രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ലിക്റ്റൻസ്റ്റൈൻ കിരീടാവകാശി അലോയിസ് രാജകുമാരനും പത്നി സോഫി രാജകുമാരിക്കും രാഷ്ട്രപതി ആതിഥ്യമരുളി

പോസ്റ്റഡ് ഓണ്‍: 27 OCT 2026 9:57PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ഒക്ടോബർ 27) ലിക്റ്റൻസ്റ്റൈൻ കിരീടാവകാശി അലോയിസ് രാജകുമാരനെയും പത്നി സോഫി രാജകുമാരിയെയും രാഷ്ട്രപതി ഭവനിൽ സ്വീകരിക്കുകയും അവർക്ക് വിരുന്നൊരുക്കുകയും ചെയ്തു.

 



 

അലോയിസ് രാജകുമാരനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത രാഷ്ട്രപതി, ഇന്ത്യയുമായുള്ള അദ്ദേഹത്തിൻ്റെ നിരന്തരമായ ഇടപെടലുകളും ബന്ധവും ഇന്ത്യയും ലിക്റ്റൻസ്റ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തോടുള്ള അദ്ദേഹത്തിൻ്റെ ദീർഘകാല പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു.

 



 

വ്യാപാരം, നിക്ഷേപം, ശാസ്ത്രസാങ്കേതികവിദ്യ, നൂതനാശയങ്ങൾ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം  തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ലിക്റ്റൻസ്റ്റൈനും തമ്മിലുള്ള സഹകരണം വളർന്നുവരുന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. നിലവിലെ അനിശ്ചിതത്വം നിറഞ്ഞ ഭൗമരാഷ്ട്രീയ, ഭൗമസാമ്പത്തിക സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് എന്നത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.



 

2024-ൽ ഇന്ത്യയും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനും (EFTA) തമ്മിൽ ഒപ്പുവെച്ച വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (TEPA), വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ആഴത്തിലാക്കുന്നതിന് പുതിയ വഴികൾ തുറന്നിട്ടിട്ടുണ്ടെന്ന് രാഷ്ട്രപതി വ്യക്തമാക്കി. അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 100 ബില്യൺ ഡോളറിൻ്റെ നിക്ഷേപം സാധ്യമാക്കുന്നതിനും 10 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധത, ഇരുകക്ഷികൾക്കും പൊതുവായ  മുൻഗണനാ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിന് ശക്തമായ അടിത്തറ ഒരുക്കുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.

 



 

നൂതന ഉൽപ്പാദനം, ഫിൻടെക്, കാർഷിക ഗവേഷണം, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ പരിപാലനം, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം വിപുലീകരിക്കാൻ ലിക്റ്റൻസ്റ്റൈനിലെ വിവിധ കമ്പനികൾ വലിയ താൽപ്പര്യം പ്രകടിപ്പിക്കുന്നതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി. പ്രത്യേകിച്ച്, വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ നൈപുണ്യ വികസനത്തിനും തൊഴിൽ പരിശീലനത്തിനും ഗണ്യമായ സാധ്യതകളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നൂതന ഉൽപ്പാദനം, നൂതനാശയങ്ങൾ, സാമ്പത്തിക സേവനങ്ങൾ എന്നീ മേഖലകളിലെ ലിക്റ്റൻസ്റ്റൈൻ്റെ വൈദഗ്ധ്യവും, ഇന്ത്യയുടെ നൈപുണ്യമുള്ള തൊഴിൽശക്തി, ഉൽപ്പാദനശേഷി, അതിവേഗം വളരുന്ന വിപണി എന്നിവയും സംയോജിപ്പിക്കുന്നതിലൂടെ പരസ്പര പ്രയോജനകരമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ  ഇരുരാജ്യങ്ങൾക്കും സാധിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയും ലിക്റ്റൻസ്റ്റൈനും തമ്മിലുള്ള അടുത്ത സഹകരണം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് വലിയ നേട്ടങ്ങൾ നൽകുമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായകമാകുമെന്നും അവർ വ്യക്തമാക്കി.

***


( റിലീസ് ഐ.ഡി: 2329305) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese