പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ ബനസ്‌കന്തയിൽ 14,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും, ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു



കൃഷി, ക്ഷീരമേഖല മുതൽ അടിസ്ഥാന സൗകര്യ വികസനവും ഗതാഗത സൗകര്യങ്ങളും വരെ, ബനസ്‌കന്ത വികസനത്തിന്റെ പാതയിൽ പുതിയ കുതിച്ചുചാട്ടം നടത്തുകയാണ്: പ്രധാനമന്ത്രി

നമ്മുടെ കർഷകർ, നമ്മുടെ 'അന്നദാതാക്കൾ', 'വികസിത ഭാരത'ത്തിന്റെ ഏറ്റവും ശക്തമായ തൂണുകളിൽ ഒന്നാണ്. കർഷകരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമാണ് ഞങ്ങളുടെ ​ഗവൺമെന്റ് എപ്പോഴും മുൻഗണന നൽകിയിട്ടുള്ളത്: പ്രധാനമന്ത്രി

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് മൃഗസംരക്ഷണ മേഖല. കഴിഞ്ഞ ഒരു ദശകമായി, ഈ മേഖലയിലും ക്ഷീരമേഖലയിലും ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിന് ഞങ്ങൾ വലിയ ഊന്നൽ നൽകിയിട്ടുണ്ട്: പ്രധാനമന്ത്രി

മൃഗസംരക്ഷണത്തെ കേവലം ഒരു പാരമ്പര്യമായി മാത്രമല്ല, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഗ്രാമങ്ങളിൽ സമൃദ്ധി കൊണ്ടുവരുന്നതിനുമുള്ള ശക്തമായ ഒരു ഉപാധിയാക്കി ഞങ്ങൾ മാറ്റുകയാണ്: പ്രധാനമന്ത്രി

എന്റെ ജീവിതത്തിലെ അവസാന നിമിഷം വരെ, നിങ്ങളുടെ സേവനത്തിനായി മാത്രം ഞാൻ സമർപ്പിതനായിരിക്കും: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 30 OCT 2026 4:11PM by PIB Thiruvananthpuram

ഗുജറാത്തിലെ ബനസ്‌കന്തയിൽ 14,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും, ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. നവരാത്രിക്ക് തൊട്ടുപിന്നാലെ, 'അംബാ മാതാവി'ന്റെ (അംബാജി) പുണ്യഭൂമിയിൽ സംസാരിക്കവെ, സ്ത്രീകൾ, കുട്ടികൾ, കർഷകർ, കന്നുകാലി വളർത്തുന്നവർ എന്നിവർക്കായി അദ്ദേഹം നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. കൂടാതെ, രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ചെറുകിട കർഷകർക്കായി 'പി.എം കിസാൻ സമ്മാൻ നിധി'യുടെ (PM Kisan Samman Nidhi) പുതിയ ഗഡുവും അദ്ദേഹം വിതരണം ചെയ്തു.

കർഷകരെയും അന്നദാതാക്കളെയും വികസിത ഭാരതത്തിന്റെ ഏറ്റവും ശക്തമായ തൂണുകളായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, അവരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമാണ് ​ഗവൺമെന്റ് എപ്പോഴും മുൻഗണന നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കി. 2013-14 വർഷത്തെ അപേക്ഷിച്ച് ദേശീയ കാർഷിക ബജറ്റ് അഞ്ചിരട്ടിയിലധികം വർദ്ധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പി.എം കിസാൻ സമ്മാൻ നിധി' ചെറുകിട കർഷകരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഗുജറാത്തിലെ 50 ലക്ഷത്തിലധികം കർഷകരുടെ അക്കൗണ്ടുകളിലേക്ക് 1,000 കോടിയിലധികം രൂപ കൈമാറിയതായി അറിയിച്ചു. ഇതിൽ ബനസ്‌കന്തയിലെ ലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾക്കായി ഏകദേശം 50 കോടി രൂപയും ഉൾപ്പെടുന്നു. "ഇന്ന് ഏകദേശം 10 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് 18,000 കോടി രൂപയിലധികം കൈമാറി," എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ​ഗവൺമെന്റ് നയങ്ങൾ കർഷകർക്ക് 50 ലക്ഷം കോടി രൂപയിലധികം നേട്ടമുണ്ടാക്കിക്കൊടുക്കുകയോ അല്ലെങ്കിൽ അവരുടെ അത്രയും തുക ലാഭിച്ചുകൊടുക്കുകയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അഞ്ച് പ്രധാന ഉദാഹരണങ്ങളിൽ ആദ്യത്തേതായി 'പിഎം കിസാൻ സമ്മാൻ നിധി' (PM Kisan Samman Nidhi) പദ്ധതിയെപ്പറ്റി എടുത്തുപറഞ്ഞു. ഈ പദ്ധതിയിലൂടെ ചെറുകിട കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം 4.5 ലക്ഷം കോടി രൂപ നേരിട്ട് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. "കാർഷിക സമൂഹത്തിന്റെ 85 ശതമാനത്തിലധികവും ചെറുകിട കർഷകരാണ്. നമ്മുടെ ​ഗവൺമെന്റ് ഇത്തരം ചെറുകിട കർഷകരെ പരിഗണിക്കുകയും 'പിഎം കിസാൻ സമ്മാൻ നിധി' (PM Kisan Samman Nidhi) വഴി അവർക്ക് സഹായം നൽകുകയും ചെയ്യുന്നു," എന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അന്താരാഷ്ട്ര തലത്തിലുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ വളം വിലയിൽ ഉണ്ടായ വൻ വർദ്ധനവിൽ നിന്ന്, കർഷക കേന്ദ്രീകൃതമായ തന്റെ ​ഗവൺമെന്റ് കർഷകരെ സംരക്ഷിച്ചുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "ഇതിനായി ​ഗവൺമെന്റ് ഏകദേശം 16 ലക്ഷം കോടി രൂപ ചെലവഴിച്ചു," എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

​ഗവൺമെന്റ് തന്റെ 'മിനിമം താങ്ങുവില' (MSP) വാഗ്ദാനം നിറവേറ്റിയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "കഴിഞ്ഞ 12 വർഷത്തിനുള്ളിൽ, ഗോതമ്പ്, നെല്ല് കർഷകർക്ക് താങ്ങുവിലയായി (MSP) 24 ലക്ഷം കോടിയിലധികം രൂപ ലഭിച്ചു," എന്ന് അദ്ദേഹം പറഞ്ഞു.

'പിഎം ഫസൽ ബീമ യോജന' (PM Fasal Bima Yojana) വഴി കർഷകർക്ക് ശക്തമായ സുരക്ഷാ കവചം ഒരുക്കിയ കാര്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ 10-12 വർഷത്തിനുള്ളിൽ വിള ഇൻഷുറൻസ് നഷ്ടപരിഹാരമായി കർഷകർക്ക് 2 ലക്ഷം കോടിയിലധികം രൂപ ലഭിച്ചതായി വ്യക്തമാക്കി. ഇതിനൊപ്പം 'പിഎം-കുസും' (PM-KUSUM) പദ്ധതി വിപുലീകരിച്ചുകൊണ്ട് ജലസേചന ചെലവ് കുറയ്ക്കാനുള്ള നിരന്തര ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ പദ്ധതിക്ക് കീഴിൽ ഏകദേശം 12 ലക്ഷം സോളാർ പമ്പുകൾ വിതരണം ചെയ്തതിലൂടെ അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കാനും, 80 കോടി ലിറ്ററിലധികം ഡീസൽ വാങ്ങുന്നതിനുള്ള ചെലവ് ലാഭിക്കാനും ലക്ഷക്കണക്കിന് കർഷകർക്ക് സാധിച്ചു. ഈ അഞ്ച് പ്രധാന പദ്ധതികളിൽ നിന്നും തീരുമാനങ്ങളിൽ നിന്നുമായി ആകെ 50 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നേട്ടമോ ലാഭമോ കർഷകർക്ക് ലഭിച്ചു. "ഈ 50 ലക്ഷം കോടി രൂപ രാജ്യത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും ഇന്ത്യയിലെ കാർഷിക മേഖലയുടെ ശേഷി മെച്ചപ്പെടുത്തുകയും ചെയ്തു," എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

കൃഷി എന്നത് ഒരു പാരമ്പര്യവും ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകവുമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ 12 വർഷമായി കൃഷിയിലും മൃഗസംരക്ഷണത്തിലും ശാസ്ത്ര സാങ്കേതിക വിദ്യകൾ ​ഗവൺമെന്റ് വ്യാപകമായി സംയോജിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇതിനൊരു പ്രധാന ഉദാഹരണമായി അദ്ദേഹം മണ്ണ് ആരോഗ്യ കാർഡ് (Soil Health Card) ചൂണ്ടിക്കാട്ടി. കൃഷിയിടങ്ങൾക്ക് ആവശ്യമായ വളത്തിന്റെ കൃത്യമായ തരവും അളവും നിർണ്ണയിക്കുന്നതിൽ കർഷകർ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും, രാജ്യത്തുടനീളം കാർഷിക രീതികൾ ആധുനികവൽക്കരിക്കാനും ഇത് സഹായിച്ചു. "ഇന്ന് രാജ്യത്തെ കർഷകരുടെ കൈവശം 26 കോടിയിലധികം സോയിൽ ഹെൽത്ത് കാർഡുകളുണ്ട്," എന്ന് അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനങ്ങൾ കർഷകർക്ക് വലിയ വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള പുതിയ വിത്തിനങ്ങൾ കർഷകർക്ക് ലഭ്യമാക്കാൻ ​ഗവൺമെന്റ് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു. “സമീപകാലത്ത് ഏകദേശം മൂവായിരത്തോളം പുതിയ ഇനം വിത്തുകൾ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്,” പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് മൃഗസംരക്ഷണമെന്നും, ഇതിൽ ഗ്രാമീണ സ്ത്രീകൾ വലിയ തോതിൽ പങ്കാളികളാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ ഒരു ദശകമായി ക്ഷീര-മൃഗസംരക്ഷണ മേഖലകളിൽ ശാസ്ത്ര സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിന് നൽകിയ ഊന്നലിനെക്കുറിച്ച് എടുത്തുപറഞ്ഞു. മികച്ച ഇനത്തിൽപ്പെട്ട മൃഗങ്ങൾ പാലുൽപ്പാദനം വർദ്ധിപ്പിക്കുമെന്നും, കൃത്യസമയത്തുള്ള വാക്സിനേഷനും ചികിത്സയും രോഗങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ കുറയ്ക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. "അതായത്, മൃഗങ്ങൾ ആരോഗ്യത്തോടെ ഇരുന്നാൽ, മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എന്റെ സഹോദരീസഹോദരന്മാരുടെ വരുമാനവും വർദ്ധിക്കും," എന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

തദ്ദേശീയ കന്നുകാലികളുടെ സംരക്ഷണവും ശാസ്ത്രീയ പ്രജനനവും പ്രോത്സാഹിപ്പിക്കുന്നതിൽ 'രാഷ്ട്രീയ ഗോകുൽ മിഷൻ' വഹിക്കുന്ന പങ്കിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ബനസ്‌കാന്തയിൽ പുതുതായി നിർമ്മിച്ച ഗവേഷണ കേന്ദ്രം ഈ ദൗത്യത്തെ ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി. ഗിർ, സാഹിവാൾ, കാൻക്രെജ് തുടങ്ങിയ തദ്ദേശീയ പശു ഇനങ്ങളെയും മെഹ്സാന, മുറ, ജഫറാബാദി തുടങ്ങിയ എരുമ ഇനങ്ങളെയും സംരക്ഷിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ കേന്ദ്രം സഹായിക്കും. കാൻക്രെജ് ഇനത്തിനായി രാജ്യത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഗവേഷണ കേന്ദ്രം കൂടിയാണിത്. ഉയർന്ന പാലുൽപ്പാദന ശേഷിയുള്ളതും, പരിപാലനച്ചെലവ് കുറഞ്ഞതും, ആരോഗ്യവതിയുമായ ഒരു പശുവിന്റെ സവിശേഷതകൾ അടുത്ത തലമുറയിലേക്ക് കൈമാറാൻ ഒരു കർഷകൻ ആഗ്രഹിക്കുമ്പോൾ, ഐവിഎഫ് (IVF) പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഈ മികച്ച ഗുണങ്ങൾ പകർന്നുനൽകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. "ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കുന്നത് മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കാണ്," പ്രധാനമന്ത്രി മോദി പറഞ്ഞു.

കുളമ്പുരോഗം (Foot-and-Mouth Disease) പോലുള്ള രോഗങ്ങളിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കുന്നത് ഒരു പ്രധാന മുൻഗണനാ വിഷയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു; കാരണം ഇത്തരം രോഗങ്ങൾ മൃഗങ്ങളുടെ ആരോഗ്യത്തെയും പാലുൽപ്പാദനത്തെയും ദോഷകരമായി ബാധിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി സൗജന്യ വാക്സിനേഷൻ യജ്ഞം ആരംഭിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇതുവരെ ഏകദേശം 150 കോടി ഡോസ് വാക്സിനുകൾ നൽകിക്കഴിഞ്ഞുവെന്നും, എട്ട് കോടിയിലധികം കർഷകരുടെ കന്നുകാലികൾക്ക് ഇതിലൂടെ സൗജന്യ വാക്സിനേഷൻ ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇത് മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും സഹായിച്ചു," എന്ന് ശ്രീ മോദി നിരീക്ഷിച്ചു.

ക്ഷീര ഉൽപ്പാദനത്തിൽ ഈ ഇടപെടലുകൾ ചെലുത്തിയ പ്രകടമായ സ്വാധീനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഒരു പശുവിൽ നിന്നോ എരുമയിൽ നിന്നോ ലഭിക്കുന്ന ശരാശരി പ്രതിദിന പാലുൽപ്പാദനം 2013-14-ൽ 5 ലിറ്ററിൽ താഴെയായിരുന്നത് ഇന്ന് ഏകദേശം 8 ലിറ്ററായി വർദ്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി. ലോകത്ത് ഏറ്റവും വേഗത്തിൽ പാലുൽപ്പാദനക്ഷമത വളരുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും, ഇത് ഗ്രാമീണ കാർഷിക കുടുംബങ്ങൾക്ക് നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. "പാലുൽപ്പാദനത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്," പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. 

ക്ഷീരകർഷകർക്ക് പാലിന് പുറമെ ചാണകത്തിൽ നിന്നും വരുമാനം നേടാൻ സഹായിക്കുമെന്ന ​ഗവൺമെന്റിന്റെ ദൃഢനിശ്ചയം വ്യക്തമാക്കിക്കൊണ്ട്, ബനാസ് ഡയറി പോലുള്ള സ്ഥാപനങ്ങളുടെ നിർണ്ണായക പിന്തുണയോടെ ചാണകത്തിൽ നിന്നും കാർഷിക അവശിഷ്ടങ്ങളിൽ നിന്നും ബയോഗ്യാസ്, ബയോ-സിഎൻജി, ജൈവവളം എന്നിവ ഉൽപ്പാദിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ന് രണ്ട് ബയോ-സിഎൻജി പ്ലാന്റുകൾക്ക് തറക്കല്ലിട്ടു. കന്നുകാലികളുടെ ആരോഗ്യം സംരക്ഷിക്കുക, പാലുൽപ്പാദനം വർദ്ധിപ്പിക്കുക, ചാണകം പൂർണ്ണമായും പ്രയോജനപ്പെടുത്തുക എന്നിവയാണ് ഇതിന്റെ വ്യക്തമായ ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "കന്നുകാലി വളർത്തലിനെ കേവലം ഒരു പാരമ്പര്യം എന്നതിലുപരി, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഗ്രാമങ്ങളെ സമൃദ്ധമാക്കുന്നതിനുമുള്ള ശക്തമായ ഒരു ഉപാധിയാക്കി ഞങ്ങൾ മാറ്റുകയാണ്," ശ്രീ മോദി പറഞ്ഞു.

ഗ്രാമീണ സമൃദ്ധി ഉറപ്പാക്കാൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ​ഗവൺ‍മെന്റ് സമഗ്രമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദീകരിച്ച പ്രധാനമന്ത്രി, മത്സ്യബന്ധന മേഖലയുടെ വിപുലീകരണത്തെയും അതിൽ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെയും ചൂണ്ടിക്കാട്ടി. "ഇന്ത്യയുടെ സമുദ്രോൽപ്പന്ന കയറ്റുമതി ഇരട്ടിയിലധികമായി വർദ്ധിച്ചു എന്നത് നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്," പ്രധാനമന്ത്രി മോദി പറഞ്ഞു.

കർഷകർക്ക് അധിക വരുമാനം നേടാനുള്ള മറ്റൊരു പ്രധാന മാർഗ്ഗമായി തേനീച്ച വളർത്തലിനെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ 12 വർഷത്തിനിടെ തേൻ ഉൽപ്പാദനം ഇരട്ടിയായെന്ന് ചൂണ്ടിക്കാട്ടി. ഈ തേൻ വിപ്ലവ'ത്തിന് (Madhu Kranti) സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ നൽകുന്ന വർദ്ധിച്ചുവരുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. "പ്രകൃതിദത്ത തേൻ കയറ്റുമതി ചെയ്യുന്നതിൽ നമ്മുടെ രാജ്യം ലോകത്ത് രണ്ടാം സ്ഥാനത്തെത്തി എന്നത് നിങ്ങൾക്ക് അഭിമാനകരമായ കാര്യമാണ്," ശ്രീ മോദി പറഞ്ഞു.

2001 ഒക്ടോബർ 7-ന് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തതുമുതൽ, 2023 ഒക്ടോബർ 7-ഓടെ ഒരു ​ഗവൺമെന്റ് തലവനായി താൻ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. ​ഗവൺമെന്റ് ഓഫീസുകളെക്കുറിച്ചോ ഔദ്യോഗിക ഫയലുകളെക്കുറിച്ചോ യാതൊരു അറിവുമില്ലാതിരുന്ന കാലത്ത്, ഗുജറാത്തിലെ ഓരോ വ്യക്തിയിൽ നിന്നും തനിക്ക് ലഭിച്ച അളവറ്റ സ്നേഹത്തെയും മാർഗ്ഗനിർദ്ദേശങ്ങളെയും അദ്ദേഹം ഓർമ്മിച്ചു. ഒരു സാധാരണ ഗ്രാമത്തലവൻ (സർപഞ്ച്) ആകാൻ പോലും പൂർവ്വികർക്ക് കഴിയാത്ത, ദരിദ്ര കുടുംബത്തിൽ നിന്നുള്ള ഒരാളെ, ആദ്യം ഗുജറാത്തിനെയും പിന്നീട് രാജ്യത്തെയും സേവിക്കാൻ ചുമതലപ്പെടുത്തിയ ജനങ്ങളോട് അദ്ദേഹം നന്ദി അറിയിച്ചു. "സ്നേഹത്തിന് പുറമെ, ഓരോ ഗുജറാത്തിയും എന്നെ പലതും പഠിപ്പിക്കുകയും ശരിയായ പാതയിലേക്ക് നയിക്കുകയും ചെയ്തു," പ്രധാനമന്ത്രി മോദി പറഞ്ഞു. പൊതുസേവനത്തിലൂടെ രാജ്യത്തെ സേവിക്കുക, ഗുജറാത്തിന്റെ വികസനത്തിലൂടെ രാജ്യത്തെ വികസിപ്പിക്കുക എന്നീ രണ്ട് മാർഗ്ഗനിർദ്ദേശക തത്വങ്ങൾ മാത്രമേ തനിക്ക് അറിയാമായിരുന്നുള്ളൂ എന്നും, മറ്റെല്ലാം ജനങ്ങളിൽ നിന്നാണ് പഠിച്ചതെന്നും പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തിനായി താൻ കൈവരിച്ച നേട്ടങ്ങളുടെയെല്ലാം ക്രെഡിറ്റ് പൗരന്മാർക്ക് നൽകി. "ഇക്കാര്യത്തിൽ ഞാൻ ജീവിതകാലം മുഴുവൻ നിങ്ങളോട് കടപ്പെട്ടിരിക്കും; എന്റെ ജീവിതത്തിലെ അവസാന നിമിഷം വരെയും ഞാൻ നിങ്ങളുടെ സേവനത്തിൽ മുഴുകിയിരിക്കും," എന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

25 വർഷം മുമ്പ് ഈ മേഖലയിൽ രൂക്ഷമായിരുന്ന വെള്ളത്തിന്റെയും വൈദ്യുതിയുടെയും ക്ഷാമത്തെക്കുറിച്ച് മുതിർന്ന പൗരന്മാരെ ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, ഈ വിഭവങ്ങൾ സംരക്ഷിക്കണമെന്ന തന്റെ അഭ്യർത്ഥന ജനങ്ങൾ സ്വീകരിച്ചതിനെയും, അതുവഴി അവർ തങ്ങളുടെ സാഹചര്യങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചതിനെയും അനുസ്മരിച്ചു. ആ പഴയ ദുരിതങ്ങൾ ഇന്ന് വെറും ഓർമ്മകളിൽ മാത്രമായി അവശേഷിക്കുന്നു. "ഇന്നും ഞാൻ നിങ്ങളോട് അത് തന്നെയാണ് പറയുന്നത് - നമ്മൾ വെള്ളവും വൈദ്യുതിയും സംരക്ഷിക്കണം," എന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.

നർമ്മദയിലെ ജലവും തുള്ളി നന (drip irrigation) പോലുള്ള ആധുനിക സാങ്കേതികവിദ്യകളും ബനസ്‌കന്തയെ എങ്ങനെ മാറ്റിമറിച്ചുവെന്നും, അതുവഴി അവിടുത്തെ ഉരുളക്കിഴങ്ങ് ലോകപ്രശസ്തമായെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കാശിയിലേക്കും അതിനപ്പുറത്തേക്കും സഹകരണ പ്രസ്ഥാനത്തെ വ്യാപിപ്പിച്ച 'ബനാസ് ഡയറി'യുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പരാമർശിച്ചു. കൂടുതൽ ഉരുളക്കിഴങ്ങ് സംഭരിക്കുന്നതിനായി, ഫ്രഞ്ച് ഫ്രൈകൾ നിർമ്മിക്കുന്ന പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഉരുളക്കിഴങ്ങ് കർഷകർക്ക് ഇതൊരു വലിയ സൗകര്യമാണ്," ശ്രീ മോദി പറഞ്ഞു.

പഴം, പച്ചക്കറി കർഷകർക്കായി നടപ്പിലാക്കുന്ന 'ക്ലസ്റ്റർ വികസന പദ്ധതി'യെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, തക്കാളി, ഉരുളക്കിഴങ്ങ്, മുളക്, മുന്തിരി, വാഴ, സവാള, ഓറഞ്ച്, മാതളനാരങ്ങ, കൊക്കോ എന്നിവയ്ക്കായി 12 ക്ലസ്റ്ററുകൾക്ക് ഇന്ന് അംഗീകാരം നൽകിയതായി അറിയിച്ചു. പുതിയ തോട്ടങ്ങൾ സ്ഥാപിക്കുന്നതിനും പഴയവ പുനരുജ്ജീവിപ്പിക്കുന്നതിനുമായി കർഷകർക്ക് സബ്‌സിഡികൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "വടക്കൻ ഗുജറാത്തിൽ അനുവദിച്ച രണ്ട് ക്ലസ്റ്ററുകൾ ബനസ്‌കന്തയിലെയും സബർകന്തയിലെയും ഉരുളക്കിഴങ്ങ് കർഷകർക്ക് വലിയ പ്രയോജനം ചെയ്യും," പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്തിന്റെ വികസനത്തിനായി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടതോ ആരംഭിച്ചതോ ആയ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ച് സംസാരിക്കവെ, അഹമ്മദാബാദ്-വാരാണസി സബർമതി എക്സ്പ്രസ്, മെഹ്സാന-ബെച്ചാരാജി-സബർമതി മെമു (MEMU) ട്രെയിൻ എന്നീ രണ്ട് പുതിയ റെയിൽ സേവനങ്ങൾക്ക് തുടക്കം കുറിച്ച കാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കൂടാതെ, ഗിഫ്റ്റ് സിറ്റിയെയും (GIFT City) വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന മെട്രോ പദ്ധതികൾക്ക് തറക്കല്ലിട്ടുകൊണ്ട് അഹമ്മദാബാദ് മെട്രോയുടെ വിപുലീകരണവും നടന്നു. "അഹമ്മദാബാദ്-മെഹ്സാന ഹൈവേ നാല് വരിയിൽ നിന്ന് എട്ട് വരി പാതയായി മാറാൻ പോകുകയാണ്," ശ്രീ മോദി പറഞ്ഞു.

സംസ്ഥാനത്തെ കുട്ടികൾക്കായി ആരംഭിച്ച പുതിയ സാമൂഹിക ക്ഷേമ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഗുജറാത്തിലുടനീളം 4,000-ത്തിലധികം ആധുനിക അങ്കണവാടികൾ ഉദ്ഘാടനം ചെയ്തതായി അറിയിച്ചു. "ഇത് ഏകദേശം 4 ലക്ഷം കുട്ടികൾക്കും ഗർഭിണികളായ അമ്മമാർക്കും പ്രയോജനപ്പെടും," പ്രധാനമന്ത്രി പറഞ്ഞു.

'വികസിത ഭാരതം' (Viksit Bharat) എന്ന ലക്ഷ്യത്തോടെ കർഷകരും യുവാക്കളും സ്ത്രീകളും മുന്നോട്ട് പോകുമ്പോൾ, ഇത്തരം വികസന പ്രവർത്തനങ്ങളെല്ലാം ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, നിർഭാഗ്യവശാൽ ചിലർക്ക് ഈ പുരോഗതി ഇഷ്ടമല്ലെന്നും, രാജ്യം പ്രതിസന്ധിയിലാകണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "രാജ്യത്തിന് പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അവർ സന്തോഷിക്കുന്നു," ശ്രീ മോദി പറഞ്ഞു. 

ഇറാനും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടുന്ന മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യം ഒറ്റക്കെട്ടായി ഈ സാഹചര്യത്തെ നേരിടുമ്പോൾ, ചിലർ കർഷകർക്കിടയിൽ വളം ക്ഷാമത്തെക്കുറിച്ചും സ്ത്രീകൾക്കിടയിൽ പാചകവാതക വിതരണത്തെക്കുറിച്ചും ഭീതി പരത്തുന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചു. തന്നെ അപകീർത്തിപ്പെടുത്തുന്നതിനായി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യ ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ നേരിടാൻ ശ്രമിക്കുമ്പോൾ, ഇക്കൂട്ടർ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.

കർഷകർക്കൊപ്പം ഉറച്ചുനിൽക്കുമെന്ന തന്റെ ഉറപ്പ് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, നിലവിലുള്ള സംഘർഷങ്ങൾക്കിടയിലും കാർഷിക ആവശ്യങ്ങൾക്കുള്ള സാധനങ്ങളുടെ ക്ഷാമം ഉണ്ടാകാതെ ​ഗവൺമെന്റ് തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി.

യുദ്ധം കാരണം ആഗോള വിപണിയിൽ വളങ്ങളുടെയും രാസവസ്തുക്കളുടെയും വില കുതിച്ചുയർന്ന കാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. എന്നാൽ, ഇന്ത്യൻ കർഷകർക്ക് ഈ ഭാരം ഏൽക്കേണ്ടി വരാത്ത വിധം ​ഗവൺമെന്റ് സംരക്ഷണം നൽകി. ആഗോള വിപണിയിൽ 3,000 രൂപ വിലവരുന്ന ഒരു ചാക്ക് യൂറിയ ഇന്ത്യയിൽ 300 രൂപയിൽ താഴെ വിലയ്ക്കാണ് നൽകുന്നത്. അതുപോലെ, അന്താരാഷ്ട്ര വിപണിയിൽ 5,000 രൂപയിലധികം വിലവരുന്ന ഒരു ചാക്ക് ഡി.എ.പി (DAP) വെറും 1,350 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. "നമ്മുടെ കർഷകരെ ശാക്തീകരിക്കുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമായാണ് രാജ്യം ഈ സഹായം നൽകുന്നത്," പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനം, അനിശ്ചിതത്വത്തിലായ ലോകത്തിന് പുതിയ പ്രതീക്ഷ നൽകുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന പാതയിലൂടെ നിരന്തരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒക്ടോബർ 31 'ദേശീയ ഏകതാ ദിനം' (National Unity Day) ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന 'റൺ ഫോർ യൂണിറ്റി' (Run for Unity) പരിപാടിക്കായി രാജ്യം മുഴുവൻ വലിയ തയ്യാറെടുപ്പുകൾ നടത്തുകയാണ്. "എല്ലാ പൗരന്മാരോടും, പ്രത്യേകിച്ച് എന്റെ യുവ സുഹൃത്തുക്കളോട്, നാളെ രാവിലെ നടക്കുന്ന 'റൺ ഫോർ യൂണിറ്റി'യിൽ ആവേശത്തോടെ പങ്കെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു," ശ്രീ മോദി പറഞ്ഞു.

ഒക്ടോബർ 31-ന് ഏക്താ നഗറിൽ നടക്കുന്ന വാർഷിക 'ഐക്യ ​​മഹോത്സവ'ത്തിന്റെ (Unity Festival) സമയക്രമത്തിലെ മാറ്റം ചൂണ്ടിക്കാട്ടിയ  പ്രധാനമന്ത്രി,  ഈ വർഷത്തെ ആഘോഷങ്ങൾ നാളെ വൈകുന്നേരം 5:30-ന് വിപുലമായ രീതിയിൽ നടക്കുമെന്ന് അറിയിച്ചു. ഇതിൽ പോലീസ്, സുരക്ഷാ സേനകളുടെ പരേഡുകളും വിവിധ നിശ്ചല ദൃശ്യാവിഷ്കാരങ്ങളും  ഉൾപ്പെടുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെയും, കച്ച് മുതൽ കാമാഖ്യ വരെയും ഉള്ള എല്ലാ പൗരന്മാരും ഈ പരിപാടിയിൽ പങ്കുചേരണമെന്നും, സർദാർ പട്ടേലിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചുകൊണ്ട് 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന പ്രതിജ്ഞ പുതുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. "ഈ അഭ്യർത്ഥനയോടൊപ്പം, വികസന പ്രവർത്തനങ്ങൾക്കായി ഏവർക്കും ഒരിക്കൽ കൂടി ആശംസകൾ നേരുന്നു," എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചു.

**** -SK-

( റിലീസ് ഐ.ഡി: 2330571) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil , Kannada