ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഇളവ് 2026 ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഗവണ്മെൻ്റ്

പോസ്റ്റഡ് ഓണ്‍: 31 OCT 2026 2:38PM by PIB Thiruvananthpuram

ആഭ്യന്തര വസ്ത്രനിർമാണ വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഇളവ് 2026 ഡിസംബർ 31 വരെ നീട്ടി കേന്ദ്ര  ഗവണ്മെൻ്റ്   ഉത്തരവിറക്കി.

ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിൻ്റെ  2026 ഒക്ടോബർ 30-ലെ 35/2026-കസ്റ്റംസ് നമ്പർ വിജ്ഞാപനത്തിലൂടെയാണ് ഇളവ് കാലാവധി നീട്ടിയത്. ഇതനുസരിച്ച്, 2026 ഒക്ടോബർ 31-ന് അവസാനിക്കേണ്ടിയിരുന്ന കസ്റ്റംസ് തീരുവ ഇളവ് രണ്ട് മാസം കൂടി ദീർഘിപ്പിച്ച് 2026 ഡിസംബർ 31 വരെ പ്രാബല്യത്തിലുണ്ടാകും.

പരുത്തി, വസ്ത്രനിർമാണ മേഖലകളുടെ സമഗ്രമായ വളർച്ചയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം, വസ്ത്ര വ്യവസായത്തിൻ്റെ   ആവശ്യങ്ങളും ആഭ്യന്തര പരുത്തി കർഷകരുടെ താത്പര്യങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിൻ്റെ   പ്രാധാന്യവും കേന്ദ്ര  ഗവണ്മെൻ്റ്    പരിഗണിക്കുന്നു. ആഭ്യന്തര വസ്ത്രനിർമാണ മേഖലയ്ക്ക് ആവശ്യമായ പരുത്തിയുടെ ലഭ്യത ഉറപ്പാക്കുക, മത്സരക്ഷമമായ വിലയിൽ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കുക, ആഭ്യന്തര പരുത്തി ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുക, പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള പരുത്തിയുടെ ലഭ്യത ഉറപ്പാക്കുക, വസ്ത്ര-തുണിത്തര മേഖലകളിലെ മൂല്യവർധിത പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നിവയാണ് ഈ തീരുമാനത്തിൻ്റെ   പ്രധാന ലക്ഷ്യങ്ങൾ.
 
ഈ നടപടി വസ്ത്ര-തുണിത്തര നിർമ്മാതാക്കൾക്ക് അസംസ്‌കൃത വസ്തുക്കളുടെ ആവശ്യകതകൾ കൂടുതൽ സുഗമമായി നിറവേറ്റാൻ സഹായിക്കുന്നതോടൊപ്പം, ഉത്പാദനച്ചെലവിലെ സമ്മർദ്ദം കുറയ്ക്കാനും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSMEs) പിന്തുണ നൽകാനും സഹായകമാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്. കൂടാതെ, ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ വസ്ത്ര-തുണിത്തര ഉത്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാനും ഈ തീരുമാനം വഴിയൊരുക്കും.

ഈ കാലാവധി ദീർഘിപ്പിക്കൽ അസംസ്‌കൃത വസ്തുക്കളുടെ തടസ്സരഹിത ലഭ്യത ഉറപ്പാക്കുന്നതിനും  വസ്ത്ര-തുണിത്തര വ്യവസായത്തിൻ്റെ   പ്രവർത്തനക്ഷമതയും ഉത്പാദന കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, പരുത്തി അധിഷ്ഠിത തുണിത്തര-വസ്ത്ര മേഖലകളിൽ മൂല്യവർധിത ഉത്പാദന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമേകാനും ഈ നടപടി വഴിയൊരുക്കും.

ധനമന്ത്രാലയത്തിൻ്റെ   ഈ തീരുമാനത്തെ ടെക്‌സ്‌റ്റൈൽ മന്ത്രാലയം സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. മത്സരക്ഷമവും കരുത്തുറ്റതും ആഗോള വിപണിയുമായി കൂടുതൽ സംയോജിതവുമായ ടെക്‌സ്‌റ്റൈൽ മേഖലയെ വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു. മൂല്യവർധിത ഉൽപ്പാത്പാദനം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ വർധിപ്പിക്കുക, ടെക്‌സ്‌റ്റൈൽ മൂല്യശൃംഖലയുടെ സുസ്ഥിരവും ദീർഘകാലീനവുമായ വളർച്ച ഉറപ്പാക്കുക എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 
*****

( റിലീസ് ഐ.ഡി: 2331014) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati