വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) "ദി രജിസ്റ്റർ ഓഫ് ഇന്റർകണക്ട് എഗ്രിമെന്റ്‌സ് (നാലാം ഭേദഗതി) റെഗുലേഷൻസ്, 2026” പുറത്തിറക്കി

പോസ്റ്റഡ് ഓണ്‍: 06 NOV 2026 2:22PM by PIB Thiruvananthpuram
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)  “ദി രജിസ്റ്റർ ഓഫ് ഇന്റർകണക്ട് എഗ്രിമെന്റ്‌സ് (നാലാം ഭേദഗതി) റെഗുലേഷൻസ്, 2026” പുറത്തിറക്കി. 2027 ജനുവരി 1 മുതൽ ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.

ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ രണ്ടോ അതിലധികമോ ടെലികോം നെറ്റ്‌വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവും പ്രവർത്തനപരവും വാണിജ്യപരവുമായ ക്രമീകരണങ്ങളെയാണ് 'ഇന്റർകണക്ഷൻ' എന്ന് വിശേഷിപ്പിക്കുന്നത്. വിവിധ നെറ്റ്‌വർക്കുകൾക്കിടയിൽ വിവരവിനിമയം (Traffic) സാധ്യമാക്കുന്നതിലൂടെ, വ്യത്യസ്ത സേവനദാതാക്കളുടെ ഉപയോക്താക്കൾക്ക് തടസ്സങ്ങളില്ലാതെ പരസ്പരം ആശയവിനിമയം നടത്താൻ ഇത് അവസരമൊരുക്കുന്നു.  1999-ലെ ഇന്റർകണക്ട് എഗ്രിമെന്റ്സ് റെഗുലേഷൻസ് (Register of Interconnect Agreements Regulations, 1999), സേവനദാതാക്കൾ തമ്മിൽ ഏർപ്പെടുന്ന ഇന്റർകണക്ട് കരാറുകളുടെ രജിസ്ട്രേഷനും അവയുടെ ക്രമബദ്ധമായ പരിപാലനത്തിനും ആവശ്യമായ നിയന്ത്രണ ചട്ടക്കൂട് പ്രദാനം ചെയ്യുന്നു.

1997-ലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആക്ടിന്റെ (TRAI Act) വകുപ്പ്  11(1)(b)-യിലെ ഉപവകുപ്പുകൾ (vii), (viii) എന്നിവ പ്രകാരം, ഇന്റർകണക്റ്റ് കരാറുകളുടെ രജിസ്റ്റർ സൂക്ഷിക്കുന്നതിനും, നിശ്ചിത ഫീസ് ഈടാക്കിയും മറ്റ് വ്യവസ്ഥകൾക്ക് വിധേയമായും പ്രസ്തുത രജിസ്റ്റർ പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി ലഭ്യമാക്കുന്നതിനും TRAI ക്ക് അധികാരം നൽകിയിട്ടുണ്ട്.

സേവനദാതാക്കൾ തമ്മിലുള്ള ഇന്റർകണക്ഷൻ സംവിധാനവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയന്ത്രണ ചട്ടക്കൂട് കാലാനുസൃതമായി പരിഷ്കരിക്കുകയും, കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) 2025 ഏപ്രിൽ 3-ന് ‘ഇന്റർകണക്ഷൻ വിഷയങ്ങളിലെ നിലവിലുള്ള ട്രായ് ചട്ടങ്ങളുടെ അവലോകനം’ (Review of Existing TRAI Regulations on Interconnection Issues) എന്ന വിഷയത്തിൽ ഒരു പ്രീ-കൺസൾട്ടേഷൻ പേപ്പർ (Pre-Consultation Paper) പുറത്തിറക്കി. ഇതിന്റെ ഭാഗമായി, ‘രജിസ്റ്റർ ഓഫ് ഇന്റർകണക്ട് എഗ്രിമെന്റ്സ് റെഗുലേഷൻസ്, 1999’ (Register of Interconnect Agreements Regulations, 1999) ഉൾപ്പെടെയുള്ള നിലവിലുള്ള ചട്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി ബന്ധപ്പെട്ട കക്ഷികളിൽ നിന്നും (Stakeholders) അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു.

തുടർന്ന്, ‘ഇന്റർകണക്ഷൻ വിഷയങ്ങളിലെ നിലവിലുള്ള ട്രായ് നിയന്ത്രണങ്ങളുടെ അവലോകനം’ (Review of Existing TRAI Regulations on Interconnection Issues) എന്ന വിഷയത്തിൽ 2025 നവംബർ 10-ന് ട്രായ് ഒരു കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കി. വിഷയവുമായി ബന്ധപ്പെട്ട വിശദമായ പശ്ചാത്തല വിവരങ്ങൾ ഉൾപ്പെടുത്തിയ ഈ രേഖയിൽ, പ്രീ-കൺസൾട്ടേഷൻ നടപടിക്രമത്തിന്റെ ഭാഗമായി ബന്ധപ്പെട്ട കക്ഷികളിൽ (Stakeholders) നിന്ന് ലഭിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചിരുന്നു. ‘രജിസ്റ്റർ ഓഫ് ഇന്റർകണക്ട് എഗ്രിമെന്റ്സ് റെഗുലേഷൻസ്, 1999’ (Register of Interconnect Agreements Regulations, 1999) ഉൾപ്പെടെയുള്ള നിലവിലുള്ള ചട്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി, ഈ കൺസൾട്ടേഷൻ പേപ്പറിലൂടെ TRAI ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു. സമയപരിധി നീട്ടിനൽകിയതിനെത്തുടർന്ന്, രേഖാമൂലമുള്ള അഭിപ്രായങ്ങളും (Written Comments) പ്രതികരണങ്ങളും (Counter-comments) സമർപ്പിക്കുന്നതിനുള്ള അവസാന തീയതികൾ യഥാക്രമം 2025 ഡിസംബർ 15, 2025 ഡിസംബർ 29 എന്നിങ്ങനെ നിശ്ചയിച്ചു.

കൺസൾട്ടേഷൻ പേപ്പറിൽ ഉന്നയിച്ച വിവിധ വിഷയങ്ങളിന്മേൽ പതിനേഴ് പങ്കാളികൾ അഭിപ്രായങ്ങളും ഒമ്പത് പങ്കാളികൾ പ്രതികരണങ്ങളും (Counter-Comments) സമർപ്പിച്ചു. കൂടിയാലോചനാ നടപടികളുടെ ഭാഗമായി, 2026 ജനുവരി 28-ന് കൺസൾട്ടേഷൻ പേപ്പറുമായി ബന്ധപ്പെട്ട് ഒരു ഓപ്പൺ ഹൗസ് ചർച്ചയും (Open House Discussion – OHD) സംഘടിപ്പിച്ചു. ഈ പ്രക്രിയയിലൂടെ ബന്ധപ്പെട്ട പങ്കാളികളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും വിശദമായി വിലയിരുത്തുകയും അവയുടെ അടിസ്ഥാനത്തിൽ ആവശ്യമായ പരിഷ്‌കരണങ്ങൾ പരിഗണിക്കുകയും ചെയ്ത ശേഷമാണ് , ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ‘രജിസ്റ്റർ ഓഫ് ഇന്റർകണക്ട് എഗ്രിമെന്റ്സ് (നാലാം ഭേദഗതി) റെഗുലേഷൻസ്, 2026’ (Register of Interconnect Agreements (Fourth Amendment) Regulations, 2026) അന്തിമമാക്കിയത്.

 
ഭേദഗതി ചട്ടങ്ങളിലെ പ്രധാന വ്യവസ്ഥകൾ

ഇന്റർകണക്ട് കരാറുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ: ഭേദഗതി ചട്ടങ്ങൾ പ്രകാരം, എല്ലാ സേവനദാതാക്കളും തങ്ങളുടെ ഇന്റർകണക്ട് കരാറുകളും (അവയിൽ വരുത്തുന്ന ഭേദഗതികൾ ഉൾപ്പെടെ) ഇതിനായി ട്രായ് സജ്ജീകരിച്ചിട്ടുള്ള പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. കരാറുകളുടെ അച്ചടിച്ച പകർപ്പുകളും അവയുടെ സോഫ്റ്റ് കോപ്പികൾ ഫ്ലോപ്പി ഡിസ്കുകളിലോ മറ്റ് ഡിസ്‌കുകളിലോ സമർപ്പിക്കണമെന്ന മുൻകാല വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. 2027 ജനുവരി 1-ന് നിലവിലുള്ള എല്ലാ ഇന്റർകണക്ട് കരാറുകളും പ്രസ്തുത തീയതി മുതൽ 15 ദിവസത്തിനകം പോർട്ടൽ മുഖേന സമർപ്പിക്കണം. അതേസമയം, പുതുതായി ഒപ്പിടുന്ന കരാറുകളും നിലവിലുള്ള കരാറുകളിൽ വരുത്തുന്ന ഭേദഗതികളും യഥാക്രമം അവ ഒപ്പിടുന്ന തീയതി മുതൽ 15 ദിവസത്തിനകം രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം കരാറുകളുടെ രജിസ്ട്രേഷൻ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, ഏറ്റവും പുതിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന രജിസ്റ്റർ പരിപാലിക്കുന്നതിനും, ആവശ്യാനുസരണം കരാറുകൾ വേഗത്തിൽ വീണ്ടെടുക്കുന്നതിനും സഹായകമാകും.

ടെക്സ്റ്റ് തിരയാൻ കഴിയുന്ന ഇലക്ട്രോണിക് രേഖകളുടെ സമർപ്പണം: നിശ്ചിത രജിസ്ട്രേഷൻ സമയപരിധിക്കുള്ളിൽ, ഇന്റർകണക്ട് കരാറുകളുടെയും അവയിൽ വരുത്തുന്ന ഭേദഗതികളുടെയും ഇലക്ട്രോണിക് പകർപ്പുകൾ ടെക്സ്റ്റ് തിരയാൻ കഴിയുന്ന PDF ഫോർമാറ്റിൽ സേവനദാതാക്കൾ സമർപ്പിക്കേണ്ടതാണ്. ഇത് രേഖകളുടെ പ്രോസസ്സിംഗ്, പരിശോധന, ക്രമബദ്ധമായ പരിപാലനം, ആവശ്യാനുസൃതമായ വീണ്ടെടുക്കൽ എന്നിവ കാര്യക്ഷമമാക്കാൻ സഹായിക്കും.

‘ഇന്റർകണക്ട് കരാറുകളുടെ രജിസ്റ്റർ’ (Register of Interconnect Agreements) ഓൺലൈനായി ലഭ്യമാക്കൽ: ഭേദഗതി ചെയ്ത ചട്ടങ്ങൾ പ്രകാരം, ‘ഇന്റർകണക്ട് കരാറുകളുടെ രജിസ്റ്റർ’ പരിശോധിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനും, രജിസ്റ്ററിലെ നിർദ്ദിഷ്ട ഭാഗങ്ങൾ പരിശോധിക്കുന്നതിനും, അവയുടെ പകർപ്പുകളോ പ്രസക്തമായ ഭാഗങ്ങളോ പോർട്ടൽ മുഖേന ലഭ്യമാക്കുന്നതിനും വ്യവസ്ഥയുണ്ട്. നിലവിലുള്ള നേരിട്ടുള്ള പരിശോധനാ സംവിധാനത്തിന് പുറമേ, രജിസ്റ്ററിലെ പ്രസക്തമായ വിവരങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെയും ലഭ്യമാകും. ഇതിലൂടെ പൊതുജനങ്ങൾക്ക് വിവരങ്ങൾ കൂടുതൽ സുഗമമായും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിനൊപ്പം, പരിശോധനാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും. ഇതുമായി ബന്ധപ്പെട്ട് ബാധകമായ നിയന്ത്രണ വ്യവസ്ഥകൾ തുടർന്നും പാലിക്കേണ്ടതാണ്.

വിശദമായ വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കൽ: ‘രജിസ്റ്റർ ഓഫ് ഇന്റർകണക്ട് എഗ്രിമെന്റ്സ്’ (Register of Interconnect Agreements)-ൽ ഉൾപ്പെടുത്തേണ്ട വിശദമായ വിവരങ്ങൾ  TRAI നിർദേശിക്കുന്ന മാതൃകകളിൽ (Formats) സേവനദാതാക്കൾ സമർപ്പിക്കേണ്ടതാണ്. കൂടാതെ, TRAI നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽത്തന്നെ പ്രസ്തുത വിവരങ്ങൾ ലഭ്യമാക്കുകയും വേണം. ഇത്തരത്തിൽ ക്രമീകൃതവും ഏകീകൃതവുമായ വിവരങ്ങൾ സമയബന്ധിതമായി സമർപ്പിക്കുന്നത് ഇന്റർകണക്ഷൻ ക്രമീകരണങ്ങളുടെ മേൽ ഫലപ്രദമായ നിയന്ത്രണ മേൽനോട്ടം ഉറപ്പാക്കുന്നതിനും, നടപടികളിൽ കൂടുതൽ സുതാര്യത കൈവരിക്കുന്നതിനും സഹായകമാകും.

പരിശോധനയ്ക്കും പകർപ്പുകൾ ലഭ്യമാക്കുന്നതിനുമുള്ള ഫീസിന്റെ പരിഷ്കരണം: ഇന്റർകണക്ട് കരാറുകളുടെ രജിസ്റ്റർ പരിശോധിക്കുന്നതിനുള്ള ഫീസ് മണിക്കൂറിന് 1,500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ താഴെയുള്ള പരിശോധനയ്ക്കും ഇതേ നിരക്ക് ബാധകമായിരിക്കും. അതേസമയം, രജിസ്റ്ററിലെ രേഖകളുടെ പകർപ്പുകൾക്കോ അവയുടെ പ്രസക്തമായ ഭാഗങ്ങൾക്കോ പേജ് ഒന്നിന് 500 രൂപ വീതം ഫീസ് ഈടാക്കും. പരിഷ്കരിച്ച ഈ ഫീസ് ഘടന, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ‘ആക്സസ് ടു ഇൻഫർമേഷൻ റെഗുലേഷൻസ്, 2005 (Access to Information Regulations, 2005) പ്രകാരം നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് അനുപൂരകമാണ്.

സാമ്പത്തിക പിഴകൾക്കായുള്ള ശ്രേണീബദ്ധമായ ചട്ടക്കൂട്: ഭേദഗതി ചെയ്ത ചട്ടങ്ങളുടെ ഫലപ്രദമായ നിർവഹണം ഉറപ്പാക്കുന്നതിനായി, അവയിലെ വ്യവസ്ഥകൾ ലംഘിക്കുന്ന സാഹചര്യങ്ങളിൽ ചുമത്തേണ്ട സാമ്പത്തിക പിഴകൾക്കായി ഘട്ടം ഘട്ടമായുള്ള ഒരു ചട്ടക്കൂട് (Graded Financial Disincentive Framework) ഏർപ്പെടുത്തിയിട്ടുണ്ട്. ലംഘനത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുത്ത് ആനുപാതികമായ സാമ്പത്തിക പിഴകൾ ചുമത്താൻ ഈ സംവിധാനം സഹായിക്കും. ഇതിലൂടെ ചട്ടങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തവും നിയന്ത്രണ വ്യവസ്ഥകളുടെ ഫലപ്രദമായ നിർവഹണവും ഉറപ്പാക്കാനാകും.

ഇന്റർകണക്ട് കരാറുകളുടെ രജിസ്ട്രേഷൻ, സമർപ്പണം, പരിശോധന, വിവരലഭ്യത എന്നിവ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിലൂടെ, അത്തരം കരാറുകളുടെ രജിസ്ട്രേഷനും പരിപാലനവും നിയന്ത്രിക്കുന്ന നിലവിലെ ചട്ടക്കൂടിനെ ഈ ഭേദഗതികൾ കൂടുതൽ ആധുനികവും കാര്യക്ഷമവുമാക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ സമർപ്പിക്കണമെന്ന വ്യവസ്ഥകളും, വീഴ്ചകളുടെ സ്വഭാവത്തിനും ഗൗരവത്തിനും അനുസൃതമായി സാമ്പത്തിക പിഴകൾ ചുമത്തുന്നതിനുള്ള സംവിധാനവും നിയന്ത്രണ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും സഹായകമാകും. ചുരുക്കത്തിൽ, ഈ ഭേദഗതികളിലൂടെ ഇന്റർകണക്ട് കരാറുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഭരണപരമായ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാനും, വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും, നിയന്ത്രണപരമായ വ്യക്തത ഉറപ്പാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

'ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (മൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026'-ന്റെ പൂർണരൂപവും ഇതുമായി ബന്ധപ്പെട്ട വിശദീകരണ കുറിപ്പും (Explanatory Memorandum) ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഔദ്യോഗിക വെബ്‌സൈറ്റായ www.trai.gov.in-ൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും വിശദീകരണങ്ങൾക്കും TRAI-യിലെ അഡ്വൈസർ (നെറ്റ്‌വർക്കുകൾ, സ്പെക്‌ട്രം & ലൈസൻസിംഗ്-I) ശ്രീ. സമീർ ഗുപ്തയെ ബന്ധപ്പെടാവുന്നതാണ്. ഇതിനായി adv-nsl1@trai.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ +91-11-20907752 എന്ന ടെലിഫോൺ നമ്പറിലോ ബന്ധപ്പെടാം.

 
*****

( റിലീസ് ഐ.ഡി: 2333693) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Kannada