പോസ്റ്റഡ് ഓണ്‍:
11 NOV 2026 4:03PM by PIB Thiruvananthpuram
തൂത്തുക്കുടിയിൽ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിൻ്റെ (ടി.എം.ബി) 105-ാമത് സ്ഥാപക ദിനാഘോഷത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് പങ്കെടുത്തു. വരും വർഷങ്ങളിൽ ഇന്ത്യയിലെ മുൻനിര സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായി വളരാൻ ബാങ്ക് ലക്ഷ്യമിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ബാങ്കിൻ്റെ ശ്രദ്ധേയമായ 105 വർഷത്തെ പ്രവർത്തനയാത്രയെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, 1921-ൽ നാടാർ ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിൻ്റെ തുടക്കത്തെ അനുസ്മരിക്കുകയും രാജ്യത്തെ ബാങ്കിംഗ് മേഖലയ്ക്ക് നൽകിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു. ലളിതമായ തുടക്കത്തിൽ നിന്ന് വളർന്ന്, ഇന്ന് 17 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 632 ശാഖകളുള്ളതും, 53 ലക്ഷത്തിലധികം ഇടപാടുകാർക്ക് സേവനം നൽകുന്നതുമായ ഒരു പ്രമുഖ ബാങ്കിംഗ് സ്ഥാപനമായി തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് മാറിയെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിൻ്റെ മൊത്തം ബിസിനസ് 1.30 ലക്ഷം കോടി രൂപ കവിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രനിർമ്മാണത്തിൽ ബാങ്കുകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, ഉത്തരവാദിത്തത്തോടെയുള്ള വായ്പാ വിതരണത്തിൻ്റെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇകൾ), കർഷകർ, ചെറുകിട വ്യാപാരികൾ, സംരംഭകർ, വനിതകൾ നയിക്കുന്ന സംരംഭങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ ശ്രദ്ധേയമായ സാമ്പത്തിക പുരോഗതിയെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ ബാങ്കിംഗ് മേഖലയ്ക്ക് നിർണായക പങ്കുണ്ടെന്ന് വ്യക്തമാക്കി. ഡിജിറ്റൽ ബാങ്കിംഗും യു.പി.ഐയും കൊണ്ടുവന്ന പരിവർത്തനത്തെയും സാമ്പത്തിക ഉൾച്ചേർക്കലിൻ്റെ വ്യാപനത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. ഇതിലൂടെ കൂടുതൽ ആളുകൾക്ക് ഔപചാരിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടി.എം.ബിയുടെ സമീപകാല പ്രവർത്തനമികവിനെയും സാങ്കേതിക മുന്നേറ്റത്തെയും അഭിനന്ദിച്ച അദ്ദേഹം, സൈബർ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താനും, ഇടപാടുകാരുടെ പണവും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായി സംരക്ഷിക്കാനും, നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കാനും ബാങ്ക് തുടർന്നും ശ്രദ്ധിക്കണമെന്ന് ആഹ്വാനം ചെയ്തു. ദേശീയതലത്തിൽ പ്രവർത്തനം വിപുലീകരിക്കുമ്പോഴും, ബാങ്കിൻ്റെ ഉത്ഭവസ്ഥാനമായ തൂത്തുക്കുടിയുമായുള്ള ബന്ധം നിലനിർത്തണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നും ഇന്ത്യയിലെ മുൻനിര സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായി സ്ഥാനം ഉറപ്പിക്കുമെന്നും ഉപരാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തമിഴ്നാട് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ടി.എം.ബി പാർട്ട് ടൈം ചെയർമാൻ ശ്രീ കെ. രാമചന്ദ്രൻ, മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്രീ സലീ എസ്. നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ വിൻസെൻ്റ് മേനാച്ചേരി, ഡയറക്ടർ ബോർഡ് അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
***