പോസ്റ്റഡ് ഓണ്‍:
28 OCT 2026 5:28PM by PIB Thiruvananthpuram
കണ്ടെയ്നർ നിർമ്മാണ പ്രോത്സാഹന പദ്ധതി (CMPS)
ആഗോള വ്യാപാരത്തിന്റെ അടിത്തറയാണ് സമുദ്ര ഗതാഗതം. അതിർത്തികൾ കടന്നുള്ള തടസ്സമില്ലാത്ത ചരക്കുനീക്കത്തിൽ ഷിപ്പിങ് കണ്ടെയ്നറുകൾ നിർണായക പങ്കുവഹിക്കുന്നു. 2026 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം അളവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ആകെ വ്യാപാരത്തിന്റെ 95 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 70 ശതമാനവും സമുദ്രമേഖല വഴിയാണ് കൈകാര്യം ചെയ്യുന്നത്. വ്യാപാരത്തിന് പുറമെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 4 മുതൽ 5 ശതമാനം വരെ ഈ മേഖലയുടെ സംഭാവനയാണ്.
ആഗോള ഉല്പാദന മേഖലയിലും അന്താരാഷ്ട്ര വാണിജ്യത്തിലും ഇന്ത്യ സ്ഥാനമുറപ്പിക്കുമ്പോള്‍ കണ്ടെയ്നര്‍ ചരക്കുനീക്കത്തിന്റെ ആവശ്യകതയും നിരന്തരം വർദ്ധിച്ചുവരുന്നു. തദ്ദേശീയമായി കണ്ടെയ്നർ നിർമ്മാണ ശേഷി വികസിപ്പിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെയാണ് ഇത് അടിവരയിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് 2039-40 സാമ്പത്തിക വർഷം വരെ 10,000 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെയാണ് കേന്ദ്ര മന്ത്രിസഭ 'കണ്ടെയ്നർ നിർമ്മാണ പ്രോത്സാഹന പദ്ധതി'ക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
എന്താണ് ഷിപ്പിങ് കണ്ടെയ്നറുകൾ?
യാത്രാവേളയിൽ ചരക്കുകൾ ഇറക്കിവെക്കുകയോ വീണ്ടും പായ്ക്ക് ചെയ്യുകയോ ചെയ്യാതെ കപ്പലുകൾ, റെയിൽവേ, റോഡ് വാഹനങ്ങൾ എന്നിവയിലൂടെ നേരിട്ട് ചരക്കുനീക്കം നടത്താൻ സഹായിക്കുന്ന നിശ്ചിത നിലവാരത്തിലുള്ള സ്റ്റീൽ കണ്ടെയ്നറുകളാണ് ഷിപ്പിങ് കണ്ടെയ്നറുകൾ. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ (ഐഎസ്ഒ) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിക്കുന്ന ഇവ തടസ്സമില്ലാത്ത ബഹുതല ഗതാഗതവും കാര്യക്ഷമമായ ആഗോള വ്യാപാരവും സാധ്യമാക്കുന്നു. 20 അടിയും 40 അടിയുമുള്ള കണ്ടെയ്നറുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കണ്ടെയ്നറുകളുടെ ശേഷി കണക്കാക്കുന്ന മാനദണ്ഡമായ 'ട്വന്റി-ഫൂട്ട് ഇക്വിവലന്റ് യൂണിറ്റുകളിലാണ്' (ടിഇയു) ഇവയുടെ അളവ് രേഖപ്പെടുത്തുന്നത്.
ഇന്ത്യയുടെ കണ്ടെയ്നർ നിർമ്മാണ മേഖലയുടെ രൂപീകരണം
'മെയ്ക്ക് ഇൻ ഇന്ത്യ', 'മാരിടൈം അമൃത്കാൽ വിഷൻ 2047', ബഹുതല ചരക്കുനീക്ക വികസനം എന്നിവയ്ക്ക് കീഴിലെ കേന്ദ്ര ഗവണ്മെന്റ് സംരംഭങ്ങൾക്ക് കരുത്തേകുന്ന കണ്ടെയ്നർ നിർമ്മാണ പ്രോത്സാഹന പദ്ധതി ഇന്ത്യയുടെ ദീർഘകാല സമുദ്ര-വ്യാപാര ലക്ഷ്യങ്ങളിലേക്ക് വലിയ സംഭാവന നൽകുന്നു.
നിങ്ങൾക്കറിയാമോ?
ഐക്യരാഷ്ട്രസഭ വ്യാപാര-വികസന സമ്മേളനത്തിന്റെ കണക്കുകൾ പ്രകാരം ആഗോളതല ചരക്കുവ്യാപാരത്തിന്റെ അളവിൽ ഏതാണ്ട് 80 ശതമാനവും കടൽമാർഗമാണ് കൈകാര്യം ചെയ്യുന്നത്.
ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിച്ചും മൂല്യശൃംഖലയിലുടനീളം നിക്ഷേപം ആകർഷിച്ചും ആഗോളതലത്തിൽ മത്സരശേഷിയാര്‍ന്ന കണ്ടെയ്നർ നിർമ്മാണ ആവാസവ്യവസ്ഥ രൂപീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
- ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.
- പുതിയ കണ്ടെയ്നർ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനും നിലവിലെ നിർമ്മാണ യൂണിറ്റുകൾ വിപുലീകരിക്കാനും ഇത് പിന്തുണ നൽകുന്നു.
- കണ്ടെയ്നർ നിർമ്മാണ പ്രോത്സാഹന പദ്ധതിയ്ക്ക് കീഴിലെ പ്രധാന ഘടകങ്ങൾ

നിക്ഷേപ പിന്തുണ, പ്രവർത്തനച്ചെലവ്, പരിശോധനയും സാക്ഷ്യപ്പെടുത്തലും എന്നീ പ്രധാന ഘടകങ്ങളിലൂടെയാണ് പദ്ധതി സഹായം ലഭ്യമാക്കുന്നത്.
പലിശ ഇളവ് സഹായം
859 കോടി രൂപയുടെ ധനവിഹിതമുള്ള ഈ ഘടകത്തിന് കീഴില്‍ കണ്ടെയ്നർ നിർമ്മാതാക്കൾ പുതിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും നിലവിലെ നിർമ്മാണ ശേഷി വിപുലീകരിക്കുന്നതിനും എടുക്കുന്ന അർഹമായ ദീർഘകാല മൂലധന വായ്പകൾക്ക് പ്രതിവർഷം 3% പലിശ ഇളവ് നൽകുന്നു. ഈ സാമ്പത്തിക പിന്തുണ ലഭിക്കുന്നതിന് പദ്ധതികൾ താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്:
ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പദ്ധതികൾ:
പൂർണമായും പുതുതായി ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനെയാണ് 'ഗ്രീൻഫീൽഡ്' പദ്ധതി എന്ന് പറയുന്നത്. എന്നാൽ നിലവിലെ ഒരു യൂണിറ്റ് നവീകരിക്കുകയോ വിപുലീകരിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുന്നതിനെയാണ് 'ബ്രൗൺഫീൽഡ്' പദ്ധതി എന്ന് പറയുന്നത്.
ഗ്രീൻഫീൽഡ് യൂണിറ്റുകൾക്ക് പ്രതിവർഷം കുറഞ്ഞത് 1,00,000 ടി.ഇ.യു ഉല്പാദന ശേഷിയുണ്ടായിരിക്കണം;
ബ്രൗൺഫീൽഡ് വിപുലീകരണത്തിലൂടെ പ്രതിവർഷം കുറഞ്ഞത് 25,000 ടി.ഇ.യു ശേഷി അധികമായി കൂട്ടിച്ചേർക്കുകയും പദ്ധതിയ്ക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ച് മൂന്ന് വർഷത്തിനകം പ്രവർത്തനം ആരംഭിക്കുകയും വേണം. ഒപ്പം ആഗോള കണ്ടെയ്നർ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുകയും വേണം.
പ്രവർത്തനച്ചെലവ് സഹായം
ആഗോള കപ്പല്‍ഗതാഗത മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച് അർഹരായ നിർമ്മാതാക്കൾ വിൽക്കുന്ന കണ്ടെയ്നറുകളെ പിന്തുണയ്ക്കുന്നതിന് 8,891 കോടി രൂപയുടെ ധനവിഹിതമാണ് ഈ ഘടകത്തിന് കീഴില്‍ നീക്കിവെച്ചിരിക്കുന്നത്. ഉല്പാദനച്ചെലവിലെ വ്യത്യാസം നികത്താനും തദ്ദേശീയമായി നിർമ്മിക്കുന്ന കണ്ടെയ്നറുകളുടെ വിപണി മത്സരശേഷി വർദ്ധിപ്പിക്കാനുമാണ് ഈ സഹായം ലക്ഷ്യമിടുന്നത്.
|
കണ്ടെയ്നർ തരം തിരിച്ചുള്ള പ്രവർത്തനച്ചെലവ് സഹായം
|
|
കണ്ടെയ്നർ തരം
|
സഹായധനം (ഒരു കണ്ടെയ്നറിന്)
|
|
20 അടി കണ്ടെയ്നർ
|
₹49,500
|
|
40 അടി കണ്ടെയ്നർ
|
₹86,625
|
|
20 അടി പ്രത്യേക കണ്ടെയ്നർ
|
₹37,125 – ₹74,250
|
ഈ സഹായം ലഭ്യമാകുന്നതിന് നിർമ്മാതാക്കൾ 2031-32 സാമ്പത്തിക വർഷം വരെ കുറഞ്ഞത് 70 ശതമാനം ആഭ്യന്തര ഘടകങ്ങൾ ഉപയോഗിച്ചിരിക്കണം. ആഭ്യന്തര വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2032-33 സാമ്പത്തിക വർഷം മുതൽ ഈ മാനദണ്ഡം 90 ശതമാനമായി ഉയർത്തും.
പരിശോധനാ-സാക്ഷ്യപ്പെടുത്തല്‍ സഹായം
ഡൈനാമിക് ലോഞ്ചിറ്റ്യൂഡിനൽ ഇംപാക്ട് പരിശോധനകൾ പോലുള്ള പൊതു സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് പിന്തുണ നൽകാന് 150 കോടി രൂപയുടെ ധനവിഹിതം നീക്കിവെച്ചിട്ടുണ്ട്.

പ്രതീക്ഷിക്കുന്ന നേട്ടങ്ങളും വിശാല സാമ്പത്തിക സ്വാധീനവും
ഇന്ത്യയുടെ കയറ്റുമതി സാധ്യതകൾ, വിതരണ ശൃംഖലകൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഭ്യന്തര കണ്ടെയ്നർ ഉല്പാദനം വിപുലീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
- വിപുലീകൃത ഉല്പാദന ശേഷി: പ്രതിവർഷ ആഭ്യന്തര കണ്ടെയ്നർ നിർമ്മാണ ശേഷി ഏതാണ്ട് പത്തിരട്ടിയായി വർദ്ധിച്ച് 7.5 ലക്ഷം ടി.ഇ.യു വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
- കയറ്റുമതി സാധ്യത: ആഗോളതലത്തിൽ മത്സരശേഷിയാര്‍ന്ന കണ്ടെയ്നർ നിർമ്മാണ അടിത്തറ രൂപീകരിക്കാൻ ഇത് സഹായിക്കും; ഒപ്പം ഗുണനിലവാരമുള്ള ഷിപ്പിങ് കണ്ടെയ്നറുകളുടെ ആഗോള കയറ്റുമതി കേന്ദ്രമായി മാറുന്നതിലെ ഇന്ത്യയുടെ സാധ്യതകൾക്ക് കരുത്തേകും.
- വിതരണ ശൃംഖലയുടെ പ്രതിരോധശേഷി: ഇന്ത്യയുടെ സമുദ്ര-ചരക്കുനീക്ക വിതരണ ശൃംഖലകളുടെ കരുത്തും പ്രതിരോധശേഷിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ: ഏകദേശം 3,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 50,000-ത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ഇത് ലക്ഷ്യമിടുന്നു.
- അനുബന്ധ വ്യവസായങ്ങൾക്കുള്ള പിന്തുണ: കോർണർ കാസ്റ്റിങുകൾ, പ്രത്യേക തരം സ്റ്റീൽ, തടിയുടെ ഫ്രെയിമുകൾ, പെയിന്റുകൾ തുടങ്ങിയ മേഖലകളിലെ അനുബന്ധ വ്യവസായങ്ങൾക്കും ഈ പദ്ധതി പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ സമുദ്ര ആവാസവ്യവസ്ഥയുടെ ശാക്തീകരണം
കണ്ടെയ്നർ നിർമ്മാണ പ്രോത്സാഹന പദ്ധതിയ്ക്ക് പുറമെ ഇന്ത്യയിൽ കേന്ദ്രീകൃതമായ സംയോജിത ചരക്കുനീക്ക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് മറ്റ് നിരവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഭാരത് കണ്ടെയ്നർ ഷിപ്പിങ് ലൈൻ രൂപീകരണം
ഇന്ത്യയെ അടിസ്ഥാനമാക്കി ഒരു സംയോജിത കണ്ടെയ്നർ ആവാസവ്യവസ്ഥ വികസിപ്പിക്കാന്‍ 2026 ഫെബ്രുവരിയിൽ 'ഭാരത് കണ്ടെയ്നർ ഷിപ്പിങ് ലൈൻ' (BCSL) സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു.
തുറമുഖ, കപ്പൽഗതാഗത, ജലപാത മന്ത്രാലയത്തിന് കീഴിൽ ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ജവഹർലാൽ നെഹ്റു തുറമുഖ അതോറിറ്റി, വി.ഒ. ചിദംബരനാർ തുറമുഖ അതോറിറ്റി, ചെന്നൈ തുറമുഖ അതോറിറ്റി, സാഗർമാല ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയെ ഈ കരാർ ഒരു കുടക്കീഴിൽ അണിനിരത്തുന്നു.
ജവഹർലാൽ നെഹ്റു തുറമുഖം, വി.ഒ. ചിദംബരനാർ തുറമുഖം, ചെന്നൈ തുറമുഖം എന്നിവയെ രാജ്യത്തെ ഉൾനാടൻ വിപണികളുമായി ബന്ധിപ്പിച്ച് ഒരു സ്വയംപര്യാപ്ത കണ്ടെയ്നർ ഷിപ്പിങ് ശൃംഖല സൃഷ്ടിക്കാൻ ഈ ധാരണാപത്രം വഴിയൊരുക്കും. സമ്പൂർണ ചരക്കുനീക്ക സേവനങ്ങൾ മെച്ചപ്പെടുത്താനും ചരക്കുകടത്ത് നിരക്കുകൾ സ്ഥിരപ്പെടുത്താനും ഇന്ത്യയുടെ വ്യാപാര മത്സരശേഷി ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.
സമുദ്രമേഖലയ്ക്ക് വിപുലമായ പിന്തുണ
ഇന്ത്യയുടെ സമുദ്രമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നിരവധി അനുബന്ധ ഗവൺമെന്റ് സംരംഭങ്ങളും നടപ്പാക്കിവരുന്നുണ്ട്.
|
പിന്തുണാ മേഖല
|
പ്രധാന നടപടികളും സംരംഭങ്ങളും
|
|
നിയമപരമായ പിന്തുണ
|
വാണിജ്യ കപ്പൽഗതാഗത നിയമം (2025), തീരദേശ കപ്പൽഗതാഗത നിയമം (2025), ഇന്ത്യൻ തുറമുഖ നിയമം (2025)
|
|
വ്യാപാരം സുഗമമാക്കുന്നതിന് ഡിജിറ്റൽ പിന്തുണ
|
'വൺ നേഷൻ വൺ പോർട്ട് പ്രോസസ്', മാരിടൈം സിംഗിൾ വിൻഡോ, ഇ-സമുദ്ര
|
|
സംയോജിത ചരക്കുനീക്ക ശൃംഖല
|
പി.എം ഗതിശക്തി, ദേശീയ ചരക്കുനീക്ക നയം, സാഗർമാല പദ്ധതി
|
ഉപസംഹാരം
ഇന്ത്യയുടെ സമുദ്രമേഖലാ നിർമ്മാണ ശേഷി ശക്തിപ്പെടുത്താനും വിതരണ ശൃംഖലയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും കണ്ടെയ്നർ നിർമ്മാണ പ്രോത്സാഹന പദ്ധതി വഴിയൊരുക്കും. വിപുലമായ സമുദ്രമേഖലാ പരിഷ്കാരങ്ങളുമായി ചേർന്നുനിൽക്കുന്ന ഈ പദ്ധതി ആഗോളതലത്തില്‍ മത്സരശേഷിയാര്‍ന്ന ഒരു കപ്പൽ നിർമ്മാണ-ചരക്കുനീക്ക കേന്ദ്രമായി ഉയർന്നുവരാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് കരുത്തേകുന്നു.
Click here to see pdf
*****