പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
03 NOV 2026 8:00PM by PIB Thiruvananthpuram
ഭാരത് പുനരുപയോഗ ഊർജ്ജ ഉച്ചകോടി-എക്സ്പോ 2026-ന്റെ രണ്ടാം ദിനത്തിൽ, കേന്ദ്ര നവ-പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി, കേന്ദ്ര വൈദ്യുതി, ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ ഖട്ടർ, നവ-പുനരുപയോഗ ഊർജ്ജ, വൈദ്യുതി സഹമന്ത്രി ശ്രീ ശ്രീപദ് യെസ്സോ നായിക് എന്നിവർ 'ദി നെക്സ്റ്റ് ടെറാവാട്ട്' എന്ന മന്ത്രിതല പ്ലീനറി യോഗത്തിൽ പങ്കെടുത്തു. അന്താരാഷ്ട്ര സൗരസഖ്യം, CEEW, എനർജിവ വെഞ്ചേഴ്സ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചർച്ചയായിരുന്നു ഇത്. വരും ദശകങ്ങളിലെ അന്താരാഷ്ട്ര പുനരുപയോഗ ഊർജ്ജ നിർവഹണ സംവിധാനത്തിന് രൂപം നൽകുന്നതിനായി ഉന്നതതല ഗവൺമെന്റ് പ്രതിനിധികളെയും വ്യവസായ മേഖലയിലെ പ്രമുഖരെയും ഈ പ്ലീനറി യോഗം ഒരുമിച്ചുകൊണ്ടുവന്നു.
ആഗോള പുനരുപയോഗ ഊർജ്ജ വികസനത്തിന്റെ അടുത്ത ഘട്ടം വേഗത്തിലാക്കുന്നതിന് നിർണായകമായ നാല് പ്രധാന മുൻഗണനാ മേഖലകളെക്കുറിച്ച് ചർച്ചകൾ നടന്നു. സംയോജിത ഊർജ്ജ ആസൂത്രണം, വിതരണവും സംഭരണവും; ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും പ്രതിരോധശേഷിയും; ടെറാവാട്ട് തലത്തിലുള്ള പദ്ധതികൾക്കും അനുബന്ധ സംവിധാനങ്ങൾക്കുമുള്ള ധനസഹായം; സുരക്ഷിതവും താങ്ങാനാവുന്നതുമായ ചെലവിലുള്ള ഊർജ്ജത്തിനായി ഡിജിറ്റലൈസേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും എന്നിവയായിരുന്നു ഈ മേഖലകൾ. 2047-ഓടെ വികസിത ഭാരതം എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് അനുസൃതമായി, 2050 വരെയുള്ള തന്ത്രപരമായ രൂപരേഖയും ചർച്ചകളിൽ ഇടംപിടിച്ചു.
ഏകദേശം 1.17 ലക്ഷം കോടി രൂപയുടെ നിർദിഷ്ട നിക്ഷേപം സംബന്ധിച്ച 18 ധാരണാപത്രങ്ങളിൽ (MoUs) ഒഡിഷ ഒപ്പുവച്ചു. ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയൾ, ഉപമുഖ്യമന്ത്രി കനക് വർധൻ സിംഗ് ദേവ് എന്നിവർ സന്നിഹിതരായിരുന്നു.
മറ്റൊരു സുപ്രധാന നേട്ടമായി, ബൊണ്ടാഡ ഗ്രൂപ്പിന്റെ ഭാഗമായ ബൊണ്ടാഡ എൻജിനീയറിങ് ലിമിറ്റഡ്, ഗോവയിൽ പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കായി ഏകദേശം 3,000 കോടി രൂപയുടെ നിർദിഷ്ട നിക്ഷേപം വാഗ്ദാനം ചെയ്ത് ഗോവ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ബോർഡുമായി (Goa-IPB) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
130-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ BRE ഉച്ചകോടി 2026 ഒരുമിച്ചുകൊണ്ടുവന്നിട്ടുണ്ട്. 40-ലധികം മന്ത്രിമാർ, മുതിർന്ന നയരൂപീകരണ വിദഗ്ധർ, നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ എന്നിവർ ഇതിൽ പങ്കെടുക്കുന്നു. ഓസ്ട്രേലിയ, ഡെൻമാർക്ക്, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങൾ /കൂട്ടായ്മകൾ രാജ്യ പങ്കാളികളായി പങ്കെടുക്കുന്നു. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും ശുദ്ധ ഊർജ്ജ മൂല്യശൃംഖലയിലുടനീളം നിക്ഷേപ-സാങ്കേതിക പങ്കാളിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരങ്ങളാണ് ഇതിലൂടെ ഒരുക്കുന്നത്.
പതിമൂന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവയുടെ പുനരുപയോഗ ഊർജ്ജ സാധ്യതകൾ, പദ്ധതികൾ , ഉൽപ്പാദന ശേഷികൾ, നയപരമായ സംരംഭങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള നിക്ഷേപ അവസരങ്ങളുടെ വ്യാപ്തിയും വൈവിധ്യവും ഇത് എടുത്തുകാട്ടുന്നു.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കായുള്ള 'വാട്ട്സ് നെക്സ്റ്റ്: വിദഗ്ധ നൂതനാശയങ്ങൾ, അജണ്ട 2047' എന്ന പരിപാടിയുടെ ആദ്യ ഘട്ടവും അന്നേ ദിവസം നടന്നു. ബ്ലൂംബെർഗ് എൻഇഎഫുമായി (BloombergNEF) സഹകരിച്ച് രൂപകൽപ്പന ചെയ്ത, ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായുള്ള ആശയവിനിമയ വേദിയായിരുന്നു ഇത്. പരമ്പരാഗത പാനൽ ചർച്ചകൾക്കപ്പുറം, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്ക് അടുക്കുമ്പോൾ രാജ്യത്തിന്റെ നവ ഊർജ്ജ സംവിധാനത്തിന് രൂപം നൽകാൻ കഴിയുന്ന സാങ്കേതികവിദ്യ, ധനകാര്യം, നയരൂപീകരണം എന്നീ മേഖലകളിലെ ധീരവും പ്രായോഗികവുമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി പ്രമുഖ നവീനാശയ പ്രവർത്തകർ, സംരംഭകർ, വ്യവസായ പ്രമുഖർ എന്നിവർ ഈ സെഷനിൽ പങ്കെടുത്തു. സുമന്ത് സിൻഹ (സ്ഥാപകൻ, ചെയർമാൻ, സി.ഇ.ഒ, റിന്യൂ), ശ്രേയ മിശ്ര (സഹസ്ഥാപകയും സി.ഇ.ഒയും, സോളാർസ്ക്വയർ), ഗിരീഷ് ആർ. തന്തി (സഹസ്ഥാപകൻ, സുസ്ലോൺ ഗ്രൂപ്പ്), പ്രൊഫ. അശോക് ഝുൻഝുൻവാല (ഐ.ഐ.ടി മദ്രാസ്), മെറിഡിത്ത് ആനക്സ് (ക്ലീൻ പവർ റിസർച്ച് മേധാവി, ബ്ലൂംബെർഗ്എൻഇഎഫ്) എന്നിവർ പ്രഭാഷകരിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ വികസനത്തിന് വൈദ്യുതി ഉൽപ്പാദന ശേഷി, ഊർജ്ജ സംഭരണം, പ്രസരണ ശൃംഖലകൾ, ആഭ്യന്തര ഉൽപ്പാദനം, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ തുടർച്ചയായ നിക്ഷേപം ആവശ്യമാണ്. നൂതന ധനസഹായ മാതൃകകൾ പര്യവേക്ഷണം ചെയ്യുന്നതിനും നിക്ഷേപ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനും പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും പങ്കാളികൾക്ക് ഈ ഉച്ചകോടി വേദിയൊരുക്കുന്നു.
രണ്ടാം ദിനത്തിലെ ചില ദൃശ്യങ്ങൾ:





***