പോസ്റ്റഡ് ഓണ്:
28 OCT 2026 12:11PM by PIB Thiruvananthpuram
ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാരുടെയും അവരുടെ കുട്ടികളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് ഒൻപത് കേന്ദ്ര മന്ത്രാലയങ്ങൾക്കും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ/അഡ്മിനിസ്ട്രേറ്റർമാർ/ഡയറക്ടർ ജനറൽ ഓഫ് പോലീസ് എന്നിവർക്കുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു മാർഗ്ഗരേഖ പുറത്തിറക്കി.
തടവുകാരുടെ, പ്രത്യേകിച്ച് അവരിലെ കൂടുതൽ ദുർബല വിഭാഗമായ വനിതാ തടവുകാരുടെയും അവരുടെ കുട്ടികളുടെയും അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും പ്രത്യേക ശ്രദ്ധയും ലിംഗഭേദത്തോട് അനുഭാവപൂർണ്ണവുമായ സമീപനവും ആവശ്യമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവർത്തിച്ച് വ്യക്തമാക്കി. കേവലം കസ്റ്റഡി സുരക്ഷയ്ക്കപ്പുറം, മാനുഷിക പരിഗണനയുള്ള ജയിൽ സാഹചര്യങ്ങൾ, മതിയായ മാതൃ-ശിശു ആരോഗ്യ സംരക്ഷണം, നീതി ലഭ്യമാക്കൽ, കുടുംബബന്ധങ്ങൾ നിലനിർത്തൽ, കുട്ടികളുടെ താൽപ്പര്യ സംരക്ഷണം, അർത്ഥവത്തായ പുനരധിവാസ അവസരങ്ങൾ, സമൂഹത്തിലേക്കുള്ള പുനഃപ്രവേശം എന്നിവയും കമ്മീഷൻ ആവശ്യപ്പെടുന്നു.
പ്രവർത്തനങ്ങൾക്കായി താഴെപ്പറയുന്ന പത്ത് പ്രധാന മേഖലകളിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
- അറസ്റ്റിനു മുൻപും, അറസ്റ്റ് വേളയിലും ജയിലിലേക്ക് മാറ്റുന്ന സമയത്തും
- പ്രവേശന രേഖകൾ, കുട്ടികളുടെ വിവരശേഖരണവും ഡോക്യുമെന്റേഷനും
- ആരോഗ്യം, വൈദ്യസഹായം, മാനസികാരോഗ്യ സേവനങ്ങൾ
- വനിതാ തടവുകാർ: ജീവിത സാഹചര്യങ്ങൾ, ശുചിത്വം, ക്ഷേമം, അവബോധം
- തടവുകാരായ അമ്മമാർക്കൊപ്പം കഴിയുന്നതോ അവരിൽ നിന്ന് വേർപിരിക്കപ്പെട്ടതോ ആയ കുട്ടികൾ,
- ആശയവിനിമയം, കൂടിക്കാഴ്ചകൾ (മുലാഖാത്ത്), കുടുംബവുമായുള്ള ബന്ധം,
- ജയിൽ ഭരണം, നിയമസഹായം, നീതിയിലേക്കുള്ള പ്രവേശനം,
- കോടതിയിൽ ഹാജരാക്കുമ്പോൾ വനിതാ തടവുകാർക്കായി ലിംഗാധിഷ്ഠിത സൗകര്യങ്ങളും ക്ഷേമ നടപടികളും,
- പുനരധിവാസം, മോചനത്തിന് ശേഷമുള്ള ജീവിതം, സാമൂഹിക പുനഃസംയോജനം,
- വിദേശ പൗരന്മാരായ തടവുകാർ.
ഈ അഡ്വൈസറിയിലെ നിർദ്ദേശങ്ങൾ ഉടനടി നടപ്പിലാക്കാനും, നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനായി ഇതുവരെ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കാനും ബന്ധപ്പെട്ട എല്ലാ അധികാരികളോടും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
*****