സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

തവാങ് ആശ്രമത്തില്‍ ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ ദർശിക്കുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്ത് ഭക്തജനങ്ങൾ

പോസ്റ്റഡ് ഓണ്‍: 03 NOV 2026 5:28PM by PIB Thiruvananthpuram

ശാക്യമുനി ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദർശനം ഗാദെൻ നംഗ്യാൽ ലാത്സെയിൽ (തവാങ് ആശ്രമം) തവാങിലെയും  അരുണാചൽ പ്രദേശിന്റെ സമീപ പ്രദേശങ്ങളിലെയും ഭക്തർക്ക് ആത്മീയ ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും പുണ്യവേളയായി മാറി. പ്രദർശനത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ തിരുശേഷിപ്പുകൾ ഒരുനോക്ക് കാണാനും പ്രാർത്ഥനയര്‍പ്പിക്കാനും വണങ്ങാനും ഭക്തരുടെ നീണ്ട നിരയോടെ വലിയ ജനപങ്കാളിത്തമാണ് ആശ്രമത്തില്‍  ദൃശ്യമായത്. ശ്രീബുദ്ധനോടും അവിടുത്തെ കാലാതീത ദർശനങ്ങളോടും ജനങ്ങൾ പുലര്‍ത്തുന്ന അഗാധമായ വിശ്വാസവും ഭക്തിയുമാണ് ഈ ജനസാന്നിധ്യത്തിൽ പ്രതിഫലിക്കുന്നത്.

 

ബുദ്ധ സന്യാസിമാർക്കും മുതിർന്ന പൗരന്മാർക്കും പൊതുജനങ്ങൾക്കും തിരുശേഷിപ്പുകൾ കാണാനും അവയുടെ ആത്മീയ പ്രാധാന്യം അനുഭവിച്ചറിയാനുമുള്ള സൗകര്യങ്ങൾ പ്രദർശനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കാരുണ്യം, സമാധാനം, ജ്ഞാനം, സാർവലൗകിക സാഹോദര്യം എന്നിവ ഉൾക്കൊള്ളുന്ന ബുദ്ധന്റെ ശാശ്വത സന്ദേശങ്ങളിലേക്ക് വീണ്ടും അടുക്കാനുള്ള അത്യപൂർവ അവസരമാണ്  പ്രദർശനം ജനങ്ങൾക്ക് നൽകുന്നത്.

 

വിശുദ്ധ തിരുശേഷിപ്പ് പ്രദർശനത്തിന് പുറമെ രണ്ട് പ്രത്യേക പ്രദര്‍ശനങ്ങളിലൂടെ ബുദ്ധ നാഗരികതയുടെ സമ്പന്ന പൈതൃകവും വൈവിധ്യമാർന്ന തലങ്ങളും അടുത്തറിയാനുള്ള അവസരവും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (ഐബിസി) സംഘടിപ്പിച്ച 'വിശുദ്ധ പിപ്രഹ്വയെ തേടല്‍: ബുദ്ധന്റെ തിരുശേഷിപ്പുകളുടെയും അവയുടെ കണ്ടെത്തലിന്റെയും കഥ'  എന്ന പ്രദർശനം 1898-ലെ തിരുശേഷിപ്പുകളുടെ കണ്ടെത്തലും ബുദ്ധചരിത്രത്തിലെ അവയുടെ പ്രാധാന്യവും വ്യക്തമാക്കി പിപ്രഹ്വ  തിരുശേഷിപ്പുകളുടെ പുരാവസ്തു ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ന്യൂഡൽഹി നാഷണൽ മ്യൂസിയം അവതരിപ്പിച്ച 'ധർമ്മത്തിന്റെ സംഗമവേദി: ക്ലാസിക്കൽ പൈതൃകങ്ങൾ, സജീവ കല, നരവംശശാസ്ത്രപരമായ കാഴ്ചപ്പാടുകൾ'  എന്ന മറ്റൊരു പ്രദര്‍ശനം ബുദ്ധമതത്തിന്റെ ചരിത്രപരവും കലാപരവും സാംസ്കാരികവുമായ പരിണാമത്തെ വരച്ചുകാട്ടുന്നു. ബുദ്ധമതത്തിന്റെ സമ്പന്നവും ശാശ്വതവുമായ പൈതൃകത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ഉൾക്കാഴ്ചകൾ സന്ദർശകർക്ക് പകർന്നുനൽകുന്നതാണ് ഈ രണ്ട് പ്രദര്‍ശനങ്ങളും.

 

ന്യൂഡൽഹി നാഷണൽ മ്യൂസിയത്തിൽ നിന്ന് കൊണ്ടുവന്ന ശാക്യമുനി ബുദ്ധന്റെ തിരുശേഷിപ്പുകൾ ചരിത്രപ്രസിദ്ധമായ തവാങ് ആശ്രമത്തില്‍ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ നേതൃത്വത്തിൽ ആചാരപരമായി ഏറ്റുവാങ്ങിയതോടെയാണ് സംസ്ഥാനത്തെ തിരുശേഷിപ്പ് പ്രദർശനത്തിന് തുടക്കമായത്. കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ശെഖാവത്ത്, വന്ദ്യരായ ബുദ്ധ സന്യാസിമാർ, മതനേതാക്കൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

 

തവാങ് ആശ്രമത്തിലെ പ്രദർശനം 2026 നവംബർ 7 വരെ തുടരും. പിന്നീട് തിരുശേഷിപ്പുകൾ ബോംഡിലയിലെ ടിജിഎൽ ആശ്രമത്തിലേക്ക് (ലോവർ ഗോമ്പ) കൊണ്ടുപോകും.   നവംബർ 8 മുതൽ 13 വരെ അവിടെ പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കും. തുടർന്ന്  നവംബർ 14 മുതൽ 20 വരെ നാംസായിലെ ഗോൾഡൻ പഗോഡയിൽ പ്രദർശനമുണ്ടാകും. നവംബർ 21-ന് തിരുശേഷിപ്പുകൾ ന്യൂഡൽഹി നാഷണൽ മ്യൂസിയത്തിലേക്ക് തിരികെയെത്തിക്കും.


( റിലീസ് ഐ.ഡി: 2332362) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese