പോസ്റ്റഡ് ഓണ്:
06 NOV 2026 2:54PM by PIB Thiruvananthpuram
കേന്ദ്ര സർക്കാരിന്റെ സൗരോർജ്ജ പദ്ധതികൾ നടപ്പിലാക്കുന്നതിൽ മികച്ച മാതൃക കാട്ടി ധനകാര്യ സേവന വകുപ്പ് (DFS). വകുപ്പിന്റെ ഭരണനിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ അനുയോജ്യമായി കണ്ടെത്തിയ മുഴുവൻ കെട്ടിടങ്ങളിലും നൂറുശതമാനം സോളാർവൽക്കരണം വിജയകരമായി പൂർത്തിയാക്കി.ആകെ പരിശോധിച്ച 4,144 കെട്ടിടങ്ങളിൽ മേൽക്കൂരയുടെ ഉടമസ്ഥാവകാശം, ഉറപ്പ്, തണൽ വീഴാത്ത അന്തരീക്ഷം തുടങ്ങി വിവിധ സാങ്കേതിക പരിശോധനകൾക്ക് ശേഷമാണ് 2,576 കെട്ടിടങ്ങൾ സൗരോർജ്ജ പ്ലാന്റുകൾക്കായി തിരഞ്ഞെടുത്തത്. ഇവയിലെല്ലാം പുരപ്പുറ സോളാർ പിവി പ്ലാന്റുകൾ സ്ഥാപിച്ച് പ്രവർത്തനാധിഷ്ഠിതമാക്കിയതോടെ ആകെ 61.50 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷിയാണ് വകുപ്പ് സ്വന്തമാക്കിയത്.
ഈ ശ്രദ്ധേയമായ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ, കേന്ദ്ര മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കുമായുള്ള 'ഏറ്റവും കൂടുതൽ കെട്ടിടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ച വിഭാഗത്തിൽ' ധനകാര്യ സേവന വകുപ്പിന് 'പിഎം സൂര്യ ഘർ എക്സലൻസ് അവാർഡ്' (രണ്ടാം സ്ഥാനം) ലഭിച്ചു. 2026 നവംബർ 5-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.

ഭാരത് പുനരുപയോഗ ഊർജ്ജ ഉച്ചകോടിയുടെയും എക്സ്പോ 2026-ന്റെയും സമാപന സമ്മേളനത്തിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണനിൽ നിന്ന് ധനകാര്യ സേവന വകുപ്പ് 'പിഎം സൂര്യ ഘർ എക്സലൻസ് അവാർഡ്' ഏറ്റുവാങ്ങി. ഇന്റർനാഷണൽ സോളാർ അലയൻസിന്റെ 9-ാമത് ജനറൽ അസംബ്ലി, ഗ്രീൻ ഹൈഡ്രജനെക്കുറിച്ചുള്ള 4-ാമത് അന്താരാഷ്ട്ര സമ്മേളനം എന്നിവയോടനുബന്ധിച്ച് കേന്ദ്ര നവ -പുനരുപയോഗ ഊർജ്ജ മന്ത്രാലയമാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചത്.
രാജ്യത്തിൻറെ ആകെ കാർബൺ ആഘാതം 'സീറോ' ആക്കുക (Net-Zero) എന്ന ലക്ഷ്യങ്ങളിലേക്ക് ധനകാര്യ സേവന വകുപ്പ് നൽകുന്ന ഉറച്ച പിന്തുണയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സുസ്ഥിര വികസനം കൈവരിക്കുന്നതിൽ ധനകാര്യ സ്ഥാപനങ്ങൾ വഹിക്കുന്ന സജീവപങ്കിനെ അടിവരയിടുന്നതാണ് ഈ നേട്ടം.
***