രാജ്യരക്ഷാ മന്ത്രാലയം
സൊമാലിയ തീരത്ത് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ‘അസിനി’ എന്ന മത്സ്യബന്ധന കപ്പലിനെ ഇന്ത്യൻ നാവികസേന വിജയകരമായി മോചിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
03 NOV 2026 8:45AM by PIB Thiruvananthpuram
48 മണിക്കൂറിലധികം നീണ്ടുനിന്ന ദ്രുതവും മികച്ച ഏകോപനത്തോടെയുമുള്ള ദൗത്യത്തിലൂടെ, സായുധ കടൽക്കൊള്ളക്കാരിൽ നിന്ന് ‘അസിനി’ എന്ന മത്സ്യബന്ധന കപ്പലിനെ ഇന്ത്യൻ നാവികസേന വിജയകരമായി മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെയും അപകടങ്ങൾ ഇല്ലാതെ സുരക്ഷിതമായി രക്ഷപ്പെടുത്തിയാണ് ദൗത്യം പൂർത്തിയാക്കിയത്.
കഴിഞ്ഞ മാസം ആദ്യം സൊമാലിയയുടെ വടക്കുകിഴക്കൻ തീരത്ത് വെച്ച് സായുധ കടൽക്കൊള്ളക്കാരുടെ സംഘം ‘അസിനി’ മത്സ്യബന്ധന കപ്പൽ തട്ടിയെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മേഖലയിലെ വ്യാപാര കപ്പലുകൾക്കെതിരെ കൂടുതൽ കടൽക്കൊള്ള നടത്തുന്നതിനായി ഈ കപ്പലിനെ ‘മദർഷിപ്പ്’ ആയി ഉപയോഗിക്കാനുള്ള സാധ്യതയുണ്ടായിരുന്നതിനാൽ, ഈ തട്ടിക്കൊണ്ടുപോകൽ സമുദ്രസുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറിയിരുന്നു.
ഈ സാഹചര്യത്തിൽ ഇന്ത്യൻ നാവികസേന, ദൗത്യത്തിനായി ഒരു യുദ്ധക്കപ്പലിനെ നിയോഗിച്ചു. സമുദ്ര നിരീക്ഷണ വിമാനത്തിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. പരസ്പര ഏകോപനത്തോടെ പ്രവർത്തിച്ച ഈ സംവിധാനങ്ങൾ തുടർച്ചയായ നിരീക്ഷണത്തിലൂടെ കപ്പലിന്റെ സ്ഥാനം കണ്ടെത്തുകയും അതിന്റെ സഞ്ചാരം നിരീക്ഷിക്കുകയും ചെയ്തു. കപ്പലിന്റെ നീക്കം നിയന്ത്രിക്കുന്നതിനും രക്ഷപ്പെടാനുള്ള സാധ്യത തടയുന്നതിനുമായി ഘട്ടംഘട്ടമായുള്ള പ്രതിരോധ നടപടികളും സ്വീകരിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ (IAF) C-17 വിമാനം കൃത്യതയോടെ നടത്തിയ ആകാശമാർഗമുള്ള സൈനിക വിന്യാസത്തിലൂടെ മറൈൻ കമാൻഡോകളുടെ സംഘത്തെയും ദൗത്യത്തിൽ ഉൾപ്പെടുത്തി.
അതിവേഗവും മികച്ച ഏകോപനത്തോടെയുമുള്ള തന്ത്രപരമായ ഇടപെടലിലൂടെ ഇന്ത്യൻ നാവികസേന കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും കടൽക്കൊള്ളക്കാരുടെ ഭീഷണി മറികടക്കുകയും കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു.
വിവിധ സേനാവിഭാഗങ്ങളുടെ സുഗമമായ ഏകോപനത്തിലൂടെ സങ്കീർണമായ സമുദ്രസുരക്ഷാ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ഇന്ത്യൻ നാവികസേനയുടെ മികച്ച പ്രവർത്തനസന്നദ്ധതയുടെയും കഴിവിന്റെയും തെളിവാണ് ഈ വിജയകരമായ ദൗത്യം. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ പ്രഥമ പ്രതികരണ സേനയായും (First Responder) മുൻഗണനാ സുരക്ഷാ പങ്കാളിയായും തുടരുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും ഇത് അടിവരയിടുന്നു.
നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിർണായകമായ സമുദ്ര വ്യാപാര പാതകൾ സംരക്ഷിക്കുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷിതവും സുസ്ഥിരവുമായ സമുദ്രാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഇന്ത്യൻ നാവികസേന സദാ പ്രതിജ്ഞാബദ്ധമാണ്.
SKY
*******
( റിലീസ് ഐ.ഡി: 2331898)
സന്ദര്‍ശക കൗണ്ടര്‍ : 18