പോസ്റ്റഡ് ഓണ്‍:
01 NOV 2026 5:18PM by PIB Thiruvananthpuram
ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് പിവിഎസ്എം, എവിഎസ്എം, വിഎം, വിഎസ്എം 2026 നവംബർ 1-ന് ചുമതലയേറ്റു. ദേശീയ യുദ്ധസ്മാരകത്തിലെത്തി രാജ്യത്തിനായി ജീവത്യാഗം ചെയ്ത വീരസൈനികർക്ക് ആദരമർപ്പിച്ചാണ് അദ്ദേഹം ഔദ്യോഗിക ചുമതലയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് ന്യൂഡൽഹി എയർഫോഴ്സ് സ്റ്റേഷനില്‍ അദ്ദേഹത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി.
എക്സ്പെരിമെൻ്റൽ ടെസ്റ്റ് പൈലറ്റും ക്വാളിഫൈഡ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറുമായ എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിതിന് 3,500-ലധികം മണിക്കൂർ വിമാനം പറത്തിയുള്ള പ്രവർത്തന പരിചയമുണ്ട്. സംയുക്ത സൈനികാസ്ഥാനത്തെ ചീഫ് ഓഫ് ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ടു ദ ചെയർമാൻ ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി, സെൻട്രൽ എയർ കമാൻഡ് എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, വൈസ് ചീഫ് ഓഫ് ദ എയർ സ്റ്റാഫ് ഉൾപ്പെടെ ദൗത്യപരവും തന്ത്രപ്രധാനവുമായ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ഇന്ത്യൻ വ്യോമസേനയുടെ മുൻഗണനകളും കാഴ്ചപ്പാടുകളും വ്യക്തമാക്കിയ വ്യോമസേനാ മേധാവി സേനയുടെ ഭാവി ഗതി നിർണയിക്കുന്ന നാല് പ്രധാന സ്തംഭങ്ങൾ ഉൾക്കൊള്ളുന്ന 'വായു' മാർഗരേഖ പ്രഖ്യാപിച്ചു.
V - വിജിലന്‍സ്, വിക്ടറി ആന്‍ഡ് റെഡിനെസ് (ജാഗ്രത, വിജയം, സന്നദ്ധത): സൈന്യത്തിൻ്റെ പോരാട്ട വീര്യവും കരുത്തും അനുവദനീയ തലത്തിലേക്ക് ഉയർത്തുന്നതിനൊപ്പം വ്യോമസേനയുടെ എല്ലാ വിഭാഗങ്ങളിലും ഏറ്റവും ഉയർന്ന തലത്തില്‍ പ്രവർത്തന സജ്ജത നിലനിർത്തുക.
A - ആത്മനിർഭരത: പ്രവർത്തന രംഗത്തെ സ്വയംപര്യാപ്തതയ്ക്കും സുസ്ഥിര യുദ്ധശേഷിക്കും ഊന്നൽ നൽകി പ്ലാറ്റ്ഫോമുകൾ, സെൻസറുകൾ, ആയുധങ്ങൾ, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിലെ തദ്ദേശീയ ശേഷി ത്വരിതപ്പെടുത്തുക.
Y - യുക്തി: എഐ അധിഷ്ഠിത കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ, ഡ്രോൺ പ്രതിരോധ ശേഷികൾ, പ്രവർത്തന പ്രതിരോധശേഷി, പുത്തൻ പ്രവർത്തന മേഖലകൾ എന്നിവയുൾപ്പെടെ സേനാ സിദ്ധാന്തങ്ങളിലും സാങ്കേതികവിദ്യയിലും യുദ്ധതന്ത്രങ്ങളിലും നൂതനാശയങ്ങളും നവീകരണവും വിനിയോഗിക്കുക.
U - യൂണിറ്റി ഓഫ് എഫര്‍ട്ട് (കൂട്ടായ പ്രയത്നം): കൂട്ടായ്മ, ആത്മനിര്‍ഭരത, നൂതനാശയങ്ങള്‍ (JAI) എന്ന ദേശീയ കാഴ്ചപ്പാടിനനുസൃതമായി കരസേന, നാവികസേന, ഇതര ദേശീയ ഏജൻസികൾ എന്നിവരുമായി സംയുക്ത ഏകോപനം ശക്തിപ്പെടുത്തുക.
'വായു' മാർഗരേഖയിലൂടെ യുദ്ധസജ്ജവും സാങ്കേതികമായി മുന്നിട്ടുനിൽക്കുന്നതും സ്വയംപര്യാപ്തവും തടസ്സരഹിതമായി സംയോജിപ്പിച്ചതുമായ സേനയായി ഇന്ത്യൻ വ്യോമസേനയെ മാറ്റുന്നതിനുള്ള കൃത്യമായ ദിശാബോധമാണ് പുതിയ വ്യോമസേനാ മേധാവി മുന്നോട്ടുവെച്ചിരിക്കുന്നത്. രാജ്യതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വിശ്വസനീയ വ്യോമശക്തിയിലൂടെ ശത്രുക്കളെ പ്രതിരോധിക്കുന്നതിനും ഈ കാഴ്ചപ്പാട് പ്രതിജ്ഞാബദ്ധമാണ്.



****