ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ബുർജ് ഖലീഫയിലെ ‘അറ്റ് ദ ടോപ്പ്’, റിസോർട്ട്സ് വേൾഡ് സെൻ്റോസ എന്നിവിടങ്ങളിലെ ഓൺലൈൻ ബുക്കിംഗുകൾക്ക് യുപിഐ പേയ്‌മെൻ്റ് സൗകര്യം

പോസ്റ്റഡ് ഓണ്‍: 30 OCT 2026 6:48PM by PIB Thiruvananthpuram
യുഎഇയിലേക്കും സിംഗപ്പൂരിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ സന്ദർശകർക്ക് ഇനി യുപിഐ ഉപയോഗിച്ച് വിവിധ സൗകര്യങ്ങൾ എളുപ്പത്തിൽ ബുക്ക് ചെയ്യാം. ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഈ രണ്ട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ സന്ദർശകർക്ക് അവർക്ക് താല്പര്യമുള്ള യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) ആപ്പുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ബുക്കിംഗുകൾ നടത്താനും ഓൺലൈൻ പേയ്‌മെൻ്റുകൾ നടത്താനും കഴിയും. ആഗോളതലത്തിൽ ഇന്ത്യൻ യാത്രക്കാർക്ക് കറൻസി കൈമാറ്റവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളില്ലാതെ യാത്രകൾ ആസൂത്രണം ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
 
നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇൻ്റർനാഷണൽ പേയ്‌മെൻ്റ്സ് ലിമിറ്റഡ് (NIPL), ഓൺലൈൻ ബുക്കിംഗുകൾക്കായി യുപിഐ സൗകര്യം ഏർപ്പെടുത്തുന്നതിന് യുഎഇയുമായും സിംഗപ്പൂരുമായും യഥാക്രമം 2026 ജൂലൈ 29, സെപ്റ്റംബർ 9 തീയതികളിൽ തന്ത്രപ്രധാനമായ പങ്കാളിത്തങ്ങൾ പ്രഖ്യാപിച്ചു.
 
യുഎഇയിൽ, നിയോപേ (NEOPAY), ഇമാർ എൻ്റർടെയ്ൻമെൻ്റ് എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ ബുർജ് ഖലീഫയിലെ 'അറ്റ് ദ ടോപ്പ്' സന്ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗുകളിൽ യുപിഐ പേയ്‌മെൻ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇ-കൊമേഴ്‌സ് ഇടപാടുകൾക്കായി യുപിഐ നടപ്പിലാക്കുന്ന യുഎഇയിലെ ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രമാണിത്.
സിംഗപ്പൂരിൽ, പ്രമുഖ പേയ്‌മെൻ്റ് സ്ഥാപനമായ ഫോമോ പേയുമായി സഹകരിച്ച് റിസോർട്ട്സ് വേൾഡ് സെൻ്റോസയിലേക്കും യുപിഐ പേയ്‌മെൻ്റ് സൗകര്യം നടപ്പാക്കി. 2025-ൽ 12 ലക്ഷം ഇന്ത്യൻ സന്ദർശകർ സിംഗപ്പൂരിലെത്തിയതിന് പിന്നാലെയുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
 
'അറ്റ് ദ ടോപ്പ്', ബുർജ് ഖലീഫ, യൂണിവേഴ്സൽ സ്റ്റുഡിയോസ് സിംഗപ്പൂർ, സിംഗപ്പൂർ ഓഷ്യനേറിയം, അഡ്വഞ്ചർ കോവ് വാട്ടർപാർക്ക് എന്നിവ ഉൾപ്പെടുന്ന ലോകോത്തര ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഓൺലൈൻ ഇടപാടുകൾക്ക് യുപിഐ സൗകര്യം ലഭ്യമാക്കുന്നത്, വിശ്വസനീയമായ അന്താരാഷ്ട്ര പേയ്‌മെൻ്റ് സേവനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യകതയ്ക്ക് പരിഹാരമാകുന്നു.
 
ഇന്ത്യയും യുഎഇയും സിംഗപ്പൂരും തമ്മിലുള്ള ഡിജിറ്റൽ, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഇന്ത്യൻ യാത്രക്കാർക്ക് സുഗമവും സുരക്ഷിതവും പരിചിതവുമായ സാമ്പത്തിക ഇടപാട് സംവിധാനങ്ങൾ ഇതിലൂടെ ലഭ്യമാകുന്നു.
***

( റിലീസ് ഐ.ഡി: 2330646) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Marathi , हिन्दी , Gujarati , Tamil