പോസ്റ്റഡ് ഓണ്:
31 OCT 2026 4:59PM by PIB Thiruvananthpuram
എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ്റെ (EPFO) 74-ാമത് സ്ഥാപകദിനം നാളെ ന്യൂഡൽഹിയിൽ ആഘോഷിക്കും. കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തൊഴിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ, EPFO-യിലെ ഉദ്യോഗസ്ഥരും ജീവനക്കാരും, തൊഴിലുടമകൾ, തൊഴിലാളികൾ, മറ്റ് പങ്കാളികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
1,000 രൂപ വരെ ബാലൻസുള്ള, യോഗ്യമായ പ്രവർത്തനരഹിത ഇപിഎഫ് അക്കൗണ്ടുകളുടെ ഓട്ടോമാറ്റിക് സെറ്റിൽമെൻ്റ് സംവിധാനം, വാട്സ്ആപ്പിലൂടെ ഇപിഎഫ്ഒ സേവനങ്ങൾ ലഭ്യമാക്കൽ തുടങ്ങി നിരവധി സുപ്രധാന സംരംഭങ്ങൾക്ക് ചടങ്ങിൽ ഡോ. മാണ്ഡവ്യ തുടക്കം കുറിക്കും.
ചടങ്ങിൻ്റെ വേദിയിൽ ഒരുക്കിയിട്ടുള്ള പ്രദർശന സ്റ്റാളുകൾ കേന്ദ്രമന്ത്രി സന്ദർശിച്ച് വിലയിരുത്തും. വിജ്ഞാനസൃഷ്ടി, സ്ഥാപനതലത്തിലുള്ള പഠനം, നിയമപരമായ അവബോധം, കരുതലോടെയുള്ള ഭരണനിർവഹണം എന്നിവയോടുള്ള ഇപിഎഫ്ഒയുടെ പ്രതിബദ്ധത വ്യക്തമാക്കുന്ന വിവിധ പ്രസിദ്ധീകരണങ്ങളും അദ്ദേഹം പ്രകാശനം ചെയ്യും.
മികച്ച സംഭാവനകൾ നൽകിയ പ്രാദേശിക ഓഫീസുകൾ, മേഖലാ ഓഫീസുകൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരെ ആദരിക്കുന്നതിനായി 2026-ലെ ഭവിഷ്യ നിധി പുരസ്കാരങ്ങൾ കേന്ദ്രമന്ത്രി ഡോ. മാണ്ഡവ്യ ചടങ്ങിൽ വിതരണം ചെയ്യും.
EPFO-യുടെ നാൾവഴികൾ കേവലം ഒരു സ്ഥാപനത്തിൻ്റെ വളർച്ചയുടെ ചരിത്രം മാത്രമല്ലെന്നും, മറിച്ച് തൊഴിലാളികൾ വർഷങ്ങളോളം അധ്വാനിച്ചുണ്ടാക്കുന്ന നേട്ടങ്ങൾ അവർക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷിതത്വവും അന്തസ്സും മനഃസമാധാനവും പകർന്നുനൽകാനുള്ള തുടർച്ചയായ പ്രതിബദ്ധത കൂടിയാണെന്നും വീണ്ടും വ്യക്തമാക്കുന്നതാണ് 74-ാമത് സ്ഥാപകദിനാഘോഷം.
*****