ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

ഡൽഹി-എൻസിആറിനായി ലോകത്തെ ആദ്യ തനത് 'വായു മലിനീകരണ വിശകലന' സംവിധാനം കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 24 OCT 2026 3:34PM by PIB Thiruvananthpuram
ഡൽഹി-എൻസിആറിനായി ലോകത്തിലെ ആദ്യത്തെ തനത് 'വായു മലിനീകരണ വിശകലന' സംവിധാനം ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻ്റെയും ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെയും സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ, പൊതുജന പരാതി, പെൻഷൻ, ആണവോർജ വകുപ്പ്, ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു.
 
'ഇൻ്റഗ്രേറ്റഡ് അറ്റ്‌മോസ്ഫെറിക് കെമിസ്ട്രി ആൻഡ് എയറോസോൾ ടോക്സിസിറ്റി അനാലിസിസ് ലബോറട്ടറി' (AATAL) എന്നറിയപ്പെടുന്ന ഈ കേന്ദ്രത്തിൽ വായു മലിനീകരണത്തിൻ്റെ ഉറവിടങ്ങൾ തത്സമയം തിരിച്ചറിയുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
 
ലോകത്തെ ഇത്തരത്തിലുള്ള ആദ്യ സംയോജിത കേന്ദ്രമാണിതെന്ന് വിശേഷിപ്പിച്ച മന്ത്രി, വായു മലിനീകരണത്തെക്കുറിച്ചുള്ള ഗുരുതരമായ പൊതുജന ആശങ്ക കണക്കിലെടുത്താണ് ഡൽഹി-എൻസിആർ ഈ കേന്ദ്രത്തിനായി തെരഞ്ഞെടുത്തതെന്ന് പറഞ്ഞു. മലിനീകരണത്തിൻ്റെ അളവ് റിപ്പോർട്ട് ചെയ്യുന്നതിൽ മാത്രം ഒതുങ്ങാതെ, മലിനീകരണത്തിൻ്റെ ഘടന, അതിൻ്റെ ഉറവിടങ്ങൾ, ഓരോ ഉറവിടത്തിൻ്റെയും ആപേക്ഷിക സംഭാവന, അവയുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ എന്നിവ തിരിച്ചറിയുന്നത് ഉൾപ്പെടെ വായു ഗുണനിലവാര വിശകലനത്തിൽ ഈ ലബോറട്ടറിയുടെ സേവനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമയബന്ധിതമായ നടപടികൾ സ്വീകരിക്കുന്നതിന് സഹായിക്കുന്ന വിധത്തിൽ തത്സമയ വിവരങ്ങളും മുൻകൂർ പ്രവചനങ്ങളും ഇത് നൽകും.
 
ഐഐടിഎമ്മിൻ്റെ ഡൽഹി ശാഖയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ഡോ. ടി. ശ്രീനിവാസ കുമാർ, ഐഐടിഎം ഡയറക്ടർ ഡോ. എ. സൂര്യചന്ദ്ര റാവു, ഐഎംഡി ഡയറക്ടർ ജനറൽ ഡോ. മഹാപത്ര എന്നിവർ പങ്കെടുത്തു. അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണ ശക്തിപ്പെടുത്തുന്നതിനും ഡൽഹി-എൻസിആറിൽ വായു ഗുണനിലവാര നിയന്ത്രണത്തിന് പ്രായോഗികമായി പ്രയോജനപ്പെടുത്താവുന്ന മാർഗ്ഗങ്ങൾ നൽകുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ച 'മിഷൻ മൗസം' പദ്ധതിയുടെ ഭാഗമായാണ് ഈ ലബോറട്ടറി സ്ഥാപിച്ചിരിക്കുന്നത്. അന്തരീക്ഷത്തിലെ മലിനീകരണം സംബന്ധിച്ച അളവ് കണക്ക് കൂട്ടുന്നതിനുള്ള നൂതന ഉപകരണങ്ങൾ, വിശദമായ രാസവിശകലനം, മലിനീകരണ ഉറവിടങ്ങൾ തിരിച്ചറിയൽ, തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പിന്തുണാ സംവിധാനങ്ങൾ എന്നിവയെല്ലാം ഈ സംയോജിത ലബോറട്ടറി സംവിധാനത്തിൽ സമന്വയിപ്പിച്ചിരിക്കുന്നു.
 
കഴിഞ്ഞ 10–12 വർഷത്തിനിടെ വായു ഗുണനിലവാര പ്രവചനത്തിലും വിശകലനത്തിലും ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. അന്തരീക്ഷത്തിൽ എത്രമാത്രം മലിനീകരണമുണ്ടെന്ന് മാത്രമല്ല, അതിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്നും അത് എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്നും മനസ്സിലാക്കാൻ ഈ പുതിയ സൗകര്യം സഹായിക്കുമെന്നതിനാൽ ഇത് വലിയൊരു മുന്നേറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.
 
"മുമ്പ് മലിനീകരണത്തിൻ്റെ അളവ് 100 ആണോ 200 ആണോ എന്നതിനെക്കുറിച്ചായിരിക്കും പ്രധാനമായും ചർച്ചകൾ നടന്നിരുന്നത്. മലിനീകരണത്തിൻ്റെ ഘടനയും വിവിധ ഉറവിടങ്ങളുടെ വിഹിതവും മനസ്സിലാക്കാൻ ഈ ലബോറട്ടറി സംവിധാനം സഹായിക്കും. ഡൽഹിയിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇത് പ്രധാനമാണ്," മന്ത്രി പറഞ്ഞു.
 
വാഹനങ്ങളിൽ നിന്നുള്ള പുറന്തള്ളൽ, വ്യാവസായിക പ്രവർത്തനങ്ങൾ, ജൈവവസ്തുക്കളും വിള അവശിഷ്ടങ്ങളും കത്തിക്കൽ, നിർമാണ പ്രവർത്തനങ്ങൾ, റോഡിലെ പൊടി, സമീപ പ്രദേശങ്ങളിൽ നിന്നുള്ള മലിനീകരണം എന്നിവ ഉൾപ്പെടെ വായു മലിനീകരണത്തിൻ്റെ വിവിധ ഉറവിടങ്ങളെ വേർതിരിച്ചറിയാൻ ശാസ്ത്രജ്ഞരെ AATAL സഹായിക്കും. ഈ ഉറവിടങ്ങളുടെ ആപേക്ഷിക മലിനീകരണ വിഹിതം കണക്കാക്കുന്നതിലൂടെ, ഒരു പ്രത്യേക സമയത്ത് മോശം വായു ഗുണനിലവാരത്തിന് കാരണമാകുന്ന പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നും ഏത് മേഖലകളിലാണ് ഇടപെടലുകൾ ഏറ്റവും ഫലപ്രദമാകുകയെന്നും അധികൃതർക്ക് മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കും.
 
തത്സമയ ഉറവിട കണ്ടെത്തലിൻ്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് ഒരു ഉദാഹരണം ചൂണ്ടിക്കാട്ടി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന ആ സമയത്ത്, ഡൽഹിയിലെ വായു മലിനീകരണത്തിൻ്റെ ഏകദേശം 25 ശതമാനവും ഗതാഗത മേഖലയാണ് സംഭാവന ചെയ്യുന്നതെന്നും മൊത്തത്തിലുള്ള മലിനീകരണ നില ഏകദേശം 180 ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്ക്രീനിൽ കാണിച്ചു. വായു മലിനീകരണത്തോടുള്ള പ്രതികരണം പൊതുവായ വിലയിരുത്തലുകളിൽ നിന്ന് മാറി യഥാർത്ഥ ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ ലക്ഷ്യബോധമുള്ള ഇടപെടലുകളിലേക്ക് പരിവർത്തനം ചെയ്യാൻ ഇത്തരം വിവരങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
അന്തരീക്ഷ വാതകങ്ങളുടെയും എയ്റോസോളുകളുടെയും രാസഘടന വിശകലനം ചെയ്യുന്നതിനുള്ള നൂതന ഉപകരണങ്ങൾ ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. സൂക്ഷ്മ കണികാ പദാർത്ഥങ്ങൾ (PM2.5), ലോഹങ്ങൾ, വിഷാംശമുള്ള മൂലകങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവയുടെ വിശകലനവും ഇതിൽ ഉൾപ്പെടുന്നു. മലിനീകരണ ഘടകങ്ങൾ അന്തരീക്ഷത്തിൽ പരസ്പരം എങ്ങനെ പ്രവർത്തിക്കുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നു, വിവിധ ഘടകങ്ങൾ മൊത്തത്തിലുള്ള മലിനീകരത്തിന് എങ്ങനെ കാരണമാകുന്നു എന്നിവ കണ്ടെത്താൻ ഈ സംവിധാനങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കും.
 
ലോഹ മൂലകങ്ങളും മറ്റ് അപകടകരമായ ഘടകങ്ങളും ഉൾപ്പെടെ വായു മലിനീകരണത്തിലെ സൂക്ഷ്മ പദാർത്ഥങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഈ കേന്ദ്രം വഴി നൽകുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. മലിനീകരണ ഘടകങ്ങൾ ആരോഗ്യത്തെ ബാധിക്കുന്ന കാര്യത്തിൽ വ്യത്യാസപ്പെട്ടിരിക്കാമെന്നും അതിനാൽ അവയുടെ സാന്ദ്രത മാത്രമല്ല, ഘടനയും വിഷാംശ സാധ്യതയും മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വിശദീകരിച്ചു.
 
ഇതിലൂടെ ലഭിക്കുന്ന ശാസ്ത്രീയ തെളിവുകൾ വിവിധ തരത്തിലുള്ള കണികാ മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകൾ മികച്ച രീതിയിൽ മനസ്സിലാക്കാൻ ആരോഗ്യ അധികൃതരെ സഹായിക്കും. പൊതുജനാരോഗ്യത്തിൽ വായു മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിൽ ശാസ്ത്ര സ്ഥാപനങ്ങൾ, ആരോഗ്യ ഏജൻസികൾ, പരിസ്ഥിതി അധികൃതർ എന്നിവർക്കിടയിൽ കൂടുതൽ ഏകോപനത്തിനും ഇത് സഹായിക്കും.
 
വായു ഗുണനിലവാര പ്രവചനങ്ങൾ, നിരീക്ഷണങ്ങൾ, മലിനീകരണ ഉറവിട വിവരങ്ങൾ എന്നിവ സംയോജിപ്പിച്ച് മലിനീകരണ നിയന്ത്രണത്തിന് പിന്തുണ നൽകുന്ന ഐഐടിഎമ്മിൻ്റെ AIRWISE (എയർ ക്വാളിറ്റി വാണിങ് ആൻഡ് ഇൻ്റഗ്രേറ്റഡ് ഡിസിഷൻ സപ്പോർട്ട് സിസ്റ്റം ഫോർ എമിഷൻസ്) എന്നിവയുമായി ഈ ലബോറട്ടറി സംയോജിപ്പിച്ചിരിക്കുന്നു.
 
അടുത്ത 72 മണിക്കൂറിലേക്ക് 400 മീറ്റർ സ്ഥലവ്യാപ്തിയിലേക്കുള്ള വായു ഗുണനിലവാര പ്രവചനങ്ങൾ AIRWISE നൽകുന്നുണ്ടെന്ന് പദ്ധതി സംഘം വിശദീകരിച്ചു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ മലിനീകരണം എങ്ങനെ വ്യത്യാസപ്പെടാമെന്ന് വിലയിരുത്താൻ ഈ സംവിധാനം സഹായിക്കുന്നു. പ്രത്യേക സ്ഥലങ്ങളിൽ വായു ഗുണനിലവാരം മോശമാകാൻ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്ന ഉറവിടങ്ങളും ഇതിന് തിരിച്ചറിയാൻ കഴിയും. തത്സമയ വിവരങ്ങൾക്കൊപ്പം അടുത്ത നാല് ദിവസത്തേക്കുള്ള പ്രവചനങ്ങളും ഈ സംയോജിത സംവിധാനത്തിലൂടെ ലഭ്യമാകുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇത് മാറുന്ന മലിനീകരണ സാഹചര്യങ്ങൾക്കായി അധികൃതർക്ക് തയ്യാറെടുക്കാൻ സഹായിക്കും.
 
മലിനീകരണത്തിന് കാരണമാകുന്ന ഉറവിടങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും മുൻകൂറായി മുന്നറിയിപ്പുകളും നൽകുന്നതിലൂടെ ഡൽഹി-എൻസിആറിലെ വായു ഗുണനിലവാര നിയന്ത്രത്തെ ഈ സംയോജിത സൗകര്യം ശക്തിപ്പെടുത്തുമെന്ന് MAQWS പദ്ധതി ഡയറക്ടർ ഡോ. സച്ചിൻ ഘുഡെ പറഞ്ഞു. വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കൽ, വാഹനങ്ങളിൽ നിന്നുള്ള പുറന്തള്ളൽ, നിർമാണ പ്രവർത്തനങ്ങൾ, റോഡിലെ പൊടി എന്നിവ ഉൾപ്പെടെ മലിനീകരണ ഉറവിടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇത് നൽകും. പ്രധാന മലിനീകരണ ഉറവിടങ്ങൾ തിരിച്ചറിയാനും ലക്ഷ്യബോധമുള്ള ഇടപെടലുകൾ ആസൂത്രണം ചെയ്യാനും അവയുടെ ഫലപ്രാപ്തി വിലയിരുത്താനും ഈ വിവരങ്ങൾ വായു ഗുണനിലവാര മാനേജ്മെൻ്റ് കമ്മീഷൻ (CAQM), മറ്റ് നിർവഹണ ഏജൻസികൾ എന്നിവയെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
ഡൽഹിയുടെ ഓരോ ഭാഗത്തെയും മലിനീകരണ നിലയും അതിൻ്റെ സാധ്യതയുള്ള ഉറവിടങ്ങളും വിലയിരുത്താൻ സഹായിക്കുന്ന, 400 മീറ്റർ റെസല്യൂഷനിലുള്ള അടുത്ത 72 മണിക്കൂറിലേക്കുള്ള പ്രവചനങ്ങൾ ഈ വായു ഗുണനിലവാര പ്രവചന സംവിധാനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രവചന ശേഷിയെ ഒരു പ്രധാന സാങ്കേതിക മുന്നേറ്റമായി വിശേഷിപ്പിച്ച ഡോ. ഘുഡെ, ആഗോള പ്രവചന സംവിധാനങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ഉയർന്ന റെസല്യൂഷനിലുള്ള സംവിധാനം ഇന്ത്യ വികസിപ്പിച്ചിട്ടുണ്ടെന്നും സമാനമായ ശേഷി മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്നും പറഞ്ഞു.
 
ഗവണ്മെൻ്റ് ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഡോ. ജിതേന്ദ്ര സിങ്, ഒരു വകുപ്പിന് മാത്രം ഒറ്റയ്ക്ക് പ്രവർത്തിച്ച് വായു മലിനീകരണം പരിഹരിക്കാനാവില്ലെന്ന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്ന സമഗ്ര ഗവണ്മെൻ്റ്   സമീപനത്തിൻ്റെ ഉദാഹരണമായാണ് അദ്ദേഹം ഈ സംരംഭത്തെ വിശേഷിപ്പിച്ചത്. ശാസ്ത്ര സ്ഥാപനങ്ങൾ, പരിസ്ഥിതി അധികൃതർ, മലിനീകരണ നിയന്ത്രണ ഏജൻസികൾ, ദുരന്തനിവാരണ രംഗത്തെ ബന്ധപ്പെട്ടവർ എന്നിവരെ ഈ സംരംഭം ഒരുമിപ്പിക്കുന്നു.
 
ശാസ്ത്രീയ വിവരങ്ങളെ ഫലപ്രദമായ നടപടികളാക്കി മാറ്റുന്നതിന് ഭൗമശാസ്ത്ര മന്ത്രാലയം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, മലിനീകരണ നിയന്ത്രണ അധികൃതർ, ദുരന്തനിവാരണ ഏജൻസികൾ എന്നിവ തമ്മിലുള്ള ഏകോപിത പ്രവർത്തനം പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.
 
വായു ഗുണനിലവാര പരിപാലന കമ്മീഷനും (CAQM) മറ്റ് നിർവഹണ ഏജൻസികൾക്കും വായു ഗുണനിലവാരം മോശമാകുന്നതിന് കാരണമാകുന്ന ഉറവിടങ്ങൾ തിരിച്ചറിയുന്നതിനും, ഇടപെടലുകൾ ആവശ്യമായ മേഖലകൾക്കും സ്ഥലങ്ങൾക്കും മുൻഗണന നൽകുന്നതിനും, ഡൽഹി-എൻസിആറിലുടനീളമുള്ള ഏകോപിത നടപടികൾക്ക് പിന്തുണ നൽകുന്നതിനും ഈ ലബോറട്ടറി സഹായിക്കും. AIRWISE പ്രവചനങ്ങളുമായി സംയോജിപ്പിക്കുമ്പോൾ, പ്രതിരോധ നടപടികളും ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP) പ്രകാരമുള്ള പ്രതികരണങ്ങളും സംബന്ധിച്ച തീരുമാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഈ വിവരങ്ങൾ സഹായിക്കും.
 
AATAL-ൻ്റെ ഉദ്ഘാടനം അന്തരീക്ഷ ശാസ്ത്രത്തെ പൊതുനയങ്ങളുമായും ഭൂതല പ്രവർത്തനങ്ങളുമായും ബന്ധിപ്പിക്കുന്നതിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്. തത്സമയ മലിനീകരണ തോത് വിലയിരുത്തൽ, രാസഘടനാ വിശകലനം, ഉറവിടം തിരിച്ചറിയൽ, പ്രവചന സംവിധാനം എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, വായു മലിനീകരണത്തെക്കുറിച്ച് കൂടുതൽ കൃത്യമായ ധാരണ കൈവരിക്കാനും ഡൽഹി-എൻസിആർ നേരിടുന്ന ഈ വെല്ലുവിളിക്ക് കൂടുതൽ ഏകോപിതമായ പ്രതികരണം നൽകാനും ഈ കേന്ദ്രം അധികൃതരെ സഹായിക്കും.
 
***
 

( റിലീസ് ഐ.ഡി: 2328085) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil