വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ നെതർലൻഡിൽ ഉന്നതതല ചർച്ചകൾ നടത്തി

പോസ്റ്റഡ് ഓണ്‍: 27 OCT 2026 9:54AM by PIB Thiruvananthpuram

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ 2026 ഒക്ടോബർ 26-ന് ആരംഭിച്ച നെതർലൻഡ്‌സ് സന്ദർശനം തുടരുന്നതിനിടെ, ഡച്ച് സർക്കാരിലെ പ്രമുഖർ, പാർലമെന്റ് അംഗങ്ങൾ, പ്രമുഖ ഡച്ച് കമ്പനി പ്രതിനിധികൾ എന്നിവരുമായി അദ്ദേഹം ഉന്നതതല ചർച്ചകൾ നടത്തി. ഉഭയകക്ഷി സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക, വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വിപുലീകരിക്കുക, ഇന്ത്യയിലെയും നെതർലൻഡ്‌സിലെയും സംരംഭങ്ങൾ തമ്മിലുള്ള സഹകരണത്തിന് പുതിയ അവസരങ്ങൾ കണ്ടെത്തുക എന്നിവയായിരുന്നു ഈ കൂടിക്കാഴ്ചകളുടെ പ്രധാന ലക്ഷ്യം.

വിദേശ വ്യാപാര-വികസന സഹകരണ മന്ത്രി സ്യോർഡ് സ്യോർഡ്സ്മ (Mr. Sjoerd Sjoerdsma), സാമ്പത്തിക കാര്യ-കാലാവസ്ഥാ മന്ത്രി ശ്രീമതി ഹെലീൻ ഹെർബർട്ട് (Ms. Heleen Herbert), നോർത്ത് ഹോളണ്ട് പ്രവിശ്യയിലെ കിംഗ്സ് കമ്മീഷണർ ശ്രീ ആർതർ വാൻ ഡിജ്ക് (Mr. Arthur van Dijk) എന്നിവരുമായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി.
 
ഡച്ച് ജനപ്രതിനിധി സഭയുടെ വിദേശ വ്യാപാര-വികസന സഹകരണ സമിതിയിലെയും സെനറ്റിന്റെ യൂറോപ്യൻ കാര്യ സമിതിയിലെയും അംഗങ്ങളുമായി മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആശയവിനിമയം നടത്തി. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, വ്യാപാര-നിക്ഷേപ സഹകരണം വിപുലീകരിക്കുക, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ ഈ കൂടിക്കാഴ്ചകൾ വേദിയൊരുക്കി.

ശ്രീ പിയൂഷ് ഗോയലും നെതർലൻഡ്‌സിന്റെ വിദേശ വ്യാപാര-വികസന സഹകരണ മന്ത്രി സ്യോർഡ് സ്യോർഡ്സ്മയും സംയുക്തമായി അധ്യക്ഷത വഹിച്ച ഇന്ത്യ-നെതർലൻഡ്‌സ് ബിസിനസ് ഫോറമായിരുന്നു സന്ദർശനത്തിന്റെ പ്രധാന പരിപാടികളിലൊന്ന്. ഇന്ത്യയിലെയും നെതർലൻഡ്‌സിലെയും പ്രമുഖ വ്യവസായ-വാണിജ്യ പ്രതിനിധികൾ ഉൾപ്പെടെ 200-ഓളം പേർ ഫോറത്തിൽ പങ്കെടുത്തു.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിലൂടെ (FTA) ഉയർന്നുവരുന്ന സുപ്രധാന അവസരങ്ങളിലാണ് ഫോറം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുക, നിക്ഷേപ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുക, വിപണി പ്രവേശനം സുഗമമാക്കുക, വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇൻഡോ - ഡച്ച് സമ്പദ്‌വ്യവസ്ഥകളുടെ പരസ്പരപൂരകമായ ശക്തികൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചർച്ചകളിൽ ഉയർന്നുവന്നു.  സ്വതന്ത്ര വ്യാപാര കരാറിലൂടെ (FTA) ലഭ്യമാകുന്ന അവസരങ്ങളെ സുസ്ഥിരമായ ബിസിനസ് പങ്കാളിത്തങ്ങളായും നിക്ഷേപങ്ങളായും വികസിപ്പിക്കുന്നതിനും ഇന്ത്യയ്ക്കും യൂറോപ്പിനും മധ്യേയുള്ള വിതരണ ശൃംഖലകളുടെ സംയോജനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യവസായ മേഖലകൾ തമ്മിലുള്ള നേരിട്ടുള്ള സഹകരണം നിർണായകമാണെന്ന് ഫോറം വിലയിരുത്തി.

വ്യവസായ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന പരിപാടിയുടെ ഭാഗമായി, പ്രമുഖ ഡച്ച് കമ്പനികളുടെ CEO മാരുമായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ നേരിട്ടുള്ള കൂടിക്കാഴ്ചകൾ നടത്തി. കമ്പനികളുടെ ബിസിനസ് മുൻഗണനകൾ, നിക്ഷേപ സാധ്യതകൾ, പരസ്പര സഹകരണം വിപുലീകരിക്കാവുന്ന മേഖലകൾ എന്നിവ ചർച്ച ചെയ്യാൻ കൂടിക്കാഴ്ചകൾ വേദിയൊരുക്കി. സെമികണ്ടക്ടർ സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, ഊർജം, വ്യാവസായിക പരിഹാരങ്ങൾ, സാങ്കേതികവിദ്യ, ചില്ലറവ്യാപാരം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു.

കൂടാതെ, ഹേഗിലെ ഇന്ത്യൻ എംബസിയും എച്ച്.എസ്.ബി.സി (HSBC) നെതർലാൻഡ്‌സും ചേർന്ന് സംഘടിപ്പിച്ച, 15 ഡച്ച് കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ (CXOs) പങ്കെടുത്ത ഒരു വട്ടമേശ ചർച്ചയിലും ശ്രീ പിയൂഷ് ഗോയൽ പങ്കെടുത്തു.

ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള നിക്ഷേപ സാധ്യതകൾ, വാണിജ്യ പങ്കാളിത്തങ്ങൾ, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് വ്യവസായ പ്രമുഖരുമായി നേരിട്ട് ആശയവിനിമയം നടത്താൻ വട്ടമേശ ചർച്ച അവസരമൊരുക്കി. ഇരു രാജ്യങ്ങളിലെയും ബിസിനസ് സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനും സ്വകാര്യ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനുള്ള പുതിയ സാധ്യതകൾ ആരായുന്നതിനുമുള്ള വേദിയായും ചർച്ച മാറി.

സന്ദർശനത്തിന്റെ ഭാഗമായി ശ്രീ പിയൂഷ് ഗോയൽ മാധ്യമപ്രവർത്തകരുമായി സംവദിച്ചു. ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിൽ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു. ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർന്നതും ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) അന്തിമമായതും ഈ ബന്ധങ്ങൾക്ക് പുതുസാധ്യതകൾ തുറന്നുനൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യാ സഹകരണം എന്നീ മേഖലകളിൽ നിലവിലുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും യൂറോപ്യൻ വിപണികളിലേക്കുള്ള കവാടമെന്ന നിലയിൽ നെതർലൻഡ്‌സിനുള്ള നിർണായക സ്ഥാനവും മന്ത്രി വിശദീകരിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും നിക്ഷേപ സാധ്യതകളും വിശദീകരിക്കുന്നതിനൊപ്പം, നെതർലൻഡ്‌സുമായും വിശാലമായ യൂറോപ്യൻ യൂണിയനുമായും സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതിനും ഈ ആശയവിനിമയം അവസരമൊരുക്കി.
 
 
SKY
 
*******

( റിലീസ് ഐ.ഡി: 2328883) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Kannada