പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസ് വിജയികളുമായുള്ള ആശയവിനിമയ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 05 NOV 2026 6:22PM by PIB Thiruvananthpuram

മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ മൻസുഖ് മാണ്ഡവ്യ ജി, ശ്രീമതി രക്ഷാ 
ഖഡ്സെ ജി, പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെയും നാഷണൽ സ്പോർട്സ് ഫെഡറേഷനുകളുടെയും  പ്രതിനിധികളേ, മറ്റ് വിശിഷ്ട വ്യക്തികളെ, മെഡൽ നേടിയ എല്ലാ കായികതാരങ്ങളെ, സഹോദരീ സഹോദരന്മാരേ...

നിങ്ങളെ ഏവരെയും കാണാൻ ഞാൻ ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത കായികതാരങ്ങളെ ഞാൻ കണ്ടത്. ഇപ്പോൾ പാരാ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഊർജ്ജസ്വലരായ നിങ്ങളെ ഏവരെയും കാണാൻ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. നിങ്ങളുടെ ഉജ്ജ്വലമായ പ്രകടനം, കായിക ലോകത്ത് ഇന്ത്യ ഒരു പ്രമുഖ ശക്തിയായി വേഗത്തിൽ വളർന്നുവരുകയാണെന്ന് വ്യക്തമാക്കുന്നു. ഇത്രയും വലിയൊരു വേദിയിൽ നിങ്ങൾ മെഡലുകൾ നേടുക മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങൾ കീഴടക്കുക കൂടിയാണ് ചെയ്തത്. ദൃഢനിശ്ചയവും ധൈര്യവുമാണ് ഏറ്റവും ഉയർന്ന വിജയങ്ങളിലേക്ക് നമ്മെ നയിക്കുന്നതെന്ന് നിങ്ങൾ പാരാ അത്‌ലറ്റുകൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. 140 കോടി രാജ്യവാസികൾക്ക് വേണ്ടി ഞാൻ നിങ്ങളെ ഏവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

ഈ നേട്ടത്തിൽ നിങ്ങളുടെ കുടുംബങ്ങളും പരിശീലകരും കോച്ചുകളും നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഞാൻ അവരെയും അഭിനന്ദിക്കുന്നു. മുൻപ് ഞാൻ പറഞ്ഞിട്ടുള്ളതുപോലെ, ഒരു കായികതാരത്തിനായി പരിശീലകൻ നടത്തുന്ന പരിശ്രമം വളരെ വലുതാണ്, എന്നാൽ ഒരു പാരാലിമ്പിക് അത്‌ലറ്റിന്റെ കാര്യത്തിൽ ഇതിന്റെ എത്രയോ മടങ്ങ് പരിശ്രമം ആവശ്യമാണ്. അപ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള മികച്ച ഫലങ്ങൾ ഉണ്ടാകുന്നത്. അതിനാൽ, അവർക്ക് ഞാൻ പ്രത്യേക അഭിനന്ദനങ്ങളും പ്രശംസയും അറിയിക്കുന്നു.

സുഹൃത്തുക്കളെ,

മിക്ക കായിക ഇനങ്ങളിലും ഇന്ത്യയുടെ പങ്കാളിത്തം കേവലം ഒരു ചടങ്ങ് മാത്രമായി കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പാരാ സ്പോർട്സിലും രാജ്യം ഏറെ പിന്നിലായിരുന്നു. 2010-ലെ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണ മെഡൽ മാത്രമാണ് നേടാനായത്. ആ ടൂർണമെന്റിൽ ആകെ കൂടി 14 മെഡലുകൾ മാത്രമാണ് നമുക്ക് നേടാൻ കഴിഞ്ഞത്. വെറും പതിനാല്! എന്നാൽ ഇത്തവണ, നമ്മുടെ കായികതാരങ്ങൾ 114 മെഡലുകളുമായാണ് മടങ്ങിയെത്തിയിരിക്കുന്നത്. 14-ൽ നിന്ന് 114-ലേക്കുള്ള ഈ യാത്രയെക്കുറിച്ച് ചിന്തിച്ചു നോക്കൂ. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. കായികരംഗത്തോടുള്ള നിങ്ങളുടെ സമർപ്പണത്തിന്റെയും, അതിന് ചുറ്റും വികസിച്ചുവന്ന അനുകൂലമായ അന്തരീക്ഷത്തിന്റെയും ഫലമാണിത്. ഇത്തവണ 30 സ്വർണ്ണവും 35 വെള്ളിയും 49 വെങ്കലവും 5 പുതിയ ലോക റെക്കോർഡുകളും 9 ഏഷ്യൻ റെക്കോർഡുകളും സ്വന്തമാക്കി നിങ്ങൾ രാജ്യത്തെയാകെ അഭിമാനം കൊള്ളിച്ചിരിക്കുന്നു. മത്സരിച്ച 56 വനിതാ അത്‌ലറ്റുകളിൽ 34 പെൺമക്കളും മെഡൽ വിജയികളായി. നാല് ഇനങ്ങളിൽ മൂന്ന് മെഡൽ സ്ഥാനങ്ങളും  ഇന്ത്യക്ക് തന്നെയായിരുന്നു. ഇന്ത്യ സ്വർണ്ണം നേടി, അതേ ഇനത്തിൽ വെള്ളി നേടി, വെങ്കലവും നേടി! മത്സരത്തിന്റെ അവസാന ദിനത്തിൽ പോലും 9 സ്വർണ്ണ മെഡലുകൾ നേടി നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഗെയിംസ് തുടരുന്നിടത്തോളം കാലം മെഡൽ വേട്ട അവസാനിപ്പിക്കില്ല എന്ന് നിങ്ങൾ ഉറപ്പിച്ചതുപോലെയാണ് എനിക്ക് തോന്നിയത്.

സുഹൃത്തുക്കളെ,

ഇത്തവണ, ഇന്ത്യ മുൻപൊരിക്കലും ഇത്തരം നേട്ടങ്ങൾ കൈവരിച്ചിട്ടില്ലാത്ത കായികയിനങ്ങളിൽ പോലും നമ്മുടെ അത്‌ലറ്റുകൾ സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി. പാരാ ഷൂട്ടിംഗിൽ മോന അഗർവാൾ ലോക റെക്കോർഡ് സൃഷ്ടിച്ചു. ഹണി തന്റെ മുൻപത്തെ ലോക റെക്കോർഡ് തന്നെ തകർത്തു. ശാരീരികമായ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാമെന്ന് ഹിമാൻഷുവും രവിയും ജഹാനും തങ്ങളുടെ പ്രകടനത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു.

സുഹൃത്തുക്കളെ,

ഒരു കായികതാരത്തിന്റെ വ്യക്തിഗത നേട്ടമായാലും ഒരു രാജ്യത്തിന്റെ കൂട്ടായ വിജയമായാലും, വിജയത്തിന്റെ തിളക്കം മാത്രമാണ് ലോകം കാണുന്നത്. എന്നാൽ ആ നിമിഷത്തിന് പിന്നിലെ വർഷങ്ങളായുള്ള കഠിനാധ്വാനം, രാപ്പകലില്ലാതെ ഒഴുക്കിയ വിയർപ്പ്, ആ നിലയിലെത്തിച്ചേരാൻ ആവശ്യമായ അചഞ്ചലമായ സമർപ്പണവും സ്ഥിരപരിശ്രമവുമാണ് വിജയത്തിന്റെ ആ കൂറ്റൻ സൗധത്തിന് അടിത്തറയായി മാറുന്നത്. ഉദാഹരണത്തിന്, ഏഷ്യൻ പാരാ ഗെയിംസിന് വെറും രണ്ട് മാസം മുമ്പാണ് റിങ്കു ജിക്ക് സ്വന്തം അമ്മയെ നഷ്ടപ്പെട്ടത്. അത്രയും വലിയ ദുഃഖത്തിനിടയിലും അവർ തന്റെ ധൈര്യം ചോർന്നുപോകാതെ കാത്തുസൂക്ഷിച്ചു. അങ്ങനെ സ്വർണ്ണ മെഡൽ നേടിയപ്പോൾ, അമ്മയുടെ ചിത്രം ഉയർത്തിപ്പിടിച്ചുകൊണ്ട് ആ മെഡൽ അവർ അമ്മയ്ക്കായി സമർപ്പിച്ചു. ആ നിമിഷം എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തെ സ്പർശിച്ച ഒന്നായിരുന്നു.

സുഹൃത്തുക്കളെ,

നിങ്ങളുടെ പോരാട്ടങ്ങളും നേട്ടങ്ങളും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. ഈ യാത്രയിൽ നിങ്ങളുടെ പാതയും രാജ്യത്തിന്റെ പാതയും ഏറെ സമാനമായിരുന്നു. അതുകൊണ്ടാണ് ഇന്ന് നിങ്ങളുടെ പരിശ്രമങ്ങളും രാജ്യത്തിന്റെ പരിശ്രമങ്ങളും ഒന്നിച്ച് ചേരുകയും കൂടുതൽ വലിയൊരു ശക്തിയായി മാറുകയും ചെയ്യുന്നത്.

സുഹൃത്തുക്കളെ,

2014-ന് ശേഷം രാജ്യം കൂടുതൽ വലിയ ലക്ഷ്യങ്ങളിലേക്ക് യാത്ര തുടങ്ങിയപ്പോൾ സാഹചര്യം വളരെ വ്യത്യസ്തമായിരുന്നു. ഭൂരിഭാഗം മാതാപിതാക്കളും തങ്ങളുടെ മക്കളെ കായികരംഗത്തേക്ക് അയക്കാൻ ഭയപ്പെട്ടിരുന്നു, കുട്ടികൾ പോലും പലപ്പോഴും മടിച്ചുനിന്നു. വ്യവസ്ഥിതിയിലെ  അരാജകത്വം, വിഭവങ്ങളുടെ അഭാവം, പിന്തുണയില്ലായ്മ, സുതാര്യതയില്ലായ്മ എന്നിവ നിലനിന്നിരുന്നു. ഇത്തരം ഒരു വ്യവസ്ഥിതിയിൽ ഒരു മാറ്റവും സാധ്യമല്ലെന്ന് ആളുകൾ പറഞ്ഞിരുന്നു. അതൊരു യാഥാർത്ഥ്യമായി അവർ അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഏതൊരു വെല്ലുവിളിക്കും മുന്നിൽ നിങ്ങൾ തോൽവി സമ്മതിക്കാതിരുന്നതുപോലെ, രാജ്യവും തങ്ങളുടെ ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. നമ്മുടെ യുവാക്കളുടെ കഴിവുകൾ പാഴായിപ്പോകാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ നിശ്ചയിച്ചു. അതിനാൽ, നിങ്ങളെപ്പോലുള്ള യുവാക്കളെ മുന്നോട്ട് പോകുന്നതിൽ നിന്ന് തടഞ്ഞ ആ വ്യവസ്ഥിതിയെ തന്നെ മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു.അങ്ങനെ  കായികരംഗത്തോടുള്ള ഒരു പുതിയ സമീപനം ഉയർന്നുവന്നു. ഇന്ന്, ഒരു യുവ കായികതാരത്തിന് തന്റെ കഴിവിൽ വിശ്വാസമുണ്ടെങ്കിൽ, രാജ്യം തനിക്കൊപ്പം നിൽക്കുമെന്ന  വിശ്വാസവും ആ താരത്തിനുണ്ട്. നമ്മുടെ പാരാ-സ്പോർട്സ് അന്തരീക്ഷം  തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ്. മുൻപ് ഇന്ത്യയുടെ പങ്കാളിത്തം വളരെ പരിമിതമായിരുന്ന കായിക ഇനങ്ങളിൽ പോലും ഇന്ന് നമ്മുടെ സാന്നിധ്യം കൂടുതൽ ശക്തമായി വളരുകയാണ്. ആർച്ചറി, അത്‌ലറ്റിക്‌സ്, ഷൂട്ടിംഗ്, സ്വിമ്മിംഗ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ജൂഡോ, പവർലിഫ്റ്റിംഗ് തുടങ്ങി നിരവധി കായിക ഇനങ്ങളിൽ പുതിയ യുവ കായികതാരങ്ങൾ ഉയർന്നുവരുന്നു. നമ്മൾ പുതിയ ചാമ്പ്യന്മാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ 61 അത്‌ലറ്റുകൾ ആദ്യമായി ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുത്തു. പൂർണ്ണമായും 61 പുതിയ താരങ്ങൾ! അങ്ങനെ ആദ്യമായി പങ്കെടുത്തവരിൽ 36 പേരും മെഡലുകളോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. സന്ദീപ് തൻ്റെ അരങ്ങേറ്റത്തിൽ തന്നെ ലോക റെക്കോർഡ് സൃഷ്ടിക്കുക വരെ ചെയ്തു. യുവ കായികതാരങ്ങളുടെ ഈ പങ്കാളിത്തം ഇന്നത്തെ ഇന്ത്യയെ പ്രതിഫലിപ്പിക്കുകയും ഭാവിയിലെ ഇന്ത്യയെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,

സ്പോർട്സിനെ ദേശീയ അന്തർദേശീയ മത്സരങ്ങളുടെ ഒരു സമാഹാരമായി മാത്രമല്ല നമ്മൾ കാണുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം, വ്യക്തിത്വ വികസനത്തിനും രാഷ്ട്രനിർമ്മാണത്തിനുമുള്ള ശക്തമായ ഒരു മാധ്യമം കൂടിയാണ് സ്പോർട്സ്. തോൽവിക്ക് ശേഷം എങ്ങനെ വിജയിക്കണം എന്ന് യുവാക്കളെ പഠിപ്പിക്കുന്നത് സ്പോർട്സ് ആണ്. അച്ചടക്കവും ടീം വർക്കിന്റെ (കൂട്ടായ്മയുടെ) യഥാർത്ഥ അർത്ഥവും സ്പോർട്സ് നമ്മെ പഠിപ്പിക്കുന്നു.

സുഹൃത്തുക്കളെ,

ഈ കാഴ്ചപ്പാടോടെയാണ് നമ്മൾ രാജ്യത്തിനായി ഒരു ആധുനിക കായിക അന്തരീക്ഷം  കെട്ടിപ്പടുക്കുന്നത്. സ്കൂളുകളിലും ഗ്രാമീണ തലങ്ങളിലും വിവിധ പ്രചാരണ പരിപാടികൾ നടന്നുവരുന്നു.ഇതിനായി നിരവധി  ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. അത്‌ലറ്റുകൾക്ക് ഒളിമ്പിക് നിലവാരത്തിലുള്ള പരിശീലനം ലഭിക്കുന്നതിനായി നമ്മൾ ടോപ്സ് (TOPS) പദ്ധതി ആരംഭിച്ചു. ഒളിമ്പിക്സ് മുൻനിർത്തി, 'ടാലന്റ് ഹണ്ട്' പ്രചാരണത്തിലൂടെ മുന്നോട്ടുവരാൻ ചുവപ്പ് കോട്ടയിൽ നിന്നുകൊണ്ട്  ഇത്തവണ ഞാൻ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്യുകയുണ്ടായി.

സുഹൃത്തുക്കളെ,

ഈ പരിശ്രമങ്ങളിലെല്ലാം പാരാ-സ്പോർട്സിനും തുല്യ പ്രാധാന്യമാണ് നൽകിവരുന്നത്. അതിന്റെ ഫലമായാണ് നിങ്ങളെപ്പോലുള്ള അത്‌ലറ്റുകൾ ഉജ്ജ്വല പ്രകടനം പുറത്തെടുക്കുന്നതും പ്രധാന മത്സരങ്ങളിൽ രാജ്യത്തിന് കീർത്തി കൊണ്ടുവരുന്നതും. അടുത്തിടെ സമാപിച്ച പാരാ ഗെയിംസിൽ നമ്മൾ ഇത് ഒന്നുകൂടി കണ്ടു. ഈ മത്സരത്തിൽ, ടോപ്സ് (TOPS) പദ്ധതിക്ക് കീഴിൽ പിന്തുണ ലഭിച്ച കായികതാരങ്ങൾ 41 മെഡലുകൾ നേടിയപ്പോൾ, ഖേലോ ഇന്ത്യ അത്‌ലറ്റുകൾ 19 മെഡലുകൾ സ്വന്തമാക്കി. നമ്മുടെ പരിശ്രമങ്ങൾ ശരിയായ ദിശയിലാണ് മുന്നേറുന്നത് എന്നാണ് ഇത് കാണിക്കുന്നത്.

സുഹൃത്തുക്കളെ,

ഇന്ന് ഇന്ത്യയിലെ പുതിയ  കായിക നയങ്ങൾ, കളിസ്ഥലങ്ങൾക്ക് പുറത്തും യുവാക്കൾക്കായി നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സ്പോർട്സ് അടിസ്ഥാന സൗകര്യ വികസനം, കായിക ഉപകരണ നിർമ്മാണം, സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് (സംപ്രേഷണ) സമ്പദ്‌വ്യവസ്ഥ എന്നിവയെല്ലാം വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളെ,

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്, 1,800 കോടിയിലധികം രൂപയുടെ 'ഖേലോ ഇന്ത്യ സ്പോർട്സ് ഗുഡ്സ് മാന്യൂഫാക്ചറിംഗ്' (കായിക ഉപകരണ നിർമ്മാണ) പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്. ഇനി നമ്മുടെ കായിക ഉപകരണ നിർമ്മാണ മേഖല പുതിയ ഉയരങ്ങൾ കൈവരിക്കേണ്ട സമയമാണ്. ലോകത്ത് എവിടെയെങ്കിലും ഒരു ഇന്ത്യൻ അല്ലെങ്കിൽ വിദേശ കായികതാരം കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ, അവരുടെ കായിക ഉപകരണങ്ങൾ 'മേക്ക് ഇൻ ഇന്ത്യ' ആയിരിക്കണം. അവരുടെ വസ്ത്രങ്ങളും പാദരക്ഷകളും കൂടി 'മേക്ക് ഇൻ ഇന്ത്യ' ആയിരിക്കണം. ഇന്ത്യ ലോകോത്തര അത്‌ലറ്റുകളെ മാത്രമല്ല, ലോകോത്തര കായിക ഉപകരണങ്ങളും ഉത്പാദിപ്പിക്കണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഇന്ത്യൻ സ്പോർട്സ് ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള വിപണികളിൽ എത്തണം. ഇത് ഇന്ത്യയുടെ ചെറുകിട ഇടത്തരം വ്യവസായ (MSME) മേഖലയെ ശക്തിപ്പെടുത്തുകയും ചെറിയ നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,

ഇന്നത്തെ ഈ ചടങ്ങിന് ശേഷം, നിങ്ങളെല്ലാവരും സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും ക്ഷണിക്കപ്പെടും. അവിടെയുള്ള യുവാക്കൾ നിങ്ങളുടെ വാക്കുകൾ കേൾക്കാനും നിങ്ങളിൽ നിന്ന് പഠിക്കാനും ആഗ്രഹിക്കും. അവരോട് സംസാരിക്കുമ്പോൾ, കളിക്കളത്തിൽ വിജയിക്കാനുള്ള വഴികൾ പഠിപ്പിക്കുന്നതിനോടൊപ്പം കളിക്കളത്തിന് പുറത്ത് കായികരംഗവുമായി ബന്ധപ്പെട്ടുള്ള മറ്റ് അവസരങ്ങളെക്കുറിച്ചും പറയണം. ഒപ്പം, നമ്മുടെ ഭിന്നശേഷിക്കാരായ സഹോദരീസഹോദരന്മാരുടെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനായി രാജ്യം നടത്തിവരുന്ന വ്യാപകമായ പരിശ്രമങ്ങളെക്കുറിച്ചും നിങ്ങൾ അവർക്ക് വിശദീകരിച്ചു കൊടുക്കണം.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഭിന്നശേഷിക്കാരുടെ പെൻഷനുമായി ബന്ധപ്പെട്ട് മന്ത്രിസഭ പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തത്. ഞങ്ങൾ പെൻഷൻ തുക വർദ്ധിപ്പിച്ചു. മുൻപ് 80 ശതമാനമായിരുന്ന ഭിന്നശേഷി പരിധി (benchmark) 40 ശതമാനമായി കുറച്ചു. മുൻപ് പെൻഷന് അർഹത നേടാൻ 18 വയസ്സ് തികയേണ്ടതുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജന്മനാ ഭിന്നശേഷിയുള്ള അർഹരായ കുട്ടികൾക്കും പെൻഷനുള്ള വഴി തുറന്നിരിക്കുകയാണ്.അതുപോലെ തന്നെ, ഇന്ത്യൻ ആംഗ്യഭാഷയെ (Sign Language) പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ പരിശ്രമങ്ങൾ നടന്നിട്ടുണ്ട്. പതിനായിരത്തിലധികം വാക്കുകൾ ഉൾക്കൊള്ളുന്ന ആംഗ്യഭാഷാ നിഘണ്ടു തയ്യാറാക്കിക്കഴിഞ്ഞു. സ്കൂൾ പാഠപുസ്തകങ്ങളും ആംഗ്യഭാഷയിൽ ലഭ്യമാക്കി വരുന്നു. 'സുഗമ്യ ഭാരത് അഭിയാൻ' (Accessible India Campaign) വഴി പൊതുസ്ഥലങ്ങൾ ഭിന്നശേഷിക്കാർക്ക് കൂടുതൽ പ്രാപ്യമായ രീതിയിൽ സജ്ജമാക്കി വരുന്നു. രാജ്യത്തെ ഓരോ ഭിന്നശേഷിക്കാരനും ആത്മാഭിമാനവും തുല്യ അവസരങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, സ്വന്തം കഴിവുകളുടെ കരുത്തിൽ ജീവിതത്തിൽ മുന്നേറാൻ അവരെ പ്രാപ്തരാക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്.

സുഹൃത്തുക്കളെ,

ഐച്ചി-നാഗോയയിലെ മെഡൽ വേദി നിങ്ങളുടെ യാത്രയുടെ അവസാന ലക്ഷ്യമല്ല. അത് എപ്പോഴും ഓർമ്മയിലുണ്ടാകണം. ഈ വിജയത്തെ ഇതിലും വലിയ ലക്ഷ്യങ്ങളിലേക്കുള്ള ഒരു തുടക്കമായി  വേണം നിങ്ങൾ ഉപയോഗിക്കാൻ. ഇന്ത്യയുടെയും, നിങ്ങളിൽ ഭൂരിഭാഗം കായികതാരങ്ങളുടെയും അടുത്ത ലക്ഷ്യം 2028-ലെ L.A.(ലോസ് ആഞ്ചലസ്) ആണ്. അവനിയും മനീഷും ലോസ് ആഞ്ചലസിലേക്കുള്ള തങ്ങളുടെ യോഗ്യത  ഇതിനകം ഉറപ്പാക്കിക്കഴിഞ്ഞു. 2028-ലെ L.A.-യിൽ പരമാവധി ഇന്ത്യൻ അത്‌ലറ്റുകൾ പങ്കെടുക്കുകയും കഴിയുന്നത്ര മെഡലുകൾ നാട്ടിലെത്തിക്കുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതിനാൽ, ഈ സമയം പൂർണ്ണ ഹൃദയത്തോടെ ആഘോഷിക്കൂ, ഒപ്പം അടുത്ത വെല്ലുവിളിക്കായുള്ള തയ്യാറെടുപ്പുകൾ ഉടൻ തന്നെ ആരംഭിക്കുകയും ചെയ്യൂ. രാജ്യവും ഞാനും നിങ്ങളോടൊപ്പം നിൽക്കുന്നു. നിങ്ങളുടെ അടുത്ത വിജയത്തിനായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്. ഒരിക്കൽ കൂടി, നിങ്ങളെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.

ദീപാവലിയുടെ മഹാഉത്സവം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ വലിയ അഭിമാനത്തോടും ആവേശത്തോടും ഗാംഭീര്യത്തോടും കൂടി ദീപാവലി ആഘോഷിക്കൂ. എന്നാൽ ദീപാവലി ആഘോഷിക്കുന്നതോടൊപ്പം തന്നെ, നിങ്ങളുടെ അടുത്ത ലക്ഷ്യം മനസ്സിൽ ഉറപ്പിക്കുകയും പുതിയ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുകയും ചെയ്യുക. നിങ്ങളെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

വളരെ നന്ദി.

നിരാകരണവ്യവസ്ഥ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.

***

NK


( റിലീസ് ഐ.ഡി: 2334279) സന്ദര്‍ശക കൗണ്ടര്‍ : 18