പോസ്റ്റഡ് ഓണ്:
13 NOV 2026 4:17PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ ബെംഗളൂരുവിൽ 15,600 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി കന്നഡ ഭാഷയിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു. നഗരത്തിന്റെ ദേവതയായ അന്നമ്മ തായിയെയും നാടപ്രഭു കെംപെഗൗഡയെയും ആദരപൂർവം വണങ്ങി. കണക്റ്റിവിറ്റി, ഊർജസുരക്ഷ തുടങ്ങിയ മേഖലകളിലെ പദ്ധതികളിലൂടെ ബെംഗളൂരുവിന്റെയും കർണാടകയുടെയും വികസനയാത്രയ്ക്ക് പുതിയ വേഗം പകരുന്ന ദിനമാണിതെന്ന് അദ്ദേഹം പറഞ്ഞു. "മെട്രോ, റെയിൽവേ പദ്ധതികൾ മുതൽ ഊർജസുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വരെ, ഈ പദ്ധതികളെല്ലാം കർണാടകയുടെ അടിസ്ഥാനസൗകര്യങ്ങൾക്ക് പുതിയ കരുത്ത് പകരും" - ശ്രീ മോദി പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെട്ട കണക്റ്റിവിറ്റിയും പുരോഗതി, തൊഴിൽ, വ്യവസായം എന്നിവയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും അവ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുകയും ദാരിദ്ര്യത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഏകദേശം 50 കോടി പൗരന്മാർ അതിദാരിദ്ര്യത്തിൽനിന്ന് കരകയറിയത് ഇതിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ആരംഭിച്ച പദ്ധതികൾക്ക് കർണാടകയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു. "വികസിത കർണാടകയിലൂടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ പദ്ധതികൾ പുതിയ വേഗം പകരും. അതോടൊപ്പം ടെക് സിറ്റി എന്ന നിലയിലുള്ള ബെംഗളൂരുവിന്റെ സ്വത്വം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും" - പ്രധാനമന്ത്രി മോദി പറഞ്ഞു.
ബെംഗളൂരു മെട്രോയുടെ പുതിയ പിങ്ക് ലൈൻ അൽപ്പസമയം മുമ്പ് രാജ്യത്തിന് സമർപ്പിച്ചതിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഈ ഇടനാഴി ഐഐഎം ബെംഗളൂരു, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഗരത്തിലെ പ്രധാന ബിസിനസ് – സാങ്കേതിക - വാണിജ്യ കേന്ദ്രങ്ങൾ എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പറഞ്ഞു. "ബെംഗളൂരുവിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്ന് മാത്രമല്ല, സമയവും പണവും ലാഭിക്കാനും ഇതിലൂടെ സാധിക്കും" - ശ്രീ മോദി പറഞ്ഞു.
പ്രദേശവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അന്തരിച്ച നേതാവ് അനന്ത് കുമാറിന്റെ ചരമവാർഷിക ദിനമായിരുന്നു ഇന്നലെയെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലിയർപ്പിച്ചു. "ഇന്ന് ഈ മെട്രോ ലൈൻ കാണുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവും സന്തോഷിക്കുന്നുണ്ടാകണം" - പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു, രാജ്യത്തെ ഐടി കയറ്റുമതിയുടെ മൂന്നിലൊന്നിലധികം സംഭാവന ചെയ്യുന്ന നഗരമാണെന്നും നൂതനാശയങ്ങളുടെയും സാമ്പത്തിക വളർച്ചയുടെയും പ്രധാന ചാലകശക്തിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബെംഗളൂരു മേഖലയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് കേന്ദ്രസർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ വെറും 17 കിലോമീറ്ററായിരുന്ന ‘നമ്മ മെട്രോ’ ശൃംഖല ഇന്ന് 100 കിലോമീറ്ററിലധികമായി വികസിച്ചു. ഇതോടെ ഡൽഹി-എൻസിആർ, മുംബൈ മെട്രോപൊളിറ്റൻ മേഖല എന്നിവയ്ക്കുശേഷം 100 കിലോമീറ്റർ മെട്രോ ശൃംഖല പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യൻ നഗരമായി ബെംഗളൂരു മാറി. "ജീവിതസൗകര്യവും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള രാജ്യത്തിന്റെ പുതിയ ചിന്താഗതിയുടെ ഫലമാണ് ‘നമ്മ മെട്രോ’യുടെ ഈ വിജയം. മധ്യവർഗ കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ കൂടി പ്രതിഫലനമാണിത്" - ശ്രീ മോദി പറഞ്ഞു.
വന്ദേ ഭാരത് ട്രെയിനുകൾ, അമൃത് ഭാരത് സ്റ്റേഷനുകൾ എന്നിവയിലൂടെ ഇന്ത്യൻ റെയിൽവേ കോളനിവാഴ്ചക്കാലത്തെ ചിന്താഗതിയിൽനിന്ന് മാറി ഇന്ത്യയുടെ തനതായ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന പുതിയ പൈതൃകം സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചാമരാജനഗർ, ചിക്കമഗളൂരു, സകലേഷ്പുർ, സുബ്രഹ്മണ്യ റോഡ് എന്നിവയുൾപ്പെടെ കർണാടകയിലെ 60-ലധികം റെയിൽവേ സ്റ്റേഷനുകൾ ഈ പദ്ധതിയുടെ ഭാഗമാണ്. ആധുനിക സൗകര്യങ്ങൾക്കൊപ്പം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ഈ സ്റ്റേഷനുകൾ ആധുനികതയും കരുതലും ഒരുപോലെ സംയോജിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. "നേരത്തെ വിമാനത്താവളങ്ങളിൽ മാത്രം ലഭ്യമായിരുന്ന സൗകര്യങ്ങൾ ഇപ്പോൾ പാവപ്പെട്ടവർക്കും മധ്യവർഗ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ഒരുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്" - പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 മുതൽ 12 വർഷത്തിനിടെ ഇന്ത്യയുടെ റെയിൽവേ ബജറ്റ് പലമടങ്ങ് വർധിച്ചെന്നും കർണാടകയ്ക്കുള്ള വിഹിതം ഒമ്പത് മടങ്ങ് ഉയർന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് സംസ്ഥാനത്തിന് നാല് അമൃത് ഭാരത് സ്റ്റേഷനുകളും പാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് പദ്ധതികളും ലഭിച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പ് സംസ്ഥാനത്തിന് ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ലഭിച്ചതിനു പിന്നാലെ, കർണാടകയെ ഗോവയുമായി കൂട്ടിയിണക്കുന്ന പുതിയ വന്ദേ ഭാരത് ട്രെയിനും ഇന്ന് ലഭിച്ചിരിക്കുകയാണ്. "മംഗളൂരു ഉൾപ്പെടെയുള്ള കർണാടകയുടെ തീരദേശ മേഖലയിലുടനീളമുള്ള യാത്രക്കാർക്ക് ഈ ട്രെയിനിലൂടെ അർധ അതിവേഗ ട്രെയിൻ യാത്രയുടെ പുതിയ അനുഭവം ലഭിക്കും" - ശ്രീ മോദി പറഞ്ഞു.
ഇറാനും ഗൾഫ് മേഖലയ്ക്കും ചുറ്റുമുള്ള നിലവിലെ യുദ്ധസാഹചര്യം ഊർജസുരക്ഷയുടെ നിർണായക പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സ്വീകരിച്ച നടപടികളാണ് ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ ഉറച്ചുനിന്ന് നേരിടാൻ ഇന്ത്യയെ പ്രാപ്തമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കൽ, അസംസ്കൃത എണ്ണ സംഭരണശേഷി ഉയർത്തൽ, സൗരോർജം, ജലവൈദ്യുതി, കാറ്റിൽനിന്നുള്ള ഊർജം എന്നിവയുടെ വികസനം, റെയിൽവേയുടെ ഏതാണ്ട് സമ്പൂർണ വൈദ്യുതീകരണം, മെട്രോ ശൃംഖലകളുടെ വിപുലീകരണം തുടങ്ങിയ നടപടികൾ അദ്ദേഹം വിശദീകരിച്ചു. 80,000 മെട്രിക് ടൺ അധിക സംഭരണശേഷി ലഭ്യമാക്കുന്ന മംഗളൂരു എൽപിജി പദ്ധതി; പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന ദേവൻഗൊന്തി മാർക്കറ്റിങ് ടെർമിനൽ; പ്രതിദിനം 13 ടൺ ബയോഗ്യാസ് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ബെംഗളൂരു സിബിജി പ്ലാന്റ് എന്നിങ്ങനെ കർണാടകയിലെ മൂന്ന് പുതിയ പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. "ഇതിലൂടെ മാലിന്യ സംസ്കരണം മെച്ചപ്പെടും. പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനായി ചെലവഴിക്കുന്ന പണവും ലാഭിക്കാൻ സാധിക്കും" - പ്രധാനമന്ത്രി പറഞ്ഞു.
ചിപ്പുകൾ മുതൽ കപ്പലുകൾ വരെയും, നിർമിതബുദ്ധി, ഡേറ്റാ സെന്ററുകൾ എന്നിവ മുതൽ ക്വാണ്ടം കമ്പ്യൂട്ടിങ് വരെയുമുള്ള പുതിയ സാങ്കേതികവിദ്യകളിൽ ഇന്ത്യ ആഗോളനേതൃത്വം കൈവരിക്കാൻ ശ്രമിക്കുമ്പോൾ വിശ്വസനീയമായ വൈദ്യുതി ഉൽപ്പാദനം അനിവാര്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംശുദ്ധ ഊർജലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി രാജ്യത്ത് ആണവനിലയങ്ങളുടെ ശേഷി വിപുലീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് ഇന്ത്യയുടെ പുനരുപയോഗ ഊർജശേഷി 300 ജിഗാവാട്ട് കവിഞ്ഞിരിക്കുന്നു” - പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിച്ചു.
കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ഇന്ത്യക്കാരെ വൈദ്യുതി ഉപഭോക്താക്കളിൽനിന്ന് വൈദ്യുതി ഉൽപ്പാദകരാക്കി മാറ്റുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പി.എം. സൂര്യ ഘർ മുഫ്ത് ബിജ്ലി യോജനയുടെ ഭാഗമായി ഒരു കുടുംബത്തിന് ഏകദേശം 80,000 രൂപയുടെ കേന്ദ്രസഹായത്തോടെ, രാജ്യത്തുടനീളം 60 ലക്ഷത്തിലധികം കുടുംബങ്ങൾ മേൽക്കൂരയിൽ സൗരോർജ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇതിൽ കർണാടകയിലെ 40,000-ത്തിലധികം കുടുംബങ്ങളും ഉൾപ്പെടുന്നു. അതേസമയം, വൈദ്യുതിച്ചെലവ് കുറയ്ക്കുന്നതിനും പുതിയ വരുമാന-തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി പി.എം. കുസും യോജനയിലൂടെ കർണാടകയിലെ കർഷകർക്ക് എട്ട് ലക്ഷത്തിലധികം സൗരോർജ പമ്പുകൾ ഉപയോഗിച്ച് ജലസേചന സൗകര്യം ഒരുക്കിവരികയാണ്. “അതായത്, കർണാടകയിലെ അന്നദാതാക്കൾ (കർഷകർ) ഇപ്പോൾ ഊർജദാതാക്കളായിക്കൂടി മാറുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു.
2014-നുശേഷമുള്ള ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ലക്ഷ്യബോധത്തോടെയുള്ള ദേശീയ പ്രവർത്തനങ്ങളും ജനപങ്കാളിത്തവും നികുതിദായകരുടെ പണത്തിന്റെ ശരിയായ വിനിയോഗവും മധ്യവർഗത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. വീട്ടുപകരണങ്ങൾ, ഇരുചക്രവാഹനങ്ങൾ, ഗുണമേന്മയുള്ള വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യപരിരക്ഷ, വിനോദസഞ്ചാര അനുഭവങ്ങൾ എന്നിവ ആഗ്രഹിക്കുന്ന, വികസനം കാംക്ഷിക്കുന്ന പുതിയ വർഗത്തെയും ഇത് സൃഷ്ടിച്ചു. ഈ വർധിച്ചുവരുന്ന അഭിലാഷങ്ങൾ വാഹനനിർമാണം, ഇലക്ട്രോണിക്സ്, വിനോദസഞ്ചാരം, സേവനമേഖലകൾ എന്നിവയിൽ പുതിയ വ്യവസായ-തൊഴിലവസര വളർച്ചയ്ക്ക് കരുത്തേകുകയാണെന്നും നവ മധ്യവർഗം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “കർണാടകയിലും ബെംഗളൂരുവിലും വലിയതോതിൽ സാന്നിധ്യമുള്ള ഈ നവ മധ്യവർഗത്തിന്റെ താൽപ്പര്യങ്ങൾ കേന്ദ്രസർക്കാരിന്റെ മുൻഗണനകളിലൊന്നാണ്” - പ്രധാനമന്ത്രി വ്യക്തമാക്കി.
മധ്യവർഗത്തിന്റെ സമ്പാദ്യം വർധിപ്പിക്കുന്നതിനും അവരുടെ കൈകളിൽ കൂടുതൽ ചെലവഴിക്കാവുന്ന വരുമാനം എത്തിക്കുന്നതിനുമായി കേന്ദ്രസർക്കാർ നിരന്തരം പ്രവർത്തിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാർഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവരെ ആദായനികുതിയിൽനിന്ന് ഒഴിവാക്കിയത്, മുതിർന്ന പൗരന്മാർക്കും വാടകവരുമാനമുള്ളവർക്കും പ്രയോജനം ലഭിക്കുന്നവിധം ടിഡിഎസ് ചട്ടങ്ങളിൽ വരുത്തിയ പരിഷ്കാരങ്ങൾ, അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങളിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചത് തുടങ്ങിയ നടപടികൾ അദ്ദേഹം എടുത്തുപറഞ്ഞു. “വ്യക്തിഗത ആരോഗ്യ - ലൈഫ് ഇൻഷുറൻസ് പോളിസികൾക്ക് ജിഎസ്ടി ഒഴിവാക്കി, ഇൻഷുറൻസ് കൂടുതൽ താങ്ങാനാകുന്നതാക്കി” - പ്രധാനമന്ത്രി പറഞ്ഞു.
കർണാടകയിലെ ഇന്നത്തെ പദ്ധതികൾ രാജ്യത്തിന്റെ വികസനയാത്രയ്ക്ക് കൂടുതൽ വേഗം പകരുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ജനങ്ങൾക്ക് ആശംസകൾ നേർന്നാണ് പ്രസംഗം ഉപസംഹരിച്ചത്. മധ്യവർഗ കുടുംബങ്ങളെ ശാക്തീകരിക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയും അദ്ദേഹം ചൂണ്ടിക്കാട്ടി. “മധ്യവർഗത്തിന്റെ സമ്പാദ്യം വർധിക്കുകയും അവരുടെ വാങ്ങൽശേഷി ശക്തിപ്പെടുകയും ചെയ്യുന്നതിനൊപ്പം, കുടുംബത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ പങ്കാളികളാകാനും അവർക്ക് കഴിയണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യം” - പ്രധാനമന്ത്രി വ്യക്തമാക്കി.
***
NK