2026 ഒക്ടോബർ 26-ന് ആരംഭിക്കുന്ന 12-ാമത് ബ്രിക്സ് പാര്ലമെന്ററി ഫോറത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ പാർലമെന്റ് പൂർണ്ണസജ്ജമായി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഫോറത്തിന് മുന്നോടിയായി, റഷ്യൻ ഫെഡറേഷനിലെ ഫെഡറൽ അസംബ്ലിയുടെ സ്റ്റേറ്റ് ഡ്യൂമ ചെയർമാൻ ആദരണീയ വ്യാചെസ്ലാവ് വോലോഡിന്റെ നേതൃത്വത്തിലുള്ള റഷ്യൻ പാർലമെന്ററി പ്രതിനിധി സംഘവുമായി ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള ഉഭയകക്ഷി ചർച്ച നടത്തി.
ആഗോള വേദികളിലെ സഹകരണം കൂടുതൽ ദൃഢമാക്കാനും ഭീകരവാദത്തിനെതിരെ സംയുക്തമായി പോരാടാനും ഇന്ത്യാ-റഷ്യൻ പാർലമെന്ററി പ്രതിനിധി സംഘങ്ങൾ തത്വത്തിൽ ധാരണയായി. 140 കോടി ഇന്ത്യൻ ജനതയുടെയും പാർലമെന്റിന്റെയും പേരിൽ റഷ്യൻ പ്രതിനിധി സംഘത്തെയും ആദരണീയ വ്യാചെസ്ലാവ് വോലോഡിനെയും സ്വാഗതം ചെയ്ത ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള, പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും താല്പര്യങ്ങളിലും അധിഷ്ഠിതമായി നിലനിൽക്കുന്ന ഇരുരാജ്യങ്ങളുടെയും കാലാതിവർത്തിയായ സൗഹൃദത്തെക്കുറിച്ച് എടുത്തുപറഞ്ഞു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ റഷ്യ ഇന്ത്യയ്ക്ക് നൽകുന്ന നിരന്തരമായ പിന്തുണയെ ബിർള പ്രശംസിച്ചു. ആഗോള സമാധാനത്തിനുവേണ്ടി അന്താരാഷ്ട്ര സമൂഹം ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2027-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് 80 വർഷം തികയുകയാണെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെയും നേതൃത്വത്തിൽ ഇന്ത്യ-റഷ്യ 'പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം' കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
പാർലമെന്ററി നയതന്ത്രത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ ബിർള, ഇന്ത്യ-റഷ്യ ഇന്റർ-പാർലമെന്ററി കമ്മീഷന്റെ പതിവ് യോഗങ്ങളിലൂടെയും പാർലമെന്ററി പ്രതിനിധി സംഘങ്ങളുടെ, പ്രത്യേകിച്ച് യുവ-വനിതാ പാർലമെന്റംഗങ്ങളുടെ കൈമാറ്റത്തിലൂടെയും ലോക്സഭയും സ്റ്റേറ്റ് ഡ്യൂമയും തമ്മിലുള്ള സഹകരണം തുടർച്ചയായി നിലനിർത്തണമെന്ന് ആഹ്വാനം ചെയ്തു.
2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദത്തെക്കുറിച്ച് സൂചിപ്പിച്ച ശ്രീ ബിർള, ജനകേന്ദ്രീകൃതമായ സമീപനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ബ്രിക്സ് പാർലമെന്റുകൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിൽ റഷ്യയുടെ സജീവ പങ്കാളിത്തം തേടുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനവും ഭീകരവാദവും ഉൾപ്പെടെയുള്ള സമകാലിക ആഗോള വെല്ലുവിളികളെ നേരിടാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, മാറുന്ന ആഗോള സാഹചര്യങ്ങളോട് അന്താരാഷ്ട്ര സ്ഥാപനങ്ങൾ കൂടുതൽ അനുകൂലമായി പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യവും അടിവരയിട്ടു പറഞ്ഞു. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രീ ബിർള ആവർത്തിക്കുകയും കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകുന്നതിനായി റഷ്യ നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ആണവോർജ്ജം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള സാധ്യതകൾ യോഗത്തിൽ ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന സ്തംഭങ്ങളായ സാംസ്കാരിക കൈമാറ്റത്തിന്റെയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെയും റഷ്യയിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ സ്നേഹവും സൗഹാർദ്ദവുമാണ് ഈ പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള അടിത്തറയെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വ്യാപാരം, വ്യവസായം, കൃഷി എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടിയ റഷ്യൻ സ്റ്റേറ്റ് ഡ്യൂമ ചെയർമാൻ വ്യാചെസ്ലാവ് വോലോഡിൻ, സംയുക്ത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ഉഭയകക്ഷി വ്യാപാര-നിക്ഷേപ രംഗങ്ങളിലെ തടസ്സങ്ങൾ നീക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കി. ബ്രിക്സ് ഉൾപ്പെടെയുള്ള ബഹുമുഖ വേദികളിലൂടെയും ഇന്ത്യൻ പാർലമെന്റും റഷ്യൻ സ്റ്റേറ്റ് ഡ്യൂമയും തമ്മിൽ പതിവായി ആശയവിനിമയം നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു.
സാംസ്കാരിക, മാനുഷിക മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള സമ്പർക്കം വർദ്ധിപ്പിക്കുന്നതിനുമുള്ള റഷ്യയുടെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ-റഷ്യ ബന്ധത്തിന്റെ ഭാവിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, സുസ്ഥിരമായ പാർലമെന്ററി ഇടപെടലുകളും വിവിധ മേഖലകളിലെ അടുത്ത സഹകരണവും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കുമെന്നും നിരീക്ഷിച്ചു.
തുടര്ന്ന് ക്യൂബ, ഈജിപ്ത്, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ള പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായും ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള കൂടിക്കാഴ്ച നടത്തുകയും പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനായുള്ള ഫലപ്രദമായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു.
നാളെ നടക്കുന്ന പ്രധാന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
"ജനകേന്ദ്രീകൃത വികസനത്തിനായി പാർലമെന്റുകളെ ശാക്തീകരിക്കുക" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പാർലമെന്ററി ഫോറം ചർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള നാല് ഉന്നതതല സമ്മേളനങ്ങളിലൂടെ ആഗോള സമവായ രൂപീകരണത്തിനുള്ള ചർച്ചകൾക്ക്
ഫോറം വഴിയൊരുക്കും.
ഇതിനുപുറമേ, പാർലമെന്ററി നയതന്ത്രം, ശേഷി വികസനം, മികച്ച പ്രവർത്തന മാതൃകകളുടെ കൈമാറ്റം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബ്രിക്സ് അംഗരാജ്യങ്ങളിലെയും പങ്കാളിത്ത രാജ്യങ്ങളിലെയും പാർലമെന്റുകളിലെ അന്താരാഷ്ട്ര കാര്യ സമിതി അധ്യക്ഷന്മാരുടെ ഒരു പ്രത്യേക യോഗവും നടക്കും.
കോൺഫറൻസിന്റെ ഭാഗമായി ഉന്നതതല പ്ലീനറി സെഷനുകൾ, സമാന്തര യോഗങ്ങൾ, ഉഭയകക്ഷി ചർച്ചകൾ എന്നിവയോടൊപ്പം സാംസ്കാരിക പരിപാടികളും അരങ്ങേറും. വിശിഷ്ടാതിഥികളോടുള്ള ബഹുമാനാർത്ഥം ഉപരാഷ്ട്രപതി ശ്രീ. സി.പി.രാധാകൃഷ്ണൻ വിരുന്ന് സൽക്കാരം നൽകും.
സമ്മേളനം 2026 ഒക്ടോബർ 27-ന് സമാപിക്കും.