പോസ്റ്റഡ് ഓണ്‍:
29 OCT 2026 3:14PM by PIB Thiruvananthpuram
ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക പ്രവർത്തനങ്ങൾ സംബന്ധിച്ച 'ഡൽഹി പ്രഖ്യാപനം 2026' അംഗീകരിച്ച് 'ARISE സിറ്റീസ് ഫോറം 2026' ന്യൂഡൽഹിയിൽ സമാപിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ ICLEI സൗത്ത് ഏഷ്യയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സും സംയുക്തമായി ഒക്ടോബർ 27, 28 തീയതികളിൽ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലാണ് ഫോറത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചത്.
ഗ്ലോബൽ സൗത്ത് മേഖലയിലെ നഗരങ്ങളുടെ ശബ്ദം മുൻനിരയിലെത്തിക്കുന്നതിന് 18-ലധികം രാജ്യങ്ങളിലെ അമ്പതിലേറെ നഗരങ്ങളിൽ നിന്നായി ഇരുനൂറിലധികം പ്രതിനിധികൾ ഫോറത്തിൽ ഒത്തുചേർന്നു. പ്രാദേശികമായി നടപ്പാക്കാവുന്ന നിര്‍ണായക സംരംഭങ്ങളിലൂടെ കാലാവസ്ഥാ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിൽ സഹകരണം, സുസ്ഥിരത, പ്രതിരോധശേഷി, തുല്യത എന്നീ മൂല്യങ്ങൾക്ക് ഫോറം ഊന്നൽ നൽകി. രണ്ടുദിവസത്തെ ഫോറത്തിൽ മൂന്ന് സാങ്കേതിക പ്ലീനറികളും 14 സാങ്കേതിക സെഷനുകളുമാണ് സംഘടിപ്പിച്ചത്.

"ഭാരതത്തിൽ നിന്ന് അന്റാലിയയിലേക്ക് — പ്രതിബദ്ധത, നിര്‍വഹണം, ഫലപ്രാപ്തി" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഫോറത്തിൽ ശക്തമായ ബഹുതല സഹകരണം ഉറപ്പാക്കാനും ആഗോള കാലാവസ്ഥാ ഭരണനിര്‍വഹണത്തിൽ ഒഴിച്ചുകൂടാനാവാത്ത പങ്കാളികളായി നഗര ഭരണകൂടങ്ങളെ അംഗീകരിക്കാനും ഗ്ലോബൽ സൗത്ത് നഗരങ്ങളും തദ്ദേശ ഭരണകൂടങ്ങളും സംയുക്തമായി ആഹ്വാനം ചെയ്തു. ഡൽഹി പ്രഖ്യാപനം 2026-ൽ വ്യക്തമാക്കിയിരിക്കുന്ന ഈ കൂട്ടായ ലക്ഷ്യം തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന COP31 ഉച്ചകോടിയിൽ അവതരിപ്പിക്കും.
പ്രതിബദ്ധതയിൽ നിന്ന് നിര്‍വഹണത്തിലേക്ക്: സമാപന സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
ഇന്ത്യയിലെ തുർക്കി സ്ഥാനപതി അലി മുറാത്ത് എർസോയ്, ഡൽഹി മേയർ പ്രവേഷ് വാഹി, UNESCAP ദക്ഷിണ-തെക്കുപടിഞ്ഞാറൻ ഏഷ്യ ഉപമേഖലാ മേധാവി മിക്കികോ തനക, ഭാരതീയ ജനതാ പാർട്ടി ഡൽഹി ഇൻ-ചാർജും മുംബൈ ഏഷ്യാറ്റിക് സൊസൈറ്റി പ്രസിഡന്റുമായ ഡോ. വിനയ് പി. സഹസ്രബുദ്ധെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് ഡയറക്ടർ ഡോ. ദേബോലീന കുണ്ടു, ICLEI സെക്രട്ടറി ജനറൽ ജിനോ വാൻ ബിഗിൻ എന്നിവർ ഒക്ടോബർ 28-ന് നടന്ന സമാപന സമ്മേളനത്തിൽ സംസാരിച്ചു. COP31 ക്ലൈമറ്റ് ചാമ്പ്യനും സീറോ വേസ്റ്റ് ഫൗണ്ടേഷൻ പ്രസിഡന്റുമായ സമേദ് അഗിർബാഷ് ഓൺലൈനായി പങ്കെടുത്തു.
അന്റാലിയയിൽ കോപ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന വേളയിൽ ARISE സിറ്റീസ് ഫോറം - 2026 സംഘടിപ്പിച്ച ICLEI സൗത്ത് ഏഷ്യ, NIUA, യുഎൻ ഹാബിറ്റാറ്റ് എന്നിവർക്ക് തുർക്കി റിപ്പബ്ലിക്കിന്റെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി തുർക്കി സ്ഥാനപതി അലി മുറാത്ത് എർസോയ് പറഞ്ഞു. 'ഭാരതത്തിൽ നിന്ന് അന്റാലിയയിലേക്ക്' എന്ന ഈ പ്രയാണം തുടർപ്രക്രിയയായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ പ്രവർത്തനങ്ങളിലെ ഇന്ത്യൻ കാഴ്ചപ്പാടുമായി തികച്ചും യോജിച്ചുപോകുന്നതാണ് തുർക്കിയുടെ ആതിഥേയ മുൻഗണനകളെന്നും 'വസുധൈവ കുടുംബകം' എന്ന ശാശ്വത തത്ത്വചിന്തയിലാണ് ഈ കാഴ്ചപ്പാട് വേരൂന്നിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിലും ഇലക്ട്രിക് ബസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും അവസാന തലങ്ങളിലേക്കുവരെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ICLEI സൗത്ത് ഏഷ്യ ഡല്‍ഹിക്ക് വലിയ പിന്തുണയാണ് നൽകിയതെന്ന് ഡൽഹി മേയർ പ്രവേഷ് വാഹി പറഞ്ഞു. നഗര നേതൃത്വം വളർത്തിയെടുക്കാനും ബോധവൽക്കരണം നടത്താനും വായുഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതികൾ നടപ്പിലാക്കാനും ഡൽഹിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും മുനിസിപ്പൽ കോർപ്പറേഷനുകളുമായി ചേർന്ന് പ്രവർത്തിച്ച ICLEI സൗത്ത് ഏഷ്യയെ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
ദേശീയതല നിശ്ചിത സംഭാവനകൾ നഗരതലത്തിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്ന ESCAP-ന്റെ സമീപകാല ചർച്ചാരേഖയിലെ സന്ദേശങ്ങളോടെ ഡൽഹി പ്രഖ്യാപനത്തെ പിന്തുണയ്ക്കാനാഗ്രഹിക്കുന്നതായി UNESCAP ഉപമേഖലാ മേധാവി മിക്കികോ തനക പറഞ്ഞു. ദേശീയ കാലാവസ്ഥാ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായി നഗരങ്ങൾ മാറണം. ദേശീയ പ്രതിബദ്ധതകളും അവയുടെ നിര്‍വഹണവും തമ്മിലെ വിടവ് നഗരങ്ങൾ നികത്തണം. ദേശീയ കാലാവസ്ഥാ പ്രതിജ്ഞകളെടുക്കുന്ന ചർച്ചാ വേദികളിൽ നഗര മേയർമാർ കൂടി പങ്കാളികളാകേണ്ടതുണ്ട്. കാലാവസ്ഥാ ധനസഹായം നഗരങ്ങളിലേക്കെത്തുകയും അത് പ്രയോജനപ്പെടുത്താൻ നഗരങ്ങൾ സജ്ജമാവുകയും വേണം. കാലാവസ്ഥാ പ്രവർത്തനങ്ങൾ വ്യത്യസ്ത മേഖലകളായി ചുരുങ്ങിപ്പോകരുത്. ദേശീയ കാലാവസ്ഥാ ലക്ഷ്യങ്ങൾ പ്രാദേശിക കാലാവസ്ഥാ പ്രവർത്തന പദ്ധതികളായി മാറേണ്ടതുണ്ട്. കാലാവസ്ഥാ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് നഗരങ്ങളെ സഹായിക്കാന്‍ ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങളുടെ പരസ്പര സഹകരണത്തിന് സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.
നഗര ഭരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇപ്പോൾ 'ഡോർമിറ്ററി സിറ്റി' എന്ന സങ്കല്പമാണ് മുന്നിൽ നിൽക്കുന്നതെന്ന് ബിജെപി ഡൽഹി സംസ്ഥാന ഇൻ-ചാർജും മുംബൈ ഏഷ്യാറ്റിക് സൊസൈറ്റി പ്രസിഡന്റുമായ ഡോ. വിനയ് പി. സഹസ്രബുദ്ധെ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങള്‍ അവര്‍ ജോലി ചെയ്യുന്ന നഗരങ്ങളുമായി യാതൊരു ആത്മബന്ധവും പുലർത്തുന്നില്ല. സുസ്ഥിര നഗര ഭരണത്തിന് സ്വന്തമെന്ന തോന്നൽ അത്യന്താപേക്ഷിതമാണ്. കെട്ടിടങ്ങളുടെയും വൻമതിലുകള്ക്കകത്ത് വസിക്കുന്ന സമൂഹങ്ങളുടെയും അംബരചുംബികളുടെയും കൂട്ടം മാത്രമല്ല നഗരങ്ങൾ; മറിച്ച് അവ ജീവസ്സുറ്റ ഘടനകളാണ്. പങ്കിടലിന്റെയും കരുതലിന്റെയും ഊർജസ്വലമായ കേന്ദ്രങ്ങളായി നഗരങ്ങൾ മാറണമെങ്കിൽ എന്തെങ്കിലും തരത്തില്‍ വൈകാരിക ബന്ധം അനിവാര്യമാണ്. ജനപ്രതിനിധികളും നഗര ഭരണാധികാരികളും ഇക്കാര്യം ഗൗരവമായി കാണണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
സമൂഹത്തിന് എന്താണ് ആവശ്യമെന്ന് പ്രാദേശിക നേതാക്കൾക്ക് കൃത്യമായി അറിയാമെന്നും അതിനനുസരിച്ച് പ്രവർത്തിക്കാൻ അവർക്ക് സാമ്പത്തിക വിഭവങ്ങളും പങ്കാളിത്തവും ലഭിക്കേണ്ടതുണ്ടെന്നും COP31 ക്ലൈമറ്റ് ചാമ്പ്യനും സീറോ വേസ്റ്റ് ഫൗണ്ടേഷൻ പ്രസിഡന്റുമായ സമേദ് അഗിർബാഷ് അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെയാണ് ഡൽഹി പ്രഖ്യാപനം ഇത്രയേറെ പ്രസക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപനത്തിലെ സീറോ വേസ്റ്റ് പ്രതിബദ്ധതയെ പ്രത്യേകം സ്വാഗതം ചെയ്യുന്നുവെന്നും ഭൂമിയുടെ ഭാവി ആരംഭിക്കുന്നത് നമ്മുടെ വീടുകളിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രഖ്യാപനത്തെ ശാശ്വത പങ്കാളിത്തമായും പ്രായോഗിക പ്രവർത്തനങ്ങളായും നമുക്ക് മാറ്റിയെടുക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

'ARISE ഡൽഹി പ്രഖ്യാപനം 2026: ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾക്കായുള്ള പ്രാദേശിക പ്രവർത്തനങ്ങൾ' തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന COP31-ലേക്ക് ഫോറത്തിന്റെ കണ്ടെത്തലുകളും നേട്ടങ്ങളും എത്തിക്കുന്നതിനുള്ള കൂട്ടായ മാർഗരേഖയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് (ഇന്ത്യ) ഡയറക്ടർ ഡോ. ദേബോലീന കുണ്ടു പറഞ്ഞു. സംയോജിത പ്രാദേശിക പ്രവർത്തനങ്ങൾ, നീതിയുക്തമായ സംശുദ്ധ ഊർജ പരിവർത്തനം, ലഭ്യമായ ധനസഹായം, അർത്ഥപൂര്‍ണമായ ജനകീയ പങ്കാളിത്തം എന്നിവയ്ക്ക് ഈ പ്രഖ്യാപനം നൽകുന്ന ഊന്നൽ നമ്മെ ഒന്നിപ്പിച്ച മുൻഗണനകളെ പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ ദേശീയ-പ്രാദേശിക തലങ്ങളിൽ കൈവരിക്കുന്നതിന് അംഗരാജ്യങ്ങളിലെ എല്ലാ ഭരണതലങ്ങളും തമ്മിൽ ആവശ്യമായ സഹകരണത്തെക്കുറിച്ചും ബഹുതല ഭരണസംവിധാനത്തിന്റെ പങ്കിനെക്കുറിച്ചുമാണ് ARISE സിറ്റീസ് ഫോറം 2026 പരിശോധിച്ചതെന്ന് സുസ്ഥിരതയ്ക്കായുള്ള തദ്ദേശ ഭരണകൂടങ്ങളുടെ കൂട്ടായ്മയായ ICLEI സെക്രട്ടറി ജനറൽ ജിനോ വാൻ ബിഗിൻ പറഞ്ഞു. നഗരങ്ങളിലെ ഉഷ്ണതരംഗം മുതൽ ജലക്ഷാമം, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉപദേശീയ തല ആസൂത്രണത്തിന് നൽകേണ്ട മുൻഗണന സംബന്ധിച്ചും നിക്ഷേപങ്ങളുടെ അടിയന്തര ആവശ്യകതയും പദ്ധതികളുടെ വേഗത്തിലുള്ള നിര്‍വഹണവും സംബന്ധിച്ചും ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. പങ്കാളിത്തങ്ങൾ വേഗത്തിലാക്കേണ്ടതിന്റെയും കാലാവസ്ഥാ പ്രതിരോധ വികസനത്തിനായി എല്ലാവരെയും ഉൾക്കൊള്ളുന്നതാക്കി അവയെ മാറ്റേണ്ടതിന്റെയും ആവശ്യകത വിലയിരുത്തിയതായും അദ്ദേഹം അറിയിച്ചു. കൂടാതെ, ARISE സിറ്റീസ് ഫോറം 2026-ന്റെ ഡൽഹി പ്രഖ്യാപനം അംഗീകരിച്ച് നഗര കാലാവസ്ഥാ പ്രവർത്തനങ്ങളിലെ കൂട്ടായ നിശ്ചയദാര്‍ഢ്യം ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ICLEI സൗത്ത് ഏഷ്യ തയ്യാറാക്കിയ 'ഡൽഹി ജൈവവൈവിധ്യ ഭൂപടം' സമാപന ചടങ്ങില്‍ പ്രകാശനം ചെയ്തു.
ഡൽഹി പ്രഖ്യാപനം അംഗീകരിച്ചും അത് ഔദ്യോഗികമായി ജിനോ വാൻ ബിഗിന് കൈമാറിയുമാണ് ARISE സിറ്റീസ് ഫോറം 2026 സമാപിച്ചത്. ഫോറത്തിന്റെ കൂട്ടായ പ്രതിബദ്ധതകളും നഗര മുൻഗണനകളും അന്റാലിയയിലെ COP31-ലേക്ക് ഉള്‍പ്പെടുത്തുന്നതിലെ നിർണായക നാഴികക്കല്ലാണിത്.
ഡൽഹി പ്രഖ്യാപനം 2026: ഗ്ലോബൽ സൗത്ത് നഗര ലക്ഷ്യങ്ങൾ COP31-ലേക്ക്
2025-ലെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 'ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾക്കായുള്ള പ്രാദേശിക പ്രവർത്തനങ്ങൾ സംബന്ധിച്ച ഡൽഹി പ്രഖ്യാപനം 2026' ഐക്യദാർഢ്യം, പങ്കാളിത്തം, സമ്പദ്വ്യവസ്ഥയെയും സമൂഹത്തെയും സമഗ്രമായി സമന്വയിപ്പിച്ച സമീപനം എന്നിവയുടെ അന്തസ്സത്തയാണ് ഉൾക്കൊള്ളുന്നത്. COP31-നപ്പുറം കാലാവസ്ഥാ പ്രവർത്തനങ്ങളെ നിർവചിക്കേണ്ടതും എല്ലാവര്ക്കും സുരക്ഷിതവും നീതിയുക്തവും സുസ്ഥിരവുമായ ഭാവി ഒരുമിച്ച് സൃഷ്ടിക്കുന്നതിൽ ഗ്ലോബൽ സൗത്ത് നഗരങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കേണ്ടതുമാണിത്.
അന്താരാഷ്ട്ര കാലാവസ്ഥാ ചർച്ചകളിൽ നഗരങ്ങളെ സുപ്രധാന പങ്കാളികളായി പ്രതിഷ്ഠിക്കുന്ന ഈ പ്രഖ്യാപനം ഗ്ലോബൽ സൗത്ത് രാഷ്ട്രങ്ങളുടെ അനുഭവങ്ങളും മുൻഗണനകളും UNFCCC പ്രക്രിയയിലേക്കെത്തിക്കുന്നു. പത്ത് പങ്കിട്ട പ്രതിബദ്ധതകൾ മുന്നോട്ടുവെച്ചുകൊണ്ട് നഗരവികസനവും കാലാവസ്ഥാ പ്രവർത്തനങ്ങളും തമ്മിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തണമെന്ന തദ്ദേശ സ്വയംഭരണ-മുനിസിപ്പൽ ഭരണനിര്‍വഹണ വിഭാഗത്തിന്റെ നിലപാടിനെ ഇത് പിന്തുണയ്ക്കുന്നു:
പ്രീ-COP31 മുതൽ COP31 വരെ ആഗോള കാലാവസ്ഥാ അജണ്ട മുന്നോട്ട് കൊണ്ടുപോകുക.
വിവിധ അന്താരാഷ്ട്ര ഉടമ്പടികളിലുടനീളം കാലാവസ്ഥാ അതിജീവനശേഷിയും സംയോജിത പ്രവർത്തനങ്ങളും വേഗത്തിലാക്കുക.
സഹകരണത്തിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും ചാക്രിക സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക.
ആഗോള താപന വർദ്ധന 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തുന്ന പാതയിലേക്ക് തിരികെയെത്താൻ ഉപദേശീയ തല പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഊർജ പരിവർത്തന ഫലപ്രാപ്തി കൈവരിക്കുക.
- ലക്ഷ്യബോധമുള്ള നീതിയുക്തമായ പരിവർത്തനങ്ങൾക്ക് മുൻഗണന നൽകുക.
- ബഹുതല കാലാവസ്ഥാ ധനസഹായം വ്യവസ്ഥാപിതമാക്കുക.
- സ്വതന്ത്ര ശാസ്ത്രീയ-ഡാറ്റാ സംവിധാനങ്ങൾ ഉയർത്തിപ്പിടിക്കുക.
- ബഹുതല പ്രവർത്തനങ്ങൾക്ക് ചിട്ടയായ സംയുക്ത വേദി സൃഷ്ടിക്കുക.
- നഗര കാലാവസ്ഥാ പ്രവർത്തനങ്ങളിൽ ഗ്ലോബൽ സൗത്തിന്റെ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുക .
കാലാവസ്ഥാ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെയും സമൂഹത്തിന്റെയും നേതൃത്വം ശക്തിപ്പെടുത്തുക.
കാലാവസ്ഥ, ജൈവവൈവിധ്യം, ഭൂവിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് നിർണായക COP ഉച്ചകോടികൾ നടക്കുന്ന വർഷമാണ് 2026. നഗരങ്ങൾ നേരിടുന്ന പരസ്പരബന്ധിത വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ഈ മൂന്ന് മേഖലകളിലും ഏകോപിത പ്രവർത്തനങ്ങൾക്കുള്ള ആഹ്വാനമെന്ന നിലയിൽ ഡൽഹി പ്രഖ്യാപനം 2026 കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
ആഗോള സമൂഹം COP31-നായി ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക മുൻഗണനകളും വിഭവങ്ങളും നിര്‍വഹണ ശേഷിയും കാലാവസ്ഥാ നയരൂപീകരണത്തിൽ സംയോജിപ്പിക്കുമ്പോൾ മാത്രമേ ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാനാകൂ എന്ന സന്ദേശമാണ് ARISE സിറ്റീസ് ഫോറം 2026 അംഗീകരിച്ച ഡൽഹി പ്രഖ്യാപനം വ്യക്തമാക്കുന്നത്.
ARISE സിറ്റീസ് ഫോറം 2026-നെക്കുറിച്ചും അജണ്ടയെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://arisecitiesforum.org/
****