പോസ്റ്റഡ് ഓണ്:
06 NOV 2026 1:55PM by PIB Thiruvananthpuram
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഓഫീസുകളിലും മാധ്യമയൂണിറ്റുകളിലും ശുചിത്വം മെച്ചപ്പെടുത്തുക, രേഖാ പരിപാലനം കാര്യക്ഷമമാക്കുക, തീർപ്പാക്കാത്ത വിഷയങ്ങൾ പരിഹരിക്കുക എന്നിവ ലക്ഷ്യമിട്ട് 2026 ഒക്ടോബർ 2 മുതൽ ഒക്ടോബർ 31 വരെ നടത്തിയ സ്പെഷ്യൽ കാമ്പയിൻ 6.0 വിജയകരമായി സമാപിച്ചു.
കാമ്പയിന്റെ ഭാഗമായി മന്ത്രാലയം 1,63,213 കിലോഗ്രാം പാഴ് വസ്തുക്കൾ നീക്കം ചെയ്യുകയും 40,278 ചതുരശ്ര അടി ഓഫീസ് സ്ഥലം വൃത്തിയാക്കുകയും ചെയ്തു. കൂടാതെ, 35 വാഹനങ്ങൾ ഉപയോഗയോഗ്യമല്ലാത്തവയായി പ്രഖ്യാപിച്ചു. കാമ്പയിന്റെ ഭാഗമായി 1,348 ശുചിത്വ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും, അവയിലൂടെ 1,519 സ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്തു.
രേഖാ പരിപാലനത്തിലും തീർപ്പാക്കാത്ത വിഷയങ്ങൾ പരിഹരിക്കുന്നതിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ആകെ 39,545 ഫയലുകൾ പരിശോധിച്ചതിൽ 8,823 ഫയലുകൾ ഒഴിവാക്കി. അതുപോലെ, 12,609 ഇ-ഫയലുകൾ പരിശോധിക്കുകയും, കാമ്പയിനിടെ 11,199 ഫയലുകൾ തീർപ്പാക്കുകയും ചെയ്തു.
കാമ്പയിന്റെ തയ്യാറെടുപ്പ് ഘട്ടത്തിൽ വാർത്താവിതരണ-പ്രക്ഷേപണം, റെയിൽവേ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് കേന്ദ്ര മന്ത്രിയായ ശ്രീ അശ്വിനി വൈഷ്ണവ്, മന്ത്രാലയത്തിലെയും അതിന്റെ മാധ്യമയൂണിറ്റുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഏറ്റവും താഴത്തെ ഫീൽഡ് തലത്തിലുള്ള യൂണിറ്റുകൾ ഉൾപ്പെടെ എല്ലാ ഓഫീസുകളിലും കാമ്പയിന്റെ നടത്തിപ്പ് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, ശുചിത്വ പ്രവർത്തനം 2026 ഒക്ടോബർ 31ന് ശേഷവും വർഷം മുഴുവൻ തുടരുന്ന സംരംഭമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് നിർദേശിച്ചു. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഓഫീസുകൾക്ക് ഉയർന്ന മുൻഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ കാമ്പയിന്റെ പുരോഗതി തുടർച്ചയായി അവലോകനം ചെയ്യുകയും, മാധ്യമയൂണിറ്റുകൾ ശുചിത്വം ഒരു പതിവ് പ്രവർത്തനമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.'സ്വച്ഛത ഹി സേവ’യുടെ ആശയം കാമ്പയിൻ കാലയളവിന് ശേഷവും വർഷം മുഴുവൻ തുടരണമെന്നും, അത് സ്ഥാപനത്തിന്റെ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തുടനീളമുള്ള ആകാശവാണി സ്റ്റേഷനുകൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.കൊൽക്കത്തയിൽ പഴയ ഫയലുകളും കടലാസുകളും നീക്കം ചെയ്യൽ, കട്ടക്കിൽ അവഗണിക്കപ്പെട്ടിരുന്ന ആൽമര പ്രദേശത്തിന്റെ പുനരുദ്ധാരണം, ഗുജറാത്തിലെ ഹിമ്മത്നഗറിൽ ‘പാഴ് വസ്തുക്കളിൽ നിന്നും സമ്പത്ത് 'പദ്ധതികൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഹിമ്മത്നഗറിൽ ഉപേക്ഷിച്ചിരുന്ന പഴയ ഒരു ഡിഷ് സുരക്ഷാ ജീവനക്കാർക്കായി ഇരിപ്പിടമാക്കി പുനക്രമീകരിച്ചു . ആകാശവാണി ജോധ്പൂരും മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടത്തി. ഭുവനേശ്വറിലെ NABM-ൽ കുട്ടികളുടെ പാർക്ക് ശുചീകരിച്ചു.
മറ്റ് നിരവധി മാധ്യമയൂണിറ്റുകളും കാമ്പയിനിടെ നവീനമായ ശുചിത്വ-സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. IIMC, കോട്ടയം, ചുമർചിത്രങ്ങളിലൂടെ ക്യാമ്പസ് സൗന്ദര്യവൽക്കരണം നടത്തി. ശ്രീനഗർ ദൂരദർശൻ കേന്ദ്രം , വനംവകുപ്പിന്റെയും CRPF-യുടെയും സഹകരണത്തോടെ ശങ്കരാചാര്യ ഹില്ലിൽ സംയുക്ത ശുചിത്വ പ്രവർത്തനം സംഘടിപ്പിച്ചു. ഡെറാഡൂൺ ദൂരദർശൻ കേന്ദ്രം , അഹമ്മദാബാദിലെ PIB, CBC ഓഫീസുകൾ, ന്യൂഡൽഹിയിലെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക്കേഷൻസ് ഡിവിഷൻ എന്നിവിടങ്ങളിലും ശുചിത്വ പ്രവർത്തനങ്ങൾ നടത്തി.
ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി അച്ചടി, ഇലക്ട്രോണിക്, സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണ-ജനസമ്പർക്ക പ്രവർത്തനങ്ങളും നടത്തി.
സ്ഥാപനതലത്തിലുള്ള ശുചിത്വം, കാര്യക്ഷമമായ രേഖാ പരിപാലനം, പരിഹരിക്കാത്ത വിഷയങ്ങൾ സമയബന്ധിതമായി തീർപ്പാക്കൽ, മെച്ചപ്പെട്ട പൊതുസേവന വിതരണം എന്നിവയോടുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ പ്രതിജ്ഞാബദ്ധതയെ സ്പെഷ്യൽ കാമ്പയിൻ 6.0യുടെ വിജയകരമായ സമാപനം പ്രതിഫലിപ്പിക്കുന്നു .
***