യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

'മൈ ഭാരതി' ൻ്റെ 'വികസിത് ഭാരത് യുവ സംവാദ്: നോ യുവർ വോട്ട്' പ്രചാരണ പരിപാടി, 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 62 പരിപാടികളിലൂടെ 11,000-ത്തിലധികം യുവാക്കളെ പങ്കാളികളാക്കി

പോസ്റ്റഡ് ഓണ്‍: 31 OCT 2026 7:59PM by PIB Thiruvananthpuram

യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള 'മേരാ യുവ ഭാരത്' (മൈ ഭാരത്) 2026 ഒക്ടോബർ 31ന് 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സംഘടിപ്പിച്ച 'വികസിത് ഭാരത് യുവ സംവാദ്: നോ യുവർ വോട്ട്' എന്ന പരിപാടിയുടെ 62 പതിപ്പുകളിൽ 11,000ത്തിലധികം യുവാക്കൾ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള 500 സർവകലാശാലകളെയും കോളേജുകളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ,2026 ഒക്ടോബർ 26 മുതൽ നവംബർ 5 വരെ നടത്തുന്ന ദേശീയ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് 62 കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ പരിപാടികൾ സംഘടിപ്പിച്ചത്.

 

 

 

 

 

 

 

 

യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് കന്നി വോട്ടർമാരിൽ, തിരഞ്ഞെടുപ്പ് സംബന്ധമായ അവബോധം വളർത്താനും ജനാധിപത്യ പ്രക്രിയയിൽ അറിവോടെയുള്ള അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. വോട്ടവകാശം, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, പൗരധർമ്മങ്ങൾ എന്നിവയെക്കുറിച്ച് അവരെ ബോധവൽക്കരിക്കുന്നതിനൊപ്പം, ജനാധിപത്യ പങ്കാളിത്തത്തെക്കുറിച്ചും രാഷ്ട്രനിർമ്മാണത്തെക്കുറിച്ചും ജനപ്രതിനിധികൾ, യുവ മാതൃകകൾ, മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുമായി സംവദിക്കാനുള്ള അവസരങ്ങളും ഇത് ഒരുക്കുന്നു.

 

 

വിശാലമായ ഭൂപ്രദേശങ്ങളിലേക്ക് ഈ പ്രചാരണ പരിപാടി വ്യാപിച്ചു. വടക്കൻ മേഖലയിൽ ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇതിൻ്റെ ഭാഗമായുള്ള പരിപാടികൾ നടന്നു. കൂടാതെ, വടക്കുകിഴക്കൻ മേഖലയിൽ അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിലും; കിഴക്കൻ മേഖലയിൽ ബിഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലും; മധ്യ ഇന്ത്യയിൽ മധ്യപ്രദേശിലും; പടിഞ്ഞാറൻ മേഖലയിൽ മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലും; തെക്കൻ മേഖലയിൽ തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലും ഈ പ്രചാരണം എത്തിച്ചേർന്നു.

 

 

അവസാന ഘട്ട പരിപാടികളോടെ, 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 158 'യുവ സംവാദങ്ങൾ' സംഘടിപ്പിച്ചു. ഇതിൽ ഏകദേശം 32,000 യുവാക്കളും 158 ‘യുവ പ്രതിഭകളും ' പങ്കെടുത്തു.

 

 

രാജസ്ഥാനിലെ ജയ്പൂരിൽ  രാജ്യസഭാ അംഗം ശ്രീ ഘനശ്യാം തിവാരിയും ജയ്പൂർ സിറ്റിയിൽ നിന്നുള്ള പാർലമെൻ്റ്  അംഗം ശ്രീമതി മഞ്ജു ശർമ്മയും പരിപാടിയിൽ പങ്കെടുക്കുകയും, ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തത്തെക്കുറിച്ചും വോട്ട് ചെയ്യുന്നതിൻ്റെ  പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.  'നിങ്ങളുടെ വോട്ടിനെക്കുറിച്ച് അറിയുക' (നോ യുവർ വോട്ട്) എന്ന വിഷയത്തിൽ ‘യുവ പ്രതിഭ’ ദിവ്യാംശി ഷെഖാവത്ത് അവതരണം നടത്തിയപ്പോൾ, ‘കായിക പ്രതിഭ’ ഭൂമിക ശുക്ല തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചു.  അജ്മീർ, ധോൽപൂർ എന്നിവിടങ്ങളിൽ നടന്ന പരിപാടികളിലും ജനപ്രതിനിധികളുമായുള്ള ആശയവിനിമയം, വോട്ടർ ബോധവൽക്കരണ പ്രവർത്തനങ്ങൾ,'ലോക്താന്ത്രിക് പ്രതിജ്ഞ' എന്നിവ ഉൾപ്പെടുത്തിയിരുന്നു.

 

 

 

അസമിലെ ശിവസാഗറിൽ വെച്ച്, അസം ഗവണ്മെൻ്റ്  ജലവിഭവ വകുപ്പ് മന്ത്രി ശ്രീ സുശാന്ത ബോർഗോഹെയ്ൻ യുവാക്കളുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.  വിവരങ്ങൾ വിശ്വസിക്കുന്നതിനോ പങ്കുവെക്കുന്നതിനോ മുൻപായി അവയുടെ വസ്തുതകൾ പരിശോധിക്കണമെന്ന് യുവാക്കളെ ഓർമ്മിപ്പിച്ചുകൊണ്ട്, ഉത്തരവാദിത്തത്തോടെ സമൂഹ മദ്ധ്യമങ്ങൾ   ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു ‘യുവ പ്രതിഭ’ യുവാക്കളുമായി ആശയവിനിമയം നടത്തി. നോർത്ത് ലഖിംപൂരിൽ, ‘യുവ പ്രതിഭകൾ' പരിപാടിയിൽ പങ്കെടുത്തവരുമായി സംവദിക്കുകയും വോട്ടവകാശം, പൗരധർമ്മങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

 

 

 

പഞ്ചാബിലെ ഫിറോസ്‌പൂർ, കപൂർത്തല, സംഗ്രൂർ, എസ്.എ.എസ് നഗർ, ശ്രീ മുക്ത്സർ സാഹിബ് എന്നിവിടങ്ങളിൽ നടന്ന 'യുവ സംവാദ'ങ്ങളിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കുകയും. യുവ പ്രതിഭകളുമായും വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളുമായും ആശയവിനിമയം നടത്തുകയും ചെയ്തു. ഫിറോസ്‌പൂരിൽ ഏകദേശം 250ഓളം യുവാക്കൾ 'ലോക്താന്ത്രിക് പ്രതിജ്ഞ'  എടുത്തു; യുവ പ്രതിഭ ഝാൻവി ശർമ്മ പങ്കെടുത്തവരുമായി സംവദിച്ചു. കപൂർത്തലയിൽ, യുവ പ്രതിഭ സത്യപ്രകാശ് യുവാക്കളെ രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ പ്രോത്സാഹിപ്പിച്ചു. ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രതിനിധികളും ഈ പരിപാടിയിൽ പങ്കെടുത്തു. സംഗ്രൂരിൽ, ബോധപൂർവ്വവും ഉത്തരവാദിത്തമുള്ളതുമായ വോട്ടവകാശ വിനിയോഗത്തെക്കുറിച്ച് യുവ പ്രതിഭ ഫലക് മാസൂം നയിച്ച സംവാദത്തിൽ വിദ്യാർത്ഥികൾ പങ്കുചേർന്നു. പൗരധർമ്മങ്ങളെക്കുറിച്ചുള്ള ചർച്ചകളും 'ലോക്താന്ത്രിക് പ്രതിജ്ഞ'യെക്കുറിച്ചുള്ള അവബോധവും ഈ പരിപാടികളുടെ ഭാഗമായിരുന്നു.

 

 

 

ജമ്മു കശ്മീരിലെ ഉധംപൂരില്‍ നടന്ന 'യുവ സംവാദ'ത്തിൽ, വോട്ടവകാശത്തിൻ്റെയും ജനാധിപത്യ പ്രക്രിയയിലുള്ള പങ്കാളിത്തത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് എം.എൽ.എ ശ്രീ സുനിൽ ഭരദ്വാജ് സംസാരിച്ചു. മധ്യപ്രദേശിലെ നരസിംഗ്പൂർ, നീമച്ച്, റൈസെൻ എന്നിവിടങ്ങളിൽ നടന്ന പരിപാടികളിൽ, യുവ പ്രതിഭകളും  ജനപ്രതിനിധികളും പങ്കെടുത്ത സംവാദങ്ങളും, നേതൃപാടവത്തെയും രാഷ്ട്രനിർമ്മാണത്തെയും കുറിച്ചുള്ള ചർച്ചകളും,'ലോക്താന്ത്രിക് പ്രതിജ്ഞ' എടുക്കലും ഉൾപ്പെട്ടിരുന്നു. നരസിംഗ്പൂരിലെ പരിപാടിയിൽ യുവ പ്രതിഭയായ കുമാരി മാൻസി ശർമ്മ പങ്കെടുക്കുകയും, ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ഉത്തർപ്രദേശിലെ ബരാബങ്കി, ബുലന്ദ്ഷഹർ, ചന്ദൗലി, ഗോരഖ്പൂർ, ജലൗൺ, ഝാൻസി, കന്നൗജ്, കുശിനഗർ, മിർസാപൂർ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിൽ നടന്ന പരിപാടികളിൽ യുവാക്കളുമായുള്ള സംവാദങ്ങൾ, അവതരണങ്ങൾ, ക്വിസ് മത്സരങ്ങൾ, വിവിധ മത്സരങ്ങൾ, പൗരബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ബുലന്ദ്ഷഹറിൽ വിദ്യാർത്ഥികൾ ഒരു ജനപ്രതിനിധിയുമായി സംവദിച്ചപ്പോൾ, ചന്ദൗലിയിലും ഗോരഖ്പൂരിലും നടന്ന പരിപാടികളിൽ കായികം, സൈക്ലിംഗിൻ്റെ  പ്രാധാന്യം, 'ഖേലോ ഇന്ത്യ' പദ്ധതി എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. കൂടാതെ, 'നശാ മുക്ത് ഭാരത്', 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്' എന്നിവയെക്കുറിച്ചുള്ള സെഷനുകളും, പ്രസംഗ-മുദ്രാവാക്യ രചനാ മത്സരങ്ങളും യുവാക്കൾ പങ്കെടുത്ത ചർച്ചകളും ഇതിൻ്റെ  ഭാഗമായി സംഘടിപ്പിച്ചു.

ബീഹാറിലെ ബങ്ക, മുസാഫർപൂർ എന്നിവിടങ്ങളിൽ നടന്ന പരിപാടികളിൽ, വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉന്നയിക്കുകയും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്ത സംവാദാത്മക ചർച്ചകൾ ഉൾപ്പെടുത്തിയിരുന്നു. ഉത്തരവാദിത്തമുള്ള പൗരന്മാരാകാനും ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കുചേരാനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട്, പങ്കെടുത്തവർ 'ലോക്താന്ത്രിക് പ്രതിജ്ഞ'  എടുക്കുകയും ചെയ്തു.

 

രാജ്യവ്യാപകമായ ഈ പ്രചാരണം 2026 നവംബർ 5 വരെ തുടരും. ഇതിൻ്റെ   ഭാഗമായി സർവകലാശാലകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തുടർപരിപാടികൾ സംഘടിപ്പിക്കും.

 

*****


( റിലീസ് ഐ.ഡി: 2331129) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , हिन्दी , Marathi , Assamese