പോസ്റ്റഡ് ഓണ്:
01 NOV 2026 2:34PM by PIB Thiruvananthpuram
അവയവമാറ്റം നടത്തിയവരുടെ ദേശീയ കായികമേള- 2026 ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ഉദ്ഘാടനം ചെയ്തു.
ധൈര്യം, നിശ്ചയദാർഢ്യം, കാരുണ്യം, ജീവിതത്തിലെ വിലമതിക്കാനാവാത്ത സമ്മാനം എന്നിവയുടെ ആഘോഷമാണ് ഈ കായികമേളയെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. ഈ സുപ്രധാന സംരംഭത്തിന് നേതൃത്വം നൽകിയ റീനൽ കെയർ ഫൗണ്ടേഷൻ, സർ ഗംഗാറാം ആശുപത്രി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻ്റ് ഓർഗനൈസേഷൻ (NOTTO) എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു.
നിസ്വാർത്ഥ സേവനമെന്ന ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, മഹത്തായ ലക്ഷ്യത്തിനായി സ്വയം സമർപ്പിച്ച മഹർഷി ദധീചിയുടെ ത്യാഗം കാലാതീതമായ മാതൃകയാണെന്ന് അനുസ്മരിച്ചു. നഷ്ടത്തിൻ്റെ വേദനയിലും മറ്റുള്ളവരിൽ പ്രതീക്ഷ നിലനിർത്താൻ സഹായിക്കുന്ന അവയവദാനം ഒരു ‘മഹാദാന’മാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൻ്റെ ‘മൻ കി ബാത്ത്’ പ്രഭാഷണങ്ങളിലൂടെ അവയവദാനത്തിന് തുടർച്ചയായി നൽകിയ ഊന്നൽ ഇന്ത്യയിലെ അവയവദാന പ്രസ്ഥാനത്തിന് വലിയ പ്രചോദനമായിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഒരു കായികമത്സരം എന്നതിലുപരി, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ അതിജീവനശേഷി ആഘോഷിക്കുകയും ജീവിതം മാറ്റിമറിക്കാനുള്ള ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ കഴിവ് പ്രകടമാക്കുകയും ചെയ്യുന്നതാണ് ഈ കായികമേളയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പങ്കെടുത്തവരുടെ ധൈര്യം, അച്ചടക്കം, കായികമനോഭാവം എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. അവരുടെ നേട്ടങ്ങൾ അവയവമാറ്റത്തിനായി കാത്തിരിക്കുന്നവരിൽ പ്രതീക്ഷ പകരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരണാനന്തരം അവയവങ്ങൾ ദാനം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ഉപരാഷ്ട്രപതി അവരുടെ കുടുംബങ്ങളോടുള്ള ആദരം അറിയിച്ചു . അവരുടെ നിസ്വാർത്ഥമായ തീരുമാനങ്ങളാണ് മറ്റുള്ളവർക്ക് ജീവിതത്തിൽ രണ്ടാമതൊരു അവസരം നൽകുന്നത്. സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഏറ്റവും ഉത്തമമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ജീവിച്ചിരിക്കുന്ന അവയവദാതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യുന്ന ഒരാൾക്ക് എട്ട് പേരുടെ വരെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു .
അവയവദാനത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും മിഥ്യാധാരണകളും ഇല്ലാതാക്കണമെന്നും വിവേകപൂർവമായ തീരുമാനങ്ങൾ എടുക്കാൻ പ്രോത്സാഹിപ്പിക്കണമെന്നുംആവശ്യപ്പെട്ടു. അവയവദാനത്തിനുള്ള താൽപ്പര്യങ്ങൾ കുടുംബാംഗങ്ങളുമായി ഓരോരുത്തരും പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടു. അവയവമാറ്റത്തിന് വിധേയരായവർ, ദാതാക്കൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവരെ ഒരുമിച്ചുകൊണ്ടുവരുന്നതിലൂടെ അവയവമാറ്റ ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ അവയവമാറ്റം നടത്തിയവരുടെ ദേശീയ കായികമേള മികച്ച വേദിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ഉപരാഷ്ട്രപതി ‘സിന്ദഗി ദുബാര’ (Zindagi Dobara) കലണ്ടർ പ്രകാശനം ചെയ്യുകയും ജർമനിയിലെ ഡ്രെസ്ഡനിൽ നടന്ന അവയവമാറ്റം നടത്തിയവരുടെ 2025-ലെ ലോക കായികമേളയിൽ മെഡലുകൾ നേടിയവരെ ആദരിക്കുകയും ചെയ്തു.
570 അവയവമാറ്റ സ്വീകർത്താക്കളും അവയവദാതാക്കളും ഒരുമിച്ച് താഡാസനം അവതരിപ്പിച്ച ലോക റെക്കോർഡ് ശ്രമത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. പരിപാടി വിജയകരമായതിനെത്തുടർന്ന്, “താഡാസനം അവതരിപ്പിക്കുന്ന അവയവമാറ്റ സ്വീകർത്താക്കളുടെയും ദാതാക്കളുടെയും ഏറ്റവും വലിയ ഒത്തുചേരൽ” എന്ന വിഭാഗത്തിൽ ന്യൂഡൽഹിയിലുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, പരിപാടിയുടെ സംഘാടകർക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
അവയവദാന പ്രതിജ്ഞയെടുക്കുന്നതിൽ ഉപരാഷ്ട്രപതിയും പങ്കുചേർന്നു. കബഡി, ടേബിൾ ടെന്നീസ്, ബാഡ്മിൻ്റൺ എന്നീ ഇനങ്ങളിലെ പ്രദർശന മത്സരങ്ങളും അദ്ദേഹം വീക്ഷിച്ചു.
അവയവദാനത്തെ മാനവികതയുടെ ശക്തമായ പ്രതീകമാക്കി മാറ്റാനും കൂടുതൽ രോഗികൾക്ക് അനുയോജ്യമായ അവയവങ്ങൾ ലഭിക്കുകയും അവയവങ്ങൾക്കായി കാത്തിരിക്കെ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ പ്രവർത്തിക്കാനും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീ പ്രതാപ്റാവു ജാദവ്, ലോക്സഭാംഗം ശ്രീമതി ബൻസുരി സ്വരാജ്, സർ ഗംഗാറാം ട്രസ്റ്റ് സൊസൈറ്റി ചെയർമാനും NOTG 2026- ൻ്റെ മുഖ്യ രക്ഷാധികാരിയുമായ ഡോ. ഡി. എസ്. റാണ, NOTG 2026 സംഘാടക സമിതി ചെയർമാൻ ഡോ. എ. കെ. ഭല്ല, NOTTO ഡയറക്ടർ ഡോ. അനിൽ കുമാർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
****