോപരിതല സൗരോര്‍ജ്ജ പ്രകാശവൈദ്യുത പദ്ധതികൾ.
10,000 MWh-ന് തുല്യമായതും കുറഞ്ഞത് രണ്ട് മണിക്കൂർ സംഭരണ ശേഷിയുള്ളതുമായ അനുബന്ധ ഊർജ്ജ സംഭരണ സംവിധാനം.
2026–27 സാമ്പത്തിക വർഷം മുതൽ 2030–31 വരെ കാലയളവിലാണ് പദ്ധതികൾക്ക് അനുമതി നൽകുന്നത്.
കാറ്റില്‍നിന്നുള്ള ഊര്‍ജ്ജം
ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ വിപുലീകരണത്തിന്റെ സുപ്രധാന സ്തംഭമായി കാറ്റില്‍നിന്നുള്ള ഊര്‍ജ്ജം തുടരുന്നു. ഇതിന്റെ സ്ഥാപിത ശേഷിയിൽ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. വാർഷിക ശേഷി വർദ്ധനയിലും ആഭ്യന്തര ഉപകരണ നിർമ്മാണത്തിലും മികച്ച മുന്നേറ്റമാണ് ഈ മേഖല കൈവരിക്കുന്നത്.
സ്ഥാപിത ശേഷി: 2026 ഒക്ടോബർ 29 വരെയുള്ള കണക്കനുസരിച്ച് 59.20 ജിഗാവാട്ട്.
2025–26 സാമ്പത്തിക വർഷം 6.05 ജിഗാവാട്ട് ശേഷി ഇന്ത്യ കൂട്ടിച്ചേർത്തു; എക്കാലത്തെയും ഉയർന്ന ഈ വാർഷിക വർദ്ധന 2024–25 സാമ്പത്തിക വർഷത്തേക്കാൾ 46% കൂടുതലാണ്.
ഏകദേശം 28 ജിഗാവാട്ട് അധിക ശേഷി നിർമ്മാണ ഘട്ടത്തിലാണ്.
കാറ്റാടിയന്ത്രങ്ങളുടെ ആഭ്യന്തര നിർമ്മാണ ശേഷി 2014-ലെ 10 ജിഗാവാട്ടിൽ നിന്ന് 2026 മാർച്ചിൽ ഏകദേശം 24 ജിഗാവാട്ടായി ഉയർന്നു. പ്രധാന ഘടകങ്ങളുടെ നിർമ്മാണത്തിൽ 70–80% തദ്ദേശീയവൽക്കരണം ഈ മേഖല കൈവരിച്ചു.
1 ജിഗാവാട്ട് ശേഷിയുള്ള കടൽത്തീര കാറ്റാടി ഊർജ്ജ പദ്ധതികൾക്കായി 7,453 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് പദ്ധതിക്ക് 2024 ജൂൺ 19-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ജൈവോർജ്ജം
2026 ഒക്ടോബർ 29 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ജൈവവൈദ്യുതി ശേഷി 11.75 ജിഗാവാട്ടാണ്. കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) ആവാസവ്യവസ്ഥയും വിപുലീകരിക്കപ്പെട്ടു. 2026 നവംബർ 2 വരെ 839 സി.ബി.ജി പ്ലാന്റുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 210 എണ്ണം കമ്മീഷൻ ചെയ്തു. 255 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
ജൈവ അവശിഷ്ടങ്ങളിൽ നിന്നുള്ള സംയുക്ത ഊർജോല്പാദനം: 2026 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച് കരിമ്പിൻ ചണ്ടി അധിഷ്ഠിതമായി 9,821.32 മെഗാവാട്ടും, ഇതര സ്രോതസ്സുകളിൽ നിന്ന് 1,047.85 മെഗാവാട്ടും ശേഷിയുണ്ട്.
മാലിന്യത്തിൽ നിന്ന് ഊർജ്ജം: 2026 സെപ്റ്റംബർ 30 വരെ ഗ്രിഡുമായി ബന്ധിപ്പിച്ച ശേഷി 324.24 മെഗാവാട്ടും ഓഫ്-ഗ്രിഡ് പ്ലാന്റുകളുടെ ശേഷി 554.16 മെഗാവാട്ടുമാണ്.
ദേശീയ ജൈവോർജ്ജ പരിപാടി: മാലിന്യത്തിൽ നിന്നുള്ള ഊർജ്ജം, ബയോമാസ്, ബയോഗ്യാസ് പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നൽകുന്ന സംരംഭമാണിത്. 858 കോടി രൂപ വിഹിതത്തോടെ 2021–22 മുതൽ 2025–26 വരെയായിരുന്നു ഇതിന്റെ ആദ്യഘട്ടം.
ഗോബർധൻ: മാലിന്യത്തിൽ നിന്ന് ഊർജ്ജ വളർച്ചയിലേക്ക്
ഗാൽവനൈസിംഗ് ഓർഗാനിക് ബയോ-അഗ്രോ റിസോഴ്സസ് ധൻ (GOBARdhan) – ദേശീയ ചാക്രിക ജൈവോർജ്ജ പദ്ധതി: 2026–27 മുതൽ 2035–36 വരെ കാലയളവിലേക്ക് 23,731 കോടി രൂപ വിഹിതത്തോടെ 2026 ഓഗസ്റ്റ് 6-ന് ഗവൺമെന്റ് ഈ പദ്ധതിക്ക് അംഗീകാരം നൽകി.
ആഭ്യന്തര സി.ബി.ജി ഉല്പാദനം ഏതാണ്ട് പത്തിരട്ടിയായി വർദ്ധിപ്പിക്കാനും ദേശീയ ചാക്രിക ജൈവ-സമ്പദ്വ്യവസ്ഥ രൂപപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
ജലവൈദ്യുതി
വിശ്വസനീയവും ആവശ്യാനുസരണം ക്രമീകരിക്കാവുന്നതുമായ വൈദ്യുതി ഉല്പാദനം ഉറപ്പാക്കുന്ന പുനരുപയോഗ ഊർജ്ജ സ്രോതസ്സായി ജലവൈദ്യുതി തുടരുന്നു. സൗരോർജ്ജത്തിന്റെയും കാറ്റില്‍നിന്നുള്ള വൈദ്യുതോല്പാദനത്തിന്റെയും ശേഷി വികസിക്കുമ്പോൾ ഗ്രിഡ് സ്ഥിരത നിലനിർത്താനും ഇത് സഹായിക്കുന്നു. വൻകിട-ചെറുകിട പദ്ധതികൾ ഉൾപ്പെടെ 2026 ഒക്ടോബർ 29 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ആകെ ജലവൈദ്യുതോല്‍പാദന ശേഷി 57.49 ജിഗാവാട്ടാണ്.
ചെറുകിട ജലവൈദ്യുതി വികസന പദ്ധതി
2026–27 മുതൽ 2030–31 വരെ സാമ്പത്തിക വർഷങ്ങളിലേക്കായി 2,584.60 കോടി രൂപ വിഹിതത്തോടെ 2026 മാർച്ചിൽ 'ചെറുകിട ജലവൈദ്യുതി വികസന പദ്ധതി'ക്ക് ഗവൺമെന്റ് അംഗീകാരം നൽകി.
1 മുതൽ 25 മെഗാവാട്ട് വരെ ശേഷിയുള്ള പദ്ധതികളിലൂടെ ഏകദേശം 1,500 മെഗാവാട്ട് അധിക ചെറുകിട ജലവൈദ്യുതി ശേഷി കൂട്ടിച്ചേർക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മലയോര മേഖലകളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പദ്ധതികൾക്ക് ഇത് പ്രത്യേക പിന്തുണ നൽകുന്നു.
ഹരിത ഹൈഡ്രജൻ
കാർബൺ ബഹിർഗമനം കുറയ്ക്കാൻ പ്രയാസമുള്ള വ്യാവസായിക മേഖലകൾക്ക് ഹരിത ഇന്ധനമായി ഹരിത ഹൈഡ്രജൻ മാറിയിരിക്കുന്നു. ഊർജ്ജ സുരക്ഷയ്ക്കും വ്യാവസായിക വളർച്ചയ്ക്കും ഇത് കരുത്തേകുന്നു.
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം: രാജ്യത്ത് ഒരു ഹരിത ഹൈഡ്രജൻ ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിനും ഈ മേഖലയിലെ അവസരങ്ങളോടും വെല്ലുവിളികളോടും വ്യവസ്ഥാപിതമായി പ്രതികരിക്കുന്നതിനുമുള്ള സമഗ്ര പരിപാടിയായി 2023-ലാണ് ഗവൺമെന്റ് ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ആരംഭിച്ചത്.
2030-ഓടെ 5 ദശലക്ഷം മെട്രിക് ടൺ ഹരിത ഹൈഡ്രജൻ ഉല്പാദനം ലക്ഷ്യമിട്ട് 19,744 കോടി രൂപ വിഹിതത്തോടെ 2023 ജനുവരിയിലാണ് ഇതിന് അംഗീകാരം നൽകിയത്.
2023 മുതൽ ഇന്ത്യൻ കമ്പനികൾ പ്രതിവർഷം 5.5 ലക്ഷം മെട്രിക് ടൺ ഹരിത ഹൈഡ്രജൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്; ലോകത്തെ ഏറ്റവും വലിയ വിതരണ കരാറാണിത്.
2026-ൽ മാത്രം പ്രതിവർഷം 4 ലക്ഷം മെട്രിക് ടണ്ണിലധികം ഹരിത ഹൈഡ്രജന്‍ തുല്യമായ 18 പുതിയ വാങ്ങൽ കരാറുകളിൽ ഇന്ത്യൻ കമ്പനികൾ ഒപ്പുവെച്ചു.
2023 മുതൽ ഒപ്പുവെച്ച ആകെ 5.5 ലക്ഷം പ്രതിവര്‍ഷ മെട്രിക് ടൺ കരാറുകളിൽ 70 ശതമാനത്തിലധികവും കയറ്റുമതിക്കായി നീക്കിവെച്ചവയാണ്.
ഹരിത ഹൈഡ്രജൻ പദ്ധതികളിലൂടെ ഏകദേശം 90,000 കോടി രൂപയുടെ (9.5 ബില്യൺ യു.എസ് ഡോളർ) നിക്ഷേപം ആകർഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉല്പാദന ശേഷി: 2026 ഫെബ്രുവരി വരെ പ്രതിവർഷം ഏകദേശം 8,000 ടൺ ഹരിത ഹൈഡ്രജൻ ഉല്പാദന ശേഷി കമ്മീഷൻ ചെയ്തിട്ടുണ്ട്.
ഗതാഗതം: ദൗത്യത്തിന് കീഴിൽ 21 റൂട്ടുകളിലായി 70 ഹൈഡ്രജൻ അധിഷ്ഠിത വാഹനങ്ങൾ ഓടിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ 12 പദ്ധതികൾ 2026 ജൂലൈയിൽ ഗവൺമെന്റ് ആരംഭിച്ചു.
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ ട്രെയിൻ 2026 ജൂലൈയിൽ ജിന്ദ്–സോനിപത് പാതയിൽ സർവീസ് ആരംഭിച്ചു.
ഭൗമതാപോർജ്ജം
സൗരോർജ്ജം, കാറ്റില്‍നിന്നുള്ള ഊര്‍ജ്ജം തുടങ്ങിയ പരിവർത്തന സ്വഭാവമുള്ള ഊർജ്ജ സ്രോതസ്സുകൾക്ക് പൂരകമായി പ്രവർത്തിക്കാനാവുന്ന വിശ്വസനീയ പുനരുപയോഗ ഊർജ്ജ സ്രോതസ്സാണ് ഭൗമതാപോര്‍ജ്ജം. ഭൂമിക്കുള്ളിൽ സംഭരിക്കപ്പെട്ടിരിക്കുന്ന താപം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയോ നേരിട്ട് താപം ലഭ്യമാക്കുകയോ ചെയ്യുന്നു.
ദേശീയ ഭൗമതാപോർജ്ജ നയം (2025 സെപ്റ്റംബർ 15-ന് വിജ്ഞാപനം ചെയ്തത്)
ഭൗമതാപ വിഭവങ്ങളുടെ പര്യവേക്ഷണം, വികസനം, വിനിയോഗം എന്നിവ സംബന്ധിച്ച ചട്ടക്കൂട് ഈ നയം പ്രദാനം ചെയ്യുന്നു.
381 ചൂടുനീരുറവകളിൽ നടത്തിയ പര്യവേക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഭൗമതാപോർജ്ജ സാധ്യത ഏകദേശം 10,600 മെഗാവാട്ടാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണക്കാക്കിയിട്ടുണ്ട്; ഇതിൽ 42 ഭൗമതാപ മേഖലകൾ ഏറെ പ്രതീക്ഷ നൽകുന്നവയായി കണ്ടെത്തി.
സാങ്കേതിക പങ്കാളിത്തം, വൈജ്ഞാനിക കൈമാറ്റം, സംയുക്ത ഗവേഷണ-വികസന പ്രവർത്തനങ്ങൾ എന്നിവയെ ഈ നയം പ്രോത്സാഹിപ്പിക്കുന്നു. ഭൗമതാപോർജ്ജ മേഖലയിൽ ഓസ്ട്രേലിയ, ഐസ്ലാൻഡ്, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സഹകരണ സംവിധാനങ്ങളുണ്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച ഉൽപ്പാദന പ്ലാന്റ്, വിഭവ മൂല്യനിർണയ പദ്ധതികൾ, സൗരോര്‍ജ്ജ–ഭൗമതാപ ഹൈബ്രിഡ് പ്ലാന്റ് എന്നിവയുൾപ്പെടെ അഞ്ച് പദ്ധതികൾക്ക് 2025 ജൂലൈ–ഓഗസ്റ്റ് മാസങ്ങളിൽ അനുമതി നൽകി. ഭൗമതാപോർജ്ജ പ്രയോഗങ്ങളുടെ സാങ്കേതിക-സാമ്പത്തിക പ്രായോഗികത തെളിയിക്കുകയാണ് ഇവയുടെ ലക്ഷ്യം.
മുന്നോട്ടുള്ള പ്രയാണം: സുസ്ഥിര ഊർജ്ജ ഭാവി കെട്ടിപ്പടുക്കാം
സംശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ സ്രോതസ്സുകളാൽ പ്രവർത്തിക്കുന്ന ഒരു ഊർജ്ജ സംവിധാനമാണ് ഇന്ത്യ കെട്ടിപ്പടുക്കുന്നത്. സൗരോർജ്ജം, കാറ്റില്‍നിന്നുള്ള ഊര്‍ജ്ജം, ജലവൈദ്യുതി, ജൈവോര്‍ജ്ജം എന്നിവയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് ആഭ്യന്തര ഉല്പാദനം, ഊർജ്ജ സംഭരണം, ഹരിത ഹൈഡ്രജൻ, ഭൗമതാപോര്‍ജ്ജം തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ കരുത്തേകുന്നു.
ഊർജ്ജ ആവശ്യകത വർദ്ധിക്കുന്നതിനനുസരിച്ച് വിശ്വസനീയമായ വൈദ്യുതിയും മെച്ചപ്പെട്ട ഊർജ്ജ സുരക്ഷയും ഹരിതാഭമായ ഭാവിയും ഉറപ്പാക്കാൻ പുനരുപയോഗ ഊർജ്ജം വഴിയൊരുക്കും. തുടർച്ചയായ നയ പിന്തുണയും സാങ്കേതിക പുരോഗതിയും ഉറപ്പാക്കുന്നതിലൂടെ സുസ്ഥിരവും സ്വയംപര്യാപ്തവും ഭാവിസജ്ജവുമായ ഊർജ്ജ സംവിധാനം രൂപപ്പെടുത്താനാവും.
അവലംബം:
Cabinet
https://www.pib.gov.in/PressReleasePage.aspx?PRID=2241799®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=158349®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2292445®=48&lang=1
Ministry of Power:
https://npp.gov.in/dashBoard/cp-map-dashboard
Prime Minister Office (PMO):
https://x.com/PMOIndia/status/2117118441916445054
Ministry of New and Renewable Energy (MNRE)
https://mnre.gov.in/documents/guidelines/physical-achievements-kzN2kTMtQWa?pageTitle=Physical-Achievements
https://www.pib.gov.in/PressReleaseDetail.aspx?PRID=2329695®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2296782®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2250039®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2293256®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2244667®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2245157&lang=2®=48
https://www.pib.gov.in/PressReleasePage.aspx?PRID=2250039&lang=1®=3
https://www.pib.gov.in/PressReleasePage.aspx?PRID=2291541®=48&lang=1
https://www.pib.gov.in/PressReleaseIframePage.aspx?PRID=2026700®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2200435®=48&lang=2
https://pmkusum.mnre.gov.in/#/landing
https://mnre.gov.in/en /physical-progress/
https://mnre.gov.in/en/bio-energy-overview/
https://mnre.gov.in/en/new-technologies-overview/
https://www.pib.gov.in/PressReleasePage.aspx?PRID=1777364®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2268992®=48&lang=2
https://pmsuryaghar.gov.in/#/
https://www.pib.gov.in/PressReleasePage.aspx?PRID=2249408®=3&lang=1
Ministry of Petroleum & Natural Gas
https://www.pib.gov.in/PressReleasePage.aspx?PRID=2266034®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2295494®=3&lang=1
https://ppac.gov.in/download.php?file=rep_studies/1785837484_LPG_Profile_Report_Q1_FY_2026-27_Final_Web.pdf
https://www.pmuy.gov.in/index.aspx
https://gobardhan.eil.co.in/
Department of Atomic Energy (DAE)
https://www.pib.gov.in/PressReleasePage.aspx?PRID=2198951®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=156593&ModuleId=3®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2294814®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2249537®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2247971&lang=2®=48
Ministry of Railways
https://www.pib.gov.in/PressReleasePage.aspx?PRID=2285240®=48&lang=1
PIB Backgrounders
https://www.pib.gov.in/FactsheetDetails.aspx?Id=150630®=3&lang=1
https://www.pib.gov.in/FactsheetDetails.aspx?Id=149232®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2270740®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=156593&ModuleId=3®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?NoteId=155990&ModuleId=3®=48&lang=2
Click here to see pdf
***