പോസ്റ്റഡ് ഓണ്:
11 NOV 2026 7:39PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശത്തിലും കേന്ദ്ര ഗവണ്മെൻ്റ് വിസാ സംവിധാനം ലളിതമാക്കി. ഇന്ത്യ സന്ദർശിക്കുന്ന വിദേശ പൗരന്മാരുടെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ സമഗ്രവും ഏകീകൃതവും വേഗത്തിൽ പ്രതികരിക്കുന്നതുമാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. 2026 ഓഗസ്റ്റ് 27-ന് ആഭ്യന്തര മന്ത്രാലയം പ്രധാന വിസാ വിഭാഗങ്ങളുടെ എണ്ണം 13-ൽ നിന്ന് 9 ആയും ഉപവിഭാഗങ്ങളുടെ എണ്ണം 49-ൽ നിന്ന് 23 ആയും കുറച്ചു. 2025 ഒക്ടോബറിൽ നേരത്തെ നടത്തിയ യുക്തിസഹമാക്കൽ നടപടിയുടെ തുടർച്ചയാണിത്. അന്ന് പ്രധാന വിസാ വിഭാഗങ്ങളുടെ എണ്ണം 22-ൽ നിന്ന് 13 ആയും ഉപവിഭാഗങ്ങളുടെ എണ്ണം 63-ൽ നിന്ന് 49 ആയും കുറച്ചിരുന്നു. ഇന്ത്യൻ വിസാ സംവിധാനം ലളിതമാക്കുന്നതിൻ്റെ ഭാഗമായി വികസിത രാജ്യങ്ങളിലെ വിസാ സംവിധാനവും ആഗോള നിലവാരങ്ങളും ഇന്ത്യാ ഗവണ്മെൻ്റ് പഠിച്ചിരുന്നു.
സമാനയാത്ര ലക്ഷ്യങ്ങൾ ഏകീകരിക്കുന്നതിലൂടെ, അനുയോജ്യമായ വിസാ വിഭാഗം തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ വ്യക്തതയും സൗകര്യവും നൽകുന്നതിനൊപ്പം വിദേശികളുടെ ഇന്ത്യയിലേക്കുള്ള വരവ് നിയമാനുസൃതമായി സുഗമമാക്കുകയുമാണ് ലക്ഷ്യമിടുന്നത്.
നിലവിൽ 13 ഉപവിഭാഗങ്ങളിലായി ഇലക്ട്രോണിക് യാത്രാനുമതി മുഖേനയാണ് ഇ-വിസ നടപടികൾ പൂർത്തിയാക്കുന്നത്. 172 രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിൽ ഇ-വിസ സൗകര്യം ലഭ്യമാണ്.
സന്ദർശക വിസ: ഹ്രസ്വകാല- ദീർഘകാല താമസങ്ങൾക്ക് കൂടുതൽ സൗകര്യം
മുമ്പ് നിലവിലുണ്ടായിരുന്ന ടൂറിസ്റ്റ് വിസയ്ക്ക് പകരം സന്ദർശക/വിസിറ്റർ വിസ എന്ന് പേര് മാറ്റിയിട്ടുണ്ട്. പരമ്പരാഗത വിനോദസഞ്ചാരത്തിനപ്പുറം അനുവദനീയമായ കൂടുതൽ വിപുലമായ യാത്രാ ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മാറ്റം. അപേക്ഷകർക്ക് അവരുടെ സന്ദർശനത്തിൻ്റെ സ്വഭാവത്തിനും കാലാവധിക്കും അനുയോജ്യമായ വിസ തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിൽ ഈ വിഭാഗത്തെ V-1, V-2 എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്.
V-1 വിസ: മറ്റ് അനുവദനീയമായ സന്ദർശക പ്രവർത്തനങ്ങൾക്കുപുറമെ, ബിസിനസ് യോഗങ്ങൾ, ചികിത്സാ കൺസൾട്ടേഷനുകൾ, ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ, ഹ്രസ്വകാല ചികിത്സ, ഇന്ത്യൻ ഭാഷകൾ, സംഗീതം, കല, കരകൗശലം എന്നിവയിലെ ഹ്രസ്വകാല കോഴ്സുകൾ തുടങ്ങിയ ഹ്രസ്വകാല പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. 30 ദിവസത്തേക്ക് ഒന്നിലധികം പ്രവേശനങ്ങൾ അനുവദിച്ചാണ് ഇത് നൽകുന്നത്.
V-2 വിസ: കൂടുതൽ ദൈർഘ്യമുള്ള സന്ദർശനങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ളതാണ്. 1, 5 അല്ലെങ്കിൽ 10 വർഷമാണ് ഇതിൻ്റെ നിർദിഷ്ട കാലാവധി. V-1 പ്രകാരം അനുവദനീയമായ പ്രവർത്തനങ്ങൾക്കുപുറമെ പർവതാരോഹണവും ഇതിൽ ഉൾപ്പെടുന്നു. പർവതാരോഹണത്തിനായി ഒന്നിലധികം പ്രവേശനങ്ങൾ അനുവദിച്ചുകൊണ്ട് ആറ് മാസത്തെ വിസ നൽകുന്നതാണ്.
വിനോദസഞ്ചാരത്തോടൊപ്പം ബിസിനസ് യോഗങ്ങൾ, ചികിത്സാ കൺസൾട്ടേഷനുകൾ, ആരോഗ്യ പരിപാലന ക്യാമ്പുകൾ, സാംസ്കാരിക പഠനം, ഹ്രസ്വകാല യോഗാ പരിപാടികൾ എന്നിവയും ലക്ഷ്യമിടുന്ന യാത്രക്കാർക്ക് വ്യക്തമായി തിരിച്ചറിയാവുന്ന ഒരു വിഭാഗത്തിന് കീഴിൽ ഹ്രസ്വകാല സന്ദർശനങ്ങൾ അനുവദിക്കുന്നതിലൂടെ പുതിയ സംവിധാനം വിസ തിരഞ്ഞെടുക്കൽ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നു. കൂടുതൽ ദൈർഘ്യമുള്ള V-2 സംവിധാനം അർഹതയുള്ള,നിരന്തരം സന്ദർശിക്കുന്നവർക്ക് തുടർച്ചയും സൗകര്യവും നൽകുന്നു. അതേസമയം, പർവതാരോഹണത്തിനായുള്ള പ്രത്യേക വ്യവസ്ഥ അത്തരം യാത്രകളുടെ നിർദിഷ്ട ആവശ്യങ്ങൾ പരിഹരിക്കുന്നു.
മെഡിക്കൽ വിസ: ചികിത്സയുടെ തുടർച്ചയും ആവർത്തിച്ചുള്ള സന്ദർശന സൗകര്യവും
മെഡിക്കൽ വിസാ സംവിധാനത്തിൽ പരമ്പരാഗത ചികിത്സാ രീതികൾക്കും ആയുഷ് ചികിത്സാ സംവിധാനങ്ങൾക്കുമുള്ള പ്രത്യേക വ്യവസ്ഥകൾ നിലനിർത്തിയിട്ടുണ്ട്. ആയുഷ് ചികിത്സാ സംവിധാനങ്ങൾക്ക് കീഴിൽപ്പെടാത്ത ചികിത്സകൾക്കായി M-1 വിസയും, ആയുഷ് ചികിത്സാ സംവിധാനങ്ങൾക്ക് കീഴിലുള്ള ചികിത്സകൾക്കായി M-3 വിസയും നൽകുന്നു. ഇ-വിസ ഉൾപ്പെടെയുള്ള M-1, M-3 വിസകൾ സ്ഥിരമായ ഓപ്ഷൻ എന്ന നിലയിൽ ഒരു വർഷത്തേക്ക് ഒന്നിലധികം പ്രവേശനങ്ങൾ അനുവദിച്ചുകൊണ്ട് നൽകും. അതനുസരിച്ച് മെഡിക്കൽ അറ്റൻഡൻ്റ് വിസയ്ക്കുള്ള വ്യവസ്ഥകളും ലഭ്യമാണ്. M-1 വിസ ഉടമകളുടെ കൂടെ എത്തുന്ന സഹയാത്രികർക്ക് M-2 വിസയും, M-3 വിസ ഉടമകളുടെ സഹയാത്രികർക്ക് M-4 വിസയും നൽകും.
ഒന്നിലധികം കൺസൾട്ടേഷനുകൾ, തുടർചികിത്സാ അപ്പോയിൻ്റ് മെൻ്റുകൾ അല്ലെങ്കിൽ ഘട്ടംഘട്ടമായ ചികിത്സാ നടപടിക്രമങ്ങൾ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ ഈ സംവിധാനം രോഗികൾക്ക് കൂടുതൽ ഉറപ്പും സൗകര്യവും നൽകുന്നു. ചികിത്സയുടെ കാലയളവിൽ ഒന്നിലധികം പ്രവേശനങ്ങൾ അനുവദിച്ചിട്ടുള്ള വിസയുടെ കാലാവധി, ആവർത്തിച്ച് വിസയ്ക്കായി അപേക്ഷിക്കേണ്ടതിൻ്റെ ആവശ്യകത കുറയ്ക്കും. അതേസമയം, ആയുഷ് ചികിത്സയ്ക്കുള്ള പ്രത്യേക വ്യവസ്ഥയിലൂടെ അപേക്ഷകർക്ക് അനുയോജ്യമായ ചികിത്സാ മാർഗം എളുപ്പത്തിൽ തിരിച്ചറിയാനാകും. അറ്റൻഡൻ്റ് വിസയുടെ ലഭ്യതയിലൂടെ കൂടെ വരുന്ന വ്യക്തികൾക്ക് രോഗിയെ പിന്തുണയ്ക്കുന്നതിനുള്ള സൗകര്യവും ലഭിക്കും. “ഇന്ത്യയിൽ ചികിത്സിച്ചു ഭേദമാവുക” എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിന് അനുസൃതമായി ഇന്ത്യയിലെ വൈദ്യശാസ്ത്ര അനുബന്ധ ടൂറിസത്തെ ഇത് പ്രോത്സാഹിപ്പിക്കും.
വിദ്യാർത്ഥി വിസ: വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള കൂടുതൽ വ്യക്തമായ മാർഗങ്ങൾ
വിദ്യാർത്ഥി വിസാ വിഭാഗത്തെ രണ്ട് വിശാലമായ ഉപവിഭാഗങ്ങളായി ഏകീകരിച്ചിട്ടുണ്ട്. S-1 വിസ സ്കൂൾ, ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം എന്നിവ ഉൾക്കൊള്ളുന്നു. S-2 വിസ ഇന്ത്യൻ സർവകലാശാലകളിലെ പി.എച്ച്.ഡി വിദ്യാർത്ഥികൾ, ഗവേഷണ പണ്ഡിതർ, സന്ദർശക അധ്യാപകർ, ഗവേഷണത്തിനായി ഇന്ത്യ സന്ദർശിക്കുന്ന വിദേശ ഗവേഷണ വിദ്യാർത്ഥികൾ, ശാസ്ത്രീയവും നരവംശശാസ്ത്രപരവുമായ പര്യവേഷണങ്ങൾ നടത്തുന്നവർ, ഇൻ്റേൺഷിപ്പ് ചെയ്യുന്നവർ, അന്താരാഷ്ട്ര വിദ്യാർത്ഥി വിനിമയ പരിപാടിയുടെ ഭാഗമായവർ, മറ്റ് നിർദ്ദിഷ്ട അക്കാദമിക് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവർ എന്നിവരെ ഉദ്ദേശിച്ചുള്ളതാണ്.
'Study in India' പോർട്ടൽ മുഖേന ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദേശ വിദ്യാർത്ഥികൾക്ക് e-S1 വിസ പരമാവധി അഞ്ച് വർഷത്തേക്കോ അക്കാദമിക് കോഴ്സിൻ്റെ കാലാവധിയിലോ, ഇവയിൽ കുറവ് ഏതാണ് അത്രയും കാലത്തേക്ക്, ഒന്നിലധികം പ്രവേശനങ്ങൾ അനുവദിച്ചുകൊണ്ട് നൽകാം. ഈ വ്യവസ്ഥകൾ വിദ്യാർത്ഥികൾക്ക് കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയാവുന്ന വിസാ മാർഗവും അക്കാദമിക് ആസൂത്രണത്തിൽ കൂടുതൽ ഉറപ്പും നൽകുന്നു. കോഴ്സിൻ്റെ കാലാവധിയുമായി ബന്ധിപ്പിച്ചിട്ടുള്ള ദീർഘകാല വിസ, നടപടിക്രമങ്ങളിലെ തടസ്സങ്ങൾ കുറയ്ക്കുകയും പഠനകാലത്ത് അർഹരായ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും.
ബിസിനസ് വിസ: നിക്ഷേപത്തിനും പ്രത്യേക പ്രവർത്തനങ്ങൾക്കുമുള്ള കൂടുതൽ വ്യക്തമായ വ്യവസ്ഥകൾ
ബിസിനസ് വിസാ വിഭാഗത്തെ B-1, B-2 എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ വ്യവസായം അല്ലെങ്കിൽ ബിസിനസ് സംരംഭങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർ ഉൾപ്പെടെയുള്ള, ദീർഘകാലവും ലൈസൻസ് അടിസ്ഥാനത്തിലുള്ളതുമായ ബിസിനസ് പ്രവർത്തനങ്ങൾ B-1 വിസയിൽ ഉൾപ്പെടുന്നു. B-2 വിസക്ക് കീഴിൽ ഹ്രസ്വകാലവും കരാർ അടിസ്ഥാനത്തിലുള്ളതുമായ ബിസിനസ് പ്രവർത്തനങ്ങൾ, നിർമ്മാണ -നിക്ഷേപ ബിസിനസ്, കോൺഫറൻസുകൾ, കായിക പ്രവർത്തനങ്ങൾ, പ്രകടന കലാരൂപങ്ങൾ, സിനിമകൾ എന്നിവ ഉൾക്കൊള്ളുന്നു.
ഇൻസ്റ്റലേഷൻ, കമ്മീഷനിംഗ്, ഗുണനിലവാര പരിശോധന, ആവശ്യമായ അറ്റകുറ്റപ്പണികൾ, ഉൽപ്പാദനം, ഐ.ടി ഇആർപി റാംപ്-അപ്പ്, പരിശീലനം, വിതരണ ശൃംഖല വികസനം, പ്ലാൻ്റ് രൂപകൽപ്പന, പ്രവർത്തനസജ്ജമാക്കൽ, നിർവഹണം, സാങ്കേതിക പിന്തുണ എന്നിവ പോലുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യൻ കമ്പനികൾ നിയോഗിക്കുന്ന വിദേശ വിദഗ്ധർ, എഞ്ചിനീയർമാർ, സാങ്കേതിക ഉദ്യോഗസ്ഥർ എന്നിവർക്കായി പ്രത്യേക വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ട്. അറിവ്, സാങ്കേതികവിദ്യ, സേവനങ്ങൾ എന്നിവയുടെ കൈമാറ്റം ഉൾപ്പെടെയുള്ള ഇത്തരം പ്രവർത്തനങ്ങൾക്കായി ഈ ഉദ്യോഗസ്ഥർക്ക് B-2 വിഭാഗത്തിന് കീഴിൽ ഇ-വിസ പ്ലാറ്റ്ഫോമിലൂടെ ഉല്പാദന നിക്ഷേപ ബിസിനസ് വിസ അനുവദിക്കാം. നേരത്തെ ഇത് e-B4 വിസ എന്ന പേരിലാണ് അനുവദിച്ചിരുന്നത്.
ദീർഘകാല നിക്ഷേപങ്ങളും ഹ്രസ്വകാല കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങളും ആസൂത്രണം ചെയ്യുമ്പോൾ ഈ വ്യത്യാസം ബിസിനസുകൾക്ക് കൂടുതൽ വ്യക്തത നൽകുന്നു. സാങ്കേതിക വിദഗ്ധർക്കായുള്ള പ്രത്യേക വ്യവസ്ഥ - വ്യവസായ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനും പ്രവർത്തനസജ്ജമാക്കുന്നതിനും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനും ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനുമായി ആവശ്യമായ വൈദഗ്ധ്യം സമയബന്ധിതമായി വിന്യസിക്കാൻ സഹായിക്കും. ഇതുവഴി കമ്പനികൾക്കും വിദേശ പ്രൊഫഷണലുകൾക്കും കൂടുതൽ ഉറപ്പ് ലഭിക്കും.
ലളിതവും യാത്രയുടെ ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കിയുമുള്ള വിസാ സംവിധാനം
മൊത്തത്തിൽ, ഈ മാറ്റങ്ങൾ വിവിധ വിസാ വിഭാഗങ്ങൾ തമ്മിലുള്ള ആവർത്തനവും ആശയക്കുഴപ്പവും കുറയ്ക്കുകയും സന്ദർശകർ, രോഗികൾ, വിദ്യാർത്ഥികൾ, ഗവേഷകർ, നിക്ഷേപകർ, ബിസിനസ് പ്രൊഫഷണലുകൾ എന്നിവർക്ക് സംവിധാനം കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും ഉപയോഗിക്കാനും സഹായിക്കുന്നു. ബാധകമായ യോഗ്യതാ മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി, വ്യക്തവും യാത്രയുടെ ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കിയുള്ളതുമായ വിസാ ഓപ്ഷനുകളിലൂടെ നിയമാനുസൃതമായ യാത്ര, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ഇന്ത്യയുമായുള്ള സാമ്പത്തിക ഇടപെടലുകൾ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഈ യുക്തിസഹമാക്കലിൻ്റെ ലക്ഷ്യം.
ഇന്ത്യ സന്ദർശിക്കുന്ന വിദേശ പൗരന്മാർക്ക് സഹായകമായി ലളിതമാക്കിയ വിസാ അപേക്ഷാ ഫോമുകൾ
23 വിസാ വിഭാഗങ്ങൾ/ഉപവിഭാഗങ്ങളിലായി വിസാ അപേക്ഷാ ഫോമുകൾ ലളിതമാക്കുന്നതിനും യുക്തിസഹമാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം സമഗ്രമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 23 വിസാ വിഭാഗങ്ങൾ/ഉപവിഭാഗങ്ങൾക്കുമായി ആവശ്യമായ ഫീൽഡുകൾ/കോളങ്ങളുടെ എണ്ണം 65%-70% വരെ കുറച്ചിട്ടുണ്ട്. വിസാ നടപടികൾക്ക് ആവശ്യമായ പ്രധാന വിവരങ്ങൾ നിലനിർത്തിക്കൊണ്ട് വിദേശ പൗരന്മാരിൽ നിന്ന് ആവശ്യമായ വിവരങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കുകയും വിസാ അപേക്ഷാ ഫോം ലളിതമാക്കുകയും ചെയ്യുകയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ഇതുവഴി അപേക്ഷകർക്ക് അപേക്ഷ പൂർത്തിയാക്കാൻ ആവശ്യമായ സമയവും അധ്വാനവും കുറയും. അതോടൊപ്പം, വിസാ അപേക്ഷകളുടെ കൂടുതൽ കേന്ദ്രീകൃതമായ പരിശോധനയും നടപടികളും സാധ്യമാക്കുന്നതിലൂടെ ഭരണനിർവഹണ കാര്യക്ഷമത വർധിപ്പിക്കാനും കഴിയും.
ഇന്ത്യൻ വിസാ സംവിധാനത്തിൽ വരുത്തിയ എല്ലാ മാറ്റങ്ങളും നടപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഐ.ടി സംവിധാനങ്ങൾ പരിഷ്കരിക്കുകയാണ്. വർഷാവസാനത്തോടെ പുതിയ യുക്തിസഹമായ സംവിധാനമനുസരിച്ച് വിസകൾ അനുവദിക്കുന്നതായിരിക്കും.
പുതുക്കിയ വിസാ ചട്ടക്കൂടിൽ താഴെപ്പറയുന്ന ഒമ്പത് പ്രധാന വിഭാഗങ്ങളാണുള്ളത്:
|
S. No.
|
വിസയുടെ പ്രധാന വിഭാഗം
|
അനുവദിക്കുന്നതിനുള്ള ഉദ്ദേശ്യം
|
|
1
|
ബിസിനസ് വിസ
|
വ്യാവസായിക/വാണിജ്യ സംരംഭങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ദീർഘകാല ബിസിനസ് പ്രവർത്തനങ്ങൾ; കായിക, സാംസ്കാരിക, വാണിജ്യ പരിപാടികളിൽ പങ്കെടുക്കൽ, ഉൽപ്പാദന മേഖലയിലെ നിക്ഷേപം, സമ്മേളനങ്ങളിൽ പങ്കെടുക്കൽ, ഡോക്യുമെൻ്ററികളും പരസ്യചിത്രങ്ങളും ഉൾപ്പെടെയുള്ള ചലച്ചിത്ര ചിത്രീകരണം തുടങ്ങിയ ഹ്രസ്വകാല ബിസിനസ് പ്രവർത്തനങ്ങൾ.
|
|
2
|
ഡിപ്ലോമാറ്റിക് വിസ
|
ഇന്ത്യയിൽ നിയമിതരായതോ ഇന്ത്യ സന്ദർശിക്കുന്നതോ ആയ നയതന്ത്ര ഉദ്യോഗസ്ഥർ (ഐക്യരാഷ്ട്രസഭയിലെ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ) കൂടാതെ അവരുടെ ആശ്രിതർ.
|
|
3
|
തൊഴിൽ വിസ
|
ഇന്ത്യൻ കമ്പനികളിലോ സ്ഥാപനങ്ങളിലോ ഉള്ള ദീർഘകാല ജോലി, എൻ.ജി.ഒ-കളിലെ പ്രവർത്തനം, മിഷനറി പ്രവർത്തനങ്ങൾ.
|
|
4
|
ജേണലിസ്റ്റ് വിസ
|
ഇന്ത്യയിൽ അക്രഡിറ്റേഷൻ ലഭിച്ച മാധ്യമപ്രവർത്തകർ.
|
|
5
|
മെഡിക്കൽ വിസ
|
ആയുഷ് ചികിത്സാ രീതികൾ ഉൾപ്പെടെ, ഇന്ത്യയിൽ വന്ന് തീവ്രമായതോ കിടത്തിച്ചികിത്സ ആവശ്യമുള്ളതോ ആയ വൈദ്യചികിത്സ തേടുന്ന വിദേശികൾ, കൂടാതെ അവരെ അനുഗമിക്കുന്നവർ.
|
|
6
|
ഔദ്യോഗിക വിസ
|
നയതന്ത്ര ഉദ്യോഗസ്ഥരല്ലാത്ത, എന്നാൽ ഔദ്യോഗിക പദവിയിലുള്ളവർ (ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ) - ഇന്ത്യയിൽ നിയമിതരായവരോ ഇന്ത്യ സന്ദർശിക്കുന്നവരോ ആയവർ, കൂടാതെ അവരുടെ ആശ്രിതർ.
|
|
7
|
സ്റ്റുഡൻ്റ് വിസ
|
സ്കൂൾ, ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം; യോഗ, വേദ സംസ്കാരം, ഇന്ത്യൻ സംഗീതം/നൃത്തം, ബുദ്ധമത പഠനങ്ങൾ, ഇന്ത്യൻ ഭാഷകളും വിജ്ഞാന സമ്പ്രദായങ്ങളും, ഗവേഷണം, ഇൻ്റേൺഷിപ്പ്, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങൾ.
|
|
8
|
സന്ദർശക വിസ
|
വിനോദസഞ്ചാരം, ബിസിനസ് മീറ്റിംഗുകൾ, വൈദ്യോപദേശങ്ങൾ, ആരോഗ്യ പരിപാലന ക്യാമ്പുകൾ തുടങ്ങിയ ഹ്രസ്വകാല പ്രവർത്തനങ്ങൾ; ട്രാൻസിറ്റ് (യാത്രാമധ്യേയുള്ള ഇടത്താവളം), പർവതാരോഹണം.
|
|
9
|
മറ്റ് ആവശ്യങ്ങൾക്കുള്ള വിസ
|
ഇന്ത്യൻ വംശജരും അവരുടെ പങ്കാളികളും/മക്കളും; ഔറോവിൽ ഫൗണ്ടേഷൻ പോലുള്ള പ്രത്യേക സ്ഥാപനങ്ങളിൽ ചേരാൻ വരുന്നവർ; ദീർഘകാല വിസയിൽ വരുന്ന വിദേശ പൗരന്മാരുടെ ആശ്രിതർ; അഫ്ഗാനിസ്ഥാൻ പൗരന്മാർക്കുള്ള 'സ്റ്റേ വിസ'; അയൽരാജ്യങ്ങളിൽ നിന്നുള്ള ചില വിഭാഗം പൗരന്മാർക്കുള്ള ദീർഘകാല വിസ; കൂടാതെ മറ്റ് വിസ വിഭാഗങ്ങളിൽ ഉൾപ്പെടാത്ത വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ.
|
****