വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

സ്തനാർബുദ ബോധവൽക്കരണത്തിനായി പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി തപാൽ വകുപ്പ്

പോസ്റ്റഡ് ഓണ്‍: 30 OCT 2026 6:41PM by PIB Thiruvananthpuram
സ്തനാർബുദ ബോധവൽക്കരണത്തിനായി രണ്ട് പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പുകൾ ഉൾപ്പെടുന്ന സുവനീർ ഷീറ്റ് കേന്ദ്ര കമ്യൂണിക്കേഷൻസ്  മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ് ന്യൂഡൽഹിയിലെ ഡാക് ഭവനിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി ശ്രീമതി പുണ്യ സലില ശ്രീവാസ്തവയുടെ സാന്നിധ്യത്തിൽ തപാൽ സർവീസസ് ഡയറക്ടർ ജനറൽ ശ്രീമതി മനീഷ സിൻഹയാണ് പ്രകാശനം നിർവ്വഹിച്ചത്. ഇരു മന്ത്രാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. ദേശീയ ആരോഗ്യ മുൻഗണനകളെ പിന്തുണയ്ക്കുന്നതിനും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും തപാൽ സ്റ്റാമ്പുകൾ വഹിക്കുന്ന പങ്ക് എടുത്തുകാട്ടുന്നതാണ് ഈ സംരംഭം.


തപാൽ സർവീസസ് ഡയറക്ടർ ജനറൽ ശ്രീമതി മനീഷ സിൻഹ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി ശ്രീമതി പുണ്യ സലില ശ്രീവാസ്തവ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്തനാർബുദ ബോധവത്കരണത്തിനായുള്ള പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പുകൾ ഡാക് ഭവനിൽ പ്രകാശനം ചെയ്യുന്നു

സ്മാരക തപാൽ സ്റ്റാമ്പുകൾ രാജ്യത്തിൻ്റെ പ്രധാന മുൻഗണനകളെ ഉയർത്തിക്കാട്ടുന്നതിനും ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തേക്ക് അവബോധം എത്തിക്കുന്നതിനുമുള്ള പ്രധാന മാധ്യമമാണെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീമതി മനീഷ സിൻഹ പറഞ്ഞു. സ്തനാർബുദത്തിനെതിരായ പോരാട്ടത്തിൽ കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളുടെയും രോഗം നേരത്തെ കണ്ടെത്തേണ്ടതിൻ്റെയും പ്രാധാന്യം അവർ എടുത്തുപറഞ്ഞു. സ്ത്രീകൾക്ക് സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുന്നതിൽ കുടുംബങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്നും അവർ ആഹ്വാനം ചെയ്തു. അതോടൊപ്പം, കാൻസർ ചികിത്സയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ആശയവിനിമയത്തിനും പ്രോത്സാഹനത്തിനും വൈകാരിക പിന്തുണ നൽകുന്നതിനും പോസ്റ്റ് കാർഡുകൾ അർത്ഥവത്തായ ഒരു  മാധ്യമമായി ഉപയോഗിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.

തപാൽ സ്റ്റാമ്പുകളിലൂടെ സ്ത്രീകളുടെ ആരോഗ്യസന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള തപാൽ വകുപ്പിൻ്റെ സംരംഭത്തെ ശ്രീമതി പുണ്യ സലില ശ്രീവാസ്തവ അഭിനന്ദിച്ചു. പ്രതിരോധ ആരോഗ്യപരിപാലനത്തിന് ഗവണ്മെൻ്റ് നൽകുന്ന പ്രാധാന്യം എടുത്തുപറഞ്ഞ അവർ, സ്തനാർബുദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ എന്നിവ നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ദേശീയ ആരോഗ്യ പരിപാടിയുടെ അവിഭാജ്യ ഘടകമാണെന്ന്‌ വ്യക്തമാക്കി. രോഗം തുടക്കത്തിൽത്തന്നെ കണ്ടെത്തുന്നതിനായി സ്ത്രീകളെ കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്ക് വിധേയരാകാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.

സ്തനാർബുദ ബോധവൽക്കരണത്തിനായുള്ള പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പുകൾ

ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അർബുദമാണ് സ്തനാർബുദം. പ്രതിവർഷം ഏകദേശം രണ്ട് ലക്ഷം പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കുന്നത്. പകർച്ചവ്യാധിയല്ലാത്ത  രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടിയുടെ ഭാഗമായി ജനസംഖ്യാധിഷ്ഠിത പരിശോധനകളും നേരത്തെ കണ്ടെത്തുന്നതിനുള്ള നടപടികളും കേന്ദ്ര ഗവണ്മെൻ്റ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴി പരിശോധനാ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. രോഗം സ്ഥിരീകരിക്കുന്നവർക്ക് തുടർപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ജില്ലാ ആശുപത്രികളിലും ഉന്നതതല ചികിത്സാ കേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇതിനുപുറമെ, തപാൽ വകുപ്പ് ഫോർട്ടിസ് ആശുപത്രിയുമായി സഹകരിച്ച് സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും ബേസിക് ലൈഫ് സപ്പോർട്ട് (BLS), കാർഡിയോപൾമണറി റീസസിറ്റേഷൻ (CPR) തുടങ്ങിയ ജീവൻരക്ഷാ രീതികളെക്കുറിച്ചുള്ള സംവേദനാത്മക പരിശീലന സെഷനുകളും ഡാക് ഭവനിൽ സംഘടിപ്പിച്ചു.

പ്രത്യേക സുവനീർ ഷീറ്റ് ഇന്ത്യയിലുടനീളമുള്ള ഫിലാറ്റലി ബ്യൂറോകൾ വഴിയും ഔദ്യോഗിക ഇ-പോസ്റ്റ് ഓഫീസ് പോർട്ടലായ https://www.epostoffice.gov.in/ വഴിയും പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്.
***

( റിലീസ് ഐ.ഡി: 2330654) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi