പരിസ്ഥിതി, വനം മന്ത്രാലയം
2026 ഒക്ടോബർ 20 മുതൽ നവംബർ 8 വരെ 'ഹരിത ദീപാവലി' ക്യാമ്പയിൻ: പടക്കരഹിത ദീപാവലി ആഘോഷിക്കാൻ WWF-ഇന്ത്യയുടെ ആഹ്വാനം.
പോസ്റ്റഡ് ഓണ്‍:
20 OCT 2026 10:48AM by PIB Thiruvananthpuram
കേന്ദ്ര വനം,പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ പിന്തുണയോടെ ഡബ്ല്യു.ഡബ്ല്യു.എഫ്.-ഇന്ത്യയുടെ പ്രോഗ്രാം സെൻ്റർ - റിസോഴ്സ് പാർട്ണർ രാജ്യവ്യാപകമായി ഹരിത ദീപാവലി കാമ്പയിന് തുടക്കം കുറിച്ചു. ഒക്ടോബർ 20 മുതൽ നവംബർ 8 വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിലൂടെ പടക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കി, പരിസ്ഥിതി സൗഹൃദമായ ദീപാവലി ആഘോഷിക്കാൻ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിൻ്റെ (NCAP) കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ള 130 നഗരങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പ്രചാരണം നടത്തുന്നത്. വിദ്യാലയങ്ങൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും കാമ്പയിൻ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
പ്രചാരണത്തിൻ്റെ ഭാഗമായി പടക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും, കുടുംബാംഗങ്ങളെയും അയൽവാസികളെയും ഇതിനായി പ്രോത്സാഹിപ്പിക്കുമെന്നും ഉറപ്പുനൽകുന്ന 'ഹരിത ദീപാവലി' പ്രതിജ്ഞയെടുക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഇതിനോടൊപ്പം മൺവിളക്കുകളും എൽ.ഇ.ഡി. ലൈറ്റുകളും ഉപയോഗിക്കുക, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുക, മാലിന്യങ്ങൾ തരംതിരിക്കുക, പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുക എന്നിവയും ഈ പ്രതിജ്ഞയുടെ ഭാഗമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാദേശിക കൂട്ടായ്മകളിലും ഇതിനോടകം തന്നെ പ്രതിജ്ഞാ ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. സ്കൂൾ അസംബ്ലികൾ, ക്ലാസ് മുറികൾ, ബോധവൽക്കരണ റാലികൾ, റസിഡൻ്റ്സ് അസോസിയേഷൻ യോഗങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ രീതിയിൽ പ്രതിജ്ഞയെടുക്കൽ ചടങ്ങുകൾ സംഘടിപ്പിക്കാൻ അധികൃതർ നിർദ്ദേശം നൽകി.
ദൈനംദിന ജീവിതശൈലിയും ഉപഭോഗവും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാനും, കൂടുതൽ സുസ്ഥിര ശീലങ്ങൾ വളർത്തിയെടുക്കാനും ജനങ്ങളെ സഹായിക്കുന്നതിനായി ഡബ്ല്യു.ഡബ്ല്യു.എഫ്.-ഇന്ത്യയുടെ 'കാർബൺ ഫൂട്ട്പ്രിൻ്റ് സർവേയിൽ' പങ്കാളികളാകാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. താല്പര്യമുള്ളവർക്ക് https://wwfindiawebgis.in/Carbon_Footprint/Carbon_Footprint.html എന്ന ഔദ്യോഗിക ലിങ്ക് വഴി ഈ സർവേയിൽ പങ്കെടുക്കാവുന്നതാണ്.
ഓൺലൈൻ ഫോം വഴി റിപ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ സ്ഥാപനത്തിൻ്റെയോ സംഘടനയുടെയോ പേരും വിലാസവും, നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും തീയതിയും വ്യക്തമാക്കേണ്ടതുണ്ട്. ഇതോടൊപ്പം പ്രതിജ്ഞയിൽ പങ്കെടുത്ത ആളുകളുടെ എണ്ണം, ജിയോ-ടാഗ് ചെയ്ത ചിത്രങ്ങൾ, പരിപാടിയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവയും ഉൾപ്പെടുത്തണം. മികച്ച രീതിയിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട എൻട്രികൾ ഇ.ഐ.എ.സി.പി. വെബ്സൈറ്റുകളിലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
****
( റിലീസ് ഐ.ഡി: 2325429)
സന്ദര്‍ശക കൗണ്ടര്‍ : 9