രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 5.0- ൻ്റെ ഭാഗമായി പ്രതിരോധ വകുപ്പിലെ 20 ലക്ഷത്തിലധികം പെൻഷൻകാർ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 12 NOV 2026 7:14PM by PIB Thiruvananthpuram

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (CGDA), രാജ്യവ്യാപക ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) ക്യാമ്പയിൻ 5.0-ന്റെ ഭാഗമായി വിപുലമായ ബോധവൽക്കരണ-സേവന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉദ്യോഗസ്ഥ, പൊതുപരിഹാര &പെൻഷൻ മന്ത്രാലയത്തിന് കീഴിലുള്ള പെൻഷൻ & പെൻഷനേഴ്സ് വെൽഫെയർ വകുപ്പ് (DoP&PW) ഏകോപിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ 2026 നവംബർ 1 മുതൽ 30 വരെ രാജ്യത്തുടനീളം നടത്തിവരികയാണ്. 2026 നവംബർ 11 വരെയുള്ള കണക്കനുസരിച്ച്, പ്രതിരോധ വകുപ്പിലെ 20.48 ലക്ഷത്തിലധികം പെൻഷൻകാർ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ (DLC) വിജയകരമായി സമർപ്പിച്ചു. പങ്കെടുക്കുന്ന എല്ലാ വകുപ്പുകളിലും വെച്ച ഏറ്റവും ഉയർന്ന കണക്കാണിത് .

 

നൂതന സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനങ്ങളിലൂടെ പ്രതിരോധ വകുപ്പ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും സുഗമമായി ബുദ്ധിമുട്ടുകളില്ലാതെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ഈ സംരംഭത്തിൻ്റെ   ലക്ഷ്യം. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളില്ലാതെ മുതിർന്ന പൗരന്മാർക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാരായ പെൻഷൻകാർക്കും വാർഷിക തിരിച്ചറിയൽ നടപടികൾ സൗകര്യപ്രദമായി പൂർത്തിയാക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പ്രത്യേക മുൻഗണന നൽകുന്നത്.

 

രാജ്യവ്യാപകമായി വിപുലമായ പ്രവർത്തനങ്ങൾ:

നേരിട്ടുള്ള സേവനങ്ങളും താഴെത്തട്ടിലുള്ള പിന്തുണയും ഉറപ്പാക്കുന്നതിനായി പ്രതിരോധ അക്കൗണ്ട്സ് വകുപ്പ് (DAD) താഴെപ്പറയുന്ന സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്:

 

- ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിനും SPARSH പ്ലാറ്റ്‌ഫോമിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും പെൻഷൻകാർക്ക് സഹായം നൽകുന്നതിനായി 194 'സ്പർശ്' സേവന കേന്ദ്രങ്ങൾ (SSCs)പൂർണ സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്നു.

 

• 4.63 ലക്ഷം കോമൺ സർവീസ് സെൻ്ററുകൾ (CSCs), 13 പങ്കാളി ബാങ്കുകൾ / ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ്  ബാങ്ക് (IPPB), 29 നോഡൽ ഓഫീസർമാർ എന്നിവർ പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നു.

 

• രാജ്യത്തുടനീളം ഏകദേശം 80 ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.

 

•മെഗാ ക്യാമ്പുകൾ: ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ തത്സമയം തയ്യാറാക്കുന്നതിനുള്ള സഹായം ലഭ്യമാക്കുന്ന മെഗാ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പ് 2026 നവംബർ 23-ന് കൊച്ചിയിൽ സംഘടിപ്പിക്കും.

 

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ പ്രോത്സാഹനം:

ജീവൻ പ്രമാൺ (Jeevan Pramaan) പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വഴി ആധാർ അധിഷ്ഠിത മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനാണ് ക്യാമ്പയിൻ 5.0-ൽ പ്രധാന ശ്രദ്ധ നൽകുന്നത്. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകളിൽ 80 ശതമാനത്തിലധികവും ഫേസ് ഐഡി ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ബയോമെട്രിക് ഉപകരണങ്ങളുടെ ആവശ്യമില്ലാതെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ആധികാരികമാക്കാൻ ഈ സൗകര്യം സഹായിക്കുന്നു.

 

പ്രധാന നേട്ടങ്ങൾ:

*വീട്ടിലിരുന്ന് സമർപ്പിക്കാം: വീട്ടിലിരുന്നുതന്നെ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാൻ പെൻഷൻകാർക്ക് സൗകര്യമൊരുക്കുന്നു. യാത്രാസമയം കുറയ്ക്കുന്നതിനും ബാങ്ക് ശാഖകളിലോ പ്രതിരോധ ഓഫീസുകളിലോ നേരിട്ട് എത്തേണ്ട ആവശ്യം ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു.

 

•ബയോമെട്രിക് തിരിച്ചറിയലിലെ ബുദ്ധിമുട്ടുകൾ മറികടക്കാം: പ്രായം കൂടുന്നതിനനുസരിച്ച് വിരലടയാളങ്ങൾ മങ്ങിപ്പോകുന്നതിനാൽ വയോജനങ്ങളായ പെൻഷൻകാർ നേരിടുന്ന തിരിച്ചറിയൽ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നു.

ഭിന്നശേഷിക്കാരായ വിമുക്തഭടന്മാർക്ക് സഹായം: ചലനശേഷി കുറഞ്ഞ പെൻഷൻകാർക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നു.

•ഡിജിറ്റൽ സ്വയംപര്യാപ്തത: പെൻഷൻകാരെയും അവരുടെ കുടുംബങ്ങളെയും ഡിജിറ്റൽ രീതികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ഭാവിയിലെ വാർഷിക സമർപ്പണ നടപടികളിൽ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 

മുൻകാല നേട്ടങ്ങളുടെ തുടർച്ച:

രാജ്യവ്യാപക ഡിജിറ്റൽ ഭരണസംവിധാനങ്ങളിൽ ഉയർന്ന പങ്കാളിത്തം ഉറപ്പാക്കുന്നതിൽ പ്രതിരോധ അക്കൗണ്ട്സ് വകുപ്പ് മുന്നിലാണ് . 2025 നവംബറിൽ നടന്ന DLC ക്യാമ്പയിൻ 4.0- ൻ്റെ   ഭാഗമായി SPARSH സേവന കേന്ദ്രങ്ങൾ, കോമൺ സർവീസ് സെൻ്ററുകൾ, അനുബന്ധ ബാങ്കുകൾ എന്നിവയുടെ രാജ്യവ്യാപക ശൃംഖലയിലൂടെ DAD 20.94 ലക്ഷത്തിലധികം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയിരുന്നു.

 

SPARSH-ന് കീഴിലുള്ള സേവന പ്രവർത്തനങ്ങളും ഗണ്യമായി വിപുലീകരിച്ചിട്ടുണ്ട്. 2026 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് 35.11 ലക്ഷം പ്രതിരോധ പെൻഷൻകാർ SPARSH സംവിധാനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിന് പിന്തുണയായി 301 സ്പർശ് ജനസമ്പർക്കപരിപാടികളും 204 രക്ഷാ പെൻഷൻ സമാധാൻ ആയോജനുകളും സംഘടിപ്പിച്ചു. ഇവയിലൂടെ 8,000-ത്തിലധികം പരാതികൾക്ക് തത്സമയം പരിഹാരം കണ്ടു.

 

'ശരിയായ പെൻഷൻകാർക്ക് ശരിയായ സമയത്ത് ശരിയായ പെൻഷൻ' എന്ന മാർഗദർശക തത്വം ആവർത്തിച്ചുകൊണ്ട്, 2026 നവംബറിൽ സമീപത്തുള്ള SPARSH സേവന കേന്ദ്രങ്ങളിലോ ബാങ്കുകളിലോ അല്ലെങ്കിൽ സംഘടിപ്പിക്കപ്പെടുന്ന 80 ജനസമ്പർക്ക പരിപാടികളിലൊന്നിലോ സന്ദർശിച്ച് സുഗമവും പൂർണമായും ഡിജിറ്റൽവൽക്കരിച്ചതുമായ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണ പ്രക്രിയ പ്രയോജനപ്പെടുത്തണമെന്ന് പ്രതിരോധ അക്കൗണ്ട്സ് വകുപ്പ് പ്രതിരോധ വകുപ്പിലെ എല്ലാ പെൻഷൻകാരോടും കുടുംബ പെൻഷൻകാരോടും അഭ്യർത്ഥിച്ചു.

 

***


( റിലീസ് ഐ.ഡി: 2335642) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Assamese , Gujarati