ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വിദേശത്തുനിന്നു കടത്തിയ 6.2 കിലോയോളം സ്വർണം ഡി.ആർ.ഐ പിടിച്ചെടുത്തു; യാത്രക്കാർ ഒപ്പമില്ലാത്ത ബാഗേജ് വഴി നടത്തിയ ആസൂത്രിത സ്വർണക്കടത്ത് പുറത്ത്; 3 പേർ അറസ്റ്റിൽ

പോസ്റ്റഡ് ഓണ്‍: 15 OCT 2026 6:28PM by PIB Thiruvananthpuram

സംഘടിത സ്വർണക്കടത്തിനെതിരായ തുടർച്ചയായ നടപടികളുടെ ഭാഗമായി, യാത്രക്കാർ ഒപ്പമില്ലാത്ത ബാഗേജ് സംവിധാനം ഉപയോഗിച്ച് സ്വർണം കടത്തുന്ന പുതിയതും സങ്കീർണവുമായ രീതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കണ്ടെത്തി. വെയർഹൗസ് ജീവനക്കാർ ഉൾപ്പെടെ വിമാനത്താവളത്തിന് ഉള്ളിലുള്ളവരുടെയും ഇടനിലക്കാരുടെയും സഹായത്തോടെയാണ് ഈ സംഘം കാർഗോയിൽനിന്നു കടത്തിയ സ്വർണം പുറത്തെടുത്ത് ഉദ്ദേശിച്ച വ്യക്തിക്കു കൈമാറിയിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ എയർ കാർഗോ കോംപ്ലക്സിൽ യാത്രക്കാർ ഒപ്പമില്ലാത്ത ബാഗേജ് തടഞ്ഞു പരിശോധിച്ചു. വിശദമായ പരിശോധനയിൽ വിവിധ ഹാർഡ്‌വെയർ ഉപകരണങ്ങൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചിരുന്ന 6.28 കിലോഗ്രാം വിദേശ സ്വർണം കണ്ടെത്തി പിടിച്ചെടുത്തു. ഇതിന് 9.18 കോടി രൂപ വിലവരും.

ഫ്ലോർ സ്പ്രിങ്, ലോഹപ്പൂട്ടുകൾ, ഗ്രീസ് ഗൺ, ഡോർ ക്ലോസർ തുടങ്ങിയ വിവിധ ഹാർഡ്‌വെയർ ഉപകരണങ്ങൾക്കുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. മറ്റു സാധനങ്ങൾക്കൊപ്പം ഈ ഉപകരണങ്ങളും നമ്പർ ലോക്കുള്ള ട്രോളിയിൽ പായ്ക്ക് ചെയ്യുന്നതായിരുന്നു കടത്തുരീതി. സംഘത്തിലെ അംഗങ്ങൾ നേരത്തേ നിശ്ചയിച്ചിരുന്ന നമ്പർ ഉപയോഗിച്ചാണു ട്രോളി തുറന്നിരുന്നത്. ദുബായിൽനിന്നു തിരുവനന്തപുരത്തേക്കു യാത്രക്കാർ ഒപ്പമില്ലാത്ത ബാഗേജായാണു ട്രോളി അയച്ചത്. ട്രോളി എത്തിയശേഷം, വെയർഹൗസ് ജീവനക്കാരൻ മുൻകൂട്ടി നിശ്ചയിച്ച നമ്പർ ഉപയോഗിച്ച് അതു തുറന്നു സ്വർണം ഒളിപ്പിച്ചിരുന്ന ഹാർഡ്‌വെയർ ഉപകരണങ്ങൾ പുറത്തെടുക്കും. തുടർന്ന് ഇവ ഇടനിലക്കാരനു കൈമാറും. ഇടനിലക്കാരൻ ഈ ഉപകരണങ്ങൾ സ്വർണം സ്വീകരിക്കേണ്ട വ്യക്തിക്കു കൈമാറും.

ഈ നടപടിയുമായി ബന്ധപ്പെട്ട് ഒരേസമയം നടത്തിയ പരിശോധനകളിൽ, സ്വർണക്കടത്തു സംഘത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മൂന്നുപേരെ പിടികൂടി. സ്വർണം ഒളിപ്പിച്ച ഹാർഡ്‌വെയർ ഉപകരണങ്ങൾ പുറത്തെടുക്കാൻ ചുമതലപ്പെടുത്തിയിരുന്ന വെയർഹൗസ് ജീവനക്കാരൻ, ഇടനിലക്കാരനായി പ്രവർത്തിച്ച കസ്റ്റംസ് ബ്രോക്കർ, സ്വർണം ഏറ്റുവാങ്ങുന്നതിനായി തിരുവനന്തപുരത്തെത്തിയ സ്വീകർത്താവ് എന്നിവരാണു പിടിയിലായത്. 1962-ലെ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകൾപ്രകാരം മൂവരെയും അറസ്റ്റ് ചെയ്തു.

പുതിയതും സങ്കീർണവുമായ സ്വർണക്കടത്തു രീതികൾ കണ്ടെത്തുന്നതിനും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തി കടത്തുസംഘങ്ങളെ തകർക്കുന്നതിനും ഡി.ആർ.ഐ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണ്.

*** 

SK


( റിലീസ് ഐ.ഡി: 2324134) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati