കെമിക്കൽസ്, പെട്രോകെമിക്കൽസ് വകുപ്പ്
ഗവേഷണം, വികസനം, നൂതനാശയങ്ങൾ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ള നൂതന രാസവസ്തുക്കൾ, പെട്രോകെമിക്കലുകൾ, മെറ്റീരിയൽ സാങ്കേതികവിദ്യകൾ
പോസ്റ്റഡ് ഓണ്:
14 OCT 2026 8:59PM by PIB Thiruvananthpuram
2026 ഒക്ടോബർ 8 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ നടപ്പിലാക്കുന്ന ‘ഗവേഷണം, വികസനം, നൂതനാശയങ്ങൾ ’ (Research, Development and Innovation - RDI) പദ്ധതിയുടെ കീഴിൽ ധനസഹായത്തിന് അർഹമായ അധിക സാങ്കേതികവിദ്യാ മേഖലയായി ‘നൂതന രാസവസ്തുക്കൾ, പെട്രോകെമിക്കലുകൾ, മെറ്റീരിയൽ സാങ്കേതികവിദ്യകൾ’ എന്നിവയെ ഇന്ത്യാ ഗവണ്മെന്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര വളം- രാസവസ്തു മന്ത്രാലയത്തിന് കീഴിലുള്ള കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പ് (DCPC) സമർപ്പിച്ച നിർദ്ദേശത്തെത്തുടർന്ന്, ഇന്ത്യാ ഗവണ്മെന്റിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പാണ് (DST) ഈ തീരുമാനം കൈക്കൊണ്ടത്.
RDI പദ്ധതിക്ക് കീഴിൽ മുൻഗണനാ മേഖലയായി രാസവസ്തു-പെട്രോകെമിക്കൽസ് മേഖലയെ ഉൾപ്പെടുത്താൻ DCPC നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനം രാസവസ്തു - പെട്രോകെമിക്കൽസ് മേഖലയിലെ ഗവേഷണം, വികസനം, നൂതനാശയങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും, നൂതന വ്യാവസായിക ആവശ്യങ്ങൾക്കായി തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത് സുഗമമാക്കുന്നതിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിലും മാർഗ്ഗനിർദ്ദേശത്തിലും, ഗവേഷണം, വികസനം, നൂതനാശയങ്ങൾ (RDI) എന്നീ മേഖലകളിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി 1 ലക്ഷം കോടി രൂപയുടെ 'RDI പദ്ധതി' യ്ക്ക് 2025 നവംബറിൽ കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. വിപ്ലവകരമായ പരിവർത്തനത്തിന് വഴിയൊരുക്കുന്ന പദ്ധതികൾക്ക് ലളിതമായ വ്യവസ്ഥകളിൽ ദീർഘകാല ധനസഹായവും പുനർധനസഹായവും ലഭ്യമാക്കുക, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം ത്വരിതപ്പെടുത്തുക, ഇന്ത്യയുടെ വ്യാവസായിക മത്സരശേഷി ശക്തിപ്പെടുത്തുക, നിർണ്ണായകവും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യാരംഗങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം RDI പദ്ധതിയുടെ ഉദ്ഘാടനവേളയിൽ സംസാരിക്കവെ, "ഗവേഷണത്തിനും വികസനത്തിനുമായി സജീവമായ ഒരു ആവാസവ്യവസ്ഥ ഇന്ത്യ അതിവേഗം കെട്ടിപ്പടുക്കുകയാണ്. ഇന്ത്യയിൽ നൂതനാശയങ്ങളുടെ ആധുനികമായ ഒരു ആവാസവ്യവസ്ഥയ്ക്ക് വളരാൻ സഹായകമാകും വിധം 'ഗവേഷണം സുഗമമാക്കുന്നതിൽ (Ease of Doing Research) ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു." എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു.
വളം-രാസവസ്തു, ആരോഗ്യ-കുടുംബക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ശ്രീ ജഗത് പ്രകാശ് നഡ്ഡ, ഈ മേഖലയെ RDI പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്തു. രാസവസ്തു-പെട്രോകെമിക്കൽ വ്യവസായ മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാനമായ പുരോഗതിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഈ തീരുമാനം ഗവേഷണത്തിനും നൂതനാശയങ്ങൾക്കും ഉത്തേജനം പകരുമെന്ന് ശ്രീ നഡ്ഡ പറഞ്ഞു. ഇന്ത്യയിൽ രാസവസ്തുക്കൾ, പെട്രോകെമിക്കൽ ഉത്പന്നങ്ങൾ, പോളിമറുകളും അനുബന്ധ ഉത്പന്നങ്ങളും അടക്കം നിർമ്മിക്കുന്നതിനായി നൂതനവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് ഇത് സഹായകമാകും.
*****
( റിലീസ് ഐ.ഡി: 2323680)
സന്ദര്ശക കൗണ്ടര് : 4